കേരളത്തിലെ ആദ്യ വനിതാ ഡിജിപി - ആർ. ശ്രീലേഖ

sreelekha

ആർ. ശ്രീലേഖ ( 1960-

കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ. ശ്രീലേഖ. ബാങ്ക് ഉദ്യോഗസ്ഥ, കോളേജ് അദ്ധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശേഷമാണ് ശ്രീലേഖ ഐപിഎസ് പദവിയേയ്ക്ക് എത്തുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ അവർ 33 വർഷത്തെ സർവ്വീസ് ജീവതത്തിനിടയിൽ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ചു. 

ചേർത്തല എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജിയായും നാലു വർഷത്തോളം സിബിഐയിൽ എസ്പിയായും ഡിഐജിയായും പിന്നീട് ക്രൈംബ്രാഞ്ച് ഐജിയായും ജോലി ചെയ്തു. എറണാകുളം റേഞ്ച് ഡിഐജിയായ ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു. വിജിലൻസ് എഡിജിപിയായും പ്രവർത്തിച്ചു.

റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഗതാഗത കമ്മിഷണർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് ശ്രീലേഖ വിരമിച്ചത്.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച ശ്രീലേഖ കുറ്റാന്വേഷണ പുസ്തകങ്ങൾ, ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മനസിലെ മഴവില്ല്, നിയമനിർമാണം സ്ത്രീകൾക്ക്, ചെറു മർമ്മരങ്ങൾ, നീരാഴിക്കപ്പുറം, ലോട്ടസ് തീനികൾ, മരണദൂതൻ, കുഴലൂത്തുകാരൻ, കുട്ടികളും പൊലീസും, തമസോമ തുടങ്ങിയവയാണ് പ്രധാന കൃതികൾ.