ഹാപ്പി ടു ബ്ലീഡ്

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലെ പൊതു സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെയും ആർത്തവം അശുദ്ധമാണെന്ന പാട്രിയാർക്കി മനോഭാവത്തിനെതിരെയും നടന്ന ഓൺലൈൻ സമരമാണ് ഹാപ്പി ടു ബ്ലീഡ്

Happy TO Bleed
അശുദ്ധി പരിശോധിക്കാൻ മെഷീൻ സ്ഥാപിക്കുന്ന കാലത്ത് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന അന്നത്തെ ട്രാവൻകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ പരാമർശം സ്വാഭാവികമായും വിവാദങ്ങൾക്ക് വഴിവെച്ചു. 

ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ തുറന്നകത്തുമായി പട്യാലയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥിനി നികിത ആസാദ് എത്തി. ഈ ആധുനിക കാലത്തും ഇത്തരം ആചാരങ്ങൾ വച്ചുപിലർത്തുന്നതിനെതിരെ തന്റെ തുറന്ന കത്തിലൂടെ അവൾ വിമർശിച്ചു. ഭൂമിയിൽ മനുഷ്യർക്ക് ഉള്ള എല്ലാ അവയവവും തനിക്കുമെണ്ടെന്നും, സ്ത്രീകൾക്കുള്ള അവയവങ്ങൾ തനിക്കുണ്ടെന്നും പറഞ്ഞാണ് അവളുടെ കത്ത് ആരംഭിക്കുന്നത്. തന്റെ രക്തം ശബരിമലയെ മലിനപ്പെടുത്തുമെന്ന് അറിയുന്നതും ആർത്തവമുള്ള സ്ത്രീയെന്ന പേരിൽ തനിക്ക് ശബരിമലയിൽ പ്രവേശനമില്ലെന്ന് അറിയുന്നതും ഇപ്പോഴാണ്. അവൾ കത്തിൽ പറയുന്നു. ഗോപാലകൃഷ്ണന്റെ പ്രസ്താവനകൾ തന്നെ കോപാകുലയാക്കുകയല്ല മറിച്ച് വിഷമിപ്പിക്കുകയാണ് ചെയ്തതെന്നും അവൾ പറയുന്നു. 
 
ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചുവളർന്ന തന്നെ ദൈവങ്ങൾക്കുമുമ്പിൽ തല കുനിക്കണമെന്ന് പറഞ്ഞ് വളർത്തിയത് മാതാപിതാക്കളാണ്. പുരുഷനേയും സ്ത്രീയേയും ഒരേ അവകാശങ്ങളോടെയാണ് ദൈവം സൃഷ്ടിച്ചതെന്നും എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും അവർ പറഞ്ഞുതന്നു. എന്നാൽ ദൈവത്തിലുള്ള തന്റെ വിശ്വാസങ്ങൾ ഇപ്പോൾ നഷ്ടമായിരിക്കുകയാണ്. ആർത്തവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും സ്വന്തം കുട്ടികൾ അശുദ്ധരാണെന്ന് കരുതുന്ന ദൈവത്തെ വിശ്വസിക്കുന്നില്ലെന്നും നികിത പറയുന്നു. ഓരോ ഇരുപത് മിനിട്ടിലും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ ഓരോ സെക്കന്റിലും ഇവിടുത്തെ സ്ത്രീകൾ ഗാർഹികപീഡനത്തിന് ഇരയാകുന്നുമുണ്ട്. നിങ്ങളുടെ അഭിപ്രായം വച്ചു നോക്കുകയാണെങ്കിൽ അതിന് പിറകിലുള്ള കാരണവും രക്തം തന്നെയാണ്. ഇത്തരത്തിൽ രക്തമൊഴുക്കുന്ന സ്ത്രീകളെ അമ്പലത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ അമ്പലം സംരക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങൾ ഇത്തരം സംഭവങ്ങൾ തടയാൻ സ്ത്രീകളെ വീട്ടിലടച്ചിടണമെന്ന് ആവശ്യപ്പെടുമോ? നികിത ചോദിക്കുന്നു. 
 
നികിതയുടെ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലായത് പെട്ടന്നാണ്. നികിത തുടങ്ങി വച്ച ഹാപ്പി ടു ബ്ലീഡ് എന്ന ക്യാംപെയിൻ സോഷ്യൽ മീഡിയ ഉടൻ തന്നെ ഏറ്റെടുക്കുകയായിരുന്നു.