സി. അംബിക വര്‍മ്മ

1962 നവംബര്‍ 8 ന് തിരുവനന്തപുരത്ത് ജനിച്ചു. നെടുവക്കോട് കോവിലകത്തെ എസ്. രവിവര്‍മ്മയുടെയും നെടുമ്പുള്ള കോവിലകത്തെ ഡി. ചന്ദ്രികാ വര്‍മ്മയുടെയും മകള്‍. ചെറുപ്പത്തിൽ തന്നെ സംഗീതവും വയലിനും അഭ്യസിച്ചു. 1980 മുതല്‍ 1986 വരെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായി. 1987 മുതല്‍ 1989 വരെ വിമന്‍സ് കോളേജില്‍ നിന്നും പി. ഡി. സി. (മ്യൂസിക് മെയിന്‍) കോഴ്സും, ചിത്തിര തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ രണ്ടു വര്‍ഷം മാവേലിക്കര പ്രഭാകരവര്‍മ്മ സാറിന്‍റെ നേതൃത്വത്തില്‍ രാഗം, താനം, പല്ലവി (കര്‍ണ്ണാടക സംഗീതം) കോഴ്സും പഠിച്ചു. തരംഗിണി സ്കൂളില്‍ നിന്നും കീബോര്‍ഡ് ഗ്രേഡ് കോഴ്സും കഴിഞ്ഞു.

1984 മുതല്‍ ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന്‍റെ തരംഗിണി സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ വയലിന്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, അച്ഛന്‍ എസ്. രവിവര്‍മ്മയുടെ രക്ഷാധികാരത്തില്‍ നടന്ന് വരുന്ന ശ്രീ മുകാംബിക സംഗീത വിദ്യാലയത്തിലും സി. അംബിക വര്‍മ്മ അധ്യാപികയാണ്. വിശ്വപ്രകാശ് സെന്‍ട്രല്‍ സ്കൂളിലും മ്യൂസിക് ടീച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ വയലിനില്‍ യംഗ് ടാലന്‍റ് പ്രോഗ്രാമില്‍ ക്യാഷ് അവാര്‍ഡും, 1990 ല്‍ അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയുടെ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. “സ്വരരാഗം” (കര്‍ണ്ണാടക സംഗീതപാഠങ്ങള്‍, 2008) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. സംഗീതപാരമ്പര്യം നിറഞ്ഞ കുടുംബത്തിലെ ഒരംഗമാണ് സി. അംബിക വര്‍മ്മ.

സംഗീതത്തില്‍ പ്രാഥമിക അഭ്യസനത്തിന് ഉതകുന്ന വിധത്തില്‍ സപ്തസ്വരം മുതല്‍ സംഗീത കൃതികള്‍ വരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കൃതിയാണ് സ്വരരാഗം. സംഗീതം ഒരു ജീവകലയാണ്. സംഗീതാഭ്യാസനം കൊണ്ട് മനുഷ്യര്‍ക്കു വേണ്ടതായ ഉത്തമ ഗുണങ്ങള്‍ സിദ്ധിക്കുന്നു. സംഗീതം എല്ലാ ജീവജാലങ്ങള്‍ക്കും ആനന്ദാനുഭൂതി നല്‍കുന്നു. ചിട്ടയോടുകൂടിയ ഒരു സംഗീത പഠനത്തിന് സഹായകമാകണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് തയ്യാറാക്കിയത് എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു.
“സ്വരരാഗം” (കര്‍ണ്ണാടക സംഗീത പാഠങ്ങള്‍). പ്രഭാത് ബുക്സ്, 2008.