ഭാഷയുടെ രാഷ്ട്രീയം

മലയാള ഭാഷയുടെ രാഷ്ട്രീയം

മലയാള ഭാഷ എന്നത് സാമൂഹിക ഉച്ചനീചത്വങ്ങളെ വെളിവാക്കുന്നതും ജാതീയ ശ്രേണികളെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തുപോന്ന ഒന്നായിരുന്നു. നമ്പൂതിരി മുതൽ കീഴാളർ വരെയുള്ള വിഭാഗങ്ങൾക്ക് വ്യത്യസ്ത ഭാഷകളും പദങ്ങളുമായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്. ഒരേ കാര്യത്തിനെ ഒരേ വസ്തുവിനെ സൂചിപ്പിക്കാൻ നമ്പൂതിരിയും കീഴാളരും വെവ്വേറെ പദങ്ങളാണ് ഉപയോഗിച്ചിരുന്നത്. സവർണ്ണ വിഭാഗങ്ങൾ ഉപയോഗിയ്ക്കുന്ന ഭാഷയോ പദങ്ങളോ കീഴാള വിഭാഗങ്ങൾക്ക് ഉപയോഗിയ്ക്കാൻ അനുമതിയില്ലായിരുന്നു. 

ജാതിശ്രേണിയിൽ ഉയർന്ന പദവിയിൽ ഉള്ളവർ, സാമൂഹ്യശ്രേണിയിൽ സമന്മാരായവരെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദങ്ങൾ ഉപയോഗിച്ചല്ല, തങ്ങളേക്കാൾ താഴ്ന്ന ജാതിയിലുള്ളവരെ അഭിസംബോധന ചെയ്തിരുന്നത്. ‘എടുക്കൂ ‘, ‘ഇരുന്നോളൂ‘ എന്നെല്ലാം  സമന്മാരോട് പറയുന്ന സവർണ്ണർ  തന്നേക്കാൾ താഴ്ന്ന ജാതിയിലും സാമൂഹ്യപദവിയിലുമുള്ള ഒരാളോട് ‘എടുക്ക്‘, ‘ഇരിക്ക്‘ എന്നെല്ലാം ശാസനയുടെയോ, നിർബന്ധത്തിന്റെയോ സ്വരത്തിലേ സംസാരിക്കുമായിരുന്നുള്ളൂ എന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് തൻ്റെ ആത്മകഥയായ ‘എന്റെ സ്മരണകളി’ ൽ (1964) വ്യക്തമാക്കുന്നുണ്ട്. (1)

താഴ്ന്നജാതിക്കാർ ഉയർന്നജാതിയിലുള്ളവരെ അഭിസംബോധന ചെയ്യുമ്പോൾ അവർ അഭിസംബോധന ചെയ്യുന്നവരെയും, അവരുടെ വസ്തുക്കളെയും സൂചിപ്പിക്കാനായി ഒരു കൂട്ടം വാക്കുകളും, എന്നാൽ ഇതിനു സമാനമായി അവരവരെയും, സ്വന്തം വസ്തുക്കളെയും സൂചിപ്പിക്കാനായി മറ്റുചില വാക്കുകളും  ഉപയോഗിച്ചിരുന്നു. 

നമ്പൂതിരിയോ, തമ്പുരാനോ ഉടുക്കുന്ന വസ്ത്രത്തെപ്പറ്റി ഒരു അവർണ്ണൻ ‘ആദരഭാഷ’യിൽ  ‘ഉടയാട‘ എന്ന് പറയുമ്പോൾ സ്വന്തം വസ്ത്രത്തെ സൂചിപ്പിക്കാനായി അയാൾ ‘വിനയഭാഷ’യിൽ  ‘കീറൽ‘, ‘പഴമുണ്ട്‘, ‘പഴന്തുണി‘ തുടങ്ങിയ വാക്കുകളേ ഉപയോഗിക്കാവൂ എന്നതായിരുന്നു വ്യവസ്ഥ. (2)

സമൂഹത്തിൻറെ താഴെ തട്ടിലുള്ളവർ മേൽ തട്ടിലുള്ളവരോട് സംസാരിക്കുന്ന ഭാഷയാണ് ആചാരഭാഷ. വ്യക്തി നാമങ്ങളിൽ പോലും ജാതി പ്രകടമായിരിയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ഒരാളുടെ സംസാര രീതിയിൽ നിന്നും അയാളുടെ സാമൂഹ്യ നില നിർണ്ണയിക്കാനാകുമായിരുന്നു.

താഴ്ന്ന ജാതിക്കാർ പുതുമയുള്ള പേരുകളോ ഫാഷൻ പേരുകളോ മക്കൾക്ക് ഇടാൻ പാടില്ലായിരുന്നു. പൊക്കൻ, കുഞ്ഞൻ, കറുപ്പൻ, കാളി എന്നിങ്ങനെയായിരുന്നു അവർണ്ണ ജാതിക്കാരുടെ പേരുകൾ. കീഴാളൻ സ്വന്തം കുട്ടികളെ അടികിടവ് എന്നും അച്ഛൻ, അമ്മ എന്നിവരെ പഴതന്ത, പഴതള്ള, എന്നിങ്ങനെയാണ് പറയാൻ പാടുള്ളൂ. സവർണ്ണന്റെ കുട്ടികൾ ഉണ്ണികളാണ്.


സവർണ്ണർ മനയിലും, ഇല്ലത്തും, കോവിലകത്തും, മഠം, വീട് തുടങ്ങിയവയിൽ കിടക്കുമ്പോൾ അവർണ്ണർ കിടക്കുന്നത് കുപ്പമാടത്തും ചാളയിലും ആയിരുന്നു. സവർണ്ണൻറെ കുളിക്ക് നീരാട്ട് കുളിയും അടിയാളൻറെ കുളി നനയലുമാണ്. സവർണ്ണൻ എണ്ണ തേയ്ക്കുന്നതിനു ഒളെപെണ്ണ തേയ്ക്കലും അവർണ്ണന് അത് മെഴുക്കു പുരട്ടലും ആണ്. വസ്ത്രം സവർണ്ണ ഉടയടയാണ്. ചുറ്റുന്ന തുണി മുണ്ടാണ് അവർണ്ണന്റേത്. നായരുടെ ‘ഉപ്പേരി’ ഉപ്പേരിയും അവർണ്ണ ‘ഉപ്പേരി’ കരിക്കാടിയുമാണ്. വെറ്റില നമ്പൂതിരിക്ക് വെറ്റിലയാകുമ്പോൾ അവർണ്ണനതു ചവറില ആയിരുന്നു.

സവർണ്ണ വിവാഹം വേളിയും/ സംബന്ധവും ആകുമ്പോൾ അവർണ്ണ വിവാഹം കട്ടിലേറ്റമാണ്. തമ്പുരാട്ടി പ്രസവിച്ചാൽ തിരുവയർ ഒഴിയും! കീഴ്ജാതിക്കാരി പ്രസവിച്ചാൽ കുലം പിഴയ്ക്കലും. ഉണ്ണികൾ പിറക്കുന്ന ദിവസം തിരുന്നാളും അടിയകിടാങ്ങളുടെ പിറന്നാൾ ‘പഴന്നാളും ആണ്. കീഴാള ബുദ്ധി ചെറു ബുദ്ധിയാണ് സവർണ്ണ ബുദ്ധിയാണ് ബുദ്ധി. പഴങ്കണ്ണ്‌, പഴമനസ്സ്, എന്നിവ കീഴാളൻറെയാണെങ്കിൽ ശരിയായ കണ്ണും മനസ്സും മേലാളൻറെയാണ്. 

ഇന്ന് പ്രചാരത്തിലിരിയ്ക്കുന്ന ഭാഷ ഇതിൽ ഏതു വിഭാഗത്തിൽപ്പെട്ടതാണെന്നും ഭാഷയുടെ സാംസ്ക്കാരിക ജാതി പരിണാമത്തെക്കുറിച്ചും കൂടുതൽ സംവാദങ്ങൾ നടക്കേണ്ടതുണ്ട്. അത്തരം സംവാദങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. പ്രതികരിയ്ക്കുന്നവർ സഭ്യമായ ഭാഷയിൽ പ്രതികരിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. 

References

References

1) കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, ൻ്റെ സമരണകൾമൂന്നാം ഭാഗം, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1964, പുറം 264 – 266.

2) ൻ്റെ സമരണകൾ, പുറം 252-260.

http://ala.keralascholars.org/issues/24/malayalam-language-identity/