കുട്ടികൾ മണ്ണ് തിന്നുന്നത് രോഗമാണോ?

How to Stop a Child from Eating Soil? Learn from Dr. Qaisrani

കുഞ്ഞുവാവകൾ വളർന്നു വലുതാകുന്ന കാലഘട്ടത്തിൽ ലോകത്തെ അറിയാൻ ശ്രമിക്കുന്നത് അവരുടെ വായിലൂടെയും കൂടി ആണ്. കൈയിൽ കിട്ടുന്ന പ്രാണികൾ മറ്റു വസ്തുക്കൾ  തുടങ്ങി അവരവരുടെ കൈകൾ,വിരലുകൾ ചിലപ്പോൾ കാലുകൾ വരെ വായിലിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ വളർച്ചാകാലം കഴിഞ്ഞതിനു ശേഷവും ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വായിലിടുന്നതും ഭക്ഷിക്കുന്നതും അത്ര ലാഘവത്തോടെ കാണാൻ കഴിയില്ല. അതിന് പിന്നിൽ ശാരീരികവും മാനസികവുമായ മറ്റ് കാരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കണ്ടെത്തുകയും ചികിൽസിക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാകാം. 

ഏകദേശം ഒന്നര വയസ്സ് പ്രായത്തിന് ശേഷം ഒരു മാസത്തിൽ കൂടുതൽ ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിൽ അതിനെ Pica (പൈക്ക) എന്ന രോഗാവസ്ഥയായി കണക്കാക്കുന്നു മണാത്തിപ്പുള്ള് (magpie) പക്ഷിയുടെ ലാറ്റിൻ പേരിൽ നിന്നാണ് പൈക്ക എന്ന പേര് വന്നത്. ഈ പക്ഷി കൺമുന്നിൽ കാണുന്നതെല്ലാം കൊത്തി തിന്നുന്നത് കൊണ്ടായിരിക്കാം അങ്ങനെയൊരു പേര് വന്നത്.

കടപ്പാട്‌ : ©welcomecure.com

400 ബി.സി ഹിപ്പോക്രേറ്റസ് ന്റെ കാലം മുതൽ തന്നെ ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കണ്ട് പിടിക്കപ്പെടാതിരിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടാതെ ഇരിക്കുന്നതും കാരണം പൈക്ക രോഗത്തെ സംബന്ധിച്ചുള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല. എങ്കിൽ പോലും ലഭ്യമായ കണക്കുകൾ വെച്ച് ഏകദേശം 25% കുട്ടികളിൽ  രോഗാവസ്ഥ ഉള്ളതായി കണക്കാക്കുന്നു. അപൂർവമായി കൗമാരക്കാരിലും മുതിർന്ന ആൾക്കാരിൽ മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളവരിലും പിന്നെ ഗർഭിണികളിലും ഇത് കാണാറുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളിൽ പ്രധാനമായും മണ്ണ്, കല്ല്, അരി, ഐസ്, പെൻസിൽ , ചോക് , സോപ്പ്, പേപ്പർ തുടങ്ങിയവയാണ് കുട്ടികൾ ഭക്ഷിക്കുന്നതായി കാണാറുള്ളത്.

ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോളും വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും ഇതുവരെ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ശരീരത്തിൽ ഇരുമ്പ്(അയൺ), സിങ്ക്‌ , കാൽസ്യം തുടങ്ങിയ മൂലകങ്ങളുടെ കുറവ്, മാനസിക സമ്മർദ്ദം, രക്ഷിതാക്കളുടെ സ്നേഹവും പരിചരണവും കിട്ടുന്നില്ല എന്ന തോന്നൽ, മാനസികമോ ശാരീരികമോ ആയോ പീഡനം നേരിടുന്ന അവസ്ഥ, ഓട്ടിസം, മറ്റ്‌ ചില developmental disorders തുടങ്ങിയ കാരണങ്ങളിൽ ഒന്നോ അതിലധികമോ ഉള്ളപ്പോഴാണ് ‘പൈക്ക ‘ കാണുന്നത്.

ഇത്തരം വസ്തുക്കൾ കഴിക്കുന്നത് കാരണം പല്ലുകൾ ദ്രവിക്കുക, ഇത്തരം വസ്തുക്കൾ വയറ്റിലെത്തി മറ്റു അവശ്യമൂലകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുക വഴി വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കുടലിൽ തടസ്സം, വിരബാധ, മലബന്ധം തുടങ്ങിയവയും കാണാറുണ്ട്. അപൂർവമായി കരൾ, വൃക്ക എന്നിവക്ക് തകരാറ് നേരിട്ടേക്കാം. കൃത്യമായ രോഗവിവരങ്ങൾ ആരായുന്നതിലൂടെയും രക്തപരിശോധനകൾ വഴിയും രോഗനിർണയം നടത്താം. കുടലിൽ തടസ്സം പോലെയുള്ള സന്ദർഭങ്ങളിൽ സ്കാനിംഗ് പോലുള്ള മറ്റ് പരിശോധനകളും വേണ്ടി വരും. മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കിൽ അവ നികത്താനുള്ള മരുന്നുകൾ, വിര കളയാനുള്ള മരുന്ന് തുടങ്ങിയവയാണ് സാധാരണ ചികിത്സ. ചില കുട്ടികൾക്ക് മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായവും വേണ്ടി വന്നേക്കാം. കൃത്യമായി ചികിത്സിച്ചു കഴിഞ്ഞാൽ പൂർണമായും മാറ്റിയെടുക്കാൻ പറ്റുന്നതാണ് പൈക്ക.