ഇരിപ്പ് സമരം
തുണിക്കടകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ രാവിലെ മുതൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒന്ന് നടുനിവർത്താനോ കച്ചവടം ഇല്ലാതിരിയ്ക്കുന്ന അവസരങ്ങളിൽ വിശ്രമിക്കാനോ അവസരമുണ്ടായിരുന്നില്ല. പീരീഡ്സ് സമയങ്ങളിൽ പോലും നിരന്തരം നിന്ന് പണിയെടുക്കേണ്ട അവസ്ഥയായിരുന്നു സ്ത്രീകൾക്ക്. ഇതിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും അപേക്ഷിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്നാണ് 2014-ലെ അന്തർദ്ദേശീയ തൊഴിലാളി ദിനത്തിൽ തുണിക്കടകളിലെ സ്ത്രീകളുടെ ഇരിപ്പവകാശത്തിനുവേണ്ടി ചരിത്രപരമായ സമരം ആരംഭിച്ചത്.
മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തരുവിലൂടെ തലയിൽ കസേരകളുമേന്തിയാണ് സ്ത്രീ തൊഴിലാളികൾ സമരത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആലപ്പുഴയിലും തൃശൂരിലേക്കും മറ്റ് ജില്ലകളിലേക്കുമെല്ലാം ഇരിപ്പ് സമരം വ്യാപിക്കുകയായിരുന്നു. നിരന്തരമായ സമരങ്ങൾക്കൊടുവിൽ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറായി.
2018 -ൽ ലോകത്തെ സ്വാധീനിച്ചവരിൽ ബിബിസി തിരഞ്ഞെടുത്ത 100 സ്ത്രീകളിൽ ഇരുപ്പ് സമരത്തിന്റെ നേതൃത്വം വഹിച്ച പെൺകൂട്ട് എന്ന സംഘടനയുടെ ഭാരവാഹിയായ വിജി പെൺകൂട്ടും ഉൾപ്പെട്ടിരുന്നു.