വേളത്ത് ലക്ഷ്മിക്കുട്ടി
കമ്യൂണിസ്റ്റ് പോരാട്ടഭൂമിയിലേക്ക് സധൈര്യം കടന്നുവന്ന സമരനായികയാണ് വേളത്ത് ലക്ഷ്മിക്കുട്ടി.നിരവധി പോരാട്ടങ്ങള്‍ക്കായി സ്ത്രീകളെ സംഘടിപ്പിച്ച് സമരമുഖത്തിറക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. ആദ്യകാലം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇവര്‍ നിരവധി തൊഴിലാളി, കര്‍ഷക സമരങ്ങളില്‍ പങ്കുകൊണ്ടു.1956-ല്‍ നടന്ന പ്രസിദ്ധമായ മണിമലർക്കാവ് മാറു മറയ്ക്കൽ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു. തൊഴിലാളവര്‍ഗപ്രസ്ഥാന ചരിത്രത്തിലിടം പിടിച്ച വാഴാനി കനാല്‍ സമരത്തിലും വേളത്ത് ലക്ഷ്മിക്കുട്ടിയുണ്ടായിരുന്നു. തൊഴില്‍സമയം എട്ടുമണിക്കൂറാക്കണം, കൂലി വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് നാടുവാഴിത്തത്തിനെതിരെ 250ലേറെ തൊഴിലാളികള്‍ ഒരു മാസത്തിലേറെ സമരം നടത്തി. ലക്ഷ്മിക്കുട്ടിക്ക് സമരാവേശം പകരാന്‍ ഭര്‍ത്താവും കമ്യൂണിസ്റ്റുകാരനുമായ വേളത്ത് വി വി കൊച്ചുകുട്ടന്‍ ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ലക്ഷ്മിക്കുട്ടി സമരഭൂമികയിലെ സ്ഥിരം പോരാളിയായി മാറിയത്. പാലിശേരി രാമന്റെയും ചക്കിയുടെയും മകളായി വേലൂരിലാണ് വേളത്ത് ലക്ഷ്മിക്കുട്ടി ജനിച്ചത്. 2013 ൽ 102-ാം വയസിലാണ് അവർ വിടപറഞ്ഞത്.
1956ലെ മണിമലര്‍ക്കാവ് വേല. ചുവന്ന ബ്ളൌസും ചുവന്ന കരയുള്ള മുണ്ടും ധരിച്ച് അവര്‍ണരായ 25 സ്ത്രീകള്‍ താലമെടുക്കാനെത്തി. വേളത്ത് ലക്ഷ്മിക്കുട്ടി, നെല്ലിക്കല്‍ ജാനകി, കെ സി കാളിക്കുട്ടി, ഞാലില്‍ അമ്മു, അത്താണിക്കല്‍ ലക്ഷ്മി എന്നിവര്‍ നേതൃനിരയില്‍ അണിനിരന്നു. സവര്‍ണസ്ത്രീകള്‍ മാറുമറയ്ക്കാതെ അനുഷ്ഠിക്കുന്ന താലമെടുക്കാന്‍ അവര്‍ണസ്ത്രീകള്‍ മാറുമറച്ചെത്തിയിരിക്കുന്നു- സവര്‍ണമേധാവികള്‍ ക്ഷുഭിതരാവുകയായിരുന്നു. ഇനിമേൽ മാറുമറയ്ക്കാതെ അരിത്താലം അനുവദിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഈ സ്ത്രീകളുടെയും പ്രഖ്യാപനം ആ ദുരാചാരത്തിന് തിരശീലയിട്ടു. തൊട്ടടുത്ത വര്‍ഷം മുതല്‍ മന്നിമലര്‍ക്കാവ് ക്ഷേത്രത്തിലെ ഈ ദുരാചാരം അവസാനിക്കുകയും ചെയ്തു.എന്നാൽ അരിത്താലത്തിൽ അവർണ സ്ത്രീകകൾക്ക് പങ്കെടുക്കാൻ അരനൂറ്റാണ്ട് പിന്നെയും കഴിയേണ്ടിവന്നു .
പതിനെട്ട് ദേശങ്ങളുടെ കേന്ദ്രമായ മണിമലർക്കാവ് ക്ഷേത്രത്തിൽ അവർണർക്ക് താലമെടുക്കാനോ മേൽവസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനോ അനുവാദമില്ലാതിരുന്ന കാലം. അവർണർക്കായി പ്രത്യേക ആഘോഷങ്ങളാണ് നടക്കുക. ഇതിൽ കുതിരയെടുപ്പുമുണ്ട്. അവർണർ തീണ്ടിയ കുതിരകളെ ക്ഷേത്രവളപ്പിൽ വരെ കൊണ്ടുവയ്ക്കാനേ അവകാശമുണ്ടായിരുന്നുള്ളു. പ്രദേശത്തെ വിവിധ കീഴ്ജാതി വിഭാഗങ്ങൾ തങ്ങൾക്ക് സവർണർ അനുവദിച്ചുനൽകിയ ക്ഷേത്രമതിലിന് പുറത്തെ ഒരു ആൽമരച്ചോട്ടിൽ ഒത്തുകൂടി തോറ്റംചൊല്ലി പിരിഞ്ഞശേഷം മാത്രമാണ് സവർണരുടെ അരിത്താലം ആരംഭിക്കുക. എന്നാൽ താലത്തളികയേന്തി നിൽക്കുന്ന സവർണ യുവതികൾ അൽപസമയം കഴിയുമ്പോൾ തങ്ങളുടെ റൗക്കകൾ അഴിച്ചുവെച്ച് നഗ്നമാറിടം പ്രദർശിപ്പിച്ച് ചെണ്ടമേളത്തോടൊപ്പം നടന്നു നീങ്ങണം. ഈ സ്ത്രീകളുടെ നഗ്നമുലകൾ കാണുന്നതിന് സവർണപുരുഷന്മാർ തിക്കിതിരക്കി നിൽക്കും. ഇവരുടെ അശ്ലീല നോട്ടങ്ങൾക്ക് മുമ്പിൽ അപമാനഭാരത്താൽ തലകുനിച്ച് സ്ത്രീകൾ നീങ്ങുന്ന കാഴ്ച അരോചകമായിരുന്നു. ക്ഷേത്രാചാരത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും പേരിൽ സ്ത്രീകൾ അവഹേളിക്കപ്പെടുന്നത് അന്നത്തെ കമ്മ്യൂണിസ്റ്റുകാരെ പ്രകോപിപ്പിച്ചു. സമുദായ ധാർഷ്ട്യങ്ങളെ ചോദ്യം ചെയ്യാൻ എഎസ്‌എൻ നമ്പീശനെയും കെ എസ് ശങ്കരനെയും പോലുള്ള കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാർ തയ്യാറായി. അവർക്കൊപ്പം ഈ എതിർപ്പിന് കൂട്ടായി നിന്നത് അവർണ സ്ത്രീകളായിരുന്നു. ഈശ്വര വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ അർധനഗ്നകളാക്കി അതാസ്വദിച്ച് രസിക്കുന്ന സവർണ പുരുഷന്മാരുടെ ഇടയിലൂടെ താലപ്പൊലിയിലേയ്ക്ക് മാറ് മറച്ച അവർണ സ്ത്രീകൾ ഇടിച്ചുകയറി താലവുമെടുത്ത് നീങ്ങിയതോടെ സവർണ മേലാളന്മാർ ക്ഷുഭിതരായി. നഗ്നമൂലകൾ പ്രദർശിപ്പിച്ച് അപമാനിതരായി സവർണ സ്ത്രീകൾ താലവുമെടുത്ത് നീങ്ങുന്നതിനിടയിലേയ്ക്ക് ബ്ലൗസ് ധരിച്ച് താലവുമേന്തി ഇരുപതോളം അവർണ സ്ത്രീകൾ വേളത്ത് ലക്ഷ്മിക്കുട്ടിയുടെയും നെല്ലിക്കൽ ജാനകിയുടെയും നേതൃത്വത്തിലാണ് ഇടിച്ചുകയറിയത്. ഈശ്വര വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിച്ച സവർണ ഹൈന്ദവതയ്ക്കേറ്റ പ്രഹരമായിരുന്നു അത്. ഇനിമേൽ മാറുമറയ്ക്കാതെ അരിത്താലം അനുവദിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഈ സ്ത്രീകളുടെയും പ്രഖ്യാപനം ആ ദുരാചാരത്തിന് തിരശീലയിട്ടു. എന്നാൽ അരിത്താലത്തിൽ അവർണ സ്ത്രീകകൾക്ക് പങ്കെടുക്കാൻ അരനൂറ്റാണ്ട് പിന്നെയും കഴിയേണ്ടിവന്നു. മാറു മറയ്ക്കൽ സമരത്തിന് ഈ അവർണ സ്ത്രീകളെ യഥാർഥത്തിൽ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഒരു തൊഴിൽ സമരമായിരുന്നു. 1954 ൽ വേലൂർ കേന്ദ്രീകരിച്ച് വാഴാനി ഡാമിൽ നിന്ന് വരുന്ന കനാൽ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന തൊഴിൽ സമരത്തിന് ഈ സ്ത്രീകൾ നേതൃത്വം നൽകിയിരുന്നു. അന്ന് 60 ഓളം സ്ത്രീകൾ ജയിലിലായി. ഈ സമരം നൽകിയ കരുത്ത് തങ്ങളുടെ സ്വത്വബോധത്തിന് ആക്കം കൂട്ടി. സ്ത്രീയുടെ ശരീരം പ്രദർശന വസ്തുവായിക്കണ്ട സവർണ സാമുദായിക പുരുഷാധിപത്യത്തിനെതിരെ അവർ വെടിപൊട്ടിച്ചത് അങ്ങനെയാണ്. ഈ ചരിത്ര സംഭവത്തിന്റെ 60-ാം വാർഷികവേളയാണിത്. ഇന്ന് വേളത്ത് ലക്ഷ്മിക്കുട്ടി അടക്കമുള്ള സ്ത്രീ പോരാളികളെയല്ലാതെ ആരെയാണ് സ്ത്രീയുഗം ഓർക്കേണ്ടത് (വേളത്ത് ലക്ഷ്മിക്കുട്ടിയും ചരിത്രവും - ഗീതാ നസീർ)
References
1. പോരാട്ടഭൂമിയിലെ നക്ഷത്രത്തിളക്കമായി വേളത്ത് . ലക്ഷ്മിക്കുട്ടി- എ എസ് ജിബിന, ദേശാഭിമാനി
2. വേളത്ത് ലക്ഷ്മിക്കുട്ടിയും ചരിത്രവും - ഗീതാ നസീർ