ചാന്നാർ ലഹള

 ചാന്നാർ ലഹള

channar

 

തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ്‌ മറിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള. തെക്കൻ തിരുവിതാംകൂറിലും തമിഴ്നാട്ടിലുമുള്ള നാടാർ സമുദായത്തെ കഴിഞ്ഞ നൂറ്റാണ്ടിൽ ചാന്നാർ എന്നാണ് വിളിച്ചിരുന്നത്.1926ൽ മദിരാശി സർക്കാർ ചാന്നാർ എന്ന ജാതിപ്പേരുമാറ്റി നാടാർ എന്നാക്കികൊണ്ട് ഉത്തരവിറക്കി.  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ സമരം മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു.ഹിന്ദുമതത്തിൽ നിന്നും ക്രസ്തു മതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽവസ്ത്രം ഉപയോ​ഗിക്കാൻ തുടങ്ങിയതുമുതൽ സവർണഹിന്ദുക്കൾ അതിനെതിരെ ആക്രമണമഴിച്ചുവിട്ടു.  മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു1. 

     ചാന്നാർ ലഹള  ഒരു ചെറു കാലയളവിലുണ്ടായ സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് ഈ പ്രക്ഷോഭത്തിന് തുടക്കം കുറിക്കപ്പെട്ടത്. റാണി ​ഗൗരി പാർവ്വതീഭായി തിരുവിതാംകൂർ ഭരിച്ചിരുന്ന കാലമായിരുന്നു അത്. ക്രിസ്ത്യൻ മിഷണറിമാരുടെ വരവ് കേരളത്തിൽ സാമൂഹികമായ മാറ്റങ്ങളുണ്ടാക്കി. മതപ്രചരണത്തോടൊപ്പം പിന്നോക്ക അധ:സ്ഥിത വർ​ഗക്കാരുടെ സാമ്പത്തിക,സാമൂഹിക,വിദ്യാഭ്യാസ ഉന്നമനം കൂടി അവർ ലക്ഷ്യമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി തെക്കൻ തിരുവിതാം കൂറിലെ തോവാള, അ​ഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട്, നെയ്യാറ്റിൻകര എന്നീ താലൂക്കുകളിൽ മിഷണറിമാരുടെ പ്രവർത്തനം വ്യാപിച്ചു.അതിന്റെ ഫലമായി ആ പ്രദേശങ്ങളിലെ ചാന്നാർ സമുദായത്തിൽ വമ്പിച്ച ഒരു വിഭാ​ഗം ക്രിസ്തുമതം സ്വീകരിച്ചു.ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾ മിഷനറി പ്രവർത്തകരായ സ്ത്രീകളുടെ നിർദ്ദേശപ്രകാരം അവരുടെ പഴയവേഷം ഉപേക്ഷിച്ചു. തിരുനെൽവേലിയിലെ ചാന്നാർ സ്ത്രീകൾ മാറുമറച്ച് നടക്കുന്നത് അവർക്ക് പ്രേരണയായി തീരുകയും ചെയ്തു. മിഷനറി സ്ത്രീകൾ അവർക്കായി ഒരു തരം അയഞ്ഞ കുപ്പായത്തിന് രൂപം നൽകുകയും അതിന് ജാക്കറ്റ് എന്ന പേര് നൽകുകയും ചെയ്തു. 

    ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയിൽ എത്തി. ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ ഈ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. സവർണജാതിയിൽപ്പെട്ടവർ ചേർന്ന് അവരെ ബലാൽക്കാരമായി പിടിച്ചു നിറുത്തി, ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം.
​ഗത്യന്തരമില്ലാതെ ചാന്നാർ സ്കത്രീൾ തങ്ങൾ നേരിടുന്ന പ്രശ്നം ക്രസ്ത്യൻ മിഷണറിമാരുടെ മുന്നിൽ ബോധിപ്പിച്ചു. മിഷണറിമാരിൽ പ്രധാനിയായിരുന്ന റവ:മീഡ്, പത്മനാഭപുരം കോടതിയിലേക്ക് കേസ് റഫർ ചെയ്തു. കോടതിവിധി ചാന്നാർസമൂഹത്തിന്  അനുകൂലമായിരുന്നു. ചാന്നാന്മാർ ക്രിസ്ത്യാനികളായതുമുതൽ ചാന്നാന്മാരല്ലാതായെന്നും അതിനാൽ ക്രിസ്ത്യാനികൾക്കനുവദിച്ചിട്ടുള്ളതെല്ലാം അവർക്കും അനുവദിക്കേണ്ടതാണെന്നും ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാട്ടികൾ കുപ്പായം ധരിച്ചു എന്നത് നിയമപരമായി തെറ്റല്ല എന്നുമായിരുന്നു വിധിയുടെ ചുരുക്കം.


    1823-ൽ (998 ഇടവം 1 ന്) പത്മനാഭപുരം കോടതി പ്രസ്താവിച്ച വിധിത്തീർപ്പിന്റെ പ്രസക്തഭാഗം ഇവിടെ ചേർക്കുന്നു: "A Complaint was lodged against some christians under their heathen names as Shannars for not paying the arrears of the toddy rent and for their women wearing upper cloth when it was decreed that they were to be fined in consequence of their women wearing an upper cloth. An appeal being made to this as there was a Proclomation allowing the christians to Wear an upper cloth the Court wrote to the Rev: Charls Mead to enquire if these people were christians and if their religion required them to wear the upper cloth. Rev: Mead repliedthat the Shannars and such other caste women as have embraced christianity ought to wear an upper cloth for the sake of decency when they go to the Church, the fairs, markets, and similar places and that they were instructed to do so and if that it ought to be so ordered agreeably to Christianity. It is accordingly decreed that Shannoo Neelankutty, and others were not to be fined for allowing their women to wear upper
cloth but only for other complaints against them". (c. M. Aguir.The church History of Travancore P. 780)

       കോ‌ടതിവിധിയെത്തുടർന്ന് ചാന്നാർസ്ത്രീകൾ മേൽമുണ്ട് ധരിച്ച് നടന്നുതുടങ്ങി. എന്നാൽ കോടതിവിധിയെ എതിർത്തുകൊണ്ട് സവർണർ മുന്നോട്ട് വരുകയാണുണ്ടായത്. യേശു അടിയാൾ, നീതി അടിയാൾ എന്നീരണ്ടു ചാന്നാർ സ്ത്രീകളെ കൽക്കുളത്തുവെച്ചു ചിലസവർണർ ചേർന്നു ബലാൽക്കാരമായി പിടിച്ചുനിർത്തി അവരുടെ കുപ്പായം വലിച്ചുകീറി അസഭ്യം പറഞ്ഞു അപമാനിച്ചയച്ചു. ക്രിസ്ത്യൻ മിഷനറിമാർ നടത്തിവന്ന പല പള്ളിക്കൂടങ്ങളിലും സവർണ്ണർ കടന്നുചെന്ന് ശല്യം ചെയ്തു. അവിടെ പഠിച്ചിരുന്നവരിൽ ഭൂരിപക്ഷവും ചാന്നാർ കുട്ടികളായിരുന്നു. പുസ്തകങ്ങൾ കീറിയെറിയുക, ജാക്കറ്റ് വലിച്ചുകീറുക, ഭീഷണിപ്പെടുത്തുക തുടങ്ങി അനേകം വിക്രിയകൾ അവർ ചെയ്തു.2 ഇതോടെ 1928ൽ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു.കലാപത്തെത്തുടർന്ന് ഒരു തീർപ്പുകൽപ്പിച്ചുകൊണ്ട് റാണി ​ഗൗരീപാർവതീഭായി 1929ൽ ഒരു വിളംബരം പ്രസ്ദ്ധീകരിച്ചു. 

   ചാന്നാട്ടികൾ മേലിൽ ശീലയിടുന്നതിന് യാതൊരു ന്യായവും ഇല്ലാത്തതിനാൽ ആയതു നിറുത്തിയിരിക്കകൊണ്ടും മേലൊള്ളതിന് അവർ മേൽശീല ഇട്ടു എന്നു വരികയും അരുത്. ചാന്നാന്മാരിൽ ക്രിസ്തുമാർ​ഗത്തിൽ ചേർന്നിരിക്കുന്നവരുടെ വകയിൽ ഒള്ള ചാന്നാട്ടികൾ മേലിൽ ശീല ഇട്ടുകൂടെന്നും അതിനുപകരം കുപ്പായം ഇട്ടുനടന്നുകൊള്ളാമെന്നും പരസ്യം ചെയ്യുന്നു. 2

   മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം  1859ൽ ചാന്നാർ ലഹളയുടെ രണ്ടാംഘട്ടം ആരംഭിച്ചു. കാരണം 1829ൽ ലഹള അവസാനിപ്പിച്ചെങ്കിലും ചാന്നാർ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ക്രൈസ്തവ ചാന്നാർ സ്ത്രീകൾ ജാക്കറ്റിനുമുകളിൽ മേൽമുണ്ടുകൂടി ധരിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും കലാപം ഉണ്ടായത്.  നയ്യാറ്റിൻകരയിലെ ചന്തയിലെത്തിയ ചാന്നാർ സ്ത്രീകൾ ജാക്കറ്റിനുമുകളിൽ മേൽമുണ്ടുകൂടി ധരിച്ചാണ് എത്തിയത്. ഇതിൽ പ്രകോപിതനായ സവർണയുവാവ് യുവതിയെ തടഞ്ഞ് നിർത്തി ജാക്കറ്റും മേൽമുണ്ടും വലിച്ചുകീറി അപമാനിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും സവർണരു‌ടെ മനോഭാവത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ചാന്നാർ സമൂഹത്തിൽ പെട്ടവർ തിരിച്ചടിക്കാതെ നേരെ കോടതിയെ അഭയം പ്രാപിച്ചു. എന്നാൽ സവർണയുവാവിന് ചെറിയൊരു പിഴമാത്രമാണ് കോടതി ഈടാക്കിയത്. എന്നാൽ പിഴടച്ച് പുറത്തിറങ്ങിയ അയാൾ മറ്റൊരു ചാന്നാർ സ്ത്രീയുടെ മേൽമുണ്ട് വലിച്ചുകീറുകയാണുണ്ടായത്. ഇതോടെ ലഹളവീണ്ടും പൊട്ടി പുറപ്പെട്ടു. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.
  
    ഒരു സമുദായക്കാരോ സർക്കാരോ ഇതര സമുദായങ്ങളുടെ മതപരവും സാമൂഹികവുമായ ആചാരങ്ങളിൽ  ഇടപെടരുത്. നിയമത്തിനു മുമ്പിൽ എല്ലാ ജനങ്ങളും തുല്യരാണ് എന്ന് 1958ൽ ബ്രിട്ടീഷ് ചക്രവർത്തി വിളംബരം ചെയ്തിരുന്നു. ചാന്നാർ ക്രിസ്ത്യൻ നേതാക്കൾ അന്നത്തെ ദിവാനായിരുന്ന സർ ടി മാധവരായരെ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. എന്നാൽ മെമ്മോറാണ്ടം സമർപ്പിച്ച് പുറത്തിറങ്ങിയ നതാക്കളെ സവർണരും ഉദ്യോ​ഗസ്ഥരും ചേർന്ന് മർദിച്ചു. വിവരമറിഞ്ഞ ക്രിസ്ത്യൻ മിഷണറിമാർ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ദിവാനെ നേരിൽക്കണ്ട് അഭിപ്രായപ്പെട്ടു. എന്നാൽ ദിവാന്റെ മറുപടി ഇപ്രകാരമായിരുന്നു. “1829 ലെ വിളംബരം പ്രാബല്യത്തിലിരിക്കുമ്പോൾ ക്രിസ്ത്യാനിയും ഹിന്ദുവുമായ ചാന്നാർ സ്ത്രീകൾ അതിലെ ചട്ടങ്ങൾക്കൊപ്പിച്ചു നടക്കണമെന്നുള്ളതു വളരെ സ്പഷ്ടമാണ്. ഇനി അഥവാ ഏതെങ്കിലും ഒരു കൂട്ടർക്ക് ഏതെങ്കിലും വ്യത്യാസം വേണമെന്നാഗ്രഹമുണ്ടെങ്കിൽത്തന്നെ ആവക കാര്യങ്ങൾ സർക്കാരിലേയ്ക്ക് നിവേദനം ചെയ്തു തീരുമാനമെന്തെന്നു കാത്തിരിക്കേണ്ടതാകുന്നു. അല്ലാതെ പൊതുസമാധാന ലംഘനത്തിന് ഇടവരുത്തരുത്''. ദിവാന്റെ ഈ പ്രഖ്യാപനം ക്രിസ്ത്യൻ മിഷണറിമാരെ കൂടുതൽ പ്രകോപിതരാക്കി.

     “ പത്മനാഭപുരത്തുനിന്നും ഒരു ഉദ്യോഗസ്ഥൻ കളിയിക്കാവിള എന്ന സ്ഥലത്തു വന്നു.  പ്രത്യേകമായി തനിക്കു ലഭിച്ച അധികാരത്തോടുകൂടി എത്തിയിരിക്കുകയാണെന്നു പറഞ്ഞു കൊണ്ട് ചാന്നാർ സ്ത്രീകളുടെ റവുക്ക് വലിച്ചുകീറാൻ തുടങ്ങി. അവകാശമില്ലാത്ത മേൽമുണ്ട് ചാന്നാട്ടികൾ ഉപയോഗിച്ചതിനാൽ റവുക്ക ധരിക്കാനുള്ള സ്വാതന്ത്ര്യത്തിൽനിന്നുകൂടി അവരെ ഒഴിവാക്കിയിരിക്കുന്നു എന്നറിയിച്ചുകൊണ്ടാണ് അയാൾ ആ ഹീനകൃത്യ ത്തിനൊരുമ്പെട്ടത്. അയാളുടെ നടപടിക്കു പിന്തുണ പ്രഖ്യാ പിച്ചുകൊണ്ട് സവർണർ രംഗത്തിറങ്ങി. ചാന്നാന്മാർ (നാടാന്മാർ) അതിനെ ചെറുത്തു. അവർ ഒരു സംഘടിതശക്തിയായി മുന്നോട്ടുവന്നു. അതിശക്തമായ ലഹള കളിയിക്കാവിളയിലും സമീപപ്രദേശങ്ങളിലുമുണ്ടായി''. ഇതോടെ കലാപം പൊട്ടിപുറപ്പെട്ടു പാറശ്ശാലയിൽ ആറ്  ക്രസ്ത്യൻ പള്ളികളും നയ്യൂരിൽ മൂന്നു പള്ളികളും ഒരു പള്ളിക്കൂടവും സവർണർ തീവെച്ചു നശിപ്പിച്ചു. 1859 ജനുവരി നാലിന് നാ​ഗർകോവിവിവും കലാപം നടന്നു. ആരുവാമൊഴി,ചെമ്പൻവിള,അരുമനല്ലൂർ,ആണ്ടിത്തോപ്പ്,തിട്ടിവിള,മൈലാടി,വടക്കൻകര, കുഴിത്തുറ എന്നീസ്ഥലങ്ങളിലും ജനുവരി പത്താം തീയതി ആയതോടുകൂടി തെക്കൻ തിരുവിതാംകൂറിലാകമാനവും കലാപം വ്യാപിച്ചു.

   ലഹളയെ സമ്പന്ധിച്ച യഥാർത്ഥ വിവരങ്ങൾ ശേഖരിച്ച് നൽകാൻ അന്നത്തെ മദ്രാസ് ​ഗവർണർ ലോർഡ് ഹാരിസ്, തിരുവിതാംകൂർ റസിഡന്റ് ജനറൽ കല്ലനോട് ആവശ്യപ്പെ‌ട്ടു.  റിപ്പോർട്ട് പരിശോധിച്ചശേഷം മദ്രാസ് ​ഗവർണർ തിരുവിതാംകൂർ റസിഡന്റിന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. “ഭരണത്തിൻ കീർത്തിയും അപകീർത്തിയും ബ്രിട്ടീഷ് ഗവണ്മെൻറിനെ സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ട് കൂടി സഹിഷ്ണുതാപരമായ് ഒരു നയം അനുവർത്തിക്കേണ്ടതാണ്''.

തിരുവിതാംകൂർ സർക്കാർ ഇങ്ങനെ മറുപടി കൊടുത്തു. “ഭരണപ്രദേശങ്ങളിൽനിന്നും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടെ തിരുവിതാംകൂറിലുള്ളത്. പ്രത്യേകിച്ചും ജാതിയേയും മതത്തെയും സംബന്ധിക്കുന്ന കാര്യത്തിൽ നിർണായകമായ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിൽ വൈഷമ്യങ്ങൾ ഉണ്ടാകുന്ന നിരവധി സാഹചര്യങ്ങളെപ്പററി അനുസ്മരിപ്പിക്കേണ്ടതില്ലല്ലോ''

മദ്രാസ് ഗവർണർ, ജനറൽ കല്ലനു ശക്തിയേറിയ ഭാഷ യിൽ വീണ്ടും എഴുതി : “സത്യവും നീതിയും മാത്രമല്ല മനുഷ്യ സാധാരണമായ സർവ മനോവൃത്തികളും ഈ സംഗതിയിൽ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ നാം ഗൗരവപൂർവം പ്രവർത്തിച്ചില്ലെങ്കിൽ പരിഷ്കൃതലോകം മുഴുവൻ നമ്മെ പുച്ഛിക്കും. ഇന്ത്യൻ പ്രജകൾക്ക് വിചാര സ്വാതന്ത്ര്യവും. പ്രവർത്തന സ്വാതന്ത്ര്യവും നല്കണമെന്ന പ്രത്യേക ഉദ്ദേശ്യ ത്തോടുകൂടി ചക്രവർത്തിനി 1858 ൽ പ്രസിദ്ധീകരിച്ച വിളംബരത്തിനെതിരായി ഈ മാതിരി ജനപീഡനം നടത്തിവരുന്നു എന്നുള്ള അസാധാരണ സംഗതി ആലോചിച്ചു നോക്കിയാൽ നമുക്ക് ഈ കാര്യത്തിൽ ഇടപെടാതെ വയ്യ. തിരുമനസ്സിലെ (ബിട്ടീഷ് രാജ്ഞി) സ്വവർഗക്കാരായ സ്ത്രീജനങ്ങൾക്ക് വിളംബരത്തിൽ നല്കപ്പെട്ടിട്ടുള്ള രക്ഷാവാഗ്ദാനത്തിനെതിരായി കാര്യങ്ങൾ നടക്കുന്നുവെന്ന് അവിടുന്നു അറിയുമ്പോൾ എന്തു വിചാരിക്കുമെന്നു ഞാൻ വിവരിക്കണമെന്നില്ല. അതുകൊണ്ട് 1829 ലെ തിരുവി താംകൂർ രാജകീയ വിളംബരത്തിൽ അടങ്ങിയിരിക്കുന്ന ശാസനങ്ങൾ ഇക്കാലത്തിനോ, പരിഷ്കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്നു രാജാവിനെ അറിയിക്കേണ്ടതു നിങ്ങളുടെ ചുമതലയാകുന്നു....... ''

  ഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂലൈ 26 ന് ഉത്രം തിരു നാൾ മാർത്താണ്ഡവർമ മഹാരാജാവ് പ്രസിദ്ധം ചെയ്ത വിളംബരം ഇവിടെ ചേർക്കുന്നു, “ചാന്നാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ചു നഗ്നത മറയ്ക്കുന്നതിനുള്ള പൂർണസ്വാതന്ത്ര്യം ഇതിനാൽ അനുവദി ച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതുമാകുന്നു''. ഉയർന്ന ജാതിക്കാരെ അനുകരിക്കരുതെന്നു ചേർത്തിരുന്ന വ്യവസ്ഥ ഗവർണർക്കിഷ്ടമായില്ല. മഹാരാജാവിന് ഈ നിബന്ധനയും പിൻ വലിക്കേണ്ടിവന്നു.


ചാന്നാർ ലഹളയ കാരണമായി തിരുവിതാംകൂർ സ്റ്റേറ്റ്മാന്വൽ രണ്ടാം വാല്യത്തിൽ ഇപ്രകാരം രേഖപ്പെടുത്തിക്കുന്നു, “ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന് തിരുവിതാംകൂർ ഗവൺമെൻറ് ചെയ്തു കൊടുത്ത സജീവപരിരക്ഷകൾ നാഞ്ചിനാട് പ്രദേശങ്ങളിലെ ക്രിസ്തുമത വളർച്ചയ്ക്കു കാരണമായി. ഇതിന്റെ ഫലമായി ക്രിസ്തുമതം സ്വീകരിച്ച ചാന്നാന്മാർ ഈ പുരോഹിതന്മാരുടെ പിൻബലത്തിന്റെ ഊക്കിൽ സ്ഥലത്തെ ഉയർന്ന ഹിന്ദുജനതയ്ക്ക് ഭയകാരണങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു, ക്രിസ്തുമതം സ്വീകരിച്ച ചാന്നാന്മാർ ധരിക്കുന്ന വസ്ത്രത്തെ സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടു. പരമ്പരയായി നിലനിന്നുവരുന്ന ആചാരങ്ങളനുസരിച്ച് മേൽജാതി ഹിന്ദുക്കൾ ധരിക്കുന്നതുപോലെയുള്ള മേൽവസ്ത്രങ്ങൾ കീഴജാതിക്കാർ ഒരിക്കലും ധരിക്കാൻ പാടില്ലാത്തതാണ്. കേണൽ മൺ റോവിന്റെ ഭരണകാലത്ത് ഈ കീഴ്വർഗത്തിലെ സ്ത്രീകൾക്ക് ക്രിസ്ത്യൻ സ്ത്രീകളേയും മുഹമ്മദീയൻ സ്ത്രീകളേയും പോലെ ചട്ടക്കുപ്പായം ധരിക്കുന്നതിന് വിരോധമില്ലെന്നു ഒരു കല്പന പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നതാണ്. എന്നാൽ ഈ മാർഗം കൂടിയ സ്ത്രീകൾക്ക് ഉയർന്ന ഹിന്ദുക്കൾ ധരിക്കുന്ന മാതിരിയുള്ള അതേ വസ്ത്രങ്ങൾ വേണമെന്നു നിർബന്ധമായിരുന്നു. അതുകൊണ്ട് അവർ മുൻപ് അനുവദിച്ചിരുന്ന ഒരു ചട്ടക്കുപ്പായത്തിനുപുറമേ ഉയർന്ന ഹിന്ദുക്കൾ ധരിക്കുന്നമാതിരിയിൽത്തന്നെ ഒരു മേൽ മുണ്ട് ചുമലിൽ ചുറ്റിമറിച്ചുകൊണ്ട് പരസ്യമായി നടക്കാൻ തുടങ്ങി. ഇത് ഉയർന്ന വർഗക്കാർക്ക് അസഹനീയമായിരുന്നു,തോവാള, അഗസ്തീശ്വരം, ഇരണിയൽ, കൽക്കുളം, വിളവം കോട് എന്നീ തെക്കൻ പ്രദേശങ്ങളിലെല്ലാം ഗുരുതരമായ സമാധാന ലംഘനങ്ങളുണ്ടായി. 1829 ലെ വിളംബര പ്രകാരം ഈ ചാന്നാർ സ്ത്രീകൾക്ക് സഭ്യതയ്ക്കും സമാധാനത്തിനും ചേർന്നവണ്ണം ചട്ടക്കുപ്പായം ധരിക്കുന്നതിനു അനുവാദമുണ്ടായിരുന്നതാണ്. എന്നിട്ടും നിഷിദ്ധമായി കണക്കാക്കിയിരുന്ന ഒരു രീതിയിൽത്തന്നെ അവർ തുടർന്നു പെരുമാറി. മാത്രമല്ല മതപരിവർത്തനം ചെയ്യുന്നവരെ തിരുവിതാംകൂർ ഗവൺമെൻറ് മർദിച്ചുകൊണ്ടിരിക്കുന്നുവെന്ന ഒരു തെററിദ്ധാരണയും പുറമേ അവർ പ്രചരിപ്പിച്ചു. 1858 ഡിസംബറിൽ രണ്ടു കക്ഷികളും തമ്മിൽ പരസ്യമായ സംഘട്ടനമുണ്ടായി.മേൽജാതിക്കാർ ധരിക്കുന്നതു പോലെയുള്ള മേൽമുണ്ടുകൾ ധരിച്ച പരസ്യമായി നടന്ന ചില ചാന്നാർ സ്ത്രീകളെ സനാതനഹിന്ദുക്കൾ ആക്രമിച്ചു. ചാന്നാന്മാർ തിരിച്ചടിക്കുകയും ചെയ്തു''

 

References

References

1. ആർ രാധാകൃഷ്ണൻ (2010), കേരളത്തിലെ നവോത്ഥാനസമരങ്ങൾ, മാളുബൻ പബ്ലിക്കേഷൻസ്
2.ആർ രാധാകൃഷ്ണൻ,കേരളത്തിന്റെ സ്ത്രീശക്തിചരിത്രം,മാളുബൻ പബ്ലിക്കേഷൻസ്
3. ടി കെ വേലുപിള്ളൈ - The Travancore State Manual Vol.II. p.583
4.ചാന്നാർ ലഹള: നാടുണർത്തിയ നാടാർ കലാപം - http://dailyreports.in/2017/09/20/channar-lahala-revolt-             1813- to-1859-maru-marakkal-samaram/