കെ. സരസ്വതി അമ്മ
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ.ഹൈസ്‌കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ 'സീതാഭവനം' എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ. ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പ് സരസ്വതി അമ്മ അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതി.1944 ൽ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി.
ഫെമിനിസ്റ്റ് സ്വഭാവം പുലർത്തുന്ന സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകൾ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ.സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവർത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷൻമാർക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.
1919 ഏപ്രിൽ നാലാം തീയതി കുന്നപ്പുഴയിലെ കിഴക്കേക്കോട്ടയിൽ പത്മനാഭൻ പിള്ളയുടേയും കാർത്യായനി അമ്മയുടേയും മൂന്നു പെൺമക്കളിൽ ഇളയവളായി സരസ്വതി ജനിച്ചു.1936 -ൽ പാളയം ഗേൾസ് ഇംഗ്ലീഷ് ഹൈസ്കുളിൽ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എൽ. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ ഇൻറർമീഡിയറ്റ് പഠനം. ആർട്സ് കോളേജിൽ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തൻനായരും സഹപാഠികളായിരുന്നു. 1942 ൽ ബി.എ. പാസ്സായി. തുടർന്ന് രണ്ട് വർഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻറിൽ ഉദ്യോഗസ്ഥയായി.1975 ഡിസംബർ 26ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
കഥാസമാഹാരങ്ങൾ
പെൺബുദ്ധി
കനത്ത മതിൽ
കീഴ്ജീവനകാരി
ചോലമരങ്ങൾ
ഒരുക്കത്തിന്റെ നടുവിൽ
വിവാഹസമമാന0
സ്ത്രീജന്മം
ചുവന്നപൂക്കൾ
കലാമന്ദിരം
പ്രേമപരീക്ഷണം
എല്ലാം തികഞ്ഞ ഭാര്യ
ഇടിവെട്ടുതൈലം
നോവൽ
പ്രേമഭാജനം
പൊന്നിൻകുടം ( പൊന്നിൻകുടം സരസ്വതിയമ്മ എന്നറിയപ്പെട്ടിരുന്നു)
നാടകം
ദേവദൂതി
ലേഖനസമാഹാരം
പുരുഷൻമാരില്ലാത്ത ലോകo