പശ്ചാത്തലം

സാമൂഹ്യവികസന മേഖലയിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം കൈവരിച്ചിരിക്കുന്ന സമഗ്ര നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. ‘കേരള വികസനമാതൃക’ വികസന വിദഗ്ധരുടെ ചർച്ചക്ക് വിഷയമായി  മാറിക്കഴിഞ്ഞ ഈ കാലഘട്ടത്തിലും കേരളത്തിലെ സ്ത്രീകൾ ലിംഗപരമായ അസമത്വങ്ങൾ നേരിടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. പക്ഷെ, ചരിത്രപരമായി കേരളത്തിലെ സ്ത്രീകൾ ഈ അസമത്വത്തിതിരായ ചെറുത്തുനിൽപ്പുകൾ നിരന്തരം നടത്തുന്നുണ്ട്. അസമത്വങ്ങൾക്കെതിരെയുള്ള നിരന്തരമായ പോരാട്ടമാണ് കേരളത്തിലെ സ്ത്രീ ജീവിതം എന്ന് പറയാവുന്നതാണ്. സാമൂഹ്യവികസനത്തിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുന്ന സ്ത്രീകളുടെ സാമ്പത്തിക പുരോഗതി പൊതുവെ ആശാവഹമല്ല. സ്ത്രീയ്ക്ക് പുരുഷനോടൊപ്പം തുല്യനീതി എല്ലാ മേഖലയിലും ഉറപ്പാക്കിയാൽ  മാത്രമേ കേരളം സുസ്ഥിരമായ സാമൂഹ്യവികസനത്തിന്റെ പാതയിലാണെന്ന് പറയാൻ സാധിക്കൂ.

ഓരോ സ്ത്രീക്കും അവരുടെ യഥാർത്ഥ കഴിവുകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും ആർജവത്തോടെ സ്വയം ആവിഷ്കരിക്കാനും കഴിയുന്ന  തരത്തിലേക്ക് കേരളീയ സാമൂഹ്യജീവിതം എത്തിച്ചേരുക എന്നതാവണം നമ്മുടെ ലക്‌ഷ്യം. ആകെ ജനങ്ങളിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരികയും സാമൂഹ്യമാറ്റങ്ങളുടെ ചാലകശക്തിയായി മാറുകയും ചെയ്യുക എന്നതാണ്  സർക്കാരിന്റെ  ലക്‌ഷ്യം. ഈ ലക്ഷ്യം കൈവരിയ്ക്കുന്നതിന് കേവലമായ സർക്കാർ പദ്ധതികളും സേവനങ്ങളും മാത്രം പോരാ. സ്ത്രീ ശാക്തീകരണ, വികസന പ്രവർത്തകർക്ക് സംവദിക്കാനും ലിംഗസമത്വ ആശയങ്ങൾ കൈമാറാനും സ്ത്രീമുന്നേറ്റങ്ങളെ സഹായിക്കാനും ചരിത്ര വസ്തുതകളുടെ ശേഖരണത്തിനും പഠനത്തിനും ഒക്കെ ഉപകരിക്കുന്ന തട്ടകമെന്ന നിലയിലാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ജീവിതത്തിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തത്തെ പലപ്പോഴും നമുക്ക് സാമ്പ്രദായിക ചരിത്രരചനകളിൽ നിന്ന് കണ്ടെടുക്കാനാവില്ല. ലിംഗപഠനം കൂടുതൽ പ്രാധാന്യമർഹിക്കുന്നത് മനസിലാക്കി ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ധാരാളം സാഹിത്യങ്ങളും പഠനങ്ങളും മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ, സ്ത്രീത്വത്തിന്റെ വിവിധ മേഖലകൾ, പോരാട്ടങ്ങൾ, സംഭവവികാസങ്ങൾ, അവർ സൃഷ്ടിച്ച ചരിത്രങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഒരു അക്കാദമിക് പോർട്ടലിന്റെ അഭാവം പരിഹരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. കേരള വനിതകൾക്കായി മലയാളത്തിൽ ഒരു സംവാദവേദി ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി കണക്കിലെടുത്ത് വനിതാ, ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വുമൺ' എന്ന വെബ് പോർട്ടൽ രൂപീകരിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമൂഹ്യവികസനത്തിലും സ്ത്രീ മുന്നേറ്റത്തിലും നാഴികക്കല്ലായി ഈ പോർട്ടൽ നിലനിൽക്കും എന്നാണ് വിശ്വാസം. എല്ലാവരുടെയും സഹകരണവും ഇടപെടലും  അഭ്യർത്ഥിക്കുന്നു.