വനിതാ ശാക്തീകരണത്തിനുള്ള സ്ഥാപനങ്ങൾ

കേരള സംസ്ഥാന വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരെയുള്ള ന്യായരഹിതമായ ഏർപ്പാടുകളെപ്പറ്റി അന്വേഷിക്കാനും പരിഹാരം നിർദ്ദേശിക്കാനും, സ്ത്രീകളുടെ പദവി ഉയർത്താനുമായി 1996 –ൽ കമ്മീഷൻ നിലവിൽ വന്നു. ലിംഗപദവി അവബോധന പരിപാടികൾ, നിയമ ശില്പശാലകള്‍/സെമിനാർ, അദാലത്തുകൾ ഡി.എൻ.എ പരീക്ഷണം എന്നീ പ്രവർത്തനങ്ങൾ കമ്മീഷൻ ഏറ്റെടുക്കുന്നു. 2019-20-ൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റിയുള്ള 148 സെമിനാറുകൾ, നിയമ ശില്പശാലകള്‍, പഞ്ചായത്ത് ജാഗ്രതാസമിതി പ്രവർത്തകർക്ക് വനിതകളുമായി ബന്ധപ്പെട്ട നിയമങ്ങൾ മറ്റ് നിയമ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള 32 കൗണ്‍സലിംഗ്/നൈപുണ്യ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ 119 അദാലത്തുകൾ സംഘടിപ്പിച്ചു. ജെൻഡർ അവബോധന പരിപാടികൾ പ്രകാരം 28 വിവാഹപൂർവ കൗണ്‍സലിംഗ് പരിപാടികൾ വനിതാ സർക്കാരിതര സംഘടനകളുടെ പങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ നടത്തുകയും, 254 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കലാലയ ജ്യോതി സംഘടിപ്പിക്കുകയും ചെയ്തു. 2019-20 കാലയളവിൽ കമ്മീഷന് 5,408 പരാതികൾ ലഭിച്ചു. പരാതികളുടെ സ്വഭാവം പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹികപീഡനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കുടുംബപ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചുവരുന്നതായി കാണാം. മാർച്ച് 2020 വരെ പരാതികളുടെ ഇനം തിരിച്ചും ജില്ല തിരിച്ചുമുള്ള വിവരം അനുബന്ധം 8.3.5-ൽ ചേർത്തിരിക്കുന്നു.

കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ

വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതിയും ജെൻഡർ അവബോധനം, ഫിനിഷിംഗ് സ്ക്കൂൾ എന്നിവയുടെ ഫ്ലാഗ്ഷിപ്പ് പരിപാടികളുമാണ് കോർപ്പറേഷന്റെ പ്രധാന പരിപാടികൾ. കോര്‍പ്പറേഷന്‍ ആദ്യമായി ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയാവുകയും 11 പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് വായപ അനുവദിക്കുകയും ചെയ്തു. നാഷണൽ കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പാപദ്ധതി പ്രകാരം 4,493 വനിതകൾക്ക് 107 കോടി രൂപയും സംസ്ഥാന പദ്ധതി വിഹിതമായ 7.42 കോടി രൂപയും പൊതുവിഭാഗത്തിൽപ്പെട്ട 286 സ്ത്രീകൾക്കും കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ നൽകി. വനിതാ ശാക്തീകരണത്തിനായുള്ള പിന്നാക്ക വിഭാഗ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പ്രത്യോക അവാര്‍ഡും ദേശീയ പട്ടിക ജാതി വികസന ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും വനിതാ വികസന കോര്‍പ്പറേഷനു ലഭിച്ചു.

മുൻനിര ഫിനിഷിംഗ് സ്കൂൾ പരിപാടിയിൽ ഉൾപ്പെടുത്തി, തിരുവനന്തപുരത്തും കണ്ണൂരും പ്രവർത്തിക്കുന്ന റിസോഴ്സ് എൻഹാൻസ്മെന്റ് അക്കാഡമി ഫോർ കരിയർ ഹൈറ്റ്സ് (റീച്ച്) മുഖേന 979 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നല്കി. ജെൻഡർ അവബോധന പരിപാടിയുടെ ഭാഗമായി 62 വനിതാ കോളേജുകളിൽ 5,000 ലധികം അംഗങ്ങളോടെ വനിതാസെല്ലുകൾ പ്രവര്‍ത്തിക്കുന്നു. സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം ഉണ്ടാക്കുകയും ദൈനംദിന പ്രവൃത്തികൾ സുഗമമായി നിർവ്വഹിക്കാൻ കഴിയത്തക്ക തരത്തിൽ സജ്ജരാക്കുകയെന്നതുമാണ് വനിതാ സെല്ലിന്റെ പ്രധാന ലക്ഷ്യം. ലിംഗപദവി സമത്വം സംബന്ധിച്ച് ആശയം പ്രചരിപ്പിക്കുന്നതിനും ലിംഗപദവി സൗഹൃദമായ കാമ്പസ് ഉണ്ടാക്കുന്നതിനുമായി സംസ്ഥാനത്തെ മിക്സഡ് കോളേജുകളിൽക്കൂടി വനിതാസെൽ ആരംഭിച്ചിട്ടുണ്ട്. 2019-20-ല്‍ 62 കോളേജുകളിലെ ഒരു വനിതാ സെല്‍ മെമ്പര്‍ക്കു വീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പു വിതരണം ചെയ്തു. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി വനിതാശിശു വികസന മ�ാലയം വിഭാവനം ചെയ്തപോലെ ഒരു ഹെൽപ്പ് ലൈൻ സംവിധാനം- അത്യാവശ്യ ഉത്തരവാദിത്വ സംവിധാനം ഉണ്ട്. മിത്ര ഹെൽപ് ലൈൻ (181) മാർച്ച് 27, 2017-ന് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയും ആവശ്യമായ സ്ത്രീകൾക്ക് (24x7) സമീപിക്കാവുന്ന വിധത്തിലും പ്രത്യേകിച്ച് മഹാമാരിക്കാലത്തും അടിയന്തിര ഉത്തരവാദിത്വ സേവനങ്ങൾ നൽകി വിജയകരമായി പ്രവർത്തിക്കുന്നു. 78436-ൽ പരം കേസുകളിൽ ഈ ഹെൽപ് ലൈൻ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ കോഴിക്കോട് ചക്കിട്ടപ്പാറ പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ സുസ്ഥിരമായ ഉപജീവന മാര്‍ഗ്ഗം വികസിപ്പിച്ചെടുക്കുന്നതിന് ഏകീകൃതമായ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിച്ചു. 2019-20 -ല്‍ 4 കോളേജുകളില്‍ നിന്നായി 52 പട്ടിക വര്‍ഗ്ഗ വനിതകളെ കണ്ടെത്തി പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുകയും പട്ടിക വര്‍ഗ്ഗ വനിതാ ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ പിന്തുണയും കാലിത്തീറ്റയും നല്‍കുകയും ചെയ്തു. ആര്‍ത്തവ ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി 2019-20 -ല്‍ സംസ്ഥാനത്തെ 550 സ്ക്കൂളുകളില്‍ അനുബന്ധ പരിപാടി നടപ്പിലാക്കുകയും 22 ലക്ഷത്തിലധികം സാനിട്ടറി നാപ്കിനുകളും 1201 ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുകയും ചെയ്തു. 359 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 1524 സ്ക്കൂളുകളില്‍ 1346 അലമാരകളും വിതരണം ചെയ്തു. 1524 സര്‍ക്കാര്‍ /എയിഡഡ് സ്കൂളുകളില്‍ ഷീ-പാട് പ്രോജക്റ്റ് നടപ്പാക്കുകയും 2.77 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഉയര്‍ന്ന നിലവാരമുള്ള നാപ്കിനുകളും ഇന്‍സിനറെറ്ററുകളും സൗജന്യമായി നല്‍കി ഉറപ്പാക്കുന്നു.

ജെൻഡർ പാർക്ക്

ലിംഗപദവി സമത്വം, വനിതാശാക്തീകരണം എന്നിവ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവയ്ക്കുള്ള ഒരു വേദിയായാണ് സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജെൻഡർ പാർക്ക് എന്ന ആശയം (ആരംഭിച്ചത് 2011 ലാണെങ്കിലും) 2013-ൽ പ്രാവർത്തികമാക്കിയത്. സമൂഹം ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കടമ്പകൾ തരണം ചെയ്തു ലിംഗപദവി സമത്വത്തിനുള്ള ഒരു പ്രവേശനമാർഗ്ഗമായി ഈ വേദി പ്രയോജനപ്പെടുന്നു. കൂടാതെ, സാമ്പത്തിക സംസ്കാരിക സാമൂഹിക മേഖലകളിൽ സംസ്ഥാനത്തിനും സമൂഹത്തിനും നേട്ടം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രധാന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത് ഗവേഷണം – നയരൂപീകരണത്തിന് ഗവേഷണം; നൈപുണ്യ വികസന കേന്ദ്രം; ഉല്പാദന കേന്ദ്രം – എസ്.ഡി.സിയുടെ ഒരു വില്പന കേന്ദ്രമോ സ്വതന്ത്ര സ്വഭാവമുള്ളതോ ആയി പ്രവർത്തിക്കാവുന്നതാണ്; ലൈബ്രറിയും ഡോക്യുമെന്റേഷൻ സെന്ററും; ഗവേഷണ ഗ്രന്ഥങ്ങളും സ്ത്രീകളുടെ പൈതൃക ചരിത്രങ്ങളും സൂക്ഷിക്കുന്നതിനായി പൈതൃക മ്യൂസിയങ്ങള്‍; സ്ത്രീകൾക്ക് ഡ്രോയിംഗ്, പെയിന്റിംഗ്, ഡാൻസ്, സംഗീതം, സാംസ്കാരികപരമായ മറ്റു കലകൾ തുടങ്ങിയവയിലുള്ള കഴിവുകൾ അവതരിപ്പിക്കാനുതകുന്ന ഒരു സാംസ്കാരിക സ്ഥലം എന്നിവ ഉൾപ്പെടുന്നു. ഇതിന് ഒരു ആംഭി തിയേറ്ററും പൂര്‍ത്തിയായി വരുന്ന കണ്‍ വെൻഷന്‍ സെന്ററും ഉണ്ട്. 500-ലധികം പേര്‍ക്ക് പങ്കെടുക്കാനുള്ള സജ്ജീകരണങ്ങളോടുകൂടിയ കൺവെന്‍ഷന്‍ സെന്ററും ആംഭി തീയേറ്ററും ഉണ്ട്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനായുള്ള ഫെലോഷിപ്പ് പരിപാടിയായ സുസ്ഥിരമായ സംരംഭങ്ങളില്‍ വനിതകള്‍ (വൈസ്), വാഹനമോടിക്കല്‍ മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാരംഭമായ ഷീ-ടാക്സി എന്നിവ ചില പ്രവര്‍ത്തനങ്ങളാണ്. സ്ത്രീകള്‍ക്കായുള്ള സാംസ്ക്കാരിക കേന്ദ്ര സ്ഥാനവും വ്യാപാരം, കച്ചവടം, വ്യവസായം എന്നി്വയുടെ വളര്‍ച്ചയ്ക്ക് സുസ്ഥിരവും സുരക്ഷിതവുമായ ചുറ്റുപാടുകള്‍ സംജാതമാക്കാനുമായുള്ള കാഴ്ചപ്പാടോടുകൂടിയ പ്രവര്‍ത്തിയാണ് ജന്‍ഡര്‍പാര്‍ക്കിലെ അന്താരാഷ്ട്ര വനിതാ വിപണന കേന്ദ്രം. കാലേകൂട്ടിയുള്ള സഹകരണ പരിശ്രമങ്ങളുടെ ഫലമായി (2015 -ല്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം- 1 – ന്റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിലൂടെ ഊര്‍ജ്ജിതപ്പെടുത്തിയത്) ഇന്ത്യ, ശ്രീലങ്ക, മാല്‍ദീപ്സ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ ലിംഗ പദവി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഒരു സൗത്ത് ഏഷ്യന്‍ ജന്‍ഡര്‍ ഹബ് ആയി ജെൻഡർ പാർക്കിനെ വികസിപ്പിക്കുന്നതിനു യു.എന്‍. വിമണ്‍ തുല്യ പങ്കാളിയാകുമെന്ന് സമ്മതിച്ചിട്ടുണ്ട്.