മലയാള നാടകചരിത്രത്തിലെ ആദ്യ സ്ത്രീനാടകകൃത്ത് :കുട്ടിക്കുഞ്ഞുതങ്കച്ചി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി .ആദ്യകാലത്ത് സംസ്കൃതത്തിലും മണിപ്രവാളത്തിലും കവിതകൾ എഴുതി. മലയാള നാടകചരിത്രത്തിലെ ആദ്യ സ്ത്രീനാടകകൃത്താണ്. 1890 ൽ അജ്ഞാതവാസം നാടകം രചിച്ചു. കൈകൊട്ടിക്കളി വിദഗ്ദ്ധയായിരുന്നു. ആട്ടക്കഥകൾ, കിളിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, തുള്ളലുകൾ,കീർത്തനങ്ങൾതുടങ്ങി 18ലേറെ കൃതികൾ രചിച്ചു.1820 ല്‍ കൊല്ലവര്‍ഷം 995 ല്‍ ജനനം.പ്രശസ്തകവിയും ആട്ടക്കഥാകൃത്തുമായ ഇരയിമ്മൻ തമ്പിയുടേയും, ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയുടേയും മകളാണ് . കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ അമ്മയും അച്ഛനും തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധുത്വം ഉള്ളവരായിരുന്നു. തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ് കുട്ടിക്കുഞ്ഞു തങ്കച്ചി ബാല്യകാലം മുതല്‍ക്ക് അമ്മയൊന്നിച്ച് താമസിച്ചു വന്നത്. കിഴക്കേ മഠത്തില്‍ കുട്ടിക്കുഞ്ഞുതങ്കച്ചി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും വായിക്കാനും വശമാക്കി. അത്യാവശ്യം കണക്കും പഠിച്ചു. ചേർത്തല വാരനാട്ടുനടുവിലെ കോവിലകത്തു കുഞ്ഞൻ തമ്പാനെ വിവാഹം ചെയ്തു. 1851ൽ തമ്പാൻ മരിച്ചു. പിന്നീട് പത്തുവർഷം കഴിഞ്ഞ് 1861ൽ കുഞ്ഞുണ്ണിത്തമ്പാൻ, തങ്കച്ചിയെ വിവാഹം ചെയ്തു.ചെറുപ്പത്തിൽത്തന്നെ ആരംഭിച്ചിരുന്ന കണ്ണുരോഗം ഇടയ്ക്കിടയ്ക്ക് മൂർച്ഛിച്ചു. 1902 ആയപ്പോഴേയ്ക്കും കാഴ്ച മിക്കവാറും ഇല്ലാതായി. 1904 വരെയാണ് കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ജീവിതകാലം.
സംഗീതം, കാവ്യനാടകാലങ്കാരങ്ങൾ,തർക്കം, വ്യാകരണം എന്നിവ പാരമ്പര്യരീതിയിൽ പഠിച്ച തങ്കച്ചി വിദുഷിയായിത്തീർന്നു. ആറു കീര്‍ത്തനങ്ങള്‍ കുട്ടിക്കുഞ്ഞുതങ്കച്ചി രചിച്ചിട്ടുണ്ട്. ആദ്യത്തെ കീര്‍ത്തനം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങരയിലുള്ള ഭഗവതിയെപ്പറ്റിയാണ്. 'കാത്യായനീ മാം പാലയ സതതം' എന്നാണ് കീര്‍ത്തനം തുടങ്ങുന്നത്. കാമോദരി രാഗത്തിലാണിത്.രണ്ടാമത്തെ കീര്‍ത്തനമായ 'സാമജഹര ഹരേ താവക' എന്നത് കല്യാണി രാഗത്തിലാണ്. തിരുവട്ടാറിലെ ആദികേശവ പ്രതിഷ്ഠയെ സ്തുതിക്കുന്ന കീര്ത്തനമാണിത്. അടുത്ത രണ്ടു കീര്‍ത്തനങ്ങള്‍ ശുദ്ധമായ സംസ്കൃതത്തിലാണ്. മൂകാംബികയെ വര്‍ണിക്കുന്നതാണ് ഒന്ന്. നാട്ട രാഗത്തിലാണിത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിയെ വര്‍ണിക്കുന്നതാണ് മറ്റൊന്ന്. ഇത് ഖമാസ് രാഗത്തിലാണ്. അഞ്ചാമത്തെ കീര്‍ത്തനം പന്തുവരാമി രാഗത്തിലുള്ള 'ആനന്ദരൂപഹരേ' എന്ന കൃഷ്ണസ്തുതിയാണ്. ഈ കീര്‍ത്തനത്തിലെ കൃഷ്ണന് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയാണ്. ആറാമത്തെ കീര്‍ത്തനം സുരുട്ടി രാഗത്തിലാണ്. 'ശ്രീ പവനപുരേശ! പാഹി ഹരേ ജനാര്‍ദ്ദനാ' എന്നാണ് ഈ കീര്‍ത്തനം തുടങ്ങുന്നത്.കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിട്ടിയേടത്തോളം കൃതികൾ ഒറ്റ പുസ്തകമായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൃതികൾ
തിരുവനന്തപുരം സ്ഥലപുരാണം
വയ്ക്കം സ്ഥലപുരാണം
സ്വർഗ്ഗവാതിലേകാദശീ മാഹാത്മ്യം,
ശിവരാത്രിമാഹാത്മ്യം
സീതാസ്വയംവരം,
നാരദമോഹനം എന്നിവയാണ് തങ്കച്ചി രചിച്ച തിരുവാതിരപ്പാട്ടുകൾ.
ഗംഗാസ്നാനം(കുറത്തിപ്പാട്ടുകൾ)
അജ്ഞാതവാസം (നാടകം)
സ്വാഹാസുധാകരം (ഊഞ്ഞാൽപ്പാട്ട്),
ഗജേന്ദ്രമോക്ഷം, പ്രഹ്ളാദചരിതം (കീർത്തനങ്ങൾ)
കല്യാണാഘോഷം (മണിപ്രവാളം)