എം. പി. ഷീജ
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ 1972 ല്‍ ജനനം. കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സും കഴിഞ്ഞിട്ടുണ്ട്.
അഭിഭാഷകയായും, മാധ്യമപ്രവര്‍ത്തകയായും, അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്ത്രീവേദി സംസ്ഥാന കമ്മറ്റി അംഗം, കാന്‍ഫെഡ് സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാരി കൂടിയാണ്. എഴുത്തുകാരി എന്നതിനൊപ്പം ഒരു പൊതുപ്രവര്‍ത്തക കൂടിയാണ് എം. പി.ഷീജ. വ്യത്യസ്തങ്ങളായ പല വിഷയങ്ങളെയും അക്കാദമിക് ആയിതന്നെ മനസ്സിലാക്കാനുള്ള അവരുടെ ശ്രമത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ ഭാഷകളിലും, വിഭിന്നങ്ങളായ വിഷയങ്ങളിലും ഉള്ള അവരുടെ ബിരുദങ്ങള്‍. കവിത, വിവര്‍ത്തനം, ജീവചരിത്രം എന്നീ സാഹിത്യശാഖകളില്‍ പെട്ട ഗ്രന്ഥങ്ങളാണ് എം. പി. ഷീജയുടേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. “സഹോദരന് അയ്യപ്പന് - ജീവിതവും കൃതികളും” (ജീവചരിത്രം) “ആര്. എസ്. എസ്. ഫാഷിസവും പ്രത്യയ ശാസ്ത്രവും” (വിവര്‍ത്തനം), “തോല്‍വികള്‍ക്കെതിരെ” (കവിതാ സമാഹാരം), “കോര്‍പ്പറേറ്റ് വിത്തുകള്‍” (കവിതാ സമാഹാരം).
പൊതു ജീവിതത്തിന്റെ, സ്ത്രീകള്‍ ഇന്നും അത്ര പരിചയമില്ലാത്ത മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരുവള്‍ ഷീജയുടെ മിക്ക കവിതകളിലെയും പ്രധാന കഥാപാത്രമാണ്. അവള് കവയിത്രിയായും റിബലായും, കൃഷിക്കാരിയായും, നഗരവാസിനിയായും, ദുരാചാരിണിയായും, കഥാകാരിയായും, അഭിനേത്രിയായും മറ്റും പ്രത്യക്ഷപ്പെടുന്നു. ‘റിബല്‍’ എന്ന കവിതയില്‍ അവളെ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു. വീടിന്റെ മാറിലെ ചൂടുപേക്ഷിച്ച് നാട്യങ്ങളുടെ പൊള്ളച്ചടങ്ങുകള്ക്ക് മുന്നില്‍ കൊടിയേന്തുന്നവള് പക്ഷേ ഇവള് പരാജിതയല്ല, എന്നല്ല പരാജിതയാവാന് മനസ്സുമില്ല. പരിത്യക്ത എന്ന കവിതയില്‍ പറയുന്നതുപോലെ എന്നും ഉഴറി വീഴുന്നവരെ ചവിട്ടിത്താഴ്ത്തുന്ന ലോകത്തില്‍ ശിരസ്സുയര്ത്തിതന്നെ ഞാന്‍ നില്ക്കുന്നു. ഗദ്യകവിതാ രീതിയിലുള്ളവയാണ് ഷീജയുടെ കവിതകള്‍. മനുഷ്യവകാശം, സ്ത്രീവാദം തുടങ്ങി നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര പരിസരങ്ങളില്‍ നില്ക്കുന്ന എഴുത്തുകാരിയുടെ രചനകളില്‍ ഈ വിഷയങ്ങളുടെ സജീവസാന്നിദ്ധ്യം ഉണ്ട്.
“തോല്‍വിക്കെതിരെ” (കവിതാസമാഹാരം). തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2006. “കോര്‍പ്പറേറ്റ് വിത്തുകള്‍” (കവിതാസമാഹാരം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2006. “ആര്. എസ്. എസ്. ഫാഷിസവും പ്രത്യയശാസ്ത്രവും” (വിവര്‍ത്തനം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2008. “സഹോദരന് അയ്യപ്പന് ജീവിതവും കൃതികളും” (ജീവചരിത്രം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2010. “ഭീകരവാദം മിത്തുകളും വസ്തുതകളും” (വിവര്‍ത്തനം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2010.