ചെങ്ങറ സമരവും എന്റെ ജീവിതവും
ഓ കെ സുരേഷ്, എം വി മനോജ് എന്നിവർ ചേർന്ന് എഴുതി ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച "ചെങ്ങറ സമരവും എന്റെ ജീവിതവും" എന്ന സെലീന പ്രക്കാനത്തിന്റെ ജീവചരിത്രത്തിലെ ഒരു ഭാഗം...
ഭൂമിക്ക് വേണ്ടി നടത്തിയ തുടർസമരങ്ങൾ, ഒത്തുതീർപ്പുകൾ ഇവയൊന്നും ഫലപ്രാപ്തിയിലെത്തുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അധികാരികളുടെ ഭാഗത്തുനിന്ന് തുടർച്ചയായ കരാർ ലംഘനങ്ങളുണ്ടായി. ഞങ്ങളുടെ ഡിമാന്റ് എല്ലായ്പ്പോഴും കൃഷിയോഗ്യമായ അഞ്ചേക്കർ ഭൂമിയായിരുന്നു. ചർച്ചചെയ്ത് തീരുമാനം എടുക്കാം എന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടാത്ത സാഹചര്യത്തിൽ പുതിയ സമരമുഖങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകളുണ്ടായി. പലപ്പോഴും കരാർ കാലാവധി കഴിയുമ്പോഴേക്കും അടുത്ത സമരം തുടങ്ങുകയായി. ഭരണകൂടത്തിന്റെ തുടർച്ചയായ വാഗ്ദാനലംഘനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനായിരുന്നു 2007 ജൂലൈ മാസം അവസാനം പത്തനംതിട്ട ജില്ലയിൽ ഒരു വാഹനപ്രചാരണജാഥ നടത്തിയത്.
ഇതിനിടയിൽ 2006 സെപ്തംബർ 27-ാം തീയതി റവന്യൂ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ 2007 ആഗസ്റ്റ് ഒന്നിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചിരുന്നു. അതും പാലിക്കപ്പെടുന്നതിന്റെ സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വാഹനജാഥ സംഘടിപ്പിച്ചത്. ആഗസ്റ്റ് 15-ാം തീയതി ഭൂമിയിൽ പ്രവേശിക്കും എന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. ളാഹ ഗോപാലനായിരുന്നു ജാഥാ ലീഡർ
പത്തനംതിട്ടയിൽനിന്ന് തുടങ്ങിയ വാഹനപ്രചാരണജാഥ റാന്നി മണ്ഡലത്തിന്റെ വിവിധമേഖലകൾ സന്ദർശിച്ച് കോന്നിയിൽ സമാപിക്കണമെന്നായിരുന്നു പ്രചാരണം. പോസ്റ്ററിലും നോട്ടീസിലും കാര്യങ്ങളിങ്ങനെയാണെങ്കിലും സംഘടനയുടെ നേതൃത്വം വേറെ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഗവൺമെന്റിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു സപ്തംബർ നാലിന് സമാപനം എന്ന് കാണിച്ചിരുന്നത്. സമാപനസമ്മേളനത്തിൽ സംഘടനയിലെ മുഴുവൻ ആൾക്കാരോടും പങ്കെടുക്കുവാൻ പറഞ്ഞിരുന്നു. നമ്മള് അന്ന് ഭൂമിയിൽ പ്രവേശിക്കുമെന്നൊന്നും പബ്ലിസിറ്റി കൊടുത്തിട്ടില്ലായിരുന്നു. പക്ഷേ, ഇതിന്റെ സംസ്ഥാനകമ്മിറ്റിയിൽ ഉള്ള എല്ലാവർക്കും തീരുമാനം എന്താണെന്നുള്ളത് വ്യക്തമായിരുന്നു. 5 പേരെ പ്രത്യേകം സ്ക്വാഡായി നിയമിച്ച് കയറുവാനുള്ള ഭൂമിയുടെ വിശദവിവരങ്ങളും അങ്ങോട്ടേക്കുള്ള വഴിയും എല്ലാം കൃത്യമായി മനസിലാക്കുവാൻ നേരത്തെതന്നെ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കൂടാതെ കാലാവധി കഴിഞ്ഞിട്ടുള്ളത്, ഉടൻ അവസാനിക്കുന്നത് തുടങ്ങിയ ഭൂമിയുടെ വിശദാംശങ്ങൾ സംഘടനാപരമായിത്തന്നെ ശേഖരിച്ചിട്ടുണ്ടായിരുന്നു. അത്തരത്തിൽ ഭൂമിയിലേക്കുള്ള റൂട്ട് കൃത്യമായി പ്രവർത്തകർ മുഖാന്തരം മനസ്സിലാക്കിയിരുന്നു. ഇവരോട് മാത്രമായിരുന്നു നാലാം തീയതി രാത്രിയിൽ ഭൂമിയിൽ കയറുമെന്ന് അറിയിച്ചിട്ടുള്ളത്. അതല്ലാതെ സമരത്തിൽ പങ്കെടുക്കുവാൻ വന്നിട്ടുള്ള ഒരു കുടുംബം പോലും ആ തീരുമാനം അറിഞ്ഞിരുന്നില്ല.
വൈകുന്നേരം മുഴുവൻ ആൾക്കാരും വന്നതിനു ശേഷമാണ് ഭൂമിയിൽ പ്രവേശിക്കും എന്ന് രഹസ്യസന്ദേശം നൽകിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു അവിടെ നടന്നത്. ളാഹ ഗോപാലൻ സാർ കോന്നിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഭൂമിയിൽ പ്രവേശിക്കണമെന്നായിരുന്നു നിർദ്ദേശം. അതായത് നേരത്തെ തയ്യാറാക്കി നിർത്തിയിരുന്ന ടീം മാത്രമാണ് അപ്പോൾ ഭൂമിയിൽ പ്രവേശിച്ചത്.
കുടിലു കെട്ടാൻ ഓരോ കിലോ പ്ലാസ്റ്റിക്ക് -മുകൾവശം മാത്രം മറയ്ക്കാൻ, അതിന്റെ വലിപ്പം നമുക്കറിയാൻ പറ്റും-മാത്രമായിട്ടാണ് ആദ്യം നാനൂറ്റി ഇരുപത് പേർ സമരഭൂമിയിൽ കടക്കുന്നത്. പിന്നീടാണ് നേരം വെളുക്കുമ്പോഴേക്ക് ബാക്കിയുള്ളവർ എത്തിച്ചേരുക. ഞാനപ്പോൾ സമ്മേളനത്തിന്റെ ഭാഗമായി കോന്നിയിലായിരുന്നു. ആദ്യ തവണ കേറിയവർക്ക് തന്നെ ഏറെ പ്രതിസന്ധികൾ ഉണ്ടായി. അവിടുത്തെ ടാപ്പിങ്ങ് തൊഴിലാളികൾ താമസിക്കുന്ന ലയം സമരഭൂമിയോട് ചേർന്നായിരുന്നു. ഒരു സ്കൂൾ പോലെയാണത്. ഓരോ മുറിയിലും ഓരോ കുടുംബങ്ങൾ. ചെറിയ ക്ലാസ്പോലെ. അവിടെ അപായ സൈറൺ മുഴങ്ങി. അതുകേട്ട് അവിടുള്ള മുഴുവൻ ആൾക്കാരും ഇറങ്ങുകയാണ് ചെയ്തു. താഴെ നിന്നാണ് സമരക്കാർ കേറിച്ചെല്ലുന്നത്. അവർ നിൽക്കുന്നത് മുകളിലും. കേറിച്ചെല്ലുമ്പോൾ തന്നെ അവിടെ നിന്നും കല്ലുപെറുക്കി എറിയുകയാണ് ചെയ്തത്. ഇരുട്ടായതുകൊണ്ട് ഒന്നുംതന്നെ കാണാൻ പറ്റുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നും അറിയാൻ കഴിയുന്നില്ല. ഏറ് കിട്ടുന്നതിനനുസരിച്ച് അവിടെയും ഇവിടെയും വലിയ അലർച്ചകളും ബഹളങ്ങളും മാത്രം കേൾക്കാം.
പരസ്പരം എറിയുകയാണ് പിന്നീട് ചെയ്തത്. അപ്പോഴേക്കും ഞങ്ങളിൽ ഒരു ഗ്രൂപ്പ് മറുവശത്ത് കടന്ന് മുകളിൽ നിന്നവരെ എറിയാൻ തുടങ്ങി. അങ്ങനെ കല്ല് കൊണ്ടുള്ള ഒരു പോരാട്ടമാണ് അവിടെ നടന്നത്. സ്ത്രീകൾക്കൊക്കെ ഒരുപാട് പരിക്ക് പറ്റി. കോന്നിയിലുള്ള സന്തോഷ് മരിച്ചുപോകുമെന്നുതന്നെയാണ് ഞങ്ങൾ വിചാരിച്ചത്. അയാളുടെ ഒരു കണ്ണ് ഏറുകൊണ്ടു തകർന്നു. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി. ഒരുപാട് ദിവസം മെഡിക്കൽ കോളജിൽ കിടന്നതിനുശേഷമാണ് രക്ഷപ്പെട്ടത്. ഏറു കിട്ടിയയുടനെ ബോധം നഷ്ടപ്പെട്ടു. അതേറ്റവും ഭീകരമായ അവസ്ഥയായിരുന്നു. കോന്നി മേഖലയിൽനിന്ന് വന്നവർക്കാണ് ഏറ്റവും കൂടുതൽ അപകടം സംഭവിച്ചത്.
ആക്രമണത്തെക്കുറിച്ച് ഞങ്ങൾക്കൊരു സൂചനയുമില്ലായിരുന്നു. പ്ലാന്റേഷനായതുകൊണ്ടുതന്നെ അവിടെ നോട്ടക്കാരുണ്ടാകുമെന്നറിയാം. യാദൃച്ഛികമായി ആൾക്കാർ കൂട്ടത്തോടെ ചെല്ലുന്നതുകണ്ട് പെട്ടെന്നവർ സംഘടിതരായി ആക്രമിച്ചതാണ്. മുൻകൂട്ടി സൂചനകളൊന്നും അവർക്കുമില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ഭൂമിയിൽ കേറാൻ പറ്റത്തില്ലായിരുന്നു. പോലീസ് വലയം ചെയ്യും. അവരും പെട്ടെന്നുള്ള നീക്കമായിരുന്നു നടത്തിയത്. ഗവൺമെന്റ് ഭൂമി സ്വമനസ്സാലെ തരില്ലെന്ന ബോധ്യം സമരക്കാർക്കെല്ലാമുണ്ടായിരുന്നു. സംഘടനയ്ക്കുള്ളിൽ നേരത്തെ മുതൽ നമ്മൾ പറഞ്ഞിട്ടുണ്ട് ഭൂമി പിടിച്ചെടുക്കാനേ പറ്റൂ എന്ന്. 2006 ജൂൺമാസത്തിൽ കൊടുമണ്ണിലെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ നിന്നിറങ്ങുമ്പോൾ, വീണ്ടും ഇതുപോലെ ഭൂമിയിൽ പ്രവേശിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഗവൺമെന്റിനു കൊടുക്കുന്ന സൂചന മാത്രമാണ് കൊടുമൺ സമരമെന്നൊക്കെ ആളുകൾക്ക് നന്നായറിയാം. കൈയേറുന്ന ഭൂമി സ്വന്തമാക്കുന്ന നിലയിലേക്ക്, അല്ലെങ്കിൽ ഗവൺമെന്റ് നമ്മുടെ ഡിമാന്റ് അനുസരിച്ച് ഭൂമി നൽകുന്നതുവരെയുള്ള സമരത്തിലേക്കു പോകേണ്ടിവരും. ഇതെല്ലാം എല്ലാവർക്കും വ്യക്തമായറിയാം. അതായത് എല്ലാവരും ഭൂമിയിൽ പ്രവേശിക്കാനുള്ള മാനസികാവസ്ഥയിൽ തന്നെയായിരുന്നു. പറഞ്ഞു പഠിപ്പിച്ച് ജനങ്ങളെ ആ ബോധത്തിൽ എത്തിച്ചിരുന്നു.
ഹാരീസൺ എന്നു പറയുന്നത് വിദേശക്കമ്പനിയാണ്. അവർക്ക് ഇവിടുള്ള ഉത്പന്നങ്ങളെല്ലാം കൊണ്ടുപോകാം. ആ കമ്പനിയുടെ സാമ്പത്തിക വിനിമയങ്ങൾ മുഴുവനും നടക്കുന്നത് വിദേശത്താണ്. അങ്ങനെ നോക്കുമ്പോൾ ഇവിടെ ജനിച്ചുവളർന്ന, കാലാന്തരങ്ങളായി ജീവിക്കുന്ന ഒരു ജനത ഇവിടെ സ്വന്തമായൊന്നുമില്ലാതെ കഴിയുന്നു. വിദേശകുത്തകകൾ വന്ന് നമ്മുടെ സമ്പത്ത് മുഴുവൻ കൊണ്ടു പോകുന്നു. അതിനെതിരെ വലിയ രോഷംതന്നെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുവാൻ കഴിഞ്ഞു. അവരുതന്നെ “എങ്കിൽ നമുക്കാ ഭൂമിയെല്ലാം പിടിച്ചെടുക്കണം” എന്നു പറയുന്ന മാനസികാവസ്ഥയിലായി. അപ്പോൾ പിന്നെ എന്തും ഏതു സമയത്തു പറഞ്ഞാലും നടപ്പാക്കാൻ അവർ തയ്യാറാണ്. സമരമെന്ന് പറയുന്നത് അപ്പഴപ്പോഴുള്ള സാഹചര്യമനുസരിച്ച് മുന്നോട്ടു പോകുന്നതാണ്. എല്ലാം പ്ലാൻ ചെയ്തതോണ്ട് ഒരു സമരവും നടത്താൻ പറ്റില്ല. പോകുന്നതിനനുസരിച്ച് നമ്മളും പോവുക. അതേ കഴിയൂ. ഏതു സമയവും നമ്മള് പോകണമെന്നു പറഞ്ഞാൽ ജനം റെഡിയാണ്. അങ്ങനെയാണ് 2007 ആഗസ്റ്റ് നാലിന് അർദ്ധരാത്രിയിൽ കുറുമ്പറ്റി ഡിവിഷനിൽ ഞങ്ങൾ പ്രവേശിക്കുന്നത്.
പോലീസിന് ബലപ്രയോഗത്തിലൂടെ ഇറക്കിവിടാൻ പറ്റാത്തത്ര ആളുകൾ ആദ്യഘട്ടത്തിൽ തന്നെ ഭൂമിയിൽ പ്രവേശിച്ചിരുന്നു. നേരം വെളുക്കുമ്പോഴേക്കും 4000ത്തിൽ പരം ജനങ്ങൾ ഒറ്റ രാത്രിയിൽ തന്നെ അവിടെയെത്തി. പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ എല്ലാവരുംതന്നെ. ആരും വീടുകളിലേക്ക് തിരിച്ച് പോയില്ല. പ്രോഗ്രാമിന് എത്തിയ വാഹനങ്ങളിൽ തന്നെയാണ് ജനങ്ങൾ സമരഭൂമിയിലേക്കെത്തിയത്. എങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ പോലീസ് വഴികളൊക്കെ ബ്ലോക്ക് ചെയ്തു. സമരഭൂമിയിലേക്കുവന്ന കുറച്ചാളുകളെ തിരിച്ചയച്ചു. വരാൻ കഴിയാതെ ഓഫീസിൽ തങ്ങിയവരുണ്ട്. എങ്കിൽപ്പോലും വലിയൊരു ജനക്കൂട്ടമാണ് ഒറ്റരാത്രികൊണ്ട് സമരത്തിനെത്തിയത്. നേരം വെളുത്തപ്പോൾ നമ്മൾ കാണുന്നത് സമരഭൂമിക്ക് ചുറ്റോടു ചുറ്റും പോലീസിന്റെ വലയമാണ്.
ളാഹ ഗോപാലന്റെയും തട്ടയിൽ സരസ്വതിയുടെയും നേതൃത്വത്തിൽ ഭൂമി കൈയേറിയിരിക്കുന്നു എന്നുള്ള അനൗൺസ്മെന്റ് പ്രചാരണമൊക്കെ രാവിലെതന്നെ തുടങ്ങിയിരുന്നു. അവരെക്കുറി ച്ചുള്ള ദുഷ്പ്രചരണങ്ങൾ, കള്ളക്കഥകൾ ഒക്കെയായിരുന്നു പിന്നീട് ഉണ്ടായത്. അവരെ ഇറക്കിവിടണം, അതിനുവേണ്ടി തൊഴിലാളികൾ സംഘടിക്കണം എന്നൊക്കെ പറഞ്ഞ് സംഘടിതമായ ജാഥകളും നടന്നു. അത് സി.പി.എം.ന്റെ നേതൃത്വത്തിലായിരുന്നു. ഭൂമിയിൽ പ്രവേശിച്ചെന്ന് അറിഞ്ഞ നിമിഷം തന്നെ അവർ ബാക്കി കാര്യങ്ങൾ ചെയ്തു. സമരഭൂമിയിൽ കയറാൻ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. കല്ലുകളൊക്കെ കമ്യൂണിസ്റ്റുകൾ പെറുക്കിക്കൂട്ടുന്നത് സമരഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഞങ്ങൾക്ക് കാണാമായിരുന്നു.
ആഗസ്റ്റ് 27ന് തിരുവോണദിവസംവരെ വളരെ നിർണായകമായിരുന്നു. അതിന് ശേഷമാണ് പൊതുസമൂഹം സമരത്തെക്കുറിച്ചു വസ്തുതകൾ അറിയുന്നതും സമരം ജനകീയമാകുന്നതും. കുറുമ്പറ്റി പ്രദേശത്തുണ്ടായിരുന്നത് ടാപ്പിങ് തുടങ്ങിയ തൈമരങ്ങളായിരുന്നു. അതിനകത്ത് കുടിലൊന്നുമില്ലാതെ കിടക്കുന്നവരുമുണ്ടായിരുന്നു. പോലീസ് തടസം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവർ കാണാത്ത മറുവശത്തൂടെയാകും സമരക്കാർ വരിക. ആ തോട്ടത്തിലേക്ക് എല്ലാ ഭാഗത്തുനിന്നും കടക്കാവുന്ന വഴികളുണ്ടായിരുന്നു. രാത്രിയിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ വരുന്നത്. പത്തനംതിട്ട മുതൽ കോന്നിവരെ ഞങ്ങളോട് സഹകരിക്കുന്ന ഒരുപാട് വീടുകളുണ്ട്. ഇരുപതിനും അൻപതിനും ഇടയ്ക്കുള്ള ആളുകളെ ഓഫീസിൽ നിർത്തും. അതിനുശേഷം രാത്രിയിൽ ജീപ്പിലോ ടെമ്പോ വാനിലോ കയറ്റും. സമരഭൂമിയിലുള്ള ചിലർ തന്നെ പുറത്തിറങ്ങി വഴിയിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയിക്കും. പോലീസ് കാവലുള്ളത്, തൊഴിലാളികൾ കൂട്ടംചേർന്ന് നിൽക്കുന്നത് ഇതിനെക്കുറിച്ചെല്ലാം വിവരം കൊടുക്കും. നമ്മളോട് സഹകരിക്കുന്ന പുറത്തു വീട്ടുകാരും അന്വേഷിച്ചിട്ട് വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുമായിരുന്നു. ഓഫീസിലേക്ക് മെസേജ് കൊടുക്കുന്നത് ഇപ്പോൾ ഇന്ന വഴിയിൽക്കൂടി വന്നാൽ കയറാം എന്നാണ്. സമരഭൂമിയിൽ വരുന്നതുവരെ ഈ നിരീക്ഷണമുണ്ടാകും. അകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഒരുപോലെ ശ്രദ്ധയും ജാഗ്രതയുമുണ്ട്. എങ്കിൽപോലും പോലീസു കാർ ഒരുപാട് പേരെ പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയിട്ടുണ്ട്. വീട്ടിൽ തിരിച്ച് പൊയ്ക്കോണം എന്ന് നിർദ്ദേശിച്ച് പോലീസുകാർ വിടുന്നവർ നേരെ ഓഫീസിലേക്കാണ് പോകുന്നത്. അങ്ങനെ അവർ വീണ്ടും സമരഭൂമിയിലേക്കുതന്നെ വരും. സമരഭൂമിയിൽ വന്നുകഴിഞ്ഞാൽ പിന്നെ വീട്ടിൽ പോകുന്നത് അപൂർവ്വമാണ്.
കുറുമ്പറ്റിയിലെ കുടിലെന്നു പറഞ്ഞാൽ രണ്ട് റബ്ബർമരങ്ങൾക്കിടയിൽ കയറ് കെട്ടി പ്ലാസ്റ്റിക്കിടുന്നതായിരുന്നു. അതിന്റെ നാലുവശത്തും കയറുള്ളവർ കെട്ടും. അതില്ലാത്തവർ വട്ടയുടെയും മറ്റും വള്ളിയാണ് ഉപയോഗിച്ചത്. മാരുതിയുടെയും ഉന്നത്തിന്റെയും പോല പൊളിച്ചെടുത്തും കെട്ടും. പുഴയുടെ തിട്ടക്കൊരുപാട് മരങ്ങളുണ്ടായിരുന്നു. അവിടെച്ചെന്ന് തൊലി ഉരിച്ചുകൊണ്ടുവന്നാണ് പ്ലാസ്റ്റിക്കിന്റെ ഒപ്പം കെട്ടുന്നത്. റബ്ബറിന്റെ വേരിളക്കി അതിന്റെ അടിയിലൂടെ തുളയിട്ട് കെട്ടിയുറപ്പിക്കും. അതാണ് കുടിലെന്നു പറയുന്നത്. വിറക് കൊണ്ടുവന്ന് ചെറിയ കെട്ടാക്കി അടുക്കിവയ്ക്കും . റബ്ബറിന്റെ ചുള്ളിക്കമ്പാണ് ചുറ്റോടു ചുറ്റുമുള്ള മറ. ചാക്കൊക്കെയുണ്ടെങ്കിൽ അത് കിടക്കാൻപോലും കിട്ടത്തില്ല. മെത്തയേക്കാൾ സുഖകരമാണ് ഒരു ചാക്കെങ്ങാനും കിട്ടിയാൽ.
സമരം ആരംഭിച്ച് കുറെ ദിവസം കഴിഞ്ഞാണ് ളാഹസാർ വന്നത്. 13-ാം തീയതിയെന്നാണ് എന്റെ ഓർമ്മ. അപ്പോൾ സെക്രട്ടറിയായി തട്ടയിൽ സരസ്വതിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ആദ്യം ഭൂമിയിൽ കേറിയവർ കുറച്ച് ചപ്പാത്തികളൊക്കെ കരുതിയിരുന്നു. അവിടെയെത്തിയപ്പോൾ ഭക്ഷണം കഴിക്കാനുള്ള മാനസികാവസ്ഥയൊന്നുമില്ലായിരുന്നു. പിന്നെ ഈ സ്ഥലത്തിനോട് ചേർന്നൊരു കടയുണ്ടായിരുന്നു. അവിടുന്ന് കുറെ അരിയൊക്കെ വാങ്ങി കഞ്ഞിവെക്കും. ആ സമയത്ത് ഇത്രയും ആൾക്കാർക്കുള്ള സാധനങ്ങളൊന്നും കിട്ടത്തില്ലായിരുന്നു. പിന്നെ അവർ സമരക്കാർക്കു വേണ്ടി പ്രത്യേകിച്ച് സാധനം ഇറക്കുന്ന രീതിയുണ്ടായി. പച്ചക്കറി, പലചരക്ക് എല്ലാം. തുടക്കത്തിൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും നാട്ടുകാർ കടയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയില്ല. ഈ സമരഭൂമിയിൽ കേരത്തിലെ രാഷ്ട്രീയ നേതാക്കന്മാരിൽനിന്നും പൊതുസമൂഹത്തിൽ നിന്നും ഒരാളെ എത്തിയിട്ടുള്ളൂ. ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പി.കെ. കൃഷ്ണദാസ് മാത്രം.