പ്രക്ഷോഭണങ്ങൾ

ലക്ഷ്മി എൻ. മേനോന്റെ ജീവചരിത്രത്തിൽ നിന്നുമെടുത്ത ഭാഗം

വിദ്യാഭ്യാസത്തിനായിരുന്നു ആദ്യത്തെ ഊന്നൽ. പക്ഷേ, കുട്ടികൾ ഒരു വയസ്സിലും രണ്ടുവയസ്സിലും വിവാഹിതരാകുന്ന സാഹചര്യമുള്ളപ്പോൾ, അഞ്ചു വയസ്സിനു താഴെയുള്ള ലക്ഷക്കണക്കിനു വിധവകൾ ഉള്ളപ്പോൾ വിദ്യാഭ്യാസം എങ്ങനെ സഫലമാകും ? അങ്ങനെ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യമാണെന്ന ബോധം ഉണ്ടായി. സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന യാതൊന്നും സംഘടനയ്ക്ക് അന്യമല്ലാതായി. പ്രസംഗത്തിലൂടെ, എഴുത്തിലൂടെ പില്ക്കാലത്തു പ്രക്ഷോപണങ്ങളിലൂടെ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഥാനായിക മുൻകൈയെടുത്തിരുന്നു. വ്യാപകമായ ബോധവല്ക്കരണം തന്നെ വലിയ നേട്ടമായിരുന്നു. സ്ത്രീകളുടെ പദവി ഉയർത്താനുള്ള പ്രചരണം ആയിരുന്നു അവരുടെ മുഖ്യപ്രവർത്തനമെന്ന് വിമൻസ് കോൺഫറൻസിൻ്റെ ചരിത്രത്തിൽ ചേർത്തിട്ടുള്ള ലഘു ജീവചരിത്രക്കുറിപ്പിൽ കാണാം. സംഘടനയുടെ മുഖപത്രമായ 'റോശ്നി'(ത്രൈമാസികം) 1940ൽ തുടങ്ങുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. അതു മുടക്കം കൂടാതെ ഭംഗിയായി നടത്തുന്നതിൽ എന്നും ശ്രദ്ധിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തെ വാർത്താ നിയന്ത്രണത്തെ അതിജീവിക്കുവാൻ യത്നിച്ചു. അതിൽ മുറയ്ക്ക് എഴുതി, എഴുതിച്ചു. 1946-49 കാലത്ത് അതിന്റെ പത്രാധിപത്യം തന്നെ ഏറ്റെടുത്തു നടത്തി. ആദ്യം തൊട്ടു പ്രക്ഷോഭണങ്ങളിൽ പങ്കുകൊണ്ടു. ശാർദാനിയമം (1930) പാസ്സാക്കുവാനുള്ള പ്രക്ഷോഭണത്തിൽ അവർ സജീവമായി പങ്കെടുത്തു. റായിസാഹിബ് ഹർവിലാസ് ശാരദാ (1867-1953) എന്ന സാമൂഹ്യ പരിഷ്കർത്താവായ മാന്യൻ അവതരിപ്പിച്ച ഈ നിയമം വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ചരിത്രപ്രധാനമായി. 1932ലെ മദ്രാസ് സമ്മേളനം നിയമിച്ച പാഠപുസ്തക സമിതിയിൽ കഥാനായിക അംഗമായിരുന്നു. 1933-ലെ വാർഷിക സമ്മേളനത്തിൽ വിവാഹമോചനം അനുവദിക്കുന്ന നിയമം വേണമെന്ന പ്രമേയത്തെ അനുകൂലിച്ച് അവർ ശക്തമായി സംസാരിച്ചു.

ആദ്യകാല പ്രസംഗങ്ങളെല്ലാം തീപ്പൊരി പ്രസംഗങ്ങളായിരുന്നു. വിവാഹമോചനത്തെപ്പറ്റി സംസാരിക്കവെ അവർ പറഞ്ഞു: “വിവാഹമോചനത്തിനു നമ്മൾ കോടതിയിൽ പോകണം. നാം ഹിന്ദുക്കളല്ലെന്നും ഹിന്ദുനിയമം നമുക്കു ബാധകമല്ലെന്നും വാദിക്കണം. നിയമസഭാംഗങ്ങളായ പുരുഷന്മാർ നമുക്ക് ഉപകാരമാകാവുന്ന സമൂലമാറ്റങ്ങൾ ഉണ്ടാക്കുവാൻ നമ്മെ സഹായിക്കുകയില്ല.". പിന്നീട് 1954 - 57 കാലത്തു പാർലമെന്റ് പാസ്സാക്കിയ ഹിന്ദുകോഡ് നിയമം ആയിരം തടസ്സങ്ങളെ തട്ടിമാറ്റി ഒരു യാഥാർത്ഥ്യമായതിന്റെ പിന്നിൽ ലക്ഷ്മി എൻ. മേനോൻ്റെ കഠിനപ്രയത്നം ഉണ്ടായിരുന്നു. അതിനുമുമ്പ് 1931 മുതൽ സ്ത്രീക്കു പുരുഷതുല്യമായ വോട്ടവകാശം അല്ലെങ്കിൽ പ്രായപൂർത്തി വോട്ടവകാശം എന്ന ലക്ഷ്യത്തെ മുൻനിർത്തി നടന്ന പ്രക്ഷോഭണത്തിലും അവർ സജീവമായിരുന്നു. ഇതു സംബന്ധിച്ചു ലോഥിയൻ കമ്മിറ്റിയുടെ മുൻപിൽ തെളിവുകൊടുത്ത ഒൻപതു പ്രതിനിധികളിൽ ലക്ഷ്മി എൻ. മേനോനും ഉൾപ്പെട്ടിരുന്നു. 1934ൽ സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങളിൽ അവർ ഇടപെട്ടു. സർവരാജ്യ സഖ്യത്തിന്റെ ഘടകമായ ഐ. എൽ. ഒ. (അന്തർദ്ദേശീയ തൊഴിലാളി സംഘടന)ക്കു നൽകുന്ന നിവേദനത്തിന്റെ കാര്യത്തിൽ അവർ ശക്തമായി സ്വാഭിപ്രായം പ്രകടിപ്പിച്ചു. 1955ൽ സ്ത്രീകൾക്കുണ്ടാവുന്നതും ഉണ്ടാവേണ്ടതുമായ പുതിയ തൊഴിലവസരങ്ങളെക്കുറിച്ചു മംഗലാപുരത്തു മിഥൻലാം സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ലക്ഷ്മി എൻ. മേനോൻ ഇക്കാര്യത്തിൽ തുടർന്നും താല്പര്യം എടുത്തു. ഇതൊക്കെ ചില സമൂർത്തമായ ഉദാഹരണങ്ങൾ മാത്രമാണ്. വിമൻസ് കോൺഫറൻസിൽ അവർ എന്നും എവിടെയും സജീവസാന്നിദ്ധ്യമായിരുന്നു.