കൂടിയാട്ടം നങ്ങ്യാര്‍കൂത്ത് കലാകാരി : മാര്‍ഗ്ഗി സതി

കൂടിയാട്ടം നങ്ങ്യാര്‍കൂത്ത് കലാകാരി : മാര്‍ഗ്ഗി സതി

കൂടിയാട്ടം നങ്ങ്യാര്‍കൂത്ത് കലാകാരിയാണ് മാര്‍ഗ്ഗി സതി എന്ന പി.എസ്. സതിദേവി.ആയിരത്തിലേറെ അരങ്ങുകളിലായി നൂറിലേറെ കഥാപാത്രങ്ങൾ മാര്‍ഗ്ഗി സതി  അവതരിപ്പിച്ചിട്ടുണ്ട്.  യുനെസ്‌കോയുടെ പാരീസിലെ ആസ്ഥാനത്ത് മാര്‍ഗി സതിയുടെ കൂടിയാട്ടം അവതരണത്തിനുശേഷമായിരുന്നു കൂടിയാട്ടത്തെ 'യുനെസ്‌കോ' വിശ്വോത്തര പൈതൃകമായി 2001ല്‍ പ്രഖ്യാപിച്ചത്.

സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകളായി ചെറുതുരുത്തിയിൽ ജനിച്ചു. 11ാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്ന് ഗുരു പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നിവരുടെ ശിക്ഷണത്തിൽ എട്ടുവർഷം കൂടിയാട്ടം പഠിച്ചു. 1988-ൽ തിരുവനന്തപുരത്ത് മാർഗ്ഗിയിൽ ചേർന്നു. ഗുരു പി.കെ.നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിൽ വിദഗ്ദ്ധപഠനവും നടത്തി. പൈങ്കുളം രാമചാക്യാരായിരുന്നു ആദ്യഗുരു. ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സ്‌കോളര്‍ഷിപ്പും നേടി. ഇടയ്ക്ക- മൃദംഗം കലാകാരനായ സുബ്രഹ്മണ്യന്‍ പോറ്റിയുമായുള്ള വിവാഹത്തിനുശേഷമാണ് 1988ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ സതി ചേരുന്നത്. തുടര്‍ന്ന് നങ്ങാര്‍കൂത്തില്‍ നിരവധി പുതിയ ഇനങ്ങള്‍ ചിട്ടപ്പെടുത്തി. ശ്രീകൃഷ്ണകഥകളെ മാത്രം ആസ്പദമാക്കി നടന്നിരുന്ന നങ്ങ്യാര്‍കൂത്തിന് മാര്‍ഗി സതി നല്‍കിയ മഹത്തായ സംഭാവനയാണ് ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്ന ഗ്രന്ഥം. അതിലൂടെ രാമകഥകളും രംഗത്തവതരിപ്പിക്കാന്‍ തുടങ്ങി.ചിലപ്പതികാരം,  ശ്രീരാമചരിതം, കണ്ണകി ചരിതം തുടങ്ങിയവയാണ് ശ്രദ്ധേയമായത്.

മാര്‍ഗിസതിയുടെ അവതരണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രചാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും മാര്‍ഗി സതിയുടെ പ്രശസ്തി വ്യാപിച്ചു. 2001ല്‍ പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന അവതരണം, ജിംഹെ ഫെസ്റ്റിവലിലെ അവതരണം, ദുബായ്‌യില്‍ നടന്ന ഇന്തോ- അറബ് ഫെസ്റ്റിവലിലെ അവതരണം,സിംഗപ്പൂര്‍ സൂര്യ ഫെസ്റ്റിവലിലെ അവതരണം എന്നിവ മാര്‍ഗിസതിയുടെ വിദേശത്തെ ശ്രദ്ധേയമായ ചില അരങ്ങുകള്‍. മാര്‍ഗി സതിയുടെ അഭിനയം ചലച്ചിത്ര ലോകവും പ്രയോജനപ്പെടുത്തി. സ്വപാനം, ഇവന്‍ മേഘരൂപന്‍, ദൃഷ്ടാന്തം, നോട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാർഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ.

2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ സതിയെ കലാമണ്ഡലം കൂടിയാട്ട വിഭാഗത്തില്‍ അധ്യാപികയായി നിയമിച്ചു. മന്ത്രിസഭ തീരുമാനിച്ചുള്ള നിയമനം ആദ്യമായിട്ടായിരുന്നു. കലാമണ്ഡലത്തിന്റെ നാട്യഗൃഹത്തില്‍ ശൂര്‍പ്പണഖാങ്കത്തിലെ സീതയായിരുന്നു മാര്‍ഗ്ഗി സതിയുടെ അവസാന വേഷം. കൂടിയാട്ടം കലാമണ്ഡലത്തില്‍ പാഠ്യവിഷയമായതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സപ്തംബര്‍ 28നായിരുന്നു സതിയുടെ അവസാന അരങ്ങ്.മാർഗി സതി അവസാനമായി രചിച്ച ശ്രീരാമചരിതം അരങ്ങിലെത്തിച്ച് മകൾ രംഗശ്രീ രേവതിയായിരുന്നു . ശ്രീരാമചരിതം നങ്ങ്യാർകൂത്തിന്റെ അവതരണം നാൽപത്തിയൊന്ന് ദിവസംകൊണ്ടാണ് മകൾ പൂർത്തിയാക്കിയത്.

അർബുദരോഗത്തെ തുടർന്ന് 2015 ഡിസംബർ ഒന്നാം തിയതി മാർഗി സതി  അന്തരിച്ചു.
   
പുരസ്ക്കാരങ്ങൾ

സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, 1997
കേരള സംഗീത നാടക അക്കാദമി അവാർഡ്, 2002
കലാദർപ്പണം അവാർഡ്, 2008
തുഞ്ചൻ സ്മാരക സമിതിയുടെ നാട്യരത്നപുരസ്കാരം, 2008