കർമ്മനിരതം ധന്യമീജിവിതം:ഉമാദേവി അന്തർജനം
പിറവം വെള്ളൂരിലെ കളമ്പൂരിൽ ഉമാദേവി അന്തർജനത്തെ കാണാൻ ചെന്നത് അവർ ആയുർവേദ ചികിത്സയുമായി കഴിയുമ്പോഴാണ്. കേരളത്തിലെ വനിതാപ്രസ്ഥാനത്തിൻ്റെ മുൻനിര നേതാക്കളിൽ ഒരാളായ ഉമാ ദേവിക്ക് വയസ്സ് 78. പ്രായത്തിൻ്റെ ക്ലേശങ്ങൾ പതുക്കെപ്പതുക്കെ ശരീരത്തെ കടന്നാക്രമിച്ചുതുടങ്ങിയെങ്കിലും അന്തർജനം ഇപ്പോഴും കർമ്മനിരത തന്നെ. മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി മെമ്പറായും മഹിളാ അസോസിയേഷന്റെ നേതാവായും ഇപ്പോഴും പ്രവർത്തിക്കുന്നു. ഉമാദേവി അന്തർജനം എങ്ങനെ പുരോഗമനാശയങ്ങളിൽ ആകൃഷ്ടയായി എന്നതും, ഒരു അന്തർജനം എങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു സജീവ രാഷ്ട്രീയപ്രവർത്തകയായി എന്നതും പൊതുമണ്ഡലത്തിലേക്ക് കടന്നുവരുന്ന പുതിയ സമൂഹത്തിലെ സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചരിത്രമാണ്.
1926ൽ പെരിന്തൽമണ്ണയിലെ പുലാമന്തോൾ ചേവൂൾ മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും കാളി അന്തർജനത്തിൻ്റെയും മകളായി ജനിച്ചു. അച്ഛൻ നാരായണൻ നമ്പൂതിരിക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. രണ്ടാളിലും കൂടി ഏഴുമക്കളും. യാഥാസ്ഥിതികത്വം കട്ടപിടിച്ച ഇല്ലത്തുനിന്ന് പിറവം നളിമനയിലേക്ക് പറിച്ചുനടപ്പെട്ട അന്തർജനം ആദ്യമായി പുറത്തുയാത്ര ചെയ്തതത് ഒരുപക്ഷെ ഈ വിവാഹയാത്രയിലായിരിക്കും. 17-ാം വയസ്സിൽ ടി. കൃഷ്ണൻ നമ്പൂതിരി വിവാഹം കഴിക്കുന്നതുവരെ ഇല്ലത്തിനു പുറത്തെ ലോകം ഉരുണ്ടതാണോ പരന്നാണോ എന്ന് ഉമാദേവിക്ക് അറിഞ്ഞുകൂടായിരുന്നു. സ്കൂൾ കണ്ടിട്ടില്ല. പുറമെനിന്നുള്ള അധ്യാപകൻ ഇല്ലത്തു വന്ന് അക്ഷരം പഠിപ്പിച്ചതു മാത്രമാണ് വിദ്യാഭ്യാസം. പിന്നീട് അൽപ്പം ഹിന്ദിയും പഠിച്ചു. “വിവാഹം കഴിഞ്ഞാണ് ബ്ലൗസ് ധരിക്കാനുള്ള ഭാഗ്യം ഉണ്ടായത്” ഉമാദേവി പറഞ്ഞു. സ: ഇ എം എസിൻ്റെ വീടിന്റെ മൂന്നു നാലു കിലോമീററർ അടുത്തുള്ള ഇല്ലമായതു കൊണ്ട് ഇ എം എസിന്റെ വിവാഹത്തിൽ പങ്കെടുത്ത ഓർമ്മയുണ്ട്.
കോഴിക്കോട് ഒരു റബർ എസ്റ്റേറ്റിൽ ജോലിക്കാരനായിരുന്നു ടി. കൃഷ്ണൻ നമ്പൂതിരി. കോഴിക്കോടു വച്ചുതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പറായി. അക്കാലത്തു നമ്പൂതിരിക്ഷേമസഭയുടെ പ്രസിഡൻറ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നമ്പൂതിരിക്ഷേമസഭയുടെ ഭാഗമായി നമ്പൂതിരി സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ടാണ് ആദ്യമായി ഉമാദേവി അന്തർജനം പൊതുമണ്ഡലത്തിൽ പ്രവേശിക്കുന്നത്. പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരിൽ ഇ എം എസ് അധ്യക്ഷനായി നടന്ന ഒരു യോഗത്തിലാണ് ഉമാദേവി ആദ്യമായി പങ്കെടുത്തത്. അത് ജീവിതത്തിലെ ഒരു വഴിത്തിരിവായി. കുനിഞ്ഞ ശിരസ്സ് മറക്കുടകളിൽ തിരുകിവച്ച്, മണൽത്തരികളെ വേദനിപ്പിക്കാതെ, കരിപുരണ്ട ഇല്ലത്തിനകത്തെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിഴലുകൾ മാത്രമായി ജീവിച്ചിരുന്ന നമ്പൂതിരി സ്ത്രീകളെ മറക്കുട പൊളിച്ചു പുറത്തുകൊണ്ടുവരാൻ ആര്യാപള്ളത്തെപ്പോലുള്ളവർ ഓടിനടന്നു പ്രവർത്തിക്കുമ്പോൾ, ഉമാദേവി തൻ്റെ പൊതുജീവിതത്തിൻ്റെ മാതൃക കണ്ടെത്തുകയായിരുന്നു. ബ്ലൗസിടാനുള്ള അവകാശത്തെക്കുറിച്ച്, വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശത്തെക്കുറിച്ച് ഇല്ലങ്ങളിലിരിക്കുന്ന നമ്പൂതിരി സ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യം ഉമാദേവി ഏറ്റെടുത്തു.
വാഹനസൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് രാമമംഗലത്തും മറ്റ് ഇല്ലങ്ങളിലും ചെന്ന് സ്ത്രീകളെ കാണുന്ന അവസരങ്ങളിൽ സമയം വൈകിയാൽ ആ ഇല്ലങ്ങളിൽ തന്നെ തങ്ങുമായിരുന്നു. സ്വന്തം പ്രയത്നത്തിന്റെകൂടി ഫലമായി പാഴൂർ പടിക്കൽ വച്ചു നടന്ന സമ്മേളനത്തിൽ ധാരാളം നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു. ആ സമ്മേളനത്തിൽ വച്ച് ഭാരവാഹി എന്ന ഉത്തര വാദിത്തം ഏറെറടുത്തു.
ഈ ലേഖിക മുന്നോട്ടുവച്ച ചില ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പോയകാലത്തെ അനുഭവങ്ങൾ ഓർമ്മിച്ചെടുക്കാൻ ഉമാദേവി അന്തർജനത്തിനായി.
കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി എങ്ങനെ ബന്ധപ്പെട്ടു?
"ഭർത്താവിന്റെ ജ്യേഷ്ഠൻ രാമൻനമ്പൂതിരിയുടെ കോൺഗ്രസ് കടുകട്ടി. കോൺഗ്രസിന്റെ നേതാവ്. ഇല്ലത്തുചേരുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് ചായകൊടുക്കാനുള്ള നിയോഗം അടുക്കള മാനേജരായ ഉമാദേവി എന്ന ആത്തോലമ്മയ്ക്ക്. അനുജനായ എന്റെ ഭർത്താവ് ഇ എം എസ് ഭക്തൻ. കടുത്ത കമ്യൂണിസ്റ്റ്. തിരഞ്ഞെടുപ്പ് (ആദ്യത്തെ രാഷ്ട്രീയ ഇടപെടൽ) വരുമ്പോൾ കാളയ്ക്ക് കുത്തണമെന്ന് ജ്യേഷ്ഠൻ നമ്പൂതിരി. അരിവാളിന് കുത്തണമെന്ന് ഭർത്താവും”. ഉമാദേവി ചിരിച്ചുകൊണ്ട് പറഞ്ഞു. ജ്യഷ്ഠനോടുള്ള ബഹുമാനം ഒട്ടും ചോർത്താതെ തന്നെ അന്നേയ്ക്ക് മനസ്സിൽ വേരൂന്നിയ പാർട്ടിക്ക് വോട്ടുചെയ്തുപോന്നു. പിറവന്നുവച്ചു നടന്ന പാർട്ടിയുടെ ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്തു. 1016ൽ പാർടി മെമ്പർഷിപ്പിലെത്തി. സ: കെ. ടി. ജേക്കബിൻ്റെ കൈയിൽ നിന്നു കിട്ടിയ ചുവപ്പുകാർഡ് വലിയ അഭിമാനം ഉണ്ടാക്കി.
ഈ കാലഘട്ടമായപ്പോഴേക്ക് സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ മേഖലയിൽ ബ്ളോക്ക് വനിതാ സമാജങ്ങൾ രൂപീകരിച്ചു കൊണ്ട് സ്ത്രീകൾക്കിടയിലേക്കിറങ്ങി. കൊടുങ്ങല്ലൂർ കോവിലകത്ത് ഉദിച്ചുയർന്ന രക്തതാരകമായ കുഞ്ഞുക്കുട്ടിത്തമ്പുരാട്ടിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ വച്ച് നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു. അന്ന് ഗൗരിയമ്മ, സുശീലഗോപാലൻ എന്നിവരെ പരിചയപ്പെടാൻ കഴിഞ്ഞു. 1968ൽ കേരള മഹിളാ ഫെഡറേഷൻ രൂപംകൊള്ളുമ്പോൾ മേൽപറയപ്പെട്ട നേതാക്കന്മാരോടൊപ്പം പ്രവർത്തിച്ചു. തന്റെ സഹപ്രവർത്തകയും കേരള മഹിളാ ഫെഡറേഷൻ്റെ സംസ്ഥാനകമ്മിറ്റി മെമ്പറുമായ ചെല്ലമ്മ ദാമോരനോടൊപ്പം കോട്ടയം ജില്ലയിൽ സംഘടന ഉണ്ടാക്കാൻ ഓടിനടന്നു.
എറണാകുളം ജില്ലയിലെ പിറവത്തു താമസിക്കുന്ന ഉമാദേവി പ്രവർത്തനം നടത്തുന്നത് കോട്ടയം ജില്ലയിൽ. അതെങ്ങനെ സംഭവിച്ചു?
വീടിരിക്കുന്ന വെള്ളൂർ ഗ്രാമം കോട്ടയം ജില്ലയിലായിരുന്നു. പിന്നീട് വെള്ളൂർ പഞ്ചായത്ത് എറണാകുളം ജില്ലയിൽപ്പെട്ടു. അന്നേക്ക് മഹിളാ ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായ ഉമാദേവിയെ അവിടെനിന്നു പോരാൻ കോട്ടയം ജില്ലയിലെ പാർട്ടിനേതൃത്വം സമ്മതിച്ചില്ല. മഹിളാപ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം കൊടുത്ത ഉമാദേവിയെ 1960ൽ കടുത്തുരുത്തി മണ്ഡലത്തിൽ പാർട്ടി മത്സരിപ്പിച്ചു. 1981 ൽ കോട്ടയത്തു നടന്ന മഹിളാ അസോസിയേഷൻ (1981ലാണ് മഹിളാഅസോസിയഷൻ രൂപംകൊള്ളുന്നത്) സംസ്ഥാന സമ്മേളനം ഉമാദേവിയെ സംസ്ഥാന പ്രസിഡൻ്റാക്കി.
ആ കാലഘട്ടത്തിൽ സംഘടന ഏതുതരത്തിലുള്ള സമരങ്ങളാണ് നടത്തിയിരുന്നത്? എന്തായിരുന്നു മുദ്രാവാക്യം?
"വിലക്കയറ്റത്തിനെതിരെ വെള്ളൂരിലെ വില്ലേജ് ഓഫീസ് പിക്കറ്റിംഗ് നടത്താൻ തീരുമാനിച്ചു. ഇതേസമയത്തു തന്നെയാണ് കൊയ്ത്തുസമരവും നടക്കുന്നത്. കൊയ്ത്തുസമരത്തിൽ സഖാക്കൾക്കുനേരെ ആക്രമണം ഉണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും നടന്ന കല്ലേറിന്റെ സമയത്ത് അഭയം തേടി ഓടിക്കയറിയത് ഒരു മുസ്ലീം കുടുംബത്തിൽ. അവർ അവിടെനിന്നും ഇറക്കിവിട്ടു. സമരക്കാർ ബാർബർഷാപ്പിൽ കയറി. കള്ളുഷാപ്പാണെന്നു കരുതി കത്തിച്ചു. പൊന്നമ്മ, ശ്യാമള എന്നിവരോടൊപ്പം അമ്പലത്തിൽ കയറി. സഖാവിനെ കത്തിച്ചു എന്ന കിംവദന്തി പരന്നു. ഇതിനിടയിൽ കളക്ടർ വന്നു എന്നുകേട്ട് ഇറങ്ങിച്ചെല്ലുമ്പോൾ കേരള കോൺഗ്രസിൻ്റെ നേതാവ് വേമ്പനി "അവളെ അരിയടാ' എന്നാക്രോശിച്ച് ഓടിയടുത്തു. പിറേറദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായി."
ഏതെങ്കിലും സംഭവം മനസ്സിനെ ഉലച്ചിട്ടുണ്ടോ?
“വെള്ളൂർ പാർട്ടി ഓഫീസ് കത്തിച്ചത് മനസ്സിനെ വല്ലാതെ ഉലച്ചു. വൈക്കം സമരവും, വെടിവെപ്പും എല്ലാം അവിസ്മരണീയം. വൈക്കം വിശ്വൻ, കെ. കെ. ജോസഫ് (അടുത്തകാലത്ത് മരിച്ചു) തുടങ്ങിയവർ നേതൃത്വം കൊടുത്ത് രണ്ടായിരം പേരുടെ പ്രകടനം ഇപ്പോഴും ഓർമ്മയിലുണ്ട്.
"ഉമാദേവി പങ്കെടുക്കേണ്ട' എന്ന് പലരും പറഞ്ഞെങ്കിലും സ്ത്രീ ഭീരുവാണെന്ന് ആരും ചിന്തിക്കുകപോലും ചെയ്യരുതെന്ന ഉറച്ച ചിന്തയോടെ മുമ്പിൽ തന്നെ കൊടിയും പിടിച്ചുനടന്നു. താലൂക്ക് ഓഫീസിലേക്ക് നടന്ന സമരത്തിനുനേരെ ഭീകരമായ മർദ്ദനം നടക്കുന്നതിനിടയിൽ ഏതോ ഒരു പൊലീസുകാരൻ “അന്തർജനത്തെ തൊടരുത്” എന്നുപറഞ്ഞു. ഒരു കൊല്ലം പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി."
കുട്ടികളും കുടുംബവും? അവർ സഖാവിന്റെ പൊതുപ്രവർത്തനത്തെ എങ്ങനെ കൈകാര്യം ചെയ്തു?
"പൊതുപ്രവർത്തനം കുടുംബജീവിതത്തിൽ ഒരലോസരവും ഉണ്ടാക്കിയില്ല. വീടിനോടുള്ള ഉത്തരവാദിത്തങ്ങൾ പാലിച്ചുകൊ ണ്ടുതന്നെ വീടിനുപുറത്തു പ്രവർത്തിച്ചു. പുറത്തു പ്രവർത്തനത്തിനു പോകുമ്പോൾ കുട്ടികളെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. ഒരു പരിപാടിയും മുടക്കിയുമില്ല. കുട്ടികളെ മുറിക്കകത്ത് പൂട്ടിയിടും. രാത്രി തിരികെ വരുമ്പോൾ മണ്ണണ്ണ വിളക്കിൻ്റെ കരി കുട്ടികളുടെ മൂക്കിൽ നിറയെ പിടിച്ചിരിക്കുന്നത് കാണുമ്പോൾ ഉൾക്കിടിലമുണ്ടായിരുന്നു. എല്ലാം അനുകൂലിക്കുന്ന ഒരു ഭർത്താവ് ആയിരുന്നതുകൊണ്ട് മറ്റ് അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല. ചിലപ്പോൾ ജാഥയ്ക്കുപോകുമ്പോൾ കുട്ടികളെ കൊണ്ടുപോകും. ഒരിക്കൽ മകൻ ലാലിനെ ജാഥാംഗങ്ങളായ സഖാക്കൾ മാറിമാറി എടുത്തു. ജാഥയും യോഗവും കഴിഞ്ഞ് മൈക്കിലൂടെ അനൗൺസ് ചെയ്ത് കുട്ടിയെ തിരികെ കിട്ടി.
അൽപ്പംപോലും പുരോഗമനം തൊട്ടുതീണ്ടാത്ത ഒരു കാലഘട്ടത്തിൽ പൊതുമണ്ഡലത്തിൽ കാലുകുത്തിയ സ. ഉമാദേവി
ഇപ്പോഴും പ്രവർത്തനനിരതയാണ്. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ലെങ്കിലും മരണം വരെ പ്രസ്ഥാനത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഉമാദേവിക്ക് പുതിയ തലമുറയോട് പറയാനുള്ളത്, "സ്ത്രീകൾ വായിക്കണം, പഠിക്കണം” എന്നാണ്; സമൂഹം സ്ത്രീയെ അംഗീകരിക്കണമെങ്കിൽ അറിവ് ആയുധമാക്കണം എന്നാണ്.
References
എം സി ജോസഫൈൻ : പോരാട്ടങ്ങളിലെ പെൺ പെരുമകൾ ;ചിന്ത പുബ്ലിക്കേഷൻ, 2007.