മൂന്നിലൊന്ന് സ്ത്രീകളും പീഡനത്തിനിരയാവുന്നത് പങ്കാളിയിൽ നിന്ന്: ലോകാരോഗ്യ സംഘടന

who

ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടങ്ങളിൽ പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ പഠനം.

ഗാർഹിക പീഡനങ്ങൾ 15 മുതൽ 19 വയസ്സുവരെയുള്ള കാലഘട്ടത്തിൽ തന്നെ ആരംഭിക്കുന്നതായും 30 മുതൽ 39 വയസ്സുവരെ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകുന്നതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. 15 മുതൽ മുകളിലേക്ക് പ്രായമുള്ള സ്ത്രീകളിൽ 852 മില്യൺ സ്ത്രീകൾ ജീവിതത്തിലൊരിക്കലെങ്കിലും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

161 രാജ്യങ്ങളെ ഉൾപ്പെടുത്തി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റി 2000 മുതൽ 2018 വരെ നടത്തിയ സർവേയിലാണ് ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ നടത്തിയത്. കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ ഇത്തരം അതിക്രമങ്ങൾ വർധിപ്പിച്ചതായും ലോകാരോഗ്യ സംഘടന പറയുന്നു.

ഭർത്താവോ അടുപ്പമുള്ള പങ്കാളിയോ ആണ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ അധികവും. ദരിദ്ര രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ അധികവും നടക്കുന്നത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആളുകൾ മടി കാണിക്കുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കിരിബാതി, ഫിജി, പപ്പുവ ന്യൂ ഗ്വിനിയ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കുകൾ യൂറോപ്പിലാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഓരോ രാജ്യത്തും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും ഇത് ലക്ഷക്കണക്കിന് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് 19 മഹാമാരി സമയത്ത് ഈ പ്രശ്നങ്ങൾ വർധിപ്പിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

'കൊറോണ വൈറസിനെപ്പോലെയല്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇതുവരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. അതിനാൽ ഏറ്റവും അടിത്തട്ടിൽ നിന്ന് തന്നെ മാറ്റങ്ങൾ വരണം. സർക്കാർ മുതൽ ഓരോ വ്യക്തികളും വരെ സ്ത്രീകൾക്കെതിരെയുള്ള മോശമായ പെരുമാറ്റങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉയർന്നുവരാനുള്ള അവസരങ്ങളൊരുക്കണം.' ഡയറക്ടർ ജനറൽ പറയുന്നു. സ്കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകണം, പങ്കാളിയെ ബഹുമാനിക്കാനുള്ള അറിവ് അവിടെ നിന്ന് തന്നെ നൽകണം. സ്കൂളുകളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലം. എന്നാൽ പലരാജ്യങ്ങളിലും സ്കൂളുകൾ പോലും ശരിയായി പ്രവർത്തിക്കാത്തത് വലിയ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു.

കൂടുതൽ വായനയ്ക്ക്