ഡോ. ടി. അനിത കുമാരി
ഡോ. ടി. അനിത കുമാരി
1963 ജനുവരി 16ന് പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ എം.എസ് തങ്കപ്പന്റെയും ടി.എൻ.ശാരദയുടെയും മകളായി ജനിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ കലാലയങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. എം എ, ബി എഡ്, എം ഫിൽ, പി.എച്ച് .ഡി, പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങൾ നേടി.1988 മുതൽ വിവിധ എസ്.എൻ കോളേജുകളിൽ അധ്യാപിക ആയിരുന്നു. 2015 മുതൽ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പ്രൊഫസറും സാഹിത്യഫാക്കൽറ്റി ഡീനും. 2018 മുതൽ സർവകലാശാല രജിസ്ട്രാർ- ഇൻ -ചാർജ് . 2019 മുതൽ ജർമനിയിലെ ട്യൂബിൻഗൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട് ചെയർ ഹോൾഡറും വിസിറ്റിങ് പ്രൊഫസറും ആണ്.
പത്മരാജനെപ്പറ്റിയുള്ള പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത് .'മലയാള തിരക്കഥ ചരിത്ര പഠനം 1928-2007'നു യു .ജി .സി യുടെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അവാർഡ് ലഭിച്ചു .ഫോക് ലോർ ഘടകങ്ങൾ മലയാള സിനിമയിൽ എന്ന വിഷയത്തിൽ യു ജി സി യുടെ മേജർ പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്.
2004ൽ പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും അപ്പ്രീസിയേഷൻ കോഴ്സ്. ഇപ്പോൾ 'സ്ത്രീ സങ്കൽപനവും പ്രതിനിധാനവും' എന്ന വിഷയത്തിൽ തുടർ ഗവേഷണം നടത്തി വരുന്നു. 2004 മുതൽ 2012 വരെ ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും IFFK സെലക്ഷൻ ജൂറിയിലും അംഗമായിരുന്നു. സുഗതകുമാരിയെ പറ്റി 'കവിത പൂക്കും കാട്' എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു .
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ -സിനിമ ,സാഹിത്യം, ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ) എന്നിവ കൃതികൾ. കൂടാതെ ഭാഷാസാഹിത്യചരിതം (ആറ്റൂർ), ഗവേഷണ പഠനവും രീതിശാസ്ത്രവും : അറിവുത്പാദനത്തിന്റെ പൊതുവഴികൾ, സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികൾ 1930-1960, ബഷീറിന്റെ ലോകങ്ങൾ, വിവർത്തന താരതമ്യത്തിലെ നൂതന പ്രവണതകൾ, മലയാള ഗവേഷണം ചരിത്രവും വർത്തമാനവും, ആശാൻ ലോകാനുരാഗത്തിന്റെ കവി എന്നീ കൃതികളുടെ എഡിറ്ററായും പ്രവർത്തിച്ചു.
2007ൽ മികച്ച ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. 2007ൽ മികച്ച ഗവേഷണ കൃതിയ്ക്കുള്ള ഡോ.കെ .എം ജോർജ് പുരസ്കാരം ലഭിച്ചു. 2004ൽ മലയാള മനോരമ എയർ ഇന്ത്യ പ്രതിഭപുരസ്കാരവും 1987ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നോവൽ അവാർഡും തായാട്ട് അവാർഡും ലഭിച്ചു.