ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ
നൂറിലേറെ സ്ത്രീകൾ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച സമരമാണ് തോൽ വിറക് സമരം. സ്ത്രീകൾ നയിച്ച പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു ഇത്. ചീമേനി എസ്റ്റേറ്റിലാണ് ഈ സമരം നടന്നത്. ഇടതുപക്ഷ പ്രവർത്തകനായ സുബഹ്മണ്യൻ തിരുമുമ്പിന്റെതായിരുന്നു ചീമേനി എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിലെ കർഷക സ്ത്രീകൾ എസ്റ്റേറ്റ് പ്രദേശത്തെ വിറകും തോലുമൊക്കെ ശേഖരിച്ച് കത്തിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും ഉപയോഗിച്ചിരുന്നു. തിരുമുമ്പ് എസ്റ്റേറ്റ് ജോൺ കൊട്ടുകാപ്പള്ളിക്കു കൈമാറി. ഇദ്ദേഹം പഴയതുപോലെ വിറകും തോലുമൊന്നും എടുക്കാൻ സ്ത്രീകളെ സമ്മതിച്ചില്ല. കാലങ്ങളായി ഇതുപയോഗിച്ചുവന്ന സ്ത്രീകൾക്ക് ഇത് അവരുടെ അവകാശലംഘനമായി അനുഭവപ്പെട്ടു. ഇവർ സംഘം ചേർന്നു പ്രതിഷേധിച്ചു. സഹായത്തിനായി ഇവർ കർഷകസംഘത്തിന്റെ സഹായത്തോടെ സംഘടിതമായി പ്രതിഷേധം ആസൂത്രണം ചെയ്തു. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭാര്യയായ കാർത്ത്യായിനിയമ്മയായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. അവർ ജന്മിയായിരുന്നതുകൊണ്ട് നേരിട്ട് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ആളുകളെ സംഘടിപ്പിക്കുന്നതിൽ അവരുടെ പങ്ക് ചില്ലറയല്ല. സമരക്കാർക്ക് പാടാനായി കെ.എ. കേരളീയൻ ഒരു പാട്ടെഴുതി യുണ്ടാക്കിയിരുന്നു.
തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടഞ്ഞെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം
....... ........ ........ ....... ...........
കാവൽക്കാരേ സൂക്ഷിച്ചോളു
കാര്യം വിട്ടുകളിച്ചീടേണ്ട
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല
ഈ പാട്ട് പാടിക്കൊണ്ട് നൂറിലേറെ സ്ത്രീകൾ എസ്റ്റേറ്റിലേക്ക് മാർച്ച് ചെയ്തു. പോലീസവരെ തടഞ്ഞു, അറസ്റ്റ് ചെയ്തു. പക്ഷെ, തോലിനും വിറകിനുമുള്ള അവകാശം പുനസ്ഥാപിച്ച് കിട്ടുന്നതുവരെ ഇവർ പിന്മാറിയില്ല. കേരളചരിത്രത്തിൽതന്നെ എടുത്തുപറയത്തക്ക സംഭവമായിരുന്നു ഇത്. ദേവി, കാർത്ത്യായനി, ചെട്ടിച്ചി പാറു എന്നിവരായിരുന്നു ഈ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന മറ്റു സ്ത്രീകൾ.
(ശ്രീമതി തിരുമുമ്പ്, ദേവി, കാർത്ത്യായനി എന്നിവരുമായി നടത്തിയ അഭിമുഖം അടിസ്ഥാനമാക്കി തയ്യാറാക്കിയത്.)
References
ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ.. ടി കെ ആനന്ദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2006