കെ. ആർ. ഗൗരിയമ്മ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന കെ. ആർ. ഗൗരിയമ്മ ജനിച്ചതു്.

വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന ഗൗരിയമ്മ 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെയുള്ള നിയമസഭകളിലും അംഗമായിരുന്നു. കേരളത്തിലെ ആദ്യ വനിതാ മന്ത്രി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത എന്നീ നേട്ടങ്ങൾ ഗൗരിയമ്മയുടെ പേരിലാണ്. 

Welcome to Kerala window

1957-ലെ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസായിരുന്നു ഗൗരിയമ്മയുടെ ജീവിത പങ്കാളി. പിന്നീട് ഇവർ ബന്ധം വേർപ്പെടുത്തി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്ന ഗൗരിയമ്മ പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനോടൊപ്പം നിലകൊണ്ടു.  പിന്നീട് 1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഐഎം പുറത്താക്കുകയും തുടർന്ന് ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടി രൂപീകരിയ്ക്കുകയും ചെയ്തു. 

കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും മന്ത്രിയായിരുന്ന അവർ റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 

Gouriyamma

(ഗൗരിയമ്മയുടെ പഴയകായല ചിത്രം)

കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങുകയും  2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനു അർഹമാവുകയും ചെയ്തു.