എന്നെപ്പറ്റി ഒരു വാക്കും കൂടി
എനിക്കു മക്കളില്ല. ഇതുകൊണ്ടും ദുഃഖമായിരിക്കും എന്നു വിചാരിക്കും പലരും. അല്ല. നേരെ മറിച്ചാണ്. ഞാൻ പറയുന്നതാരും വിശ്വസിക്കില്ലായിരിക്കും. പക്ഷെ സത്യമിതാണ്.എന്തുകൊണ്ടെന്നു പറയാം.
- എനിക്കിപ്പോൾ കുറെ സ്വത്തുണ്ട്. മക്കളുണ്ടെങ്കിൽ ന്യായമായും അതവർക്കു കൊടുക്കേണ്ടിവരും. എന്റെ ഇഷ്ടാനുസരണം അതു ഉപയോഗിക്കാൻ ഒക്കില്ല
എൻറ ഇഷ്ടം ഇതു മുഴുവൻ എന്റെ കൊച്ചുമോനും കൊടുക്കാനാണ്.
- ഏതാണ് ഈ കൊച്ചുമോൻ ? ആ, എനിക്കങ്ങനെ ഒരു മോനുണ്ട്. എന്റെ മകളുടെ മകൻ.
എന്റെ പേര് അന്ന. മാതാവിൻറെ അമ്മയുടെ പേരാണിത്. ഈ പേരാണെനിക്കും. അതുകൊണ്ടും മേരി എൻ്റെ മോള്. അവളുടെ മോൻ ക്രിസ്തു എന്റെ കൊച്ചുമോൻ.
എന്റെ വീട്ടിൽ സാമ്പത്തികമായി വിഷമിക്കുന്നവരെ എന്നാലാവും വിധം ഞാൻ സഹായിച്ചിട്ടുണ്ട്. മതി-- ഇനി ബാക്കിയുള്ളതു എന്റെ കൊച്ചു മോനുള്ളതാണ്. അവനാണ് എനിക്കിതൊക്കെത്തന്നത്. ഇനിയുള്ളത് മുഴുവൻ അവനു തന്നെ. അവന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ. അവന്റെ തിരുവചനങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുവാൻ.
അതെങ്ങനെ വേണം? എൻ്റെ മരണാനന്തരം അതെങ്ങനെ തുടരണം? ഇതേപ്പറ്റിയൊക്കെ വേണ്ടപ്പെട്ടവരുമായി ആലോചിച്ചു വരികയാണ്.
ഉരിത്തിരിഞ്ഞുവരും അതിനൊരു നല്ല മാർഗ്ഗം. തെളിച്ചു തരും എന്റെ മോൻ അതിനു പററിയൊരു നല്ല പാത.
എൻറെ കൊച്ചുന്നാളില് വണക്കമാസം നടത്തലാണ് വലിയ ഭക്തി പ്രകടനം. പിന്നെ നൊവേനകളായി. ഇപ്പോൾ ഒരു പടികൂടിക്കേറി. ജനം ബൈബിളിലേക്കും തിരിയാൻ തുടങ്ങിയിരിക്കയാണു. നല്ലത്. പക്ഷെ ബൈബിൾ ശരിക്കും മനസ്സിലാകണമെന്നു വരികിൽ നല്ല കൈത്താങ്ങും വേണം. അതിനാണെൻ്റെ യത്നം. ക്രിസ്തുവിനെ ആദ്ധ്യാത്മിക ഗുരുവായിട്ട് മാത്രമല്ല, സാമൂഹ്യ പരിഷ്ക്കർത്താവും വിപ്ളവകാരിയുമായിട്ടു കൂടി കാണാൻ കഴിയണം. എന്നാലേ ക്രിസ്തുവിനെ പൂർണ്ണമായ് നമുക്കും ഉൾക്കൊള്ളാനൊക്കു.
ഈ യത്നം കൊണ്ടും ഇതൊത്താൽ ഞാൻ തൃപ്തയായി. എനിക്ക് കുറച്ചൊക്കെ എഴുതാനും പ്രസംഗിക്കുവാനുമുള്ള കഴിവുണ്ട്. ഇതൊന്നും എനിക്കെന്റെ കാരണവന്മാരിൽനിന്നും പാരമ്പര്യമായി കിട്ടിയിട്ടുള്ളതല്ല. എല്ലാം ദൈവത്തിൻ്റെ ദാനമാണ്. നന്ദിയുണ്ട് ദൈവത്തോടെനിക്ക്. അതിൻ്റെ പിന്നിലെ കരവിരുതു മുഴുവൻ എന്റെ കൊച്ചുമോൻറതാണ്.
മോനെ നിനക്കു നന്ദി.
-ഉള്ളം നിറയെ നന്ദി-
1990 ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ആനി തയ്യിലിന്റെ ആത്മകഥ "ഇടങ്ങഴിയിലെ കുരിശ്" എന്ന പുസ്തകത്തിൽ നിന്നുമുള്ള ഒരു ഭാഗം
References
1990 ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ആനി തയ്യിലിന്റെ ആത്മകഥ "ഇടങ്ങഴിയിലെ കുരിശ്" എന്ന പുസ്തകത്തിൽ നിന്നുമുള്ള ഒരു ഭാഗം