ഡോ. സിസ്റ്ററ് ആൻസി. എസ്.എച്ച് 

എഴുത്തുകാരിയായ ഡോ. സിസ്റ്ററ് ആൻസി. എസ്.എച്ച് “ഉള്ളൂരും പ്രബോധനാത്മകതയും” എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്.കാവ്യരീതി കൊണ്ടും സമീപനത്തിലുള്ള സവിശേഷതകൾ കൊണ്ടും വ്യത്യസ്തമായിരുന്ന ഉള്ളൂർ കവിതയെ പഠനവിധേയമാക്കുകയാണ് “ഉള്ളൂരും പ്രബോധനാത്മകതയും” എന്ന പഠനഗ്രന്ഥത്തിൽ കൂടി. പ്രസ്തുത കൃതിയിലെ മൂന്നാമത്തെ അധ്യായമാണ് ആസ്തികൃത്തിൻറെ സങ്കീർത്തനങ്ങൾ. കവി വ്യക്തിത്വത്തിൻറെ വെളിപ്പെടുത്തലായിരുന്നു ഉള്ളൂരിൻറെ കവിതകൾ. അതിന് അടിസ്ഥാനം കവിയുടെ നിരുപാധികമായ ആസ്തിക്യ ബോധമാണ്. സ്ഥാപനവൽക്കരിക്കപ്പെട്ടതായിരുന്നില്ല ഉള്ളൂരിൻറെ ആസ്തിക്യബോധം. കവി പാടിപ്പുകഴ്ത്തുന്ന സ്നേഹവും പ്രയത്നം പോലുള്ള മൂല്യങ്ങൾ ഈ അടിസ്ഥാന മൂല്യത്തിൽ നിന്നാണ് ഊർജ്ജം സംഭരിക്കുന്നത് എന്ന് എഴുത്തുകാരി കണ്ടെത്തുന്നു. ആരും കടന്നു ചെല്ലാൻ മടിക്കുന്ന രംഗത്തേയ്ക്ക് കടന്ന് ചെന്ന് ഉള്ളൂർ കവിത സമഗ്രമായി പഠിച്ച്, അടിസ്ഥാനപരമായി ഒരു പ്രബോധനാത്മക കവിയായിരുന്നു ഉള്ളൂർ എന്ന് സിസ്റ്റർ ആൻസി കണ്ടെത്തുന്നു.

1956 ഏപ്രിൽ 10 ന് കണ്ണൂർ ജില്ലയിൽ കൊട്ടിയൂരിലാണ് ഡോ. സിസ്റ്ററ് ആൻസി. എസ്.എച്ച് ജനിച്ചത്. 1974 ൽ പ്രഥമവ്രതവും 1982 ൽ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിൻറെ തലശ്ശേരി പ്രോവിൻസ് അംഗമായി. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലും ഏൽത്തുരത്ത് സെൻറ് അലോഷ്യസ് കോളേജിലും പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.