ആർത്തവവിരാമം
ആർത്തവവിരാമം ഒരു സ്വാഭാവിക പ്രതിഭാസമാണ്. നാല്പതുകളുടെ അവസാനത്തിൽ ഓരോ സ്ത്രീയിലും ഇത് സംഭവിക്കുന്നു. ഇത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ആർത്തവ വിരാമത്തിൻ്റെ തുടക്കത്തിൽ ചെറിയ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോൺ ഹോർമോണുകളും ശരീരം ഉത്പാദിപ്പിക്കുകയും, ഒടുവിൽ അവയുടെ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. ഈസ്ട്രജൻ്റെ ഗുണങ്ങളില്ലാത്തതിനാൽ, ആർത്തവവിരാമത്തിൽ ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾ നേരിടാം. യോനിയിലെ വരൾച്ച, മൂത്രസഞ്ചിയിലെ അണുബാധ, ക്രമരഹിതമായ മാസമുറ, ഇടക്കിടക്ക് ശരീര താപനില കൂടുക, വൈകാരിക മാറ്റം, സ്തനങ്ങളുടെ പൂർണ്ണത നഷ്ടപ്പെടുക, ശരീരഭാരം കൂടുക, ക്ഷീണം, അസ്വസ്ഥത, ഓർമക്കുറവ്, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവ ഉണ്ടാകാം. ഈ പ്രശ്നങ്ങൾ സ്ത്രീകളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയ പ്രവർത്തനങ്ങൾ, നാഡീവ്യൂഹം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു.(17)
ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരവും മാനസികമായി വെല്ലുവിളി നിറഞ്ഞതുമാണ്.(18) ഇവയിൽ പലതും തടയാനോ നീട്ടിവയ്ക്കാനോ കഴിയും. കൂടാതെ സ്ത്രീകൾക്ക് അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശരിയായ ശ്രദ്ധ നൽകുകയാണെങ്കിൽ ആർത്തവവിരാമത്തിനുശേഷം ആരോഗ്യകരമായ ജീവിതം നയിക്കാൻ അവർക്ക് കഴിയും. സഹവാസികൾക്ക് (പ്രത്യേകിച്ച് ഭർത്താവിന്) സഹാനുഭൂതിയും, സ്നേഹവും പുലർത്താൻ കഴിയുമെങ്കിൽ അതിൻ്റെ സമ്മർദം കുറയ്ക്കാൻ കഴിയും. ആർത്തവവിരാമം ഒരു ആജീവനാന്ത അവസ്ഥയാണ്. സ്വാഭാവികവും ജീവശാസ്ത്രപരവുമായ ഈ കാലഘട്ടം ഒഴിവാക്കാനോ മുമ്പത്തെ അവസ്ഥ കൈവരിക്കാനോ കഴിയില്ല. എന്നിരുന്നാലും, അതിലൂടെ കടന്നുപോകാൻ സഹായിക്കുന്നതിന് ചില ചികിത്സകളും മരുന്നുകളും ലഭ്യമാണ്.നിങ്ങൾക്ക് ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ തോന്നിയാലുടൻ തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുക.(25)
ആർത്തവവിരാമ സമയത്ത് സംഭവിക്കുന്ന ഹോർമോൺ ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നത് തികച്ചും വെല്ലുവിളിയാണ്. ഈസ്ട്രജൻ കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, ചിലതരം ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും, പക്ഷേ ഈസ്ട്രജൻ കൂടുന്നത് സ്തന, ഗർഭാശയ, എൻഡോമെട്രിയൽ കാൻസർ സാധ്യത വർദ്ധിപ്പിക്കും. ഡോക്ടറിൻ്റെ സഹായത്തോടെ ഉചിതമായ ഒരു ജീവിത ശൈലി കണ്ടെത്തുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സഹായകരമാകും.(21)
ശരീരത്തിൽ ഉയർന്ന അളവിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള സ്ത്രീകൾക്ക് സാധാരണഗതിയിൽനിന്നും 2 മുതൽ 4 വർഷം നേരത്തെ തന്നെ ആർത്തവവിരാമം അനുഭവപ്പെടുന്നു. ഈ രാസവസ്തുക്കൾ പരിസ്ഥിതിയിലും, സാധാരണ ഗാർഹിക വസ്തുക്കളിലും, സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും കാണപ്പെടുന്നു. ആർത്തവവിരാമം വാർദ്ധക്യത്തിൻ്റെ ഒരു സാധാരണ ഭാഗമാണ്. അണ്ഡാശയ പ്രത്യുത്പാദന പ്രവർത്തനം അവസാനിക്കുന്ന സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീയുടെ അണ്ഡാശയം അണ്ഡം ഉൽപാദിപ്പിക്കുന്നത് നിർത്തുകയും, ശരീരം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകൾ നിർമ്മിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ് വ്യായാമം, സമീകൃത ഭക്ഷണം, പുകവലി ഉപേക്ഷിക്കൽ തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നിങ്ങളുടെ ആർത്തവവിരാമം മാത്രമല്ല, മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്തും.
ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന നിരവധി ബദൽ ചികിത്സകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇത്തരം ബദൽ രീതികൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ അതിൻ്റെ യഥാർത്ഥ ഫലപ്രാപ്തി അറിയില്ല. മിക്ക സ്ത്രീകളിലും, സ്വാഭാവിക വാർദ്ധക്യ പ്രക്രിയ മൂലമാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. കാലക്രമേണ, അണ്ഡാശയങ്ങൾ കുറഞ്ഞ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉത്പാദിപ്പിക്കുന്നു. ടോട്ടൽ ഹിസ്റ്റെരെക്ടമി, അണ്ഡാശയത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പോലുള്ള ചില മെഡിക്കൽ നടപടിക്രമങ്ങളും ഇതിന് കാരണമാകും. (22)
ആർത്തവവിരാമത്തിന് മുമ്പും ശേഷവും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കാം. പക്ഷേ അവ ആർത്തവവിരാമത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന മാറ്റമാണ്. അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം, ആർത്തവവിരാമത്തിനുശേഷം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നു എന്നതാണ്. അതിനാൽ ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ്റെ അളവ് കുത്തനെ കുറയുന്നു. ഈ ഇടിവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. പുകവലി ഉപേക്ഷിക്കുക, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിറഞ്ഞ ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവയെല്ലാം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം നൽകും. ഈസ്ട്രജൻ്റെ കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പുതിയ അസ്ഥി ഉൽപാദനത്തിന് ഈസ്ട്രജൻ പ്രധാനമാണ്. കാരണം ഇത് അസ്ഥി ഉത്പാദിപ്പിക്കുന്ന കോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകളെ പിന്തുണയ്ക്കുന്നു. ഈസ്ട്രജൻ ഇല്ലാതെ ഓസ്റ്റിയോബ്ലാസ്റ്റുകൾക്ക് പുതിയ അസ്ഥി ഉത്പാദിപ്പിക്കാൻ കഴിയില്ല. ഒടുവിൽ, ഓസ്റ്റിയോക്ലാസ്റ്റുകൾ (അസ്ഥി ആഗിരണം ചെയ്യുന്ന കോശങ്ങൾ) അസ്ഥികളെ ദുർബലപ്പെടുത്തും. ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സങ്കീർണത ഒടിവുകൾ ആണ്. ഇത് അരക്കെട്ട്, കൈത്തണ്ട, നട്ടെല്ല് എന്നിവയിൽ പലപ്പോഴും സംഭവിക്കാറുണ്ട്. ഒടിവുകൾ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ചും, പ്രായമാകുമ്പോൾ ഒടിവുണ്ടെങ്കിൽ, ശരീരത്തിന് സുഖപ്പെടാനുള്ള സാധ്യത കുറവാണ്. കൃത്യമായ വ്യായാമവും, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണവും ഓസ്റ്റിയോപൊറോസിസ് തടയാൻ കഴിയുന്ന രണ്ട് ലളിതമായ മാർഗങ്ങളാണ്. ആർത്തവവിരാമത്തിനുശേഷം, പ്രായമായ സ്ത്രീകളിൽ പ്രത്യേകിച്ച്, അജിതേന്ദ്രിയത്വം (ഇടയ്ക്കിടെയും സ്വമേധയാ മൂത്രം പുറപ്പെടുവിക്കുന്നത്) സാധാരണമാണ്. ഈസ്ട്രജൻ്റെ കുറവ് യോനിയിലെ ടിഷ്യുകളും മൂത്രനാളിയും (മൂത്രസഞ്ചി ശരീരത്തിന് പുറത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു ട്യൂബ്) നേർത്തതാകുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തൽഫലമായി, അനിയന്ത്രിതമായ മൂത്ര ചോർച്ച അനുഭവപ്പെടാം. ചിരി അല്ലെങ്കിൽ ചുമ പോലുള്ള പെട്ടെന്നുള്ള ചലനങ്ങളിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. പുകവലി ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും മൂത്രാശയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും, എന്നാൽ തുടർന്നുള്ള ചികിത്സാ നടപടികളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കാൻ മടിക്കരുത്. അജിതേന്ദ്രിയത്വത്തിന് നിരവധി ചികിത്സാ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.
പല സ്ത്രീകൾക്കും 40 നും 50 നും ഇടയിൽ പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നു. എന്നിരുന്നാലും, ഇത് ആർത്തവവിരാമം കൊണ്ട് മാത്രമല്ല, സ്വാഭാവിക വാർദ്ധക്യ പ്രക്രിയയും ഇതിനു കാരണമാകാം. ആർത്തവവിരാമത്തിൻ്റെ സമയത്ത് അമിതവണ്ണം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും, സ്ത്രീകളിൽ സാധാരണമാണ്. വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവ് അപകടകരമാണ്. കാരണം, ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷിക്കുന്ന കലോറി കുറയ്ക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, വ്യായാമത്തിന് സമയം എടുക്കുക എന്നിവ വളരെ പ്രധാനമാണ്. ആർത്തവവിരാമത്തിൻ്റെ സങ്കീർണതകൾ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണ്. ആർത്തവവിരാമ സമയത്തു ഡോക്ടറെ സന്ദർശിക്കുന്നതും പ്രധാനമാണ്. ആർത്തവവിരാമത്തിലൂടെയുള്ള മാറ്റം ആരോഗ്യകരമാണെന്ന് ഉറപ്പാക്കാൻ ഡോക്ടർ ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും. (23)
ഒരു ഡോക്ടറുടെ രോഗനിർണയം കൂടാതെ തന്നെ, ആർത്തവവിരാമം എത്തുമ്പോൾ മിക്ക സ്ത്രീകളും അതിനെക്കുറിച്ചു ബോധവതികളാണ്. കാരണം ആർത്തവവിരാമത്തിന് വ്യക്തമായ ലക്ഷണങ്ങൾ ഉണ്ട്. എന്നിരുന്നാലും, നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ആർത്തവവിരാമം സ്ഥിരീകരിക്കുന്ന പരിശോധനകളുണ്ട്. ഫോളിക്കിൾ-ഉത്തേജക ഹോർമോണും (എഫ്എസ്എച്ച്), ഈസ്ട്രജന്റെ അളവും പരിശോധിക്കണം. ആർത്തവവിരാമം നിർണ്ണയിക്കാൻ ഈ രക്തപരിശോധന ഉപയോഗപ്രദമാണ്. കാരണം, ആർത്തവവിരാമ സമയത്ത് എഫ്എസ്എച്ച് അളവ് ഉയരുകയും ഈസ്ട്രജൻ്റെ അളവ് കുറയുകയും ചെയ്യുന്നു.(51)
ചികിത്സ എങ്ങനെയാണ് ചെയ്യേണ്ടത് ?
രോഗലക്ഷണങ്ങൾ വളരെ വേദനാജനകമോ അസഹനീയമോ ആണെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ആർത്തവവിരാമ സമയത്തു ഇടക്കിടക്കു ശരീര താപനില കൂടുന്നത് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒന്നായി ഹോർമോൺ തെറാപ്പി കണക്കാക്കപ്പെടുന്നു. യോനിയിലെ വരൾച്ചയ്ക്ക് പരിഹാരം തേടുകയാണെങ്കിൽ ഈസ്ട്രജൻ യോനിയിലേക്ക് നേരിട്ട് നൽകാം. യോനി ക്രീം, റിംഗ് അല്ലെങ്കിൽ ടാബ്ലെറ്റ് രൂപത്തിൽ ചെയ്യുന്ന ഈ ചികിത്സ, യോനിയിലെ ടിഷ്യൂകൾ ആഗിരണം ചെയ്യുന്ന ഈസ്ട്രജൻ്റെ ഒരു ചെറിയ അളവ് പുറത്തുവിടുന്നു. റോണ്ടിൻ, ഗ്രാലിസ് തുടങ്ങിയ ഗബാപെൻ്റിൻ മരുന്നുകൾ ശരീര താപനില കുറയ്ക്കുന്നതിനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദത്തെ ചികിത്സിക്കുന്നതിനും ശരീര താപനിലയിൽ നിന്ന് ആശ്വാസം നൽകുന്നതിനും ക്ലോണിഡൈൻ മരുന്നുകളായ കാറ്റാപ്രസ്, കപ്വേ എന്നിവ ഉപയോഗിക്കുന്നു. നിങ്ങളുടെ അവസ്ഥയും മെഡിക്കൽ ചരിത്രവും പരിഗണിച്ചതിന് ശേഷം, ഓസ്റ്റിയോപൊറോസിസ് തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഡോക്ടർ ചില മരുന്നുകളോ വിറ്റാമിൻ ഡി സപ്ലിമെൻ്റുകളോ നിർദ്ദേശിക്കാം.(25)
ചികിത്സ എപ്പോഴാണ് ചെയ്യേണ്ടത് ?
നിങ്ങൾ 45-50 വയസ്സിനിടയിലുള്ള ഒരു സ്ത്രീയാണെങ്കിൽ, ക്രമരഹിതമായ മാസമുറ, ഇടക്കിടക്കുള്ള ശരീര താപനില വർദ്ധനവ്, ശരീരഭാരം വർദ്ധിക്കുക, യോനി വരൾച്ച തുടങ്ങിയവ അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ച് ഉചിതമായ ചികിത്സ നേടണം. നിങ്ങളുടെ ലക്ഷണങ്ങൾ വേദനാജനകമല്ലെങ്കിലോ ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാക്കുന്നില്ലെങ്കിലോ, ചികിത്സയ്ക്കോ മരുന്നുകൾക്കോ പോകേണ്ട ആവശ്യമില്ല.(25)
എന്തൊക്കെയാണ് പാർശ്വഫലങ്ങൾ ?
ഹോർമോൺ തെറാപ്പിയുടെ ദീർഘകാല ഉപയോഗത്തിന് ഹൃദയ സംബന്ധമായ രോഗങ്ങൾ, സ്തനാർബുദ സാധ്യതകൾ എന്നിവ പാർശ്വഫലങ്ങളായി ഉള്ളതായി അറിയപ്പെടുന്നു. അതിനാൽ, ഈ തെറാപ്പിയുടെ ഹ്രസ്വകാല ഉപയോഗം മാത്രമേ ശുപാർശ ചെയ്യുന്നുള്ളൂ. ചില മരുന്നുകൾ ചർമ്മത്തിൽ താൽക്കാലിക ചുവപ്പ്, തിണർപ്പ്, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കാം.
ചികിത്സാനന്തര മാർഗനിർദ്ദേശങ്ങൾ എന്തൊക്കെയാണ്?
പഴങ്ങൾ, പച്ചക്കറികൾ, അരി, പയർവർഗങ്ങൾ, മാംസം, മത്സ്യം, പരിപ്പ്, പാൽ ഉൽപന്നങ്ങൾ എന്നിവ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് പരിശോധിക്കുന്നതിന് ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുക. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിന് ഡോക്ടറുടെ ഉപദേശപ്രകാരം പതിവായി വ്യായാമം ചെയ്യുക.
ചികിത്സയ്ക്കുള്ള ഇതര മാർഗങ്ങൾ എന്തൊക്കെയാണ്?
ഈ ചികിത്സയ്ക്ക് വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ല. പക്ഷേ ചില ശീലങ്ങൾ നിങ്ങളുടെ അവസ്ഥയെ നന്നായി മെച്ചപ്പെടുത്താൻ സാധിക്കും. കഫീൻ ഒഴിവാക്കി ആവശ്യത്തിന് ഉറക്കം നേടുക. പുകയില, മയക്കുമരുന്ന് എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. ആരോഗ്യകരവും സമതുലിതവുമായ ഭക്ഷണം ശീലമാക്കുകയും, പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. ലൈംഗിക ജീവിതത്തിൽ സജീവമായി തുടരുന്നത് യോനിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.(25)
References
17. The Body Corporate Wellness News (August/September 2002), Untitled document. www.bodycorp.co.nz/newsletters/0802.htm (accessed on 12 August 2009)
18. India Together ( 29 October 2009), www.indiatogether.org/2006/oct/wom-menopaus.htm (accessed on12 November 2009)
25. https://www.lybrate.com/topic/menopause
21. https://www.everydayhealth.com/menopause/health-during-menopause.aspx
22. https://www.endocrineweb.com/conditions/menopause/all
23. https://www.endocrineweb.com/conditions/menopause/menopause-complications