ഹോമിയോപ്പതി
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ജനങ്ങള്‍ ആശ്രയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വൈദ്യ ശാസ്ത്ര വിഭാഗമാണ് ഹോമിയോപ്പതി. നിലവില്‍ വന്നിട്ട് 220 ൽ അധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയടക്കം 42 രാജ്യങ്ങളില്‍ നിയമാനുസൃത മുഖ്യധാരാ വൈദ്യശാസ്ത്ര വിഭാഗം ആയി മാറി. സുരക്ഷിതവും ലളിതവും ശാസ്ത്രീയവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ എന്നത് തന്നെയാണ് ഹോമിയോപ്പതിയുടെ വിപുലമായ സ്വീകാര്യതക്കുള്ള മുഖ്യ കാരണം. 1790 ല്‍ ഡോ .സാമുവല്‍ ഹനിമാന്‍ കണ്ടുപിടിച്ച, ജർമനിയിൽ രൂപംകൊണ്ട ചികിത്സ സമ്പ്രദായമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വളര്‍ച്ചയും വികാസവും വിസ്മയകരമായിരുന്നു. സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു അഥവാ like cures likes എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം. സാമ്യം അഥവാ സദൃശം എന്ന അര്‍ഥം വരുന്ന homoeo എന്ന വാക്കും സഹനം അഥവാ ക്ലേശം എന്ന അര്‍ഥം വരുന്ന pathos എന്ന വാക്കും കൂട്ടിച്ചേർത്താണ് homoeopathy എന്ന പേര് നൽകിയത്.
ഹോമിയോപ്പതി ഇന്ത്യയില്‍
ഇന്ത്യയില്‍ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1839 ല്‍ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ്. 1943 ല്‍ ബംഗാള്‍ സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് ആദ്യമായി ഒരു അധ്യയന വിഭാഗം ആരംഭിച്ചു. 1952 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീമതി രാജകുമാരി അമൃതകൗര്‍, അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഒരു ആഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി .ഇത് പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും മാത്രമായി ഒരു കേന്ദ്ര കൗണ്‍സില്‍ ആരംഭിക്കു ന്നത് 1973 ല്‍ ആണ്. ഇന്ത്യയില്‍ ഹോമിയോപ്പതി വിദ്യാഭാസത്തിനു നിയന്ത്രണവും മേല്‍നോട്ടവും നടത്തുന്നത് സി.സി.എച്ച് ആണ്. ഹോമിയോപ്പതി സംബന്ധമായ നയരൂപീകരണം നടത്താന്‍ അധികാരമുള്ള ഒരു സ്ഥാപനം ആയി ഇന്ന് ഇത് മാറി.1995 ല്‍ പ്രത്യേക വകുപ്പ് ആരംഭിക്കുകയും 2003 ല്‍ ആയുഷ് (AYUSH ) ൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു.
ഹോമിയോപ്പതി കേരളത്തില്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ എത്തിയ ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇവിടെ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.1920 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഈ വൈദ്യശാസ്ത്ര വിഭാഗത്തോട് മതിപ്പാകുകയും ശ്രീ മൂലം പ്രജാസഭയില്‍ അംഗമായിരുന്ന ഡോ .എം.എന്‍.പിള്ള 1928 ല്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരമായി.
1958 ല്‍ ആദ്യ ഗവ.ഹോമിയോ ഡിസ്പെന്‍സറി തിരുവനന്തപുരത്തു ആരംഭിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ ഹോമിയോ കോളേജ്പ്രവര്‍ത്തനം തുടങ്ങുന്നത് 1975 ല്‍ കോഴിക്കോട് ആണ്.ഹോമിയോപ്പതിയില്‍ ഏഷ്യയിലെത്തന്നെ അഞ്ചര വര്‍ഷം ദൈര്‍ഘ്യമുള്ള ആദ്യ ബിരുദ കോഴ്‌സ് ആരംഭിക്കുന്നതും ഇവിടെയാണ്.1983 ല്‍ തിരുവനന്തപുരത്തും സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആരംഭിച്ചു. മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളെ പോലെ ഹോമിയോപ്പതിയെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുക എന്ന നയം കൈക്കൊള്ളുന്നത് 1968 ലാണ്. ഇന്ത്യയിലെ തന്നെ ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരം ഒരു നയം ഉണ്ടാവുന്നത് ആദ്യമായാണ്. ഹോമിയോ ചികിത്സ സാധാരണക്കാരിലെത്തിക്കുക, പ്രതിരോധ പരിപാടികള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി 1973 ല്‍ ഇന്ത്യയില്‍ ആദ്യമായി കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും പ്രത്യേക ഡയറക്ടറേറ്റും രൂപീകരിച്ചു.
ഇന്ന് കേരളത്തിൽ 669 റെഗുലർ ഡിസ്പെൻസറികൾ, 416 എൻഎച്ച്‌എം ഡിസ്പെൻസറികൾ, പട്ടികജാതി ആധിപത്യ പ്രദേശങ്ങളിൽ 29 താൽക്കാലിക ഡിസ്പെൻസറികൾ, 3 ഫ്ലോട്ടിംഗ് ഡിസ്പെൻസറികൾ, 4 മൊബൈൽ ഡിസ്പെൻസറികൾ എന്നിവ നിലവിലുണ്ട്. ആകെ 985 കിടക്കകളുള്ള 34 ആശുപത്രികളുണ്ട് കൂടാതെ ഡയഗ്നോസ്റ്റിക്, ആക്സസറി മാനേജ്മെന്റ് സൗകര്യങ്ങൾ ഉള്ള 23 ക്ലിനിക്കൽ ലാബുകൾ, 5 ആശുപത്രികളിൽ സ്കാനിംഗ് സൗകര്യങ്ങളും, ഇസിജി സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് ഈ ചികിത്സാസമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുന്നതിനുതകുന്ന ബഹുമുഖ സ്വഭാവത്തോടുകൂടിയ നിരവധി പദ്ധതികള്‍ ഇന്ന് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
റീച്ച് (RAECH)
2004 ഡിസംബര്‍ 15 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ പകര്‍ച്ച വ്യാധി നിയന്ത്രണങ്ങള്‍ മുഴുവന്‍ റീച്ചിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. 2004 ഡിസംബര്‍ 15 നാണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രദേശത്തു പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതിരോധ മരുന്ന് വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുന്നതും റീച്ചിന്റെ ആഭിമുഖ്യത്തിലാണ്. ചിക്കുന്‍ഗുനിയ നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി ഫലപ്രദമായിരുന്നു എന്ന് സര്‍വേ പഠനം വ്യക്തമാക്കുന്നു. പുതിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയെക്കുറിച്ചു മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നേരിടാനും ഡോക്ടര്‍മാരെ സജ്ജരാക്കുന്നതിന് പതിവായി പരിശീലന പരിപാടികളും റീച്ചിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. ചുരുക്കത്തില്‍, കോളറ, വയറിളക്ക രോഗങ്ങള്‍, അതിസാരം, ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
സീതാലയം
ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതിയാണിത്. സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്നതിനും സീതാലയം സഹായിക്കുന്നു. സമൂഹത്തിലെ അവശതയനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.
ഇന്നത്തെ ഗാര്‍ഹിക-സാമൂഹിക ചുറ്റുപാടുകളില്‍ ശാരീരിക മാനസിക ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഗാര്‍ഹിക പീഡനങ്ങളില്‍ മുഖ്യമായും സ്ത്രീധനവുമായി ബന്ധപ്പെട്ടവയായിരിക്കും. അണുകുടുംബ വ്യവസ്ഥിതിയുടെ ഞെരുക്കങ്ങളും കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗവും മറ്റു കാരണങ്ങളായി കണക്കാക്കാം .സ്ത്രീകളിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണത മുഖ്യമായും അവരുടെ കുടുംബപ്രശ്‌നങ്ങള്‍,മാനസിക-ശാരീരിക രോഗങ്ങള്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ കൂടാതെ ഇത്തരം മാനസിക വ്യതിചലനങ്ങളും ആത്മഹത്യാ പ്രവണതകളും ലഘൂകരിക്കാന്‍ ഹോമിയോപ്പതിക്ക് സാധിക്കും എന്നത് സുവിദിതമാണ്.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ ,അറ്റന്‍ഡര്‍,സൈക്കോളജിസ്ട് ,dtp ഓപ്പറേറ്റര്‍ തുടങ്ങി ഈ യൂണിറ്റിലെ എല്ലാ ജീവനക്കാരും സ്ത്രീകള്‍ ആണ് എന്നതാണ് സീതാലയത്തിന്റെ പ്രത്യേകത. വിശദമായ കണ്‍സള്‍ട്ടേഷനും പരിശോധനക്കും ശേഷം സീതാലയത്തിലെ വനിതാ ഡോക്ടര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സയും ആവശ്യമെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കൗൺസിലിങ്ങും നല്‍കുകയും ചെയ്യുന്നു. ആവശ്യമെന്ന് തോന്നുന്നപക്ഷം ചികിത്സ മറ്റു കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. അവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ഹോമിയോപ്പതി ചികിത്സയും പരിചരണവും നല്‍കുകയും ചെയ്യുന്നു.
ചികിത്സയോടൊപ്പം സാമൂഹ്യ നീതി കുടുംബക്ഷേമ വകുപ്പ്,വനിതാ കമ്മീഷന്‍,ആഭ്യന്തര വകുപ്പ്,മറ്റു സർക്കാരിതര സംഘടനകള്‍,എന്നിങ്ങനെ വിവിധ തലത്തിലുള്ള പിന്തുണയും സുരക്ഷയും ലഭ്യമാക്കുന്നതിന് സീതാലയം പ്രതിജ്ഞാബദ്ധമാണ് .
ജനനി
ഒരു കുഞ്ഞു ഏവരുടെയും സ്വപ്നമാണ്. ഈ സ്വപ്ന സാക്ഷാത്കാരം ആര്‍ദ്രതയോടെ, ഭദ്രമായി, സുരക്ഷിതമായി ചെയ്യുവാന്‍ ഹോമിയോപ്പതി വകുപ്പ് വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് ‘ജനനി’. 2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ പ്രതീക്ഷയും പ്രത്യാശയുമായി മാറി. 2013 ഓടെ തിരുവന്തപുരത്തും കോഴിക്കോടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുകയുണ്ടായി. ഇവിടെയെല്ലാം തന്നെ വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ അടിസ്ഥാനമാക്കി വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിക്കുവാന്‍ സാധിച്ചു. ഇതിനോടകം തന്നെ കേരളമൊട്ടാകെ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യതാ കേന്ദ്രങ്ങള്‍ വഴി ആയിരിത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു കഴിഞ്ഞു.
വന്ധ്യതാ ചികിത്സയില്‍ സാങ്കേതിക വിദ്യകള്‍ ഒരുപാട് പുരോഗമിക്കുന്ന ഈ കാലഘട്ടത്തില്‍ പലപ്പോഴും സാമ്പത്തിക ബാധ്യത നിമിത്തം പലര്‍ക്കും ഇത്തരം ചികിത്സ തേടാന്‍ സാധിക്കുന്നില്ല. എന്നാല്‍ വന്ധ്യതാ കാരണങ്ങളില്‍ ഏറിയ പങ്കും മരുന്നുകള്‍ കൊണ്ടു തന്നെ മാറ്റപ്പെടാന്‍ സാധ്യമായിട്ടുള്ളവയാണ്. ഈ ഒരു സാഹചര്യത്തിലാണ് ,ഹോമിയോപ്പതി മരുന്നുകളുടെ പ്രസക്തി. ചിലവു കുറഞ്ഞതും,പാര്‍ശ്വഫലം ഇല്ലാത്തതുമായ മരുന്നുകളിലൂടെ ധാരാളം ദമ്പതിമാര്‍ക്കു ഇന്നു കുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു.
സ്ത്രീകളില്‍ വന്ധ്യതാചികില്‍സക്കു കാരണമാകുന്ന PCOD, ENDOMETRIOSIS ആവര്‍ത്തിച്ചുള്ള ഗര്‍ഭാലസലുകള്‍, ഗര്‍ഭാശയമുഴകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുമെന്ന് ജനനിക്കു അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും. അതുപോലെ തന്നെ പുരുഷ വന്ധ്യതക്കു കാരണമാകുന്ന ബീജക്കുറവ്, ബീജ ചലനശേഷികുറവ് എന്നിവയ്ക്കൊക്കെ പരിഹാരം കാണാന്‍ ഹോമിയോ മരുന്നുകള്‍ക്കു സാധിക്കുന്നുണ്ട് .10-15 വര്‍ഷങ്ങള്‍ വിവിധ ചികിത്സകള്‍ ഏടുത്തിട്ടും (IVF,ICSI) പരാജയപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്കു മിഴിതുറക്കുവാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
ആയുഷ്മാന്‍ ഭവ
ജീവിതശൈലീ രോഗങ്ങളെ ഇല്ലാതാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ്, യോഗയുടെയും നാച്ചുറോപ്പതിയുടെയും സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആയുഷ്മാന്‍ഭവ. സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍, കീടനാശിനികള്‍, മാനസിക പിരിമുറുക്കം, ഫാസ്റ്റ്/ജങ്ക് ഫുഡ് എന്നിവയെല്ലാം ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. വ്യായാമം ഇല്ലാത്തതാണ് ഇത്തരം രോഗങ്ങളുണ്ടാവാന്‍ ഒരു പ്രധാന കാരണം. ഐശ്വര്യ പൂര്‍ണമായ ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും വീണ്ടെടുക്കുന്നതിന് ഹോമിയോപ്പതി വകുപ്പ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാന്‍ ഭവ. മാനസിക സമ്മര്‍ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവന് തന്നെ ഭീഷണിയാകുന്ന പൊണ്ണത്തടി, രക്താതിമര്‍ദം, ഹൃദയാഘാതം, കരള്‍ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയവക്ക് കാരണമാകാം. പുകവലി-മദ്യപാന ശീലങ്ങള്‍, വ്യക്തി ശുചിത്വത്തിന്റെയും വ്യായാമത്തിന്റെയും അഭാവം എന്നിവയും ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്ന മറ്റു പ്രധാന ഘടകങ്ങളാണ്.
നല്‍കുന്ന സേവനങ്ങള്‍:
- യോഗയുടെയും നാച്ചുറോപ്പതിയുടെയും ഒപ്പം ഹോമിയോപ്പതി ചികിത്സ
- യോഗ പരീശിലനം.
- ജീവിത ശൈലീ രോഗ കൗണ്‍സലിംഗ്.
- മാനസിക സംഘര്‍ഷ ലഘൂകരണം
- മെഡിക്കല്‍ ക്യാമ്പുകള്‍
- കിടത്തി ചികിത്സ.
സദ്ഗമയ
ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിചരണമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ കുട്ടികളിലെ സ്വഭാവ-പെരുമാറ്റ-പഠന വൈകല്യങ്ങളും അവയുടെ പരിഹാരവുമാണ് സദ്ഗമയയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. നേരത്തെ ഇത്തരം തകരാറുകള്‍ കണ്ടുപിടിക്കപ്പെടാതെയും കൃത്യമായി പരിഹരിക്കപ്പെടാതെയും പോകുന്നത് കൊണ്ട് അവരുടെ ജീവിതത്തിലെ ഗുണപരമായ ഒട്ടേറെ വര്‍ഷങ്ങളാണ് നഷ്ടപ്പെടുന്നത്. കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും ഏറെയാണ് .
സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സദ്ഗമയ യൂണിറ്റ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വിപുലമായ ശൃംഖല വഴി ബോധവല്‍ക്കരണം നടത്തി ഈ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ചെയ്യുന്നത്. ഹോമിയോപ്പതി ചികിത്സ,കൗണ്‍സലിങ്, remedial teaching എന്നിവയിലൂടെ കുട്ടികളെയും കുടുംബാംഗങ്ങളെയും ശരിയായ വഴിയിലൂടെ കൈപിടിച്ചു നടത്തുകയാണ് സദ്ഗമയ ചെയ്യുന്നത്.
പഠനത്തില്‍ പിന്നോട്ട് പോവുന്ന കുട്ടികളെ, അല്ലെങ്കില്‍ പഠനനിലവാരം കൊണ്ടോ പെരുമാറ്റ രീതികൊണ്ടോ രക്ഷിതാക്കളെ നിരന്തരമായി പീഡിപ്പിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതാണ് ആദ്യ ഘട്ടം. രക്ഷിതാക്കളോ അധ്യാപകരോ സുഹൃത്തുക്കളോ ബന്ധുക്കളോ കണ്ടെത്തുന്ന ഇത്തരം കുട്ടികളെ ആ പ്രദേശത്തുള്ള സര്‍ക്കാര്‍/ NHM ഡിസ്‌പെന്‍സറികളിലോ ആശുപത്രികളിലോ പരിശോധിച്ചു മരുന്നുകളും വേണ്ട നിര്‍ദേശങ്ങളും നല്‍കുന്നു. പ്രാദേശിക ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം (മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം) ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കി വരുന്നു.(മിക്കവാറും ശനിയാഴ്ചകളില്‍.)
സങ്കീര്‍ണമായവ ജില്ലാ സദ്ഗമയ കേന്ദ്രത്തിലേക്കു റഫര്‍ ചെയ്യുന്നു അവിടെ ഇത്തരം കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഡോക്ടറും സൈക്കോളജിക്കല്‍ കൗണ്‍സിലറും സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറും കേസ്സുകള്‍ പഠിച്ചു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് വാങ്ങി രക്ഷിതാക്കള്‍ക്ക് നേരിട്ടും ഈ കേന്ദ്രങ്ങളില്‍ പോകാവുന്നതാണ്. ആദ്യം വിളിക്കുന്നവര്‍ ആദ്യം എന്ന രീതിയില്‍ നല്‍കുന്ന അപ്പോയിന്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവിടേക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 വരെ ഓ.പി.പ്രവര്‍ത്തിക്കും. ഇവിടെ എത്തുന്ന രോഗികളെ ആദ്യം മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നു.കുട്ടിയും രക്ഷിതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം വിശകലനം നടത്തി കേസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തുന്നു. ഇവരെ സൈക്കോളജിക്കല്‍ കൗണ്‍സലറുടെ അടുത്തേക്ക്കുറിപ്പുമായി അയക്കുന്നു. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ പ്രശ്‌നത്തെ ആഴത്തില്‍ വിലയിരുത്തുന്നു. പഠനനിലവാരത്തകര്‍ച്ച ഉള്ളവരെ സ്പെഷ്യല്‍ എജുകേഷന്‍ ടീച്ചറുടെ അടുത്തേക്ക് അയക്കുന്നു.കുട്ടിയുടെ സ്‌കൂള്‍ നോട്ടുകളും മാര്‍ക്കും അവലോകനം ചെയ്ത് അവരുടെ നിലവാരവും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും പരിഹാര പഠന പരിശീലനം നിര്‍ദേശിക്കുകയും നല്കുകയുംചെയ്യുന്നു. ഇവരെ വീണ്ടും മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചു പ്രശ്‌നങ്ങള്‍ അവലോകനം ചെയ്ത് കൃത്യമായ മരുന്നുകള്‍ നിര്‍ദേശിക്കുന്നു.കൃത്യമായ ഇടവേളകളില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും നല്‍കിയ നിദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു. കാര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ ഇവരെ തിരിച്ചു അവര്‍ക്ക് സൗകര്യമായ, അടുത്തുള്ള ഡിസ്‌പെന്‍സറികളിലേക്കു തന്നെ അയക്കുന്നു.
ഹോമിയോപ്പതി ഭദ്രവും ഫലപ്രദവും പാര്‍ശ്വഫലരഹിതവുമായ സൗഖ്യം ഉറപ്പു നല്‍കുന്നു.മരുന്നുകള്‍ കൂടാതെ സൈക്കോളജിസ്റ്റിന്റെ കൗണ്‌സലിങ്ങും സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ പരിശീലന സഹായവും കൂടി ആവുമ്പോള്‍ നമ്മുടെ കുട്ടികളെ അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തെടുത്തു അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്നത് ഉറപ്പാണ്.
ചേതന
ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍, മാരക രോഗം ബാധിച്ചു മരണത്തോട് മല്ലിടുന്നവര്‍, ചികിത്സ കൊണ്ട് പൂര്‍ണ സുഖം പ്രാപിക്കാത്തവര്‍, എന്നിങ്ങനെ ദുരിതത്തില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവരുടെ ആധികളും വേദനകളും അകറ്റി അല്പം കൂടി മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിനു വേണ്ട സമഗ്ര സമീപനം ആണ് ചേതനയില്‍ ഉള്ളത്. അവരുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് ഇത് നടപ്പില്‍ വരുത്തുന്നത്. എല്ലാ ജില്ലാ ആശുപത്രിയിലും പാലിയേറ്റിവ് പരിചരണ വിഭാഗം ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ദ്വിതീയ റഫറല്‍ യൂണിറ്റ് ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരും പാലിയേറ്റീവ് നഴ്‌സുമാരും മറ്റ് സ്റ്റാഫും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും. ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ വൈദ്യ/ വൈദ്യേതര ശുശ്രൂഷകള്‍ നല്‍കുന്നു എന്നതാണ് ചേതന ഏറ്റെടുക്കുന്ന ദൗത്യം.
സാന്ത്വന പരിചരണം
- ക്യാന്‍സര്‍ ബാധിതര്‍, നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍, ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് വിധേയരായവര്‍,എന്നിവര്‍ക്ക് സഹായവും ആശ്വാസവും പിന്തുണയും നല്‍കുന്നു.
- ശാരീരികവും മാനസികവും വൈകാരികവും ആയി സമഗ്രമായ തലങ്ങളില്‍ കരുതലും ശ്രദ്ധയും.
- മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സഹായത്തോടെ ചെലവ് കുറഞ്ഞതും ഫലപ്രദമായതുമായ ഹോമിയോപ്പതിയുടെ കരുതലും ശ്രദ്ധയും.
- വിദഗ്ധരായ ഡോക്ടര്‍മാരുടെയും നേഴ്‌സിന്റെയും മേല്‍നോട്ടത്തില്‍ സൗജന്യ ചികിത്സയും മറ്റു സഹായക പരിചരണവും.
- ഹോമിയോപ്പതി ചികിത്സയോടൊപ്പം ആവശ്യമുള്ള മറ്റു ചികിത്സകളും യഥാസമയം യഥാവിധി ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള പദ്ധതി.
ചേതനയുടെ പ്രവര്‍ത്തനങ്ങള്‍:
- എല്ലാ ജില്ലാഹോമിയോ ആശുപത്രികളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പാലിയേറ്റിവ് ഓ.പി.
- 5 കിടക്കകളുള്ള ഐ.പി.വാര്‍ഡ് എല്ലാ ജില്ലാ ആശുപത്രിയിലും.
- എല്ലാ ഹോമിയോ ഡിസ്‌പെന്‍സറികളിലും പ്രാഥമിക പരിചരണം,ജില്ലാ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാനുള്ള സൗകര്യം.
- സാന്ത്വന പരിചരണത്തെക്കുറിച്ചു ബോധവത്കരണവും സെമിനാറുകളും
- പാലിയേറ്റീവ് ഡോക്ടര്‍മാരുടെയും നേര്‌സുമാരുടെയും നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍.
പുനര്‍ജ്ജനി
2012 ല്‍ സീതാലയത്തിനു കീഴില്‍ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനര്‍ജ്ജനി. മദ്യം, പുകയില, മയക്കു മരുന്നുകള്‍, തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സാ പദ്ധതി ആണിത്. ഹോമിയോ മരുന്നുകള്‍ക്ക് പുറമെ രോഗിക്കും കുടുംബാംഗങ്ങള്‍ക്കും (ആവശ്യമുണ്ടെങ്കില്‍) ഉള്ള കൗണ്‍സലിംഗ്, യോഗപരിശീലനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ ആയിരത്തിലധികം പേര്‍ക്ക് ഓ.പി .യിലും നൂറില്‍പ്പരം ആളുകള്‍ക്ക് ഐ .പി യിലും ലഹരി മുക്ത ചികിത്സ നല്‍കിയിട്ടുണ്ട്.
ഏറ്റവും കുറച്ചു മാത്രം പിന്മാറ്റ ലക്ഷണങ്ങള്‍ (withdrawal symptoms ) കാണുന്നത് കൊണ്ടും അത്രമേല്‍ ആശ്വാസ ദായകമായതു കൊണ്ടും ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പം ആയതുകൊണ്ടും പാര്‍ശ്വഫലങ്ങള്‍ കുറവായതു കൊണ്ടും ലഹരി മുക്തിക്കു വേണ്ടി ഹോമിയോപ്പതിയാണ് ജനങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഡി അഡിക്ഷനെ കുറിച്ചു കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകളിലും കോളേജുകളിലും റെസിഡന്‍സ് അസ്സോസിയേഷനുകളിലും പൊതുജനങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക എന്നതും ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ് . പഞ്ചായത്തു തല ഡിസ്‌പെന്‍സറികളില്‍ നിന്നും പോലീസിന്റെ വനിതാസെല്ലില്‍ നിന്നും സ്‌കൂള്‍ജാഗ്രത സമിതികളില്‍ നിന്നും ആല്‍ക്കഹോളിക് അനോണിമസ് (AA )പോലുള്ള NGO കളില്‍ നിന്നും പുനര്‍ജനി കേന്ദ്രങ്ങളിലേക്ക് ആളുകളെ റെഫര്‍ ചെയ്യാറുണ്ട്.
സ്‌പെഷ്യലിറ്റി മൊബൈല്‍ ക്ലിനിക്കുകള്‍
ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ഈ ക്ലിനിക്കുകള്‍. 2015 ആഗസ്റ്റില്‍ ആരംഭിച്ച ഈ പദ്ധതി വഴി ഇടുക്കി ജില്ലയിലെ അഴുത,കട്ടപ്പന ബ്ലോക്കുകളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, അങ്കണവാടികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും ദരിദ്രരും നിരക്ഷരരും ആണ്. ആരോഗ്യ കാര്യങ്ങളെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ പ്രാഥമികകാര്യങ്ങള്‍ പോലും ഇവര്‍ക്ക് അറിയില്ല എന്നതാണ് വസ്തുത. ഗോത്രവര്‍ഗ-പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ ജനസംഖ്യയില്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ പോഷകക്കുറവ്, മദ്യം, പുകയില, മറ്റു ലഹരി സാധനങ്ങള്‍ എന്നിവയുടെ ഉപയോഗം എന്നിവ സർവ്വ സാധാരണമാണ് .
ആശുപത്രി സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ പരിമിതമായ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമുള്ള ജനവിഭാഗങ്ങളും ഗോത്ര വർഗ്ഗ വിഭാഗങ്ങളും ഇടതിങ്ങി കഴിയുന്ന ഇത്തരം പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുവാനാണ് ഇത്തരം സ്‌പെഷ്യലിറ്റി മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ ,സാന്ത്വന പരിചരണ ഗൃഹ സന്ദര്‍ശനങ്ങള്‍, രക്ത പരിശോധന, അനാഥ മന്ദിര-വയോജന കേന്ദ്ര സന്ദര്‍ശനങ്ങള്‍, ലഹരി മുക്തിക്കു വേണ്ട കൗൺസലിങ് എന്നിവക്ക് പുറമെ ഹോമിയോപ്പതി വകുപ്പിന്റെ മുഴുവന്‍ സേവനങ്ങളും പദ്ധതികളും ഈ ക്ലിനിക്കുകളിലൂടെ നടത്തപ്പെടുന്നു.
സഞ്ചരിക്കുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
ആദിവാസി ജനത കൂടുതല്‍ അധിവസിക്കുന്ന മേഖലകളായ ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന ഗോത്രവര്‍ഗ മെഡിക്കല്‍ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും നിരക്ഷരരും ദരിദ്രരും, ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ തികച്ചും അജ്ഞരും തങ്ങളുടെ ആചാരങ്ങള്‍ മാത്രം പിന്തുടരുകയും ഭാവിയെ കുറിച്ച് തികച്ചും അശ്രദ്ധരും ആയ അപരിഷ്‌കൃത വിഭാഗമായാണ് ഇന്നും ജീവിക്കുന്നത് . പോഷണക്കുറവും മദ്യം- പുകയില- മയക്കുമരുന്ന് ഉപയോഗവും ഇവരില്‍ സര്‍വ്വ സാധാരണമാണ്. കുടുംബഭാരം മുഴുവന്‍ സ്ത്രീകളുടെ ചുമലിലാണ്. വൃദ്ധജനങ്ങള്‍ തികച്ചും അവഗണിക്കപ്പെട്ടവരോ പിന്തള്ളപ്പെട്ടവരോ ആണ്. അതുകൊണ്ടു തന്നെ ആരോഗ്യ ശുചിത്വ ബോധനവും പോഷകാഹാര വിതരണവും പരിഷ്‌കാരത്തിന്റെ ആവശ്യകതയും ഇവരുടെ ഭൗതിക- ശാരീരിക-മാനസിക-വൈകാരിക തലങ്ങളില്‍ മറ്റെന്തിനേക്കാളും മുന്‍ഗണന അര്‍ഹിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്തു, ഹോമിയോപതിയുടെ കീഴിൽ സമഗ്ര ചികിത്സ പദ്ധതി ആയ TMMU നിലവിൽ വരുകയും ഹോമിയോപ്പതി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം ഇത്തരം ഗോത്രവര്‍ഗ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച ആരോഗ്യ പ്രചരണം നടത്തുകയും ചെയ്തു.
ഗോത്രവര്‍ഗ ജനവിഭാഗത്തിനിടയില്‍ വ്യക്തി-ഗാര്‍ഹിക സാമൂഹ്യ ശുചിത്വ ബോധം തീരെ കുറവാണ്.രോഗങ്ങളുടെ മുഖ്യ കാരണവും അത് തന്നെ.കൃഷിയിലും വനങ്ങളിലും തൊഴിലെടുക്കുന്നതിന് പുറമെ പാര്‍ട്ട് ടൈം തൊഴിലാളികളായും മിക്ക സ്ത്രീകളും ഉപജീവനം തേടുന്നു.എന്നാല്‍ മിക്കവരും നിരക്ഷരരോ അവിദഗ്ധരോ ആണ്.ആശുപത്രി-വാഹന സൗകര്യങ്ങള്‍ കുറവായ ഈ പ്രദേശത്ത് നിന്ന് അത്യാവശ്യ വൈദ്യസഹായത്തിനു പോലും കിലോമീറ്ററുകളോളം കാല്‍ നടയായിത്തന്നെ പോകേണ്ടി വരുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകേന്ദ്രങ്ങളിലെ സന്ദര്ശനങ്ങളും പതിവ് ചെക്ക് ആപ്പുകളും ഇവര്‍ ഒഴിവാക്കുന്നു.
ഇടുക്കി ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥ വ്യതിയാനങ്ങളും ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രവചനാതീതമായ പകര്‍ച്ചവ്യാധി സംക്രമണത്തിനും കാരണമാവുന്നുണ്ട്. അവശതയിലും അവഗണനയിലും ആണ്ടു പോയ , ഗോത്ര സമൂഹത്തിന് ആരോഗ്യ ബോധവത്കരണവും , ചെലവ് കുറഞ്ഞതും പാര്‍ശ്വ ഫലരഹിതവും ഫലപ്രദവുമായ ഹോമിയോപ്പതി മരുന്നുകളിലൂടെ രോഗപ്രതിരോധവും പ്രാഥമിക ആരോഗ്യ സേവനങ്ങളും കരുതലും ശ്രദ്ധയും നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
ലക്ഷ്യങ്ങള്‍
- വീട്ടമ്മമാര്‍ക്കും തൊഴിലാളികള്‍ക്കും ഗര്‍ഭിണികള്‍ക്കും യുവതികളായ അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ബൗദ്ധിക-പോഷണ-ശുചിത്വ ബോധന ക്ളാസ്സുകള്‍ നല്‍കി ഗോത്ര വര്‍ഗ സ്ത്രീകളെ ശാക്തീകരിക്കുക.
- സാമൂഹിക- സാന്മാര്‍ഗിക മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പരസ്പര സ്‌നേഹത്തിന്റെയും ശ്രദ്ധയുടെയും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതിന്റെയും കുടുംബത്തിന് വേണ്ടി സമ്പാദിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കുക
- നല്ല നാളേയ്ക്ക് വേണ്ടി കെട്ടുറപ്പുള്ള കുടുംബ ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുക.
- പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക.
- ആല്‍ക്കഹോള്‍,പുകയില,വെറ്റില മുറുക്കല്‍ ,മയക്കുമരുന്ന് ഉപയോഗം എന്നിവ നിയന്ത്രിക്കല്‍
- സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക
- ആത്മാര്‍ത്ഥമായ കുടുംബ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക.
- മെച്ചപ്പെട്ട ശുചിത്വം സൃഷ്ടിക്കുക.
ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി
കുട്ടനാട്ടിലെയും ഹരിപ്പാടിലെയും മറ്റു പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച നൂതന സംരംഭമാണിത്.
കായലും കടലും പുഴയും ദ്വീപുകളും വയലേലകളും നിറഞ്ഞ പ്രദേശമാണ് ആലപ്പുഴ, പ്രത്യേകിച്ചും കുട്ടനാട് പകര്‍ച്ചവ്യാധികളുടെയും ജലജന്യ -കൊതുകു ജന്യ രോഗങ്ങളുടെയും ഒക്കെ സമൃദ്ധമായ കലവറ കൂടിയാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സാമൂഹികമായും സാമ്പത്തിമായും ഏറെ പിന്നിലാണ്. കര്‍ഷകരും തൊഴിലാളികളും മീന്‍പിടിത്തക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഗതാഗത സൗകര്യങ്ങളും ആരോഗ്യ സേവന സൗകര്യങ്ങളും പരിമിതമാണ്. ഇവിടങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഹോമിയോപ്പതി വകുപ്പ് 2013 ജൂണില്‍ കുട്ടനാട്ടില്‍ ആദ്യത്തെ ഫ്ളോട്ടിങ് ഡിസ്പെന്‍സറി ആരംഭിച്ചത്. ആദ്യ സംരംഭം വന്‍വിജയമായതിനെത്തുടര്‍ന്ന് മറ്റു പ്രദേശങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നു വരികയും ഹരിപ്പാട്, ചമ്പക്കുളം എന്നിവിടങ്ങളില്‍ യഥാക്രമം 2014, 2015 എന്നീ വര്‍ഷങ്ങളില്‍ ഇത്തരം ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്താണ് ഫ്ളോട്ടിങ് ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുന്നത്. കുട്ടനാട് കടല്‍ നിരപ്പിന് താഴെ നില്‍ക്കുന്ന പ്രദേശമാണ്. വർഷകാലത്തു വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള ഈ പ്രദേശത്തു ആശുപത്രികളോ ഗതാഗത യോഗ്യമായ റോഡുകളോ മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലെന്നു തന്നെ പറയാം. കുടിവെള്ളമോ ശുചിത്വ സംവിധാനങ്ങളോ പരിമിതമായതു കൊണ്ട് തന്നെ സാംക്രമിക രോഗ സാധ്യത വളരെയേറെ കൂടുതലാണ്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം മൂലം ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ ആധിക്യവും ഈ പ്രദേശങ്ങളില്‍ കാണുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതി മര്‍ദം, അമിതകൊളസ്‌ട്രോള്‍ തുടങ്ങിയവയും ഇവിടങ്ങളില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ വൈദ്യസഹായം ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് മൂലം പലപ്പോഴും ജീവിതത്തിനു തന്നെ ഭീഷണിയാവുന്നുണ്ട് ഇത്തരം രോഗങ്ങള്‍. വെള്ളപ്പൊക്ക സമയങ്ങളില്‍ ഈ പ്രദേശം ഒറ്റപ്പെടുകയും സാംക്രമിക രോഗങ്ങളുടെ പിടിയിലാവുകയും ചെയ്യുന്നു.
റോഡ് ഗതാഗതം കുറവായ കുട്ടനാട്ടില്‍ ജനങ്ങളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏക മാര്‍ഗം ജലഗതാഗതം തന്നെയാണ്. കുട്ടികളെയും വൃദ്ധരെയും ചികിത്സ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് അത് കൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വെല്ലുവിളിയായിട്ടാണ് അനുഭവപ്പെടാറുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍, ആരോഗ്യ സേവന കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ ഇടങ്ങളില്‍, അനുയോജ്യമായ രീതിയില്‍ എത്തിക്കുക എന്ന ലക്ഷ്യം വെച്ചണ് ഹോമിയോപ്പതി വകുപ്പ് ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി ആസൂത്രണം ചെയ്തിട്ടുള്ളത്. ഫ്ളോട്ടിങ് ഡിസ്പെന്‍സറി മുഖ്യമായും കുട്ടനാട്,കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് സേവനം നടത്തുന്നത്.
ബോട്ട്1 : കൈനകരി,നെടുമുടി,പുളിങ്കുന്ന്,കാവാലം ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളിലും ആയി 21 കേന്ദ്രങ്ങളിലാണ് സേവനം നടത്തുന്നത്.ഏകദേശം ജനസംഖ്യ 150000.
ഫ്ളോട്ടിങ് ഡിസ്പെന്‍സറി,ഹരിപ്പാട്.(ബോട്ട് നം: 2 )
തൃക്കുന്നപ്പുഴ,ആറാട്ടുപുഴ,കരുവാറ്റ,പുറക്കാട് ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 150000 ജനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നു.
ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി, ചമ്പക്കുളം: (ബോട്ട് നം :3 ) ചമ്പക്കുളം, നെടുമുടി, തകഴിപഞ്ചായത്തുകളും, അമ്പലപ്പുഴ സൗത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കന്‍ ഭാഗവും. 15 കേന്ദ്രങ്ങളിലൂടെ ഏതാണ്ട് ഒരു ലക്ഷം പേര്‍ക്ക് സേവനം നല്‍കുന്നു.
ഓരോ ഫ്ളോട്ടിങ് ഡിസ്‌പെന്‌സറിയിലും മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, വളണ്ടിയര്‍ എന്നിവരടങ്ങുന്ന ഒരു മെഡിക്കല്‍ ടീമുണ്ടായിരിക്കും.നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്ഥലങ്ങളില്‍ ഇവരുടെ സേവനം ലഭ്യമായിരിക്കും. ഓരോ ഡിസ്‌പെന്‌സറിക്കും ഒരു ബെയ്സ് ക്യാംപ് ഉണ്ടായിരിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ ഉച്ചക്ക് 2 വരെ സേവനം ലഭ്യമാണ്. അവശ്യ ഘട്ടങ്ങളില്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ ഒരു ആംബുലന്‍സ് ആയും ബോട്ടുകള്‍ പ്രവര്‍ത്തിക്കും.
കുട്ടനാട്ടിലെ ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി 21 കേന്ദ്രങ്ങളിലും ഹരിപ്പാട്ടേത് 19 കേന്ദ്രങ്ങളിലും ചമ്പക്കുളത്തേത് 15 കേന്ദ്രങ്ങളിലും മുന്‍ നിശ്ചയിച്ച ദിവസങ്ങളില്‍ ഷെഡ്യൂള്‍ പ്രകാരം പ്രവര്‍ത്തിക്കും.അടുത്ത സന്ദര്‍ശനത്തിന്റെ ദിവസം ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. അതാത് കേന്ദ്രങ്ങളില്‍ ബോട്ട് എത്തിയാല്‍ വളണ്ടിയര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ വിവരം അറിയിക്കുകയും ജനങ്ങളെ ഡിസ്‌പെന്‌സറിയിലേക്ക് നയിക്കുകയും ചെയ്യും. ഭിന്നശേഷിക്കാരെയും വൃദ്ധരെയും ഡിസ്‌പെന്‌സറിയിലെത്തിക്കുന്നതിന് വളണ്ടിയര്‍ സഹായിക്കും. ഫ്ളോട്ടിങ് ഡിസ്‌പെന്‌സറിയില്‍ പ്രത്യേക കേസ് റെക്കോര്‍ഡും ഒപി കാര്‍ഡുകളും സൂക്ഷിക്കുകയും അറ്റന്‍ഡര്‍ അത് രോഗികള്‍ക്ക് നല്‍കുകയും ചെയ്യും. മെഡിക്കല്‍ ഓഫീസര്‍ രോഗികളെ വിശദമായി പരിശോധിക്കുകയും വേണ്ട മരുന്നുകളും നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്യുന്നു.
ഗൃഹ സന്ദര്‍ശനം: ശയ്യാവലംബികളായ രോഗികളേയും വൃദ്ധജനങ്ങളേയും അവരുടെ വാസ സ്ഥലങ്ങളില്‍ ചെന്ന് പരിശോധിക്കുകയും മരുന്ന് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഇവിടെ നിലവിലുണ്ട്.
സ്‌കൂള്‍/ അംഗനവാടി സന്ദര്‍ശനം : അടുത്തുള്ള അംഗനവാടി കളും സ്‌കൂളുകളും സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് വേണ്ട വൈദ്യ പരിശോധനകളും മരുന്നുകളും നല്‍കുന്നതിനും ഫ്‌ലോട്ടിങ് ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ സംഘം സമയം കണ്ടെത്തുന്നു .
പ്രളയ ദുരന്ത ക്യാമ്പുകള്‍: ദുരന്ത ബാധിത സമയങ്ങളില്‍ മെഡിക്കല്‍ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അത്യാവശ്യ മരുന്നുകളും പ്രതിരോധ മരുന്നുകളുംവിതരണം ചെയ്യുകയും വേണ്ട ഉപദേശങ്ങള്‍ നല്കുകയുംചെയ്യുന്നു.