എസ്. ഇന്ദിരാദേവി

എഴുത്തുകാരിയും അധ്യാപികയുമാണ് എസ്. ഇന്ദിരാദേവി.32 വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിയോളജി ആൻറ് സ്പീച്ച് പത്തോളജി വിഭാ​ഗത്തിലാണ് അധ്യാപികയായി സേവനം അനുഷ്ഠിച്ചത്. “ഉച്ചാരണ വൈകല്യം -കാരണവും പരിഹാരമാർഗ്ഗങ്ങളും” (2005) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. 

“ഉച്ചാരണ വൈകല്യം - കാരണവും പരിഹാര മാർഗ്ഗങ്ങളും” എന്ന കൃതിയിൽ സംസാരവൈകല്യമുള്ള കുട്ടികൾക്കു നല്കേണ്ട സാമാന്യ ശിക്ഷണത്തെക്കുറിച്ചും ശിക്ഷണം നൽകേണ്ട രീതിയെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുക്കൾ വളരെ ലളിതമായി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.

മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യനു മാത്രം സിദ്ധിച്ചിട്ടുള്ള ഒരു വരദാനമാണു ഭാഷ. മനുഷ്യരാശിയെ പരസ്പരം ബന്ധിപ്പിക്കുന്നതിനു പൂർണ്ണതയിലേക്ക് എത്തിക്കുന്നതിനുമുളള മുഖ്യ ഉപാധിയാണിത്. കുട്ടികളിലും മുതർന്നവരിലും കാണുന്ന ഉച്ചാരണ വൈകല്യങ്ങൾ, വേണ്ടത്ര പരിശീലനം ശരിയായ തോതിൽ നൽകാത്തതു കൊണ്ടു ഉണ്ടാകുന്നതാണെന്ന് ഇന്ദിരാദേവി അഭിപ്രായപ്പെടുന്നു.  

1946 ൽ കന്യാകുമാരി ജിലയിലെ തക്കലയിൽ ഇന്ദിരാദേവി ജനിച്ചു. തക്കല ഹൈസ്ക്കൂൾ, വിമൻസ് കോളേജ് തിരുവനന്തപുരം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻറ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി. എച്ച്. ഡി. ബിരുദം നേടി.