ഡോക്ടർ സിസ്റ്റർ ജെസ്മി

ഡോക്ടർ സിസ്റ്റർ ജെസ്മി

അധ്യാപികയും എഴുത്തുകാരിയുമാണ് ഡോക്ടർ സിസ്റ്റർ ജെസ്മി. കേരളത്തിലെ കത്തോലിക്കാ സഭയിൽ പൊതുവേയും കത്തോലിയ്ക്കാ സന്യാസസ്ഥാപനങ്ങളിൽ പ്രത്യേകിച്ചും നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളേയും അഴിമതികളേയും അസാന്മാർഗ്ഗികതയേയും തുറന്നുകാട്ടി വിമർശിക്കുന്ന "ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ" എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മൂന്നു പതിറ്റാണ്ടിലേറെ കാർമ്മലമാതാവിന്റെ സന്യാസസമൂഹത്തിൽ(കോൺഗ്രഗേഷൻ ഓഫ് മദർ കാർമൽ - സി.എം.സി) അംഗമായിരുന്ന ജെസ്മി, 51-ആമത്തെ വയസ്സിൽ അധികാരസ്ഥാനങ്ങൾക്കു നേരേ ഉയർത്തിയ കലാപത്തെ തുടർന്ന് ആ സമൂഹം വിട്ടുപോന്നു.

1956 ൽ തൃശൂരിൽ ജനിച്ചു. കൊച്ചന്നയുടേയും സി. വി. റാഫേലിൻറെയും മകൾ. സെൻറ് മേരീസ് തൃശൂർ, വിമല കോളേജ് ചേറൂർ, മേഴ്സി കോളേജ് പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് ബി. എ, എം. എ. ബിരുദങ്ങൾ. യു. ജി. സി. സ്കോളർഷിപ്പോടെ എം. ഫിൽ, പി. എച്ച്. ഡി. ബിരുദങ്ങൾ. 1981 ഡിസംബറിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. 2008 ആഗസ്റ്റ് 31 ന് സി. എം. സി. കോൺഗ്രിഗേഷനിൽ നിന്നു വിടുതൽ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോന്നു. റിട്ടയേർഡ് കോളേജ് പ്രിൻസിപ്പലാണ്. 

മേമി റഫായേൽ എന്നായിരുന്നു ജനനസമയത്ത് നൽകിയ നാമം. പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ പങ്കെടുത്ത ഒരു "ദൈവവിളി" ധ്യാനത്തെ തുടർന്ന് സ്വേച്ഛാനുസരണം സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്ത അവർ, ഏഴുവർഷത്തെ പരിശീലനത്തിനു ശേഷം ജെസ്മി(Jesme) എന്ന പേരിൽ സന്യാസവൃതം എടുത്തു.ജെസ്മി എന്ന സന്യസ്ഥനാമത്തിൽ തന്നെയാണ് അവർ ഇപ്പോഴും അറിയപ്പെടുന്നത്.

തൃശ്ശൂർ സെൻറ് മേരീസ് കലാലയത്തിലെ പ്രധാനാദ്ധ്യാപികയായിരുന്നു. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദധാരിയാണ് ജെസ്മി‍. സാന്യാസസമൂഹം വിട്ടുപോകാൻ തീരുമാനിച്ചശേഷം ഡെൽഹിയിൽ നിന്ന് കേരളത്തിലേയ്ക്കു നടത്തുന്ന ഒരു തീവണ്ടിയാത്രയിലെ സ്മരണകളുടെ രൂപത്തിലാണ് ജെസ്മിയുടെ വിവാദപരമായ പുസ്തകം, "ആമേൻ - ഒരു കന്യാസ്ത്രിയുടെ ആത്മകഥ‍" എഴുതപ്പെട്ടിരിക്കുന്നത്. പ്രച്ഛന്നവേഷത്തിൽ ഒരൊളിച്ചോട്ടം, വെള്ളത്താമര, അനുഗൃഹീത ഞെരിഞ്ഞിലുകൾ, അലറുന്ന അലകളിലൂടെ സുധീരം, സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങന ഓർമ്മകളുടെ അഞ്ചദ്ധ്യാങ്ങളാണ് ഈ ഗ്രന്ഥത്തിനുള്ളത്. 

സ്ത്രീശാക്തീകരണം, ആത്മകഥകൾ, പെണ്ണെഴുത്ത്, ആത്മീയ ജീവിതം, ആഖ്യാനശാസ്ത്രം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ക്ലാസ്സുകളും പ്രഭാഷണങ്ങളും എടുക്കുന്നു. ലേഖനങ്ങളും എഴുതാറുണ്ട്. (‘ജാലകങ്ങൾ’ (വിമലകോളേജ്), ‘തുരുത്തിലെ പവിഴപ്പുറ്റ്’ (സെൻറ്മേരീസ്, തൃശൂർ) എന്നിങ്ങനെ രണ്ട് കാമ്പസ്സ് ഫിലിമുകൾ സൃഷ്ടിച്ചു. .ആമേൻ (2009),ഞാനും ഒരു സ്ത്രീ, പ്രണയസ്മരണ എന്നിവയാണ് കൃതികൾ.