നങ്ങ്യാർകൂത്ത് സ്ത്രീകളുടെ കല എന്ന നിലയിൽ

 

    സ്ത്രീയ്ക്ക് പ്രാധാന്യമുള്ള  നങ്ങ്യാർകൂത്ത് പൂർണമായും കാഴ്ചയുടെ കലയാണ്. മൂകാഭിനയപ്രധാനമായ ഒരു കലാരൂപമാണിത്. കഥാസംബന്ധിയായ ശ്ലോകം ചൊല്ലുന്നത് നങ്ങ്യാരമ്മയാണ്. മുദ്രകൾ സൂഷ്മമായ മുഖാഭിനയം എന്നിവയിലൂടെയാണ് നങ്ങ്യാർകൂത്തിൽ കഥകൾ അവതരിപ്പിക്കുന്നത്. കുലവൃത്തി എന്ന നിലയിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചിരുന്ന നങ്ങ്യാർമഠങ്ങൾ  കേരളത്തിലുണ്ട്. മേലേടത്, വല്യവട്ടത്ത്, എടനാട്, മുരിങ്ങോത്ത്, എന്നീ മഠങ്ങളും കുമാരനല്ലൂർ, കവിയൂർ, കൂഴൂർ എന്നീ സ്ഥലങ്ങളിലെ നങ്ങ്യാർ മഠങ്ങളും കൂത്ത് നടത്താൻ നിയുക്തപ്പെട്ടവരായിരുന്നു. വല്യവട്ടം നങ്ങ്യാർമഠത്തിലെ ​ഇച്ചിരിക്കുട്ടി നങ്ങ്യാരമ്മ, കുഞ്ചിക്കുട്ടി നങ്ങ്യാരമ്മ, സുഭദ്രാനങ്ങ്യാരമ്മ എന്നിവർ ആദ്യകാലത്ത്  നങ്ങ്യാർകൂത്ത് അവതരിപ്പിച്ചിരുന്ന സ്ത്രീകളാണ്. കുലവൃത്തി എന്ന നിലയിൽ തികച്ചും അനുഷ്ഠനാത്മകമായി അവതരിപ്പിച്ച് വന്ന  നങ്ങ്യാർകൂത്ത് എന്ന കലാരൂപം കാലം കഴിയും തോറും ജീർണതയെ നേരിട്ട് കൊണ്ടിരുന്നു. അനുഷ്ടാനകല എന്നനിലയിൽ അന്യം നിന്നുപോകുമായിരുന്ന നങ്ങ്യാർകൂത്തിന്റെ  പുനരുത്ഥാനം അനേകം കലാകാരികളുടെയും ആചാര്യന്മാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ശ്രമഫലമായിട്ടാണ് സംഭവിച്ചത്. പ്രസിദ്ധ മോഹിനിയാട്ടം  നർത്തകിയായ  ശ്രീമതി നിർമലപണിക്കർ നടത്തിയ ഗവേഷണങ്ങളാണ് നങ്ങ്യാർകൂത്തിന്റെ ആധുനിക ചരിത്രത്തിൽ നിർണായകമായത്. ക്ഷേത്രാനുഷ്ട്ടാനം എന്ന നിലയിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചിരുന്ന നങ്ങ്യാരമ്മമാരുമായുള്ള ആശയവിനിമയത്തിൽ നിന്നും കൂടിയാട്ടത്തിന്റെ സങ്കേതങ്ങളിൽ നിന്നും ഭിന്നമായ അസ്തിത്വം ഈ കലാരൂപത്തിനുള്ളതായി അവർ കണ്ടെത്തുന്നു. "മോഹിനിയാട്ടം ആട്ടപ്രകാരവും മുദ്രകളും" എന്ന പേരിൽ വേണുജിയും നിർമലപ്പണിക്കരും ചേർന്നു രചിച്ച  ഗ്രന്ഥത്തിൽ നങ്ങ്യാർകൂത്ത് ഒരു അധ്യായമായി വരുന്നുണ്ട്. നങ്ങ്യാർകൂത്തിനെ കുറിച്ചുള്ള ആദ്യപഠനഗ്രന്ഥം ഇതാണ്. 1992 ൽ നങ്ങ്യാർകൂത്തിന്റെ മോണോഗ്രാഫ് ഇവർ തന്നെ പ്രസിദ്ധീകരിച്ചു .

    കേരളകലാമണ്ഡലത്തിൽ കൂടിയാട്ടം ആചാര്യനായിരുന്ന ശ്രീ പൈങ്കുളം രാമചാക്യാർ സ്ത്രീ വേഷങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് തന്റെ ശിഷ്യകളെ പരിശീലിപ്പിച്ചു. കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ, മാർഗിസതി എന്നിവർ ഈ പരിശീലനക്കളരിയിൽ വിദ്യാർത്ഥികളായിരുന്നു. 1984ൽ  അമ്മന്നൂർ മാധവചാക്യാരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലാണ് നങ്ങ്യാർ കൂത്ത് എല്ലാ അർത്ഥത്തിലും പുനരുത്ഥാനപ്പെട്ടത്. ഉഷാനങ്ങ്യാർ ആയിരുന്നു ഈ ഗുരുകുലത്തിലെ ആദ്യ വിദ്യാർത്ഥിനി .


നങ്ങ്യാർകൂത്തിലെ ആദ്യകാലസ്ത്രീകൾ
 

1.കുഞ്ഞുകുട്ടി നങ്ങ്യാരമ്മ (1920_2002)


     ലക്കിടി കൂട്ടാല മേലേടത്ത് നമ്പ്യാർ മഠത്തിൽ ഇളയാട്ട് മനക്കൽ നാരായണൻ നമ്പൂതിരിയുടെയും കുഞ്ഞുകുട്ടി നങ്ങ്യാരമ്മയുടെയും മകളായി ജനിച്ചു. വന്നേരി ഇട്ടിച്ചിരി  നങ്ങ്യാരമ്മയുടെ ശിഷ്യത്വം സ്വീകരിച്ച് എട്ടാം വയസിൽ തന്നെ നങ്ങ്യാർകൂത് അഭ്യസിച്ച് തുടങ്ങി. പഴയന്നൂർ, തിരുവിൽവാമല എന്നീ ക്ഷേത്രങ്ങളിൽ ഇവർ പതിവായി നങ്ങ്യാർകൂത്ത് അവതരിപ്പിച്ചിരുന്നു.   

2.സുഭദ്ര നങ്ങ്യാരമ്മ(1917_1999)

    ഇരിങ്ങാലക്കുട വിൽവാവട്ടം നമ്പ്യാർമഠത്തിൽ മഠസി നാരായണൻ  നമ്പൂതിരിയുടെയും പാപ്പി നങ്ങ്യാരമ്മയുടെയും മകളായി ജനിച്ചു. കൂത്തും കൂടിയാട്ടവും സ്വന്തം ഭവനത്തിൽ നിന്ന് തന്നെ പരിശീലിച്ചുതുടങ്ങി. പതിനൊന്നാം വയസിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. നങ്ങ്യാർകൂത്തിന് പുറമെ കൂടിയാട്ടത്തിലെ സ്ത്രീവേഷങ്ങളെ സംബന്ധിച്ചും അവർക്ക് അവഗാഹം ഉണ്ടായിരുന്നു 'സംസ്‌കൃത ഭാഷയിൽ  അവർക്ക് പാണ്ഡിത്യം ഉണ്ടായിരുന്നു .
 

3.കുഞ്ഞിപ്പിള്ളക്കുട്ടി നങ്ങ്യാരമ്മ(1904_1996)


  ചെങ്ങമനാട് കൊച്ചുദാമോദരൻ നമ്പ്യാരുടെയും കുഞ്ഞിക്കുട്ടി നങ്ങ്യാരമ്മയുടെയും മകളായി ​​ഇരിങ്ങാലക്കുടയിൽ ജനിച്ചു. ചെറിയ പ്രായത്തിൽ തന്നെ കൂത്തും കൂടിയാട്ടവും അഭ്യസിച്ചു. പതിനൊന്നാം വയസിൽ അരങ്ങേറ്റം നടത്തി. സ്ത്രീ കഥാപാത്രങ്ങൾക്ക് മാത്രം ആടാനുള്ള ചന്ദനവല്ലി എന്നിങ്ങനെയുള്ള അക്കിത്തകളോട് കൂടിയ ക്രിയാഭാഗങ്ങളുടെ  പുനരുജ്ജീവനം അരങ്ങുകളിൽ നിർവഹിച്ചു എന്നതാണ് ഇവരുടെ എടുത്ത് പറയത്തക്ക സംഭാവന. 1992ലെ ഇരിങ്ങാലക്കുട അമ്മന്നൂർ പാച്ചുചാക്യാർ സ്മാരക പുരസ്‌കാരം, 1994-95ലെ ഗുരുവായൂരപ്പൻ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് .


സമകാലീന കലാകാരികൾ
 
  1.അപർണ നങ്ങ്യാർ 

    ഇരിങ്ങാലക്കുടയിൽ ജനനം. അമ്മന്നൂർ പാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ പരിശീലിച്ചു. അമ്മന്നൂർ മാധവ ചാക്യാർ, കുട്ടൻ ചാക്യാർ, ഉഷാ നങ്ങ്യാർ എന്നിവരുടെ ശിഷ്യയാണ്.1992ൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. ഗുരുകുലത്തിലെ സജീവ കലാകാരിയാണ് .

 2.ഡോ.ഇന്ദു .ജി 

   മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ, മാർഗി മധു, ഉഷ നങ്ങ്യാർ, എന്നിവരുടെ ശിഷ്യ. 1999ൽ തൃപ്പൂണിത്തുറ ഇന്റർ നാഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറി. 'സാഹിത്യ ചരിത്രവും രംഗകലാചരിത്രവും തമ്മിലുള്ള താരതമ്യം കൂടിയാട്ടത്തിന്റെ ആസ്പദമാക്കി' എന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടി. മൂഴിക്കുളം 'നേപഥ്യ'  എന്ന കൂടിയാട്ടക്കളരിയിലെ കലാകാരിയും സ്കൂൾ അധ്യാപികയുമാണ്.

3.ഉഷ നങ്ങ്യാർ 

    ശ്രീ അമ്മന്നൂർ മാധവ ചാക്യാരുടെ ശിക്ഷണത്തിൽ പതിനൊന്നാം വയസ് മുതൽ പരിശീലനം ആരംഭിച്ചു. ശ്രീ പൈങ്കുളം രാമചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവരുടെ ശിഷ്യ. ഇരിങ്ങാലക്കുട അമ്മന്നൂർ പാച്ചു ചാക്യാർ ഗുരുകുലത്തിലെ പ്രഥമ വിദ്യാർത്ഥിനി.  1979ൽ പൈങ്കുളം കൂടലാറ്റുപുരത്  മാനവിക ക്ഷേത്രത്തിൽ അരങ്ങേറ്റം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും നങ്ങ്യാർകൂത്തും കൂടിയാട്ടവും അവതരിപ്പിച്ച്  വരുന്നു. കാലാവതരണത്തിന് പുറമെ കൂടിയാട്ടത്തെ സംബന്ധിച്ച പ്രഭാഷണങ്ങൾ, പ്രബന്ധങ്ങൾ, ലേഖനങ്ങൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീ കരിക്കുന്നു. അമ്മന്നൂർ പാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിൽ അധ്യാപികയായിരുന്നു. ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തീയറ്റർ വിഭാഗത്തിൽ കൂടിയാട്ടം അദ്ധ്യാപിക.

4.മാർഗി ഉഷ 

   1983ൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനിയായി ചേർന്നു. 1991ൽ തിരുവനന്തപുരം മാർ​ഗിയിൽ അംഗമായി. മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ, നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ എന്നിവരുടെ ശിഷ്യ. 1984ൽ ആലുവ ശിവ ക്ഷേത്രത്തിൽ അരങ്ങേറ്റം. 

5.കപിലനങ്ങ്യാർ   

    ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കൂടിയാട്ടം, നങ്ങ്യാർകൂത്ത് എന്നിവ അഭ്യസിച്ചു. 1994ൽ  ഗുരുകുലത്തിൽ അരങ്ങേറ്റം. അമ്മന്നൂർ മാധവ ചാക്യാർ, കുട്ടൻ ചാക്യാർ, വേണുജി, ഉഷ നങ്ങ്യാർ, നിർമല പണിക്കർ എന്നിവരുടെ ശിഷ്യ. ഓ.എൻ.ജി.സി പുരസ്‌കാരം ലഭിച്ചിട്ടുള്ള കപില നൃത്തമേഖലയിൽ  സജീവമാണ്.

6.കലാമണ്ഡലം കൃഷ്‌ണേന്ദു 

   1997 മുതൽ കേരളം കലാമണ്ഡലത്തിൽ കൂത്ത്, കൂടിയാട്ടം, എന്നിവ അഭ്യസിച്ചു. 1999ൽ കലാമണ്ഡലത്തിൽ അരങ്ങേറ്റം

7.കലാമണ്ഡലം ഗിരിജ 

   1971ൽ കലാമണ്ഡലത്തിൽ കൂടിയാട്ടപഠനം ആരംഭിച്ചു. പൈങ്കുളം രാമചാക്യാർ, പ്രൊഫ.ഉണ്ണികൃഷ്ണൻ ഇളയത്, കുഞ്ഞിപ്പിള്ളകുട്ടി നങ്ങ്യാരമ്മ എന്നിവരുടെ ശിഷ്യ. 1971ൽ തൃശൂർ സംഗീത നാടക അക്കാദമിയിൽ അരങ്ങേറ്റം. മാർഗി മെഡൽ (1977), പിഷാരടി മെഡൽ (1979), കേരളസംഗീത നാടക അക്കാദമി അവാർഡ് (2001) എന്നിവയ്ക്ക് അർഹയായി. 1981മുതൽ കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം അദ്ധ്യാപിക. നങ്ങ്യാർ വംശജയല്ലാത്ത ആദ്യ കൂടിയാട്ട കലാകാരി എന്ന അംഗീകാരം കലാമണ്ഡലം ഗിരിജയ്ക്കാണ്.
 

8.കലാമണ്ഡലം പ്രസന്ന 

  1984ൽ കൂത്ത്, കൂടിയാട്ടം എന്നിവയും വിദ്യാർത്ഥിനിയായി. പിഷാരടി മെഡൽ, വള്ളത്തോൾ സ്കോളർഷിപ് എന്നിവയ്ക്ക് അർഹയായി. കലാമണ്ഡലത്തിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
 

9.രംഗശ്രീ രേവതി 

മാർഗി സതിയുടെ മകൾ .അമ്മയുടെ ശിക്ഷണത്തിൽ നൃത്തപഠനം തുടരുന്നു.
 

10.കലാമണ്ഡലം ശൈലജ 

 1974ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനിയായി ചേർന്നു. പൈങ്കുളം രാമചാക്യാരുടെ ശിഷ്യ .
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും നങ്ങ്യാർകൂത്തും കൂടിയാട്ടവും അവതരിപ്പിച്ച് വരുന്നു. മാർഗിമെഡൽ, കാലജ്യോതി പുരസ്ക്കാരം, കല ദാസരി പുരസ്‌കാരം, എന്നിവയ്ക്ക് അർഹയായി.
 

11.മാർഗി സതി 

   പൈങ്കുളം രാമ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നിവരുടെ ശിഷ്യ, 1988-ൽ തിരുവനന്തപുരത്ത് മാർഗ്ഗിയിൽ ചേർന്നു. ഗുരു പി.കെ.നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിൽ വിദഗ്ദ്ധപഠനവും നടത്തി.  ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ജർമനി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിലും കൂടിയാട്ടമവതരിപ്പിച്ചിട്ടുണ്ട്. കൂടിയാട്ടത്തെ ലോക പൈതൃക കലയായി അംഗീകരിച്ചു കൊണ്ടുള്ള യുനെസ്കോ പ്രഖ്യാപനത്തോടനുബന്ധിച്ച് 2001 ഒക്ടോബറിൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ഇവർ കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. 2006-ൽ പുറത്തിറങ്ങിയ നോട്ടം എന്ന ചലച്ചിത്രത്തിൽ ഒരു കൂടിയാട്ടം കലാകാരിയുടെ വേഷം ചെയ്തു. സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് 1997, കേരള സംഗീത നാടക അക്കാദമി അവാർഡ് 2002, കലാദർപ്പണം അവാർഡ് 2008, തുഞ്ചൻ സ്മാരക സമിതിയുടെ നാട്യരത്നപുരസ്കാരം 2008 എന്നീ പുരസ്കാരങ്ങൾ ലഭിച്ചു. അർബുദരോഗത്തെ തുടർന്ന് 2015 ഡിസംബർ ഒന്നാം തിയതി മാർ​ഗി സതി അന്തരിച്ചു.

12.ടി .ആർ .സരിത

  1991മുതൽ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിലെ വിദ്യാർത്ഥിനി. അമ്മന്നൂർ മാധവചാക്യാർ, കുട്ടൻ ചാക്യാർ, ഉഷ നങ്ങ്യാർ എന്നിവരുടെ ശിഷ്യ. 1992ൽ ഗുരുകുലത്തിൽ അരങ്ങേറ്റം. ചാച്ചു ചാക്യാർ ഗുരുകുലത്തിലെ കലാകാരിയായി തുടരുന്നു .
 

13.കലാമണ്ഡലം സിന്ധു

  1992ൽ കേരളം കലാമണ്ഡലത്തിൽ കൂത്ത് -കൂടിയാട്ട വിദ്യാർത്ഥിനിയായി ചേർന്നു. വിവിധ അരങ്ങുകളിൽ ഇവ അവതരിപ്പിച്ചു .ഉഷ നങ്ങ്യാരുടെ ശിഷ്യയാണ്. തിരുവനന്തപുരം മാർഗിയിൽ പ്രവർത്തിക്കുന്നു.

14.കലാമണ്ഡലം സോഫി 

  1992ൽ കേരളം കല മണ്ഡലത്തിൽ കൂത്ത് കൂടിയാട്ട വിദ്യാർത്ഥിനിയായി ചേർന്നു. 1995ൽ കലാമണ്ഡലത്തിൽ അരങ്ങേറ്റം. വിവിധ വേദികളിൽ നങ്ങ്യാർകൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.

References

References

1. രേണുക എൻ (ഡോ.),സ്ത്രീനാട്യകല നങ്ങ്യാർകൂത്ത്,കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ,2010  തിരുവനന്തപുരം .