തൊഴിൽരംഗത്തെ ആരോഗ്യം
തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തികച്ചും അവഗണിക്കപ്പെട്ടിരിക്കുന്ന ഒരു മേഖലയാണ്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. കേരളത്തിൽ ധാരാളം സ്ത്രീകൾ കാർഷിക തൊഴിലാളികളായും ഗ്രാമീണ മേഖലയിലെ തോട്ടം തൊഴിലാളികളായും നഗരപ്രദേശങ്ങളിലെ ഉൽപാദന പ്രക്രിയ തൊഴിലാളികളായും ജോലി ചെയ്യുന്നു. വിവിധ തൊഴിലുകളിൽ വ്യാപൃതരായിരിക്കുന്ന (വീട്ടുജോലിയടക്കം) സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്.(1)
മത്സ്യ സംസ്കരണ വ്യവസായത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനാരോഗ്യകരവും ശുചിത്വമില്ലാത്തതുമായ അവസ്ഥകളിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന് ചെമ്മീൻ കിള്ളുന്ന ജോലിയിലേർപ്പെടുന്ന സ്ത്രീകൾക്ക് ഇടവേളകളില്ലാതെ നീണ്ട് മണിക്കൂറുകൾ ആ പ്രവൃത്തിയിൽ വ്യാപൃതരാകേണ്ടിവരുന്നു. കൂടാതെ, പലപ്പോഴും അസുഖകരവും അനുചിതവുമായ സ്ഥാനത്ത് തുടർച്ചയായ ജോലിയുടെ ആവശ്യകതയും നനഞ്ഞ തറയിൽ ഇരിക്കുന്നതും രോഗാവസ്ഥയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പലർക്കും ത്വക്ക് രോഗങ്ങൾ വരുന്നു, പ്രത്യേകിച്ച് കൈകളിൽ. കാരണം അവർ സാധാരണയായി കയ്യുറകൾ ധരിക്കാതെ ജോലി ചെയ്യുന്നു. അത് കൂടാതെ ക്ലോറിനേറ്റ് ചെയ്ത തണുത്ത വെള്ളം ധാരാളം ഉപയോഗിച്ചാണ് അവർ ജോലികൾ ചെയ്യുന്നത്. (1)
കയർ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെയും അവസ്ഥ വിഭിന്നമല്ല. ഇവരുടെ ആരോഗ്യപ്രശ്നങ്ങളിൽ തൊലിയിലുണ്ടാകുന്ന അസുഖങ്ങൾ, സന്ധിവാതം, ശ്വസനേന്ദ്രിയ തകരാറുകൾ, പ്രത്യുൽപാദന അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഗർഭപാത്രത്തിന്റെ സ്ഥാനചലനം ഈ മേഖലയിലെ വനിതകളിൽ കണ്ടുവരുന്ന സാധാരണ ആരോഗ്യപ്രശ്നമാണ്.(2) മറ്റ് മേഖലകളിലെ തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീ കയർ തൊഴിലാളികൾക്ക് ഉയർന്ന രോഗാവസ്ഥ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. വാതം, നെഞ്ചുവേദന, സന്ധി വേദന, ശ്വാസകോശ സംബന്ധിയായ ആസ്ത്മ തുടങ്ങിയ രോഗലക്ഷണങ്ങളുടെ വ്യാപനം കയർ തൊഴിലാളികളിൽ കൂടുതലായിരുന്നു, പ്രത്യേകിച്ച് കയർ നൂൽക്കുന്നവരിൽ. സ്പിന്നിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൂടുതലും സ്ത്രീകളാണ്. ഇത്തരം വ്യവസായങ്ങളിലെ വനിതാ തൊഴിലാളികളുടെ തൊഴിൽപരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. (1)
ഇന്ത്യയിൽ ഏറ്റവും വലിയ കശുവണ്ടി സംസ്കരണ യൂണിറ്റുകളുള്ള സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തിലെ വനിതാ തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വ്യത്യസ്തമല്ല. തറയിൽ ഇരുന്നുകൊണ്ട് ഷെല്ലിംഗ്(shelling), പീലിംഗ് (peeling) , ഗ്രേഡിംഗ് (grading) എന്നിവ പോലുള്ള കൈ കൊണ്ട് ചെയ്യുന്ന ജോലികൾ സ്ത്രീകൾ നിർവഹിക്കുന്നു. കേരളത്തിലെ കശുവണ്ടി സംസ്കരണ യൂണിറ്റുകളിൽ മോശം ശാരീരിക ജോലി സാഹചര്യങ്ങൾക്കു കാരണം വൃത്തിഹീനമായ നിലങ്ങൾ, വൃത്തികെട്ട ജോലി ചുറ്റുപാടുകൾ, ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങൾ, മേൽക്കൂരകൾ വീഴുന്നതും തകർന്നതുമായതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ എന്നിവയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കേരളത്തിലെ സ്വകാര്യ ഷോപ്പുകളിലും ബിസിനസ് എന്റർപ്രൈസസുളിലും ജോലി ചെയ്യുന്ന ഇരുപതിനും നാല്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള തിരഞ്ഞെടുത്ത വനിതാ ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് കുര്യൻ ഡോളി, കുമാർ സലീൽ എന്നിവർ 2014 ൽ ഒരു പഠനം നടത്തി. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 70 ശതമാനം സ്ത്രീകളിലും ഈ ജോലിയിൽ ചേർന്നതിനുശേഷം ഒന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഈ പഠനം കണ്ടെത്തി. ഇതിന്റെ കാരണം അവർ ഏർപ്പെട്ടിരിക്കുന്ന ജോലിയും അതോടൊപ്പം തന്നെ ജോലിസ്ഥലത്തും കുടുംബത്തിലും അവർ വഹിക്കേണ്ട ജോലിഭാരവും മൂലം ആകാം. സ്ത്രീകളുടെ ഇന്ത്യൻ പശ്ചാത്തലവും ഒരു കാരണമാണ്. കുടുംബത്തിലെ സ്ത്രീകൾ എല്ലാ ജോലികളും ചെയ്യേണ്ടിവന്നു. അതായത് കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കുക, കുട്ടികളെയും വൃദ്ധരെയും പരിപാലിക്കുക മുതലായവ. ഇതിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 55 ശതമാനം സ്ത്രീ തൊഴിലാളികളും അവരുടെ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജോലിയുടെ ഒരു അനന്തരഫലമാണെന്ന് വിശ്വസിക്കുന്നു. നടുവേദന (49 ശതമാനം), കഴുത്ത് വേദന (47 ശതമാനം) എന്നിവയാണ് കേരളത്തിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പകുതിയോളം സ്ത്രീകളുടെയും പ്രധാന രോഗങ്ങൾ. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 9 ശതമാനം സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ല എന്ന് റിപ്പോർട്ട് ചെയ്തു. അതുകൂടാതെ പഠനം നടത്തിയവരിൽ 79 ശതമാനം പേരും അവർ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിൽ വനിതാ ജീവനക്കാർക്ക് സ്വകാര്യമായി പ്രത്യേക സാനിറ്ററി ലാട്രിൻ സൗകര്യമില്ല എന്ന് റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകണം. ദൈർഘ്യമേറിയ ജോലി സമയം, വിപുലമായ യാത്ര, ആവർത്തിച്ചുള്ള ജോലി, ജോലിസ്ഥലത്തെ മോശം ശുചിത്വം എന്നിവ സ്വകാര്യമേഖലയിലെ സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കാം.(3)
വീട്ടുജോലികളിലേർപ്പെടുന്ന സ്ത്രീകളും പുക, പൊള്ളൽ എന്നീ അപകടങ്ങൾക്ക് വിധേയരാകുന്നു. ചൂളയിൽ നിന്നുള്ള പുക വിട്ടു മാറാത്ത ശ്വാസകോശ തകരാറുകൾക്കും മറ്റും കാരണമാകുന്നു. കരിങ്കൽ പൊട്ടിക്കുന്ന സ്ത്രീകൾ സ്വന്തം കണ്ണുകൾ പണയം വെച്ചാണ് ഈ തൊഴിൽ ചെയ്യുന്നത്. ഇത്തരത്തിൽ തൊഴിൽപരമായ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുകയും വേണ്ടരീതിയിലുള്ള ആരോഗ്യ- വിദ്യാഭ്യാസം തൊഴിലാളികൾക്ക് നൽകുകയും വേണം. തൊഴിലാളികളും തൊഴിലുടമകളും അവശ്യം വേണ്ടതായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ട്. തൊഴിലെടുക്കുന്നവർ അതാവശ്യപ്പെടുന്നില്ലെങ്കിൽ ഉടമകൾ അലംഭാവം കാണിക്കുക സ്വാഭാവികമാണല്ലോ. (2)
References
(1) Kumar, N. A., & Devi, D. R. (2010). Health of women in Kerala: Current status and emerging issues. Centre for Socio-Economic & Environmental Studies.
(2) ഡോ കെ പി അരവിന്ദൻ( 2001)."കേരള ആരോഗ്യ മാതൃക പുതിയ നൂറ്റാണ്ടിലേക്ക്" ; കേരള ശാസ്ത്ര സാഹിത്യ പരിഷത്, കൊച്ചി, പേജ് നം. 78-79.
(3) Kurian, D., & Kumar, S. (2014). Problems of Women Employees in Private Shops and Business Enterprises, Keral. JWEE, (1-2), 38-51.