പുരുഷന്മാരുടെ സ്ത്രീപക്ഷരചനകൾ

കെ ടി  യുടെ നാടകങ്ങളിലെ സ്ത്രീപക്ഷം  

     പുരുഷൻ തന്റെ ഹിതങ്ങൾക്കനുസരിച്ച്  പരുവപ്പെടുത്തിയ  സ്ത്രീയുടെ  ജീവിതത്തിന് മാറ്റം വരാൻ അവൾ സ്വയം തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്നും ആ തിരിച്ചറിയലിന് അവൾക്ക് അവശ്യം വേണ്ടത് വിദ്യാഭ്യാസവും തൊഴിലും ആണെന്നും പുതിയ സ്ത്രീപക്ഷ ചിന്തകൾ വ്യക്തമാക്കുന്നു. സ്ത്രീയുടെ സ്വത്വം സമൂഹം അംഗീകരിക്കണം എങ്കിൽ അവൾക്ക്  സ്വന്തം കാലിൽ നില്ക്കാൻ കഴിയണം. ഇത് വഴി നേടുന്ന ആത്മവിശ്വാസത്തിലൂടെ പുരുഷാധിപത്യത്തെ അവഗണിക്കാൻ  സ്ത്രീകൾക്ക് കഴിയും. ഇത്തരം സ്ത്രീപക്ഷചിന്തകൾ തന്റെ  ജീവിതദർശനവും നാടകദർശനവുമായി പ്രഖ്യാപിച്ച നാടക കൃത്താണ് കെ.ടി മുഹമ്മദ്. സ്ത്രീസ്വാതന്ത്ര്യത്തെയും സ്ത്രീപദവിയേയും മുൻ നിർത്തി അദ്ദേഹം രചിച്ച നാടകങ്ങൾ ഇന്നും പ്രസക്തമാണ്.

  മതപൗരോഹിത്യം അടിച്ചേൽപ്പിക്കുന്ന കർശനമായ നിയമങ്ങൾക്കുള്ളിൽ കൂടുതൽ വീർപ്പുമുട്ടൽ അനുഭവിച്ചത് അതാത് സമുദായത്തിലെ സ്ത്രീകളായിരുന്നു.  ജന്മം കൊണ്ട് തന്നെ പുരുഷനേക്കാൾ താണ അവസ്ഥകളാണ് സ്ത്രീക്കുള്ളത് എന്ന്  എല്ലാ മതങ്ങളും പഠിപ്പിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചട്ടങ്ങളെയും ആചാരങ്ങളെയും ലംഘിക്കുവാൻ അവർ ഭയപ്പെട്ടു.   ഇ എം എസ്‌ നമ്പൂതിരിപ്പാട്, വി ടി ഭട്ടതിരിപ്പാട് എം ആർ ബി, പ്രേംജി തുടങ്ങിയവരുടെ രചനകൾക്ക് നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങളെയും അനീതികളെയും ഇല്ലാതാക്കാൻ  കഴിഞ്ഞു. കടുത്ത അനാചാര വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് നമ്പൂതിരി സ്ത്രീകളെ രക്ഷിക്കാൻ ഇവരുടെ സാഹിത്യ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞു.
   നമ്പൂതിരിസ്ത്രീകൾ തങ്ങളുടെ സമുദായത്തിൽ നിന്നും നേരിട്ട യാതനകളിലും അധികമായിരുന്നു മുസ്ലിം സ്ത്രീകൾക്ക് തങ്ങളുടെ സമുദായത്തിൽ നിന്നും നേരിടേണ്ടി വന്നത്. കർശനമായ മതനിയമങ്ങൾക്കുള്ളിൽ നരകതുല്യമായ ജീവിതമായിരുന്നു പല മുസ്ലിം സ്ത്രീകൾക്കും അനുഭവിക്കേണ്ടി വന്നത്. താനുൾപ്പെട്ട മുസ്ലിം സമുദായത്തിനുള്ളിലെ ഇത്തരം അനീതികളെയും അനാചാരങ്ങളെയും ഇല്ലാതാക്കുവാനും അതുവഴി മുസ്ലിം സമുദായത്തിൽ ഒരു സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കുവാനും ആയിരുന്നു കെ ടി ശ്രമിച്ചത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത വഴി സാഹിത്യത്തിന്റേതാണ്. ഇത് ഭൂമിയാണ് എന്ന നാടകത്തിലൂടെയാണ് ഇത്തരം സാഹിത്യ പരിശ്രമങ്ങൾക്ക് അദ്ദേഹം തുടക്കം  കുറിച്ചത് . ഇതിലെ പാത്തേയി എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെയും ചിന്തകളിലൂടെയും പ്രകടമാകുന്ന വിമോചനചിന്ത സ്ത്രീക്ക് വിദ്യാഭ്യാസവും അവസരവും നൽകേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു. സ്വന്തം സമുദായത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടിനെ കെ ടി എക്കാലവും വിമർശിച്ചിരുന്നു. സ്ത്രീ വിമോചനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. "ഒരു മതിൽക്കെട്ടിനകത്ത്  കിടന്ന് പെറ്റുകൂട്ടുന്ന പണിയെടുക്കാൻ ഇനി നിങ്ങൾക്ക് അധികകാലം പെണ്ണുങ്ങളെ കിട്ടുകയില്ല. നിങ്ങൾ സ്ത്രീകളുടെ ബുദ്ധി മരവിപ്പിക്കുകയാണ്. അവൾക്ക് വെളിച്ചം കാണിക്കാതെ വിദ്യാഭ്യാസം നൽകാതെ അവരെ നശിപ്പിക്കുകയാണ്. അതുകൊണ്ട് നശിക്കുന്നത് പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളാണ്, നമ്മുടെ സമുദായം. "സ്ത്രീയുടെ വിദ്യാഭ്യാസം നിഷേധിക്കുന്നവർക്കെതിരെയുള്ള കെ ടി യുടെ പ്രതിഷേധമായിരുന്നു ഇത് ഭൂമിയാണ് എന്ന നാടകത്തിലെ പാത്തേയിയെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. കാഫർ എന്ന നാടകത്തിലെ സുലേഖയെയും പഠിച്ചും പ്രസംഗിച്ചും നടക്കുന്ന സ്ത്രീയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് .

     സ്ത്രീക്ക് സ്വാതന്ത്ര്യം വേണം. അത് സ്ത്രീവിദ്യാഭ്യാസത്തിലൂടെ ശക്തി പ്രാപിക്കണം. കുടുംബത്തിനുള്ളിൽ നിന്ന് തന്നെ അത് തുടങ്ങണം എന്നതായിരുന്നു കെ ടി യുടെ കാഴ്ചപ്പാട്. സ്വന്തം വരനെ തിരഞ്ഞെടുക്കാൻ പോലും സ്ത്രീയെ ഇസ്ലാം മതം അനുവദിച്ചിരുന്നില്ല. ഇത് ഭൂമിയാണ്  ഇതിനെ നിശിതമായി വിമർശിക്കുന്ന നാടകമാണ്. കെ ടി യുടെ അഭിപ്രായത്തിൽ ഇഷ്ടപ്പെട്ട പുരുഷനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ട്. ജാതിമത ചിന്തകൾ അവളുടെ ഇഷ്ടങ്ങൾക്ക് വിലങ്ങ്തടിയാകരുതെന്ന  ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിമത ചിന്തകൾക്ക് അതീതമായ ഒരു സ്ത്രീ പുരുഷ സങ്കല്പമായിരുന്നു കെ ടി യുടേത്. വെളിച്ചം വിളക്കന്വേഷിക്കുന്നു എന്ന നാടകത്തിൽ ഈ സങ്കല്പം അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പുരുഷാധിപത്യ സമൂഹത്തോട് കെ ടി എക്കാലവും കലഹിച്ചിരുന്നു. വേശ്യാവൃത്തിയെ പറ്റി പറയുമ്പോഴും കെ ടി സ്ത്രീപക്ഷത്തായിരുന്നു. സ്ത്രീ ഒരിക്കലും ആഗ്രഹത്തോടെ വേശ്യാവൃത്തി സ്വീകരിക്കില്ല, ദാരിദ്ര്യം, വിശപ്പ്, അനാഥത്വം, ചതി എന്നിവയിൽ  പെട്ടുപോകുമ്പോഴാണ് വേശ്യയാകാൻ സ്ത്രീകൾ  നിർബന്ധിതരാകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. സൃഷ്ടി എന്ന നാടകത്തിൽ അനുജന്റെ വിശപ്പടക്കാൻ വേണ്ടിയാണ് രാധ എന്ന സ്ത്രീ വേശ്യ ആയത്. ഗതികേട് കൊണ്ട് വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളെ മാത്രം പോലീസ് പിടിക്കുന്നതിനെയും അതിൽ ഏർപ്പെടുന്ന പുരുഷന്മാരെ പിടിക്കാൻ മടിക്കുന്നതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. ചുവന്ന ഘടികാരം എന്ന നാടകത്തിൽ അനേകകാലം ഒപ്പം കഴിഞ്ഞ വേശ്യയെ ഭാര്യയായി സ്വീകരിക്കാൻ മടിക്കുന്ന പുരുഷനെ അദ്ദേഹം വിമർശിച്ചിരിക്കുന്നു. വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ മുന്നിൽ കുറ്റക്കാരിയാകുമ്പോൾ അവളോടൊപ്പം പങ്കാളിയായ പുരുഷൻ പരിശുദ്ധനായി തുടരുന്നു. ഇതിലെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുന്നു .

    കെ .ടി യുടെ എല്ലാ രചനകളിലും  സ്ത്രീകൾക്കാണ് പ്രമുഖ സ്ഥാനം നൽകിയിട്ടുള്ളത്. ഈ സ്ത്രീകൾ പുരുഷന്റെ അപ്രമാദിത്വത്തെ അംഗീകരിച്ച്‌  കൊടുക്കാത്ത പുരോഗമന വാദികളാണ്. കേരളത്തിൽ സ്ത്രീവിമോചനപ്രസ്ഥാനം നിലവിൽ വരുന്നതിന് വളരെ മുൻപ് തന്നെ തന്റെ സ്ത്രീപക്ഷനിലപാടുകൾ എഴുത്തിൽ ആവിഷ്കരിച്ച സാഹിത്യകാരനാണ് കെ ടി മുഹമ്മദ് .

 

References

References

 1.സജിത മഠത്തിൽ ,മലയാള നാടക സ്ത്രീചരിത്രം,മാതൃഭൂമി ബുക്ക്സ് ,കോഴിക്കോട് ,2012
 2.അരങ്ങിന്റെ കാണാപ്പുറങ്ങൾ ,രാജലക്ഷ്മി.ആർ.ബി (ഡോ.),സെഡ് ലൈബ്രറി ,തിരുവനന്തപുരം,2008
 3.സർഗ്ഗഭാവനയുടെ പെൺപക്ഷം ,രാജലക്ഷ്മി ആർ .ബി. (ഡോ.),നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം,2010