ഡോ. അബ്സീന ജെ. സലീം

Dr-Abzeena-J-Salim

1978 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തുന്നു.

ആയൂര്‍വ്വേദ ചികിത്സയും അതിന്‍റെ പ്രയോഗങ്ങളും സംബന്ധിയായ രചനകളാണ് ഡോ. അബ്സീനയുടേതായുള്ളത്. “ആയൂര്‍വേദം - ചരിത്രം, ശാസ്ത്രം, ചികിത്സ” എന്ന ഗ്രന്ഥം 2007 ല്‍ ചിന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ആയൂര്‍വ്വേദ ചികിത്സാരീതി സംബന്ധിച്ച ഒരു ആധികാരിക പഠന ഗ്രന്ഥമാണിത്. ആയൂര്‍വ്വേദചികിത്സയില്‍ രോഗശമനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് എഴുത്തുകാരി ഈ പുസ്തകത്തില്‍ വിലയിരുത്തുന്നു. അതോടൊപ്പം ആയൂര്‍വ്വേദരംഗത്തുള്ള ഗവേഷണ സാധ്യതകളെയും നൂതനമായ ചികിത്സാരീതികളെയും അവതരിപ്പിക്കുകയും ചെയ്യുന്നു. ‘ആയൂര്‍വ്വേദത്തിലെ ചികിത്സാരീതികള്‍’ എന്ന അദ്ധ്യായത്തില്‍ നിന്ന് കുറച്ചു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. പത്രപോടലസ്വേദം, കായസേകം, ഞവരക്കിഴി, രസായന ചികിത്സ തുടങ്ങി വിവിധയിനം ആയൂര്‍വേദ ചികിത്സാ രീതികളെ കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ. വളരെ ലളിതവും സാധാരണക്കാര്‍ക്ക് പോലും വായിച്ചാല്‍ മനസ്സിലാകുന്നതുമായ വിധത്തിലാണ് ഡോ. അബ്സീന ഇവിടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

“ആയൂര്‍വേദം - ചരിത്രം ശാസ്ത്രം ചികിത്സ”. തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്, 2007.