കുട്ടികളുടെ രോഗ പ്രതിരോധം- സ്ത്രീകൾ അറിയേണ്ടതെല്ലാം

                               കുട്ടികളെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാർഗ്ഗം വാക്സിനുകളാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്  ഇത്തരം വാക്‌സിനേഷനുകൾക്ക്  പ്രധാന സ്ഥാനമുണ്ട്. വാക്സിനുകൾ മാരകമായക്കാവുന്ന പല പകർച്ചവ്യാധികളും തടയുകയും, ഇതുവഴി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യും. കുത്തിവയ്പ്പുകൾ കുട്ടിയെ പോളിയോ, ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങിയ മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, കുട്ടികളിൽ നിന്ന് കുട്ടികളിലേക്ക് പടരുന്ന അപകടകരമായ രോഗങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ മറ്റ് കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുന്നു. രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് കുട്ടിക്കാലത്തെ രോഗാവസ്ഥയും മരണനിരക്കും വളരെയധികം കുറയ്ക്കും.ഇത്തരം വാക്‌സിനേഷനുകള്‍ നല്‍കേണ്ടത് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്ന കാര്യവും ഓര്‍ത്തിരിയിക്കുക. കാരണം വാക്‌സിനുകള്‍ തെറ്റായ രീതിയില്‍ നല്‍കുന്നത് വിപരീതഫലവുമുണ്ടാക്കും.(1)

പട്ടിക 1  :- ദേശീയ രോഗപ്രതിരോധ കുത്തിവയ്പ്പ് പട്ടിക ശിശുക്കൾക്കും , കുട്ടികൾക്കും(2)

ദേശീയ രോഗപ്രതിരോധ കുത്തിവയ്പ്പ് പട്ടിക ശിശുക്കൾക്കും , കുട്ടികൾക്കും

ബി.സി.ജി.(3)
          കുട്ടികളില്‍ കണ്ടുവരുന്ന ചിലതരം ക്ഷയരോഗത്തിനെതിരേ സംരക്ഷണം നല്‍കുന്ന വാക്‌സിനാണ് ബി.സി.ജി. ഇവയില്‍ പ്രധാനം ടി.ബി. അണുക്കള്‍ ഉണ്ടാക്കുന്ന മെനിഞ്ചൈറ്റിസ്, ശ്വാസകോശത്തെ മുഴുവന്‍ ബാധിക്കുന്ന മിലിയറി ടി.ബി, എല്ലിനെ ബാധിക്കുന്ന ക്ഷയം എന്നിവയാണ് . എന്നാല്‍ ഏറ്റവും സര്‍വസാധാരണമായി കണ്ടുവരുന്ന ശ്വാസകോശങ്ങളെ ബാധിക്കുന്ന ക്ഷയരോഗത്തിന് ബി.സി.ജി. നൂറുശതമാനം സംരക്ഷണം നല്‍കുന്നില്ല. ചികിത്സിക്കാന്‍ വളരെയധികം ശ്രമകരമായ മുകളില്‍ പറഞ്ഞതരം ക്ഷയരോഗങ്ങളെയാണ് ഈ കുത്തിവെപ്പ് തടയുന്നത്. ഇത്തരം ക്ഷയരോഗങ്ങളും നമ്മുടെ ഇടയില്‍ അപൂര്‍വമല്ല. അതിനാല്‍ ഈ കുത്തിവെപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ജനിച്ച് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു പോകുന്നതിനുമുമ്പുതന്നെ ഈ കുത്തിവെപ്പ് കൊടുക്കാറുണ്ട്.

ഡി.പി.ടി. 
               ഇത് തൊണ്ടമുള്ള് (ഡിഫ്തീരിയ ), വില്ലന്‍ ചുമ (പെര്‍ട്ടൂസിസ് ) , ടെറ്റനസ് എന്നീ മാരകരോഗങ്ങള്‍ക്കെതിരേ എടുക്കേണ്ട കുത്തിവെപ്പാണിത്, ട്രിപ്പിള്‍ വാക്‌സിന്‍ എന്നും അറിയപ്പെടുന്നു. മൂന്നു പ്രാഥമിക ഡോസുകളും രണ്ടു ബൂസ്റ്റര്‍ ഡോസുമാണ് കൊടുക്കേണ്ടത്. പ്രാഥമിക ഡോസുകള്‍ 6, 10, 14 ആഴ്ചകളിലും ബൂസ്റ്ററുകള്‍ ഒന്നര വയസ്സിലും നാലരവയസ്സിലും. ഇപ്പോള്‍ ഈ ഇന്‍ജെക്ഷന്‍ ഒറ്റയ്ക്കല്ല  പെന്റാവാലന്റ് ഇഞ്ചക്ഷന്റെ ഭാഗമായാണ് കൊടുക്കുന്നത്. യഥാസമയം എടുക്കാന്‍ കഴിയാതെപോയ കുട്ടികളില്‍ ഇത് ഏഴു വയസ്സ് വരെ നൽകാം.
ഒ.പി.വി. (പോളിയോ വാക്‌സിന്‍)

 വായില്‍ തുള്ളിമരുന്നായി നല്‍കുന്ന പോളിയോ വാക്‌സിന്‍, കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഉടനെയും അതിനുശേഷം ട്രിപ്പിള്‍ വാക്‌സിന്റെകൂടെയും പിന്നെ പള്‍സ് പോളിയോ ദിവസങ്ങളിൽ ഓരോ തവണയും ഇത് നല്‍കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഇന്‍ജെക്ഷന്‍ ആയി എടുക്കുന്ന പോളിയോ വാക്‌സിന്‍ ലഭ്യമാണ്. ഗവണ്മെന്റ് ആശുപത്രികളില്‍അധികവും  ഇപ്പോള്‍ അതാണ് നല്‍കിവരുന്നത്. അതെടുത്താല്‍പ്പിന്നെ വായില്‍ക്കൂടി നല്‍കുന്ന തുള്ളിമരുന്നിന്റെ ആവശ്യമില്ല. ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതിയാകും. പള്‍സ് പോളിയോ കൊടുക്കുന്നത് വഴി  ആ കുട്ടിയെ മാത്രമല്ല ആ പരിസരത്തുള്ള കുട്ടികളെ മൊത്തമാണ് സംരക്ഷിക്കുന്നത്. 

ഏറ്റവും കൂടുതലായി പോളിയോ വൈറസുകള്‍ പടര്‍ന്നുപിടിക്കുന്നത്  ജനുവരി  ഫെബ്രുവരിയിലും അതുപോലെ ഒക്ടോബര്‍  നവംബര്‍ മാസങ്ങളിലുമാണ്. എല്ലാ കുട്ടികൾക്കും  ഒരുമിച്ചു പോളിയോ തുള്ളിമരുന്ന്  നല്കുന്നതു വഴി ശരീരത്തിലേക്ക്   കുറഞ്ഞ അളവില്‍ 'വാക്‌സിന്‍ വൈറസിനെ' കടത്തിവിടുകയാണ് ചെയ്യുന്നത് . ഈ വൈറസ് കുട്ടികളുടെ മലംവഴി പുറമേക്ക് വിസര്‍ജിക്കപ്പെടുന്നു. ഇത് പരിസരത്തില്‍ തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികളിലേക്കും വ്യാപിക്കുന്നു. അങ്ങനെ ഒരു പ്രദേശത്തെ കുട്ടികളിലെല്ലാം വാക്‌സിന്‍ വൈറസ് പടരുന്നു. തത്ഫലമായി ഈ കുട്ടികള്‍ക്ക് ( എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും) പോളിയോ രോഗത്തില്‍നിന്ന് സംരക്ഷണവും ലഭിക്കുന്നു. അതിനാല്‍ പള്‍സ് പോളിയോ നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്.

ഹിബ് വാക്‌സിന്‍ 

     ഹീമോഫിലസ് ഇൻഫ്ലുവൻസ ബി രോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ആദ്യ അഞ്ചു വയസ്സിനുള്ളിലാണ്. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന സാരമായ അസുഖങ്ങള്‍ പ്രധാനമായും മെനിഞ്ചൈറ്റീസ്, ന്യുമോണിയ എന്നിവയാണ്. ട്രിപ്പിള്‍ വാക്‌സിന്റെ കൂടെത്തന്നെയാണ് ഹിബ് വാക്‌സിനും നല്‍കേണ്ടത്. അതായത് 6, 10, 14 ആഴ്ചകളിലും പിന്നീട് ഒന്നരവയസ്സില്‍ ബൂസ്റ്ററായും. ഈ വാക്‌സിനും പെന്റാവാലന്റ് വാക്‌സിനില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി 
 
     രക്തത്തിലൂടെയും മറ്റും പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിനെ ബാധിക്കുന്ന മാരകരോഗമാണിത്. ജനിച്ച ഉടനെയുള്ള ആദ്യമണിക്കൂറുകളില്‍ നല്‍കേണ്ട വാക്‌സിന്‍ ആണിത്. പിന്നീട് ആഴ്ചകളിലായി അടുത്ത ഡോസുകളും കൊടുക്കേണ്ടതുണ്ട്. 

പെന്റാവാലന്റ് വാക്‌സിന്‍

മൂന്നു വാക്‌സിനുകള്‍ ചേര്‍ന്ന ഒരൊറ്റ ഇന്‍ജെക്ഷന്‍ ആയ പെന്റാവാലന്റ് ഇന്ന് എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും  ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വാക്‌സിനുകള്‍  ഡി.പി.ടി, ഹിബ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ്. ഇത്  6, 10, 14 ആഴ്ചകളിലായാണ് പ്രാഥമികഡോസ് കൊടുക്കേണ്ടത്.

റോട്ടാവൈറല്‍ വാക്‌സിന്‍

 സര്‍ക്കാര്‍ പ്രതിരോധ കുത്തിവെപ്പുകളില്‍ ഏറ്റവും പുതുതായി കൂട്ടിച്ചേര്‍ത്തതാണ്  റോട്ടാവൈറല്‍ വാക്‌സിന്‍, ഗവണ്മെന്റ്  ​ഇത് സൗജന്യമായി  നൽകുന്നു . കുട്ടികളിലെ വയറിളക്കരോഗത്തിനു കാരണമാകുന്ന റോട്ട വൈറസിന് എതിരേയുള്ളതാണ് ഇത്.  വായില്‍ക്കൂടി കൊടുക്കുന്ന തുള്ളിമരുന്നായാണ് ഇത് നല്‍കുന്നത്. 6, 10, 14 ആഴ്ചകളിലായി മൂന്നു ഡോസ്സയാണ്   ഇത് കൊടുക്കുന്നത്.

എം.എം. ആര്‍.

 മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല പനി എന്നിവയ്‌ക്കെതിരേ ആണ് ഈ കുത്തിവെപ്പ്. ഇത് ആദ്യ ഡോസ് പത്താം മാസത്തിന്റെ തുടക്കത്തിലും രണ്ടാം ഡോസ് പതിനഞ്ചാം മാസത്തിലും മൂന്നാം ഡോസ് നാല് വയസ്സിനുശേഷവുമാണ് കൊടുക്കേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ ഗവണ്മെന്റ് ആശുപത്രികളില്‍ ഇതിന്റെ ലഭ്യത കുറയാറുണ്ട്. അപ്പോള്‍ എം.ആര്‍. വാക്‌സിന്‍ ആണ് ഇതിനുപകരമായി നല്‍കാറുള്ളത്.

ടി.ടി. ഇന്‍ജെക്ഷന്‍
 
  ടെറ്റനസ് രോഗത്തില്‍നിന്നുള്ള സംരക്ഷണത്തിനാണ് ഈ ഇന്‍ജെക്ഷന്‍ എടുക്കേണ്ടത്. പത്തു വയസ്സിലാണ് ഇത് കൊടുക്കുന്നത്.
     

  ഇത്രയുമാണ് ഗവണ്മെന്റ് ആശുപത്രിയില്‍നിന്നുള്ള പ്രതിരോധ കുത്തിവെപ്പുകള്‍. എന്നാല്‍ ഇതിനുപുറമെ അനവധി വാക്‌സിനുകള്‍ വേറെയും ലഭ്യമാണ്. എന്നാല്‍ കൊടുക്കാന്‍. സ്വകാര്യാശുപത്രികളെ ആശ്രയിക്കണമെന്നു മാത്രം. അത് മാത്രമല്ല, അവ സൗജന്യവുമല്ല. ആറു വയസുവരെയുള്ള കാലഘട്ടത്തില്‍ ഫ്ലുവില്‍ നിന്നും രക്ഷ നേടാന്‍ ഫ്ലു വാക്‌സിനേഷന്‍ നല്‍കാം. അതുപോലെ കുഞ്ഞിന് ചിക്കന്‍ പോക്‌സില്‍ നിന്നും രക്ഷ നേടാന്‍ വാരിസെല്ല വാക്‌സിനേഷന്‍ നല്‍കാം. ഇവയ്ക്കൊക്കെ സ്വകാര്യാശുപത്രികളെ ആശ്രയിക്കണം.

                 

              എൻ എഫ് എച് എസ് 4 ലെ കണക്കുപ്രകാരം   ഇന്ത്യയിൽ ബിസിജി വാക്സിനാണ്  (92%) കവറേജ് ഏറ്റവും കൂടുതലായുള്ളത്  എന്നാൽ  എഴുപത്തിമൂന്നു ശതമാനം കുട്ടികൾക്ക് മാത്രമേ മൂന്നാമത്തെ ഡോസ് പോളിയോ വാക്സിൻ ലഭിച്ചുള്ളൂ.  12-23 മാസം പ്രായമുള്ള കുട്ടികളിൽ തൊണ്ണൂറ് ശതമാനത്തിനും ആദ്യത്തെ ഡിപിടി ഡോസും 78 ശതമാനം പേർക്ക് അവസാന ഡോസും ലഭിച്ചു. പോളിയോ വാക്‌സിനിൽ  ഇത്  91 ശതമാനവും  73 ശതമാനവുമാണ്  . 12-23 മാസം പ്രായമുള്ള ആറ് ശതമാനം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകളൊന്നും ലഭിച്ചില്ല . അറുപത്തിമൂന്ന് ശതമാനം കുട്ടികൾക്ക് മൂന്ന് ഡോസ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ലഭിച്ചു.(4)
 
          കേരളത്തിൽ 12-23 മാസം പ്രായമുള്ള കുട്ടികളിൽ എൺപത്തിരണ്ട് ശതമാനം പേർക്ക് കുട്ടിക്കാലത്തെ ആറ് പ്രധാന രോഗങ്ങൾക്കെതിരായ (ക്ഷയം, ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, പോളിയോ, മീസിൽസ്)  എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും ലഭിച്ചു. മിക്കവാറും എല്ലാ കുട്ടികൾക്കും ഭാഗികമായി വാക്സിനേഷൻ നൽകിയിട്ടുണ്ട് ; രണ്ട് ശതമാനം പേർക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പുകളൊന്നും ലഭിച്ചിട്ടില്ല. തൊണ്ണൂറ്റി എട്ട് ശതമാനം കുട്ടികൾക്ക് ബിസിജി വാക്സിനേഷൻ ലഭിച്ചു, 89-90 ശതമാനം കുട്ടികൾക്ക് മറ്റ് അടിസ്ഥാന കുത്തിവയ്പ്പുകൾ ലഭിച്ചു.എൻ‌എഫ്‌എച്ച്എസ് -3 നും എൻ‌എഫ്‌എച്ച്എസ് -4 നും ഇടയിൽ, ഡിപിടി (84% മുതൽ 90% വരെ), അഞ്ചാംപനി (82% മുതൽ 89% വരെ), ബിസിജി (96% മുതൽ 98% വരെ),  പോളിയോ വാക്സിൻ (83% മുതൽ 89% വരെ) മുതലായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളുടെയും  വർദ്ധനവ് ഉണ്ടായിട്ടുണ്ട്.  മൊത്തത്തിൽ, എല്ലാ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകളുടെയും (75% മുതൽ 82% വരെ) വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, എൻ‌എഫ്‌എച്ച്എസ് -4 സമയത്ത് 82 ശതമാനം  കുട്ടികളിൽ  ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ശുപാർശ ചെയ്ത അവർക്കു  മൂന്ന് ഡോസുകളും ലഭിച്ചു. അമ്മയുടെ സ്കൂൾ വിദ്യാഭ്യാസം, ജനന ക്രമം, ജാതി / ഗോത്രം, കുട്ടിയുടെ ലിംഗം, നഗര-ഗ്രാമീണ വാസസ്ഥലം എന്നിവയ്ക്ക്  വാക്സിനേഷൻ കവറേജിൽ വലിയ ബന്ധമില്ല .എന്നാൽ  ക്രിസ്ത്യൻ കുട്ടികൾ (88%) അല്ലെങ്കിൽ ഹിന്ദു കുട്ടികൾ (86%) അപേക്ഷിച്ചു മുസ്ലീം കുട്ടികൾക്ക് (75%) എല്ലാ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകളും    ലഭിക്കാനുള്ള സാധ്യത കുറവാണ് . (എൻ എഫ് എഛ് എസ് 4)
 

 ഗ്രാഫ് 1 :-പ്രതിരോധ കുത്തിവയ്പ്പുകളുടെ കവറേജിലെ പ്രവണത

പ്രതിരോധ കുത്തിവയ്പ്പുകളുടെ കവറേജിലെ പ്രവണത

 

ഗ്രാഫ് 2  :- എല്ലാ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകളുടെയും കവറേജ് - ജില്ലാടിസ്ഥാനത്തിൽ

എല്ലാ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പുകളുടെയും കവറേജ് - ജില്ലാടിസ്ഥാനത്തിൽ