സംഗീത ഇതിഹാസം വാണി ജയറാമിന് വിട
പത്മാവതിയുടെയും ദുരൈസാമിയുടെയും മകളായി വെല്ലൂരിൽ 1945 നവംബർ 30 ന് കലൈവാണി എന്ന വാണി ജയറാം ജനിച്ചു. പഠന ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി രാജി വെച്ചാണ് മുഴുവൻ സമയ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കു വന്നത്. 1975 -ൽ തമിഴിൽ ഇറങ്ങിയ അപൂർവ രാഗങ്ങൾ എന്ന സിനിമയിലെ ഗാനത്തിന് ആദ്യ ദേശീയവാർഡ് ലഭിച്ചു , പിന്നീട് 1979-ലും 1991-ലും തെലുങ്ക് സിനിമയായ ശങ്കരാഭരണം , സ്വാതി കിരണം (അനാദിനീയര ഹാര) എന്നീ സിനമകളിലൂടെ 3 തവണ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശിയ ചലച്ചിത്ര അവാർഡ് അവരെ തേടിയെത്തി. ഇന്ത്യയിലെ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അവാർഡിന്റെ 2023 ലെ ലിസ്റ്റിലേക്ക് നിർദേശിക്കപ്പെട്ടവരിൽ ഒരാളാണ്. മലയാളം, തമിഴ്, ഉറുദു, ഹിന്ദി, തെലുങ്ക്, ആസാമീസ്, ബംഗാളി തുടങ്ങി 19 ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം കൊടുത്തു.
എട്ടാമത്തെ വയസ്സിൽ ആകാശവാണിയിലൂടെയാണ് വാണി ജയറാം ഗായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹ ശേഷം ജീവിത പങ്കാളിക്കൊപ്പം മുംബൈയിൽ സ്ഥിരതാമസമാക്കിയ അവർ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാന്റെ കീഴിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടി. ഹിന്ദി ചലച്ചിത്രമായ ഗുഡ്ഡി" ബോലേ രേ പപ്പി ഹര ” (1971) എന്ന ചിത്രത്തിലൂടെയാണ് വാണി തന്റെ കരിയർ ആരംഭിച്ചത്. 1973 ൽ സ്വപ്നം എന്ന സിനിമയിലെ ഒ എൻ വി യുടെ വരികൾക്ക് സലിൻ ചൗധരിയുടെ ഈണത്തിൽ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനത്തിലൂടെ മലയാള ഗാന രംഗത്തെ തുടക്കം. ഓലഞ്ഞാലി കുരുവി ,നടൻ പാട്ടിലെ മൈന, ഞാൻ നിറഞ്ഞ മധുപാത്രം, ഞാറ്റുവേലപ്പൂക്കളെ, കടക്കണ്ണിലൊരു കടൽ കണ്ടു, കുറുമൊഴി മുല്ലപ്പൂവേ, മാനത്തെ മാറിക്കുരുമ്പ, ആഷാഢ മാസം തുടങ്ങി നൂറിലധികം മലയാള ഗാനങ്ങൾക്ക് ശബ്ദം നൽകി. രാജൻ-നരേന്ദ്ര, ഇളയരാജ, കെ.വി. മഹാദേവൻ തുടങ്ങി നിരവധി സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും കിഷോർ കുമാർ, ആശാ ഭോസ്‌ലെ, ഒ.പി. നയ്യാർ എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഏത് രസത്തിനും അനായാസമായി സ്വരം നൽകുന്ന ശബ്ദത്താൽ അവർ രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിച്ചു. രണ്ട് ഫിലിംഫെയർ അവാർഡുകൾ, ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കൂടാതെ 2004-ൽ കമുകറ അവാർഡും 2007-ൽ സൗത്ത് ഇന്ത്യ മീര എന്ന പദവിയും ലഭിച്ചു. 2023 ഫെബ്രുവരി 4 ന് ചെന്നൈയിലെ സ്വവസതിയിൽ വച്ച് തന്റെ എഴുപത്തെട്ടാം വയസ്സിൽ സംഗീത ഇതിഹാസം ലോകത്തോട് വിടപറഞ്ഞു.