ആര്യ പള്ളം
ആദ്യകാല സ്ത്രീ വിമോചന പ്രവർത്തകരിൽ ഒരാളായിരുന്നു 1908 ൽ ജനിച്ച ആര്യ പള്ളം എന്ന നമ്പൂതിരി സ്ത്രീ. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്ന അവർ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവയുടെ നേതൃ നിരയിൽ പ്രവർത്തിയ്ക്കുകയും മാറുമറയ്ക്കൽ സമരത്തിന് നേതൃത്വം നൽകുകയും സ്ത്രീകളുടെ അവകാശത്തിനായി നിരന്തരം പോരാടുകയും ചെയ്തിരുന്നു.
വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് പാർവതി നെന്മണിമംഗലവും ആര്യ പള്ളവുമായിരുന്നു നേതൃത്വം നൽകിയത്. സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിയ്ക്കുകയും കാതുമുറി പ്രസ്ഥാനത്തിൽ പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട് ആര്യ പള്ളം.
കല്ലുമാല സമരത്തിൽ പങ്കാളിയായിരുന്ന ആര്യ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തന്റെ ആഭരണങ്ങളും വളയുമെല്ലാം ഉപേക്ഷിച്ചു. മഹിളാ സംഘം മലബാറിൽ രൂപീകരിയ്ക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച അവർ 1942ൽ ഇടതുപക്ഷ മഹിളാ സംഘത്തിന്റെ പ്രസിഡണ്ടായി.
1946ലെ പാലിയം സമരഭൂമിയിലേയ്ക്ക് നിറതോക്കുകളേന്തിയ പോലീസുകാരെ കൂസാതെ അന്തർജ്ജനജാഥ നയിക്കുകയും ഭീകരമായ പോലീസ് മർദ്ദനത്തിനിരയാവുകയും ചെയ്തു.
അന്തർജ്ജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ, 1948-ൽ ആര്യ പള്ളം ഉൾപ്പടെയുള്ള സ്ത്രീകൾ എഴുതി അവതരിപ്പിച്ച തൊഴിൽ കേന്ദ്രത്തിലേയ്ക്ക് എന്ന നാടകമായിരുന്നു മലയാളത്തിൽ സ്ത്രീകൾ പിന്നണിയിലും അഭിനയത്തിലും ഒരുപോലെ പ്രവർത്തിച്ച ആദ്യ നാടകം. പൂർണ്ണമായും സ്ത്രീകളായിരുന്നു ഈ നാടകത്തിനു ചുക്കാൻ പിടിച്ചിരുന്നത്.
നവോത്ഥാന പാതയിൽ നിരന്തരമായ പോരാട്ടങ്ങളിലൂടെ സ്ത്രീ വിമോചന സമരങ്ങളെ നയിച്ച ആര്യപള്ളം തന്റെ 81- വയസ്സിൽ 1989 ഫെബ്രുവരി 8 ന് അന്തരിച്ചു.