വനിതകൾ ആദ്യമായി മിലിട്ടറി പോലീസിലേക്ക് ,ആറുപേർ മലയാളികൾ
മിലിട്ടറി പോലീസിലെ മലയാളിവനിതകള്‍ (ഇടത്തുനിന്ന്) എസ്.ആര്‍. ഗൗരി, മായാ സജീഷ്, ജനിക എസ്. ജയന്‍, എ. മാളു, ടി. വിസ്മയ, പി.എസ്. അര്‍ച്ചന
ചരിത്രത്തിൽ ആദ്യമായി വനിതകൾ മിലിട്ടറി പോലീസിലേക്ക് അതിൽ ആറുപേർ മലയാളി വനിതകൾ. ആദ്യ ബാച്ചിൽ ആറു മലയാളികളുണ്ടെന്നതിൽ കേരളത്തിനും അഭിമാനിക്കാം. മെയിൽ പരിശീലനം പൂർത്തിയാക്കുന്ന 100 വനിതകളടങ്ങുന്നതാണ് ആദ്യബാച്ച്. ട്രെയിനിങ് ഓഫീസർ ലെഫ്. കേണൽ ജൂലിയുടെ നേതൃത്വത്തിലാണ് കരസേനയുടെ ആദ്യ ബാച്ച് വനിതാ മിലിട്ടറി പോലീസിന് പരിശീലനം നൽകുന്നത്. മായാ സജീഷ് (കൽപ്പാത്തി), ടി. വിസ്മയ (എടപ്പാൾ), എ. മാളു, ജനിക എസ്. ജയൻ (കരുനാഗപ്പള്ളി), പി.എസ്. അർച്ചന (തിരുവനന്തപുരം), എസ്.ആർ. ഗൗരി (വെഞ്ഞാറമ്മൂട്) എന്നിവരാണ് മലയാളികൾ.
ബെംഗളൂരു ഓസ്റ്റിൻടൗണിലെ മിലിട്ടറി പോലീസ് കോർ (സി.എം.പി.) ക്യാമ്പിലെ 61 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി 'ലാൻസ് നായ്ക്' മാരായി മെയ് എട്ടിനു പുറത്തിറങ്ങും.യൂണിഫോമും ജോലികളും പുരുഷ മിലിട്ടറി പോലീസിനു സമാനമാണ്.
കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിനാവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക തുടങ്ങിയവയാണ് ചുമതലകൾ. യുദ്ധസമയത്ത് ഉത്തരവാദിത്വം കൂടും.