സ്ത്രീകൾ ഇനിയും ഉണരുകയില്ലെ?
1927 ൽ കോട്ടയത്തുനിന്നും വി സി ജോണിന്റെ പ്രതാധിപത്യത്തിൽ ഇറങ്ങി "വനിതാകുസുമ'ത്തിൽ നിന്നാണ് ഈ എഡിറ്റോറിയൽ തെരഞ്ഞെടുത്തത്. പ്രതി ദിനം' എന്ന വർത്തമാന പത്രത്തിന്റേയും പ്രതാധിപരായിരുന്നു അദ്ദേഹം. അക്കാലത്തെ മറ്റ് മലയാള മാസികകളേക്കാൾ വളരെ മുമ്പിലായിരുന്ന, ഏതാണ്ട് രണ്ടായിരത്തിലധികം വരിക്കാരുണ്ടായിരുന്ന ഈ മാസിക പക്ഷേ വളരെക്കുറച്ച് കാലം മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. (രാഘവൻ 1985, പേജ് 147) (വനിതാകുസുമം 1(11) കൊല്ലവർഷം 1103 ധനു (1927 ഡിസംബർ-1928 ജനുവരി): 387-88
240-ാമത് ശ്രീമൂലം പ്രജാസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പും നോമിനേഷനും കഴിഞ്ഞിരിക്കുന്നു. ഇതിൽ ഒരു ഒറ്റ സ്ത്രീ മെമ്പറിനെയെങ്കിലും നിയമിക്കുവാൻ തിരുവിതാംകൂർ ഗവണ്മെന്റിനു സന്മനസ്സുണ്ടായില്ല. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷക്കാരായ സ്ത്രീകളിൽ നിന്ന് ഒരു മെമ്പറിനെയെങ്കിലും ഇത്തവണ നിയമിക്കുവാൻ സന്നദ്ധത പ്രദർശിപ്പിക്കാത്തതിൽ ഞങ്ങൾ ഗവണ്മെന്റിനെക്കാൾ അധികം സ്ത്രീജനങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളെ ധൈര്യസമേതം പോരാടി കണക്കുപറഞ്ഞു വാങ്ങേണ്ട ചുമതല സ്ത്രീകൾക്കാണുള്ളത്. യാഥാസ്ഥിതികമനഃസ്ഥിതി എല്ലാ കാര്യത്തിലും പ്രദർശിപ്പികൊണ്ടിരിക്കുന്ന ഒരു ഗവണ്മെന്റ് നീതിധർമത്തെയും കാലസ്ഥിതിയേയും പരിഗണിച്ചു തങ്ങളുടെ അവകാശാധികാരങ്ങൾ വകവച്ചു തരുമെന്ന സ്ത്രീകൾ സമാധാനിച്ചു അടങ്ങിപ്പാർക്കുന്നതിൽപരം ഭോഷത്വം മറ്റൊന്നില്ല. എല്ലാ രാജ്യങ്ങളിലും സ്ത്രീകൾ അവരുടെ സ്വാതന്ത്യത്തെയും, അവകാശങ്ങളെയും സമ്പാദിച്ചിട്ടുള്ളത് പ്രക്ഷോഭം കൊണ്ടു മാത്രമാണ്. "കരയുന്ന പിള്ളയ്ക്കു മാത്രമേ പാലുള്ളൂ” എന്ന് ഈ പ്രക്ഷോഭംകൊണ്ട് സുവിദിതമായിട്ടുമുണ്ട്. ഇതരരാജ്യങ്ങളിൽ നിന്നു തിരുവിതാംകൂർ ഒന്നുകൊണ്ടും വ്യത്യസ്തമല്ല. ഇവിടെയും കുറെ പോരാടാതെ മഹിളാജനങ്ങൾക്കു തങ്ങളുടെ പൗരാവകാശത്തെയും രാഷ്ട്രീയ സ്വാതന്ത്യത്തെയും കൈക്കലാക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിന്റെ ആധുനിക സ്ഥിതിഗതികളെ സൂക്ഷ്മനിരീക്ഷണം ചെയ്തതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഒരു അഭിപ്രായം മാത്രമാണിത്. ഇവിടത്തെ നിയമസഭയിൽ ഒരു സ്ത്രീമെമ്പറിനെ- ഉദ്യോഗസ്ഥയെങ്കിലും- നിയമിച്ചതോടു കൂടി വനിതാലോകത്തിന്റെ രാഷ്ട്രീയസ്വാതന്ത്യപ്രതിഷ്ഠാപനം പൂർത്തിയായി എന്ന് പലരും വിചാരിച്ചിരിക്കണം. എന്നാൽ അത് അബദ്ധമായി എന്ന് ഇക്കൂട്ടരും സമ്മതിക്കാതിരിക്കുന്നതല്ല. രാജ്യസേവനാവകാശം പുരുഷന്മാർക്കായിട്ടു മാത്രമുള്ളതല്ല. അതിനു സ്ത്രീകൾക്കും അവകാശവും സ്വാതന്ത്യവുമുണ്ട്. പാശ്ചാത്യവനിതകൾ അത് പ്രത്യക്ഷപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അവരെ അനുകരിച്ചു പൗരസ്ത്യമഹിളാലോകവും ഈ അവകാശത്തിനായി പ്രയത്നം തുടങ്ങുകയും അതിന്റെ ഫലം അൽപ്പാൽപ്പമായി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ, സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ എത്രയും ഉൽക്കഷർമായ സ്ഥാനത്തിൽ പരിലസിക്കുന്നു. വിദ്യാവിശാരദകളായ സ്ത്രീകളുടെ സംഖ്യ" ഇവിടെ ഒട്ടും കുറവല്ല. സമുദായനേതൃത്വത്തെ, രാഷ്ട്രീയമേധാവിത്വത്തെ വഹിക്കുന്നതിനു ശേഷിയും ശേമുഷിയുമുള്ള പുത്രിമാരുടെ മാതൃ പദവിക്ക് വഞ്ചിമാതാവ് അർഹയായിട്ടാണ് പരിലസിക്കുന്നത്. ഈ സ്ഥിതിക്കു പ്രജാസഭ, നിയമസഭ, നഗരസഭകൾ, പഞ്ചായത്തുസ്ഥാപനങ്ങൾ എന്നിവയിലെല്ലാം പ്രവേശിക്കുവാനും പൊതുസേവനം നടത്തുവാനും യോഗ്യതയും സാമർത്ഥ്യവുമുള്ള യോഷാരത്നങ്ങൾ ഇവിടെ അപൂർവമല്ലെന്നു നിശ്ചയമായും പറയാം. പക്ഷേ, ഈ വസ്തുത സമ്മതിക്കുവാനോ സമ്മതിച്ചാലും തദനുസരണം പ്രവർത്തിക്കുവാനോ ഗവണ്മെന്റ് തയ്യാറാകുന്നില്ല എന്നുപറഞ്ഞാൽ മതിയല്ലോ. ഓരോ സമുദായക്കാരും തങ്ങളുടെ എണ്ണം കാണിച്ചു സർക്കാർ സർവീസിലും പൊതുസമിതികളിലും പ്രാതിനിധ്യം ആവശ്യപ്പെടുകയും ഗവണ്മെന്റ് അതിനെ സശിരകമ്പം സമ്മതിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതേ ന്യായം തന്നെ ചൂണ്ടിക്കാണിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആ പ്രാതിനിധ്യനയം: അംഗീകരിക്കുവാൻ ഗവണ്മെന്റിന് ഒരുക്കമുള്ളതായി കാണപ്പെടുന്നില്ല. ഈ അവസരത്തിൽ തിരുവിതാംകൂറിലെ സ്ത്രീജനങ്ങളോടു ഞങ്ങൾക്ക് ഉപദേശിക്കുവാനുള്ളത് ഇത്രമാത്രമാണ്. നിങ്ങൾ ആലസ്യനിദ്രയിൽ ഇനിയും കാലം കഴിച്ചുകൂട്ടരുത്. കണ്ണുതുറന്നു ലോകത്തിന്റെ യഥാർത്ഥ സ്ഥിതിഗതികൾ നിരീക്ഷണം ചെയ്ത് നിങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെല്ലാമെന്നു മനസ്സിലാക്കുകയും അവയെ സമാർജിക്കുവാൻ ഒത്തു പരിശ്രമിക്കുകയും ചെയ്യുവിൻ. മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി വാദിച്ചു നിങ്ങളുടെ വീതം വാങ്ങിത്തരുമെന്നു സ്വപ്നേപി വിചാരിക്കേണ്ട. ലോകത്തിൽ ഒരിടത്തും അങ്ങനെ സംഭവിച്ചിട്ടുള്ളതായി ചരിത്രഗ്രന്ഥങ്ങൾ പ്രസ്താവിക്കുന്നില്ല. അതിനാൽ നിങ്ങൾ ഉണർന്നു രാഷ്ട്രീയസ്വാതന്ത്യത്തിനായി പോരാടുവിൻ. - ഉൽപ്പതിഷ്ണുക്കളായ പുരുഷന്മാരുടെ അനുഭാവവും ആനുകൂല്യവും ഇതിൽ നിങ്ങൾക്ക് നിശ്ചയമായും ഉണ്ടാകും. ഇത്തവണത്തെ പ്രജാസഭ യിൽ നിങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാതായി. വരുന്ന നിയമസഭയിലും ഈ അനുഭവം തന്നെ ഉണ്ടാകാതിരിക്കണമെങ്കിൽ അതിനായിട്ടുള്ള ശ്രമ ങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കേണ്ടതാണ്.
കുറിപ്പുകൾ
1. 1888 ൽ ഔദ്യോഗികവും അനൗദ്യോഗികവും ആയി നാമനിർദേശം ചെയ്യപ്പെട്ട
അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പര്യാലോചനാ സംവിധാനമായി തിരുവിതാം കൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നു. 1904 ൽ ജനപ്രതിനിധി സഭ എന്ന നിലയിൽ ശ്രീമൂലം പ്രജാസഭ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1919 ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകപ്പെട്ടു. 1922 ൽ സ്ത്രീകളും ജനപ്രതിനിധി സഭയിൽ അംഗങ്ങളാവാൻ യോഗ്യരായി (മേനോൻ 1972, പേജ് 60, പേജ് 63, 1940). 1940 ൽ പ്രസി ദ്ധീകരിച്ച തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിന്റെ ഒന്നാം വാല്യം അനുസരിച്ച് 31.21 ശതമാനം വോട്ടർമാർ സ്ത്രീകളായിരുന്നു (പിള്ള, 1996 പേജ് 44).
2. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലെ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് ചുമ തലക്കാരി ഡോ. മേരി പുന്നൻ ലൂക്കോസ് എന്ന വനിതാ മെമ്പർ ആയിരുന്നു. ദർബാർ ഫിസിഷ്യനും മെഡിക്കൽ ഡിപ്പാർട്ട്മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡും എന്ന നിലയിലുള്ള അവരുടെ നിയമനത്തെക്കുറിച്ചുള്ള വാർത്ത "തിരുവിതാംകൂറിലെ ഫെമിനിസം' എന്ന തലക്കെട്ടോടുകൂടിയാണ് മദ്രാസ് മെയിൽ പ്രസിദ്ധീക രിച്ചത്. (മലയാള മനോരമ 1924 ഒക്ടോബർ 4). 1924 ഫെബ്രുവരിയിൽ തോട്ടക്കാട്ട് മാധവി അമ്മ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെ ട്ടു. 1928 ൽ എലിസബത്ത് കുരുവിള ശ്രീമൂലം പ്രജാസഭയിലേയ്ക്കും ഗൗരി പവിത്രൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും നാമനിർദേശം ചെയ്യപ്പെട്ടു. 1932ൽ പരിഷ്കരിച്ച ശ്രീമൂലം അസംബ്ലിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വോട്ടിനും കൗൺസിൽ മെമ്പർഷിപ്പിനും തുല്യ അവകാശങ്ങൾ നൽകിയിരുന്നു. സർക്കാർ രണ്ട് സ്ത്രീ മെമ്പർമാരെ കൂടെ നാമനിർദേശം ചെയ്യേണ്ടതുണ്ടായിരുന്നു. എങ്കിലും ധൈര്യസമേതം മത്സരരംഗത്തേക്ക് വന്ന സ്ത്രീകൾക്ക് ഒട്ടേറെ ത സ്സങ്ങൾ നേരിടേണ്ടിവന്നു. 1931ൽ അന്നാചാണ്ടി മത്സരിച്ചപ്പോൾ അവർക്ക് നേരി ടേണ്ടിവന്നത് അങ്ങേയറ്റം മോശമായ രീതിയിൽ ചെളി വാരിയെറിയലുകളാണ്, അവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ "ശ്രീമതി'യിൽ (നസാണിദീപിക 1991 ജൂലായ് 2, പേജ് 56) ൽ സഭ്യമല്ലാത്ത തന്ത്രങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ചു കൊണ്ട് അവർ എഴുതിയ എഡിറ്റോറിയലിനോട് പ്രതികരിച്ചുകൊണ്ട് “മലയാളരാ ജ്യം' അശ്ലീലം നിറഞ്ഞ എഡിറ്റോറിയൽ എഴുതി. ശ്രീമൂലം അസംബ്ലിയുടെ ചരി ത്രത്തിൽ ആദ്യമായി ഒരു സ്ത്രീ മെമ്പർ, ടി നാരായണി അമ്മ 1940 ൽ തിരുവി താംകൂർ ശൈശവവിവാഹനിയന്ത്രണ നിയമം സഭയിൽ അവതരിപ്പിക്കുകയും നിയ മമാക്കി എടുക്കുന്നതിൽ വിജയം വരിക്കുകയും ചെയ്തു. 1930കളിൽ ധാരാളം സ്ത്രീകൾ മദ്രാസ് പ്രവിശ്യയുടെ ഡിസ്ട്രിക്ട് ബോർഡുകളിൽ ഇടം നേടി തുടങ്ങിയിരുന്നു. ഉദാഹരണമായി 1934 ൽ സി. പാർവതി അമ്മ രാമനാട് ഡിസ്ട്രിക്ട് ബോർഡിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയും മധുരയിൽ ഫസ്റ്റ്ക്ലാസ് ഹോണററി മജിസ്ട്രേറ്റ് ആയി നിയമിതയാവുകയും ചെയ്തു. കെ തങ്കമ്മ ജേക്കബ് ഇതേ വർഷം കോയമ്പത്തൂർ മുനിസിപ്പാലിറ്റിയിലേക്ക് ആദ്യ വനിതാ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1934-39 കാലത്ത് മദ്രാസ് കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന അമ്മു സ്വാമിനാഥൻ പ്രശസ്തയായിരുന്നല്ലോ.
3. 1934 ൽ സ്ത്രീ സാക്ഷരത അഖിലേന്ത്യാ തലത്തിൽ 2.4 ശതമാനമായിരുന്നപ്പോൾ തിരുവിതാംകൂറിൽ ഇത് 13.9 ആയിരുന്നു. 1941 ഓടുകൂടെ ഇത് 36 ശതമാനത്തിലേക്കുയർന്നപ്പോഴും ഇന്ത്യയുടേത് 6.9 ശതമാനം ആയിരുന്നു (ജെഫി 1993, പേജ് 60)
4. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ വാല്യം 3, 1940 (പിള്ള 1996, പേജ് 695) പ്രകാരം 1929 ൽ 238 വിദ്യാർത്ഥിനികൾ തിരുവിതാംകൂറിലെ കോളേജുകളിൽ പഠിക്കുന്നു ണ്ടായിരുന്നു. "തിരുവിതാംകൂർ തൊഴിലില്ലായ്മ അന്വേഷണ കമ്മിറ്റി' (1928) യുടെ റിപ്പോർട്ട് അനുസരിച്ച് തിരുവിതാംകൂറിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് എല്ലാ വർഷവും 450 ഓളം സ്ത്രീകൾ തൊഴിൽ പരമായ യോഗ്യത ഉള്ളവരായി മാറുന്നു ണ്ടായിരുന്നു. (മലയാള മനോരമ 1928 ജൂലായ് 6)
5. തീർച്ചയായും ഇത്തരം ആവശ്യങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്ന ഒരു കാലഘട്ടമായിരുന്നു അത്. 1928ൽ തിരുവിതാംകൂർ ബിരുദധാരിണി അസോസിയേഷൻ' രൂപീകരിക്കുകയുണ്ടായി. ബിരുദം നേടിയ സ്ത്രീകളുടെ തൊഴിലില്ലായ്മ അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം . (വനിതാകുസുമം 1, 11, 1927-28, പേജ് 349) ആനുപാതികമായ സംവരണം സർക്കാർ ജോലികളിലും ഒപ്പം അവശ സമുദായം എന്ന പദവിയും സ്ത്രീകൾക്ക് നൽകണമെന്ന് 1932ൽ അന്നാചാണ്ടി വാദിക്കുകയുണ്ടായി. (നസാണി ദീപിക 1931 ആഗസ്റ്റ് 9) നിയമനിർമാണ സഭ യിലെ സ്ത്രീ മെമ്പർമാരും സ്ത്രീകളുടെ പ്രതിനിധികളും സ്ത്രീക്ക് പൊതുസ്ഥാ പനങ്ങളിലും സേവനങ്ങളിലും മാന്യമായ പ്രാതിനിധ്യം നിരന്തരമായി ആവശ്യ പ്പെട്ടുകൊണ്ടിരുന്നു. ഇത്തരം ആവശ്യങ്ങളോട് പ്രതങ്ങൾ വളരെ അനുകൂലമായ സമീപനമാണ് എടുത്തിരുന്നത്. (മലയാള മനോരമയിൽ 1928 ജൂൺ 20ന് വന്ന "നിയമസഭാ നോമിനേഷൻ എന്ന എഡിറ്റോറിയൽ കാണുക). 1936 ൽ തിരുവന ന്തപുരത്ത് ചേർന്ന സ്ത്രീകളുടെ ഒരു സമ്മേളനം ജോലിക്കായി സംവരണവും പ്രാതിനിധ്യവും ആവശ്യപ്പെട്ടിരുന്നു. (എം എൻ നായർ മാസിക 1, 2, 1936 പേജ് 122-26) ഇക്കാര്യത്തിൽ എതിർപ്പ് ഉയർന്നുവന്നത് സമുദായപ്രാതിനിധ്യത്തിനായി നിലകൊണ്ടവരിൽ നിന്നാണ്. സഹോദരൻ കെ അയ്യപ്പൻ 1935 ൽ എഴുതിയ രണ്ടു ലേഖനങ്ങൾ കാണുക. "മലയാള രാജ്യം കണ്ട സുവർണരേഖ', 'ശ്രീമതിയുടെ വാദം' എന്നിവ (1965 അയ്യപ്പൻ പേജ് 11, പേജ് 18). സ്ത്രീസംവരണം ഉന്നതജാ തിസ്ട്രീസംവരണം ആയി കലാശിക്കുമോ എന്ന ഭയം തീരെ അസ്ഥാനത്തായിരുന്നില്ല.
References
ദേവിക ജെ, കല്പനയുടെ മാറ്റൊലി (സ്ത്രീപുരുഷഭേദവും ആദ്യകാല മലയാളിസ്ത്രീരചനകളും 1898-1938),ജനുവരി 2011, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്