സ്ത്രീധന നിരോധന നിയമം 1961

സമൂഹത്തില്‍ സ്ത്രീ പീഡനം വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണം പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമായ സ്ത്രീധനമെന്ന അനാചാരമാണ്.  സ്ത്രീകള്‍ക്കു് നേരെ സമീപ കാലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങള്‍/ഗാര്‍ഹിക പീഡനങ്ങള്‍, ഇവയെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ എന്നിവസ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുമാറ്റപ്പെടേണ്ട ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ത്രീധനമെന്ന അനാചാരം സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരോടിയിരിക്കുന്നതിനാല്‍, ഉടനടി സ്ത്രീധന സമ്പ്രദായം നിര്‍ത്തലാക്കുക എന്നത് എളുപ്പമല്ല.  സത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സമൂഹത്തില്‍ വളരെ സാധാരണമായി നടന്നുവരുന്ന ഒരു ആചാരമായതിനാല്‍, ആരും തന്നെ സ്ത്രീധനം ചോദിക്കുന്നതില്‍ തെറ്റു കാണുന്നില്ല എന്നത് ഒരു വാസ്തവമാണ്.   എന്നാല്‍ സ്ത്രീധനം ചോദിച്ചു/വാങ്ങി എന്നുള്ള പരാതികള്‍ ലഭിക്കുന്നത് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ മാത്രമാണ്.  മേല്‍ വസ്തുതകളണ് സത്രീധന നിരോധന നിയമം സമഗ്രമായി നടപ്പിലാക്കുന്നതിന് വകുപ്പ് നേരിടുന്ന പ്രധാന തടസ്സം.

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍, കേരളാ സത്രീധന നിരോധന ചട്ടം  2004 ഭേദഗതി വരുത്തി, വനിതാ ശിശു വികസന ഡയറക്ടറെ ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറായും, 14 ജില്ലകളിലേയും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.    ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ക്ക് ആവശ്യമായ വിദഗ്ധോപദേശവും നിയമ സഹായവും നല്‍കുന്നതിനായി ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നു.  സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ അംഗീകൃത ക്ഷേമ സ്ഥാപനങ്ങള്‍/ സംഘടനകളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലുള്ള സ്ത്രീധന സമ്പ്രദായം

നിര്‍ത്തലാക്കുന്നതിനായി വിവാഹിതരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, നല്‍കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം ബന്ധപ്പെട്ട വകുപ്പ് മേധാവിയ്ക്ക് നല്‍കുന്നതിലേയ്ക്കായി declaration form ഉള്‍പ്പെടെ എല്ലാ വകുപ്പു് മേധാവികള്‍ക്കും WEC 1/9752/21 dt.16/07/2021 എന്ന സര്‍ക്കുലര്‍ പ്രകാരം ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്കും പ്രസ്തുത സര്‍ക്കുലര്‍ പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.