മുലയൂട്ടൽ

ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ ഒരു നൈസ്സർഗ്ഗിക പ്രക്രിയയാണ് മുലയൂട്ടൽ. പ്രസവശേഷം അരമണിക്കൂറിനുള്ളിൽ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. ഒരു കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അമ്മയിൽ നിന്ന് കുഞ്ഞിന് നൽകുന്ന മുലപ്പാലാണ് കൊളസ്ട്രം എന്ന് പറയുന്നത്. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാൽ ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്.(65)

നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആൻ്റിബോഡികളും കൊണ്ട് സമൃദ്ധമായ മുലപ്പാല്‍,ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുകയും  ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു.(67)

മുലയൂട്ടലിൻ്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനായി ആഗസ്റ്റ് 1 മുതൽ 7 വരെ ലോകം "മുലയൂട്ടൽ വാരം" ആചരിക്കുന്നു. ലോകാരോഗ്യ സംഘടന, ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ, മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം (The World Alliance for Breastfeeding Action : WABA) ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു.

ഇന്ത്യയിൽ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാൽ ഓരോ വർഷവും രണ്ടര ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമെന്നു പഠനങ്ങൾ പറയുന്നു. മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിൻ്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഏറ്റവും അനിവാര്യമാണ്.

മുലയൂട്ടലിൻ്റെ പ്രാധാന്യം സ്വയം അറിയുകയും പഠിക്കാൻ ശ്രമിക്കുകയും കുടുംബത്തിലുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുകയാണ് മുലയൂട്ടൽ ബോധവൽക്കരണ വാരത്തിൻ്റെ ലക്‌ഷ്യം.(65 ) 1990 മുതലാണ് എല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കാന്‍ തുടങ്ങിയത്. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്ന്. ‘മുലയൂട്ടല്‍ ജീവൻ്റെ അടിസ്ഥാനം’ എന്നതാണ് 2018 ലെ  ദിനാചരണ സന്ദേശം.(67)

വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കാര്യത്തില്‍ വളരെ പിന്നിലാണ്. ഉത്തര്‍പ്രദേശ് ആണ് ഏറ്റവും പിറകില്‍. 25.4 ശതമാനം സ്ത്രീകള്‍ മാത്രമാണ് അവിടെ  കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്. തൊട്ടുപിന്നില്‍ രാജസ്ഥാനും ഉത്തരാഖണ്ഡും ഉണ്ട്. ദേശീയ കുടുംബാരോഗ്യ സർവ്വേ - 4 പ്രകാരം, 63 .3  ശതമാനം സ്ത്രീകൾ മാത്രമാണ് കേരളത്തിൽ പ്രസവിച്ചു ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകിയത്. അമ്മമാരിലെ പോഷകാഹാരക്കുവുമൂലം മുലപ്പാല്‍ വറ്റിപോകുന്നത്, അമ്മമാര്‍ ജോലിക്കു പോകുന്ന സാഹചര്യം, പൊതു ഇടങ്ങളില്‍ മുലയൂട്ടുന്നതിനുള്ള ബുദ്ധമുട്ടുകള്‍ തുടങ്ങിയവ കാരണം ഇന്ത്യയില്‍ കുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ മുലയൂട്ടല്‍ നിര്‍ത്തുന്നവരാണ് മിക്കവരുമെന്നാണ് കണ്ടെത്തല്‍. ഇതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്. മുലയൂട്ടലുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ആരോഗ്യ വകുപ്പ് വിവിധ പരിപാടികള്‍ നടത്തി വരുന്നുണ്ട്.(67)


മുലയൂട്ടലിൻ്റെ ആഗോള നിലവാരം 


സ്ത്രീകളുടെയും കുട്ടികളുടെയും ആജീവനാന്ത ആരോഗ്യത്തിനു ഉത്തമമായ മുലയൂട്ടൽ പ്രധാനമാണ്.(69)
ലോകാരോഗ്യ സംഘടനയും യുണിസെഫും ശുപാർശ ചെയ്യുന്നത് :

  • ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുക.
  • കുഞ്ഞിന്  ആദ്യ 6 മാസത്തേക്ക് മുലപ്പാൽ മാത്രം .
  • കുഞ്ഞിന് 6 മാസത്തിനു ശേഷം പോഷകാഹാരമുള്ളതും സുരക്ഷിതവുമായ പൂരക (സോളിഡ്) ഭക്ഷണങ്ങൾ നൽകികൊണ്ട് 2 വയസോ അതിൽ കൂടുതലോ പ്രായം വരെ മുലയൂട്ടൽ തുടരുക.(69)

 ലോകത്തിലെ എല്ലാ മാതാപിതാക്കളെയും ഉൾപ്പെടുത്തുന്നതിനായി “മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ പ്രാപ്തമാക്കുക” എന്ന മുദ്രാവാക്യം വേൾഡ് അലൈൻസ്  ഫോർ ബ്രേസ്റ്റ്  ഫീഡിങ് ആക്ഷൻ ( WABA ) 2019 ൽ തിരഞ്ഞെടുത്തു. മുലയൂട്ടൽ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കളെ ശാക്തീകരിക്കാൻ  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മമാർക്ക് മുലയൂട്ടാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, പങ്കാളികൾ, കുടുംബം, സമൂഹം, ജോലിസ്ഥലം  എന്നിവ അവളെ പിന്തുണയ്ക്കുമ്പോൾ, മുലയൂട്ടൽ മെച്ചപ്പെടുന്നു. മുലയൂട്ടൽ പ്രാപ്തമാക്കുന്നതിന് നാമെല്ലാവരും അതിനെ പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്.(70)


അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റ് സീരീസിൻ്റെ പുതിയ പഠനങ്ങൾ കാണിക്കുന്നത് മുലപ്പാൽ നൽകുന്നത്  ആരോഗ്യരംഗത്തെ കൂടുതൽ മികച്ചതും ആരോഗ്യകരവും ആക്കുന്നു എന്നാണ്. സാർവത്രിക മുലയൂട്ടൽ കുഞ്ഞുങ്ങൾക്ക്  അണുബാധയിൽ നിന്നുള്ള പരിരക്ഷ, ബുദ്ധിശക്തിയിലുള്ള  വർദ്ധനവ് , അമിതഭാരത്തിനും പ്രമേഹത്തിനും എതിരായ സംരക്ഷണം, അമ്മമാർക്ക് കാൻസർ പ്രതിരോധം എന്നിവ നൽകുന്നു. വിവിധ രാജ്യങ്ങളിൽ മുലയൂട്ടലിൻ്റെ നിരക്ക് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.  ദരിദ്ര രാജ്യങ്ങളിൽ മുലയൂട്ടൽ  നിരക്ക് കൂടുതലാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ, ഇപ്പോഴും മിക്ക ശിശുക്കളെയും ഒരു വർഷത്തിൽ കൂടുതൽ മുലയൂട്ടുന്നു. എന്നാൽ ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളിലും മുലയൂട്ടൽ 20  ശതമാനത്തിൽ  താഴെയാണ്. സ്ത്രീകൾ മുലയൂട്ടൽ കാലപരിധി കുറയ്ക്കുന്നതിനോ നിർത്തുന്നതിനോ ഉള്ള കാരണങ്ങൾ  വൈദ്യശാസ്ത്രപരമോ സാംസ്കാരികമോ മനശാസ്ത്രപരമോ ആയിരിക്കില്ല,  മറിച്ച്, ശാരീരിക അസ്വസ്ഥതയും അസൗകര്യവും ആകാം. മുലയൂട്ടൽ നിരക്കിനെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ തുടർന്നുള്ള തലമുറകളുടെ ആരോഗ്യത്തെയും ബാധിക്കും. (71)


മുലയൂട്ടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്ന് സംരക്ഷണം നൽകുകയും ജനന ഇടവേള മെച്ചപ്പെടുത്തുകയും ചെയ്തു, കൂടാതെ ഇത് അണ്ഡാശയ അർബുദം, ടൈപ്പ് 2 പ്രമേഹം എന്നിവയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. മുലയൂട്ടൽ സാർവത്രിക തലത്തിലേക്ക് ഉയർത്തുന്നത് 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ 8,23,000 വാർഷിക മരണങ്ങളും, സ്ത്രീകളിൽ സ്തനാർബുദത്തിൽ നിന്ന് 20,000 വാർഷിക മരണങ്ങളും തടയാൻ കഴിയും.(72)

                                                         മുലയൂട്ടലിൻ്റെ  നിലവാരം