ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ.-പത്തിയിൽ പ്രിയദത്ത

പോരാട്ടങ്ങൾ -പത്തിയിൽ പ്രിയദത്ത

സവർണ്ണ ജാതിയിൽപ്പെട്ട സ്ത്രീകൾ വിദ്യാഭ്യാസത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. നമ്പൂതിരി സ്ത്രീകളുടെ കാര്യമെടുക്കുകയാണെങ്കിൽ അവരിൽ മിക്കവരും ഭർത്താക്കന്മാരോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനത്തിൽ ചേരുകയും പാർട്ടി ക്ലാസ്സുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം ലഭിച്ചാൽ അടുത്ത നടപടി തൊഴിൽ നേടലാണ്. ഇവർ ചർക്ക, നൂൽനൂൽപ് ഇവയിൽ പരിശീലനം നേടുകയും പലയിടത്തും തൊഴിൽ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തു. പത്തിയിൽ പ്രിയദത്ത ഈ സമുദായത്തിലെ ആദ്യത്തെ അധ്യാപികയായി അറിയപ്പെടുന്നു. ഇവർ "തൊഴിൽ കേന്ദ്രം' എന്ന നാടകത്തിൽ അഭിനയിക്കുകയും തൊഴിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാലിയം സത്യഗ്രഹത്തിലും ഇവർ പങ്കുവഹിച്ചിട്ടുണ്ട്. 1935 മുതൽക്കുതന്നെ ഇവർ പൊതുരംഗത്തുണ്ടായിരുന്നുവെങ്കിലും 1940-ലാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

പത്തിയിൽ പ്രിയദത്ത ജനിച്ചത് 1918-ലാണ്. എം.ആർ.ബി.യുടെ സഹോദരന്റെ മകളാണിവർ. അന്തർജ്ജനങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഇവർ ഇതിനെതിരായി പ്രതിഷേധിക്കുകയും സ്കൂളിൽ പോകുകയും ചെയ്തു. എന്നാലിവർ ആഢ്യ നമ്പൂതിരി സമുദായത്തിൽപെട്ടവരായതിനാൽ സ്കൂളിൽ മറ്റു പെൺകുട്ടികളുമായി ഇടപഴകാൻ അനുവദിച്ചിരുന്നില്ല. പ്രൈമറിക്ലാസ്സുകളിൽ വെറുമൊരു കോണകം ഉടുത്തുകൊണ്ടാണ് ഇവർ സ്കൂളിൽ പോയിരുന്നത്. കാരണം വസ്ത്രം മറ്റുള്ളവർ തൊടുകയും അങ്ങനെ അവർക്ക് അശുദ്ധി ഉണ്ടാവുകയും ചെയ്യുമെന്നായിരുന്നു അന്നത്തെ വിശ്വാസം. പ്രായപൂർത്തിയായതിന് ശേഷമാണ് മുണ്ടുടുത്തു തുടങ്ങിയത്. ഏഴാം ക്ലാസ് വരെ അഫന്റെ വീട്ടിൽ താമസിച്ചാണ് പ്രിയദത്ത പഠിച്ചത്. എന്നാൽ എം.ആർ. ബി. ഒരു വിധവയായ നങ്ങേമയെ വിവാഹം കഴിച്ചപ്പോൾ ആ കുടുംബത്തെ നമ്പൂതിരി സമുദായം ഭ്രഷ്ടാക്കുകയുണ്ടായി. അതോടുകൂടി പ്രിയദത്ത അച്ഛന്റെ വീടായ വന്നേരിയിലാണ് താമസിച്ചത്. വന്നേരിയിൽ നിന്നും കുന്ദംകുളംവരെ ദിവസവും സഞ്ചരിച്ചാണ് ഹൈസ്കൂൾ പഠനം തുടർന്നത്. 1936-ൽ നമ്പൂതിരി പെൺകുട്ടികൾക്കുമാത്രമായി ഒരു വിദ്യാർത്ഥിനി സദനം തുടങ്ങുകയുണ്ടായി. പക്ഷെ, പ്രായപൂർത്തിയായതുകൊണ്ടും വാർഡൻ ഒരു പുരുഷനായതുകൊണ്ടും പ്രിയദത്തയെ സ്കൂളിൽ പോകാൻ അനുവദിച്ചില്ല. എന്നാൽ, പിന്നീട് വാർഡനായി ചന്ദ്രമതിയമ്മ നിയമിതയായപ്പോൾ വീണ്ടും സ്കൂളിൽ ചേർന്ന് പഠനം തുടർന്നു. പ്രായപൂർത്തിയായതിനുശേഷം ഇവരെ സ്കൂളിൽ പറഞ്ഞയച്ചു എന്ന കാരണം പറഞ്ഞുകൊണ്ട് ഇവരെയും ഇവരുടെ കുടുംബത്തെയും സമുദായ ചടങ്ങുകളിൽ നിന്ന് ബഹിഷ്കരിക്കുകയുണ്ടായി.

തറവാട്ടിലെ ആൺകുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ട്യൂട്ടറെ ഏർപ്പാടാക്കിയതിനാൽ അവരോടൊപ്പം ഇംഗ്ലീഷു പഠിക്കാൻ പ്രിയദത്തയ്ക്കും അവസരം ലഭിച്ചു. നമ്പൂതിരി സമുദായത്തിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ ആദ്യത്തെ അന്തർജ്ജനമായിരുന്നു ഇവർ. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കോളേജ് പഠനം ഉണ്ടായില്ല. എറണാകുളത്തെ മഹാരാജാസ് ആയിരുന്നു ഏറ്റവും അടുത്ത കോളേജ്. അതിനാൽ 1940 വരെ ഇവർ വീട്ടിൽ വെറുതെയിരിക്കേണ്ടിവന്നു.
1940-ൽ നമ്പൂതിരി യുവജനസംഘത്തിലെ ഒരു സജീവ പ്രവർത്തകനായ നേതൻ ഭട്ടതിരിപ്പാടുമായി ഇവരുടെ വിവാഹം നടന്നു. പരമ്പരാഗത രീതിയിൽ നടന്ന ഒരു വിവാഹമായിരുന്നെങ്കിലും എം.ആർ.ബി. യുടെ വിധവാവിവാഹത്തിൽ സഹകരിച്ചതിന്റെ പേരിൽ ഇവരുടെ വിവാഹവും സമുദായം ബഹിഷ്ക്കരിച്ചു. അതേ വർഷം ഇവർ ചേർപ്പ് സി.എൻ.എൽ. ഹൈസ്കൂളിൽ അധ്യാപികയായി ചേർന്നു. നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ അധ്യാപികയും ഇവരായിരുന്നു.

തൊഴിലെടുത്തതിന്റെ പേരിലും വീട്ടിൽനിന്ന് മാറി താമസിച്ചതിന്റെ പേരിലും ഇവർക്ക് വളരെയധികം ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും ഇവരെ പുറത്താക്കിയിരുന്നു. സ്കൂൾ നേത്രൻ മാസ്റ്ററുടെ അച്ഛന്റെ മൂന്നാമത്തെ ഭാര്യയുടെ വീട്ടിനരികെയായിരുന്നു. എന്നാലവിടെ താമസിച്ചുകളയാമെന്ന് കരുതി പ്രിയദത്ത ബാഗും മറ്റു സാധനങ്ങളുമൊക്കെയെടുത്ത് അങ്ങോട്ടു ചെന്നു. പക്ഷെ, ഗെയ്റ്റ് കടക്കാൻ അവരെ സമ്മതിച്ചില്ല. സ്കൂളിൽ പോയി പഠിച്ചതും, പുറത്തു സ്കൂൾ ടീച്ചറായി മറ്റു ജാതിക്കാരൊപ്പം ജോലി ചെയ്തതുമായിരുന്നു, സമുദായത്തിന്റെ ദൃഷ്ടിയിൽ ഇവർ ചെയ്ത കുറ്റം. പക്ഷെ, സമുദായത്തിന്റെ എല്ലാ എതിർപ്പുകളും നേരിടാൻ ദത്ത തയ്യാറായി. അവർ തനിച്ച് പോയി തൃശ്ശൂരുള്ള സദനത്തിൽ താമസമാക്കി, ജോലി തുടരുകയും ചെയ്തു.1956 വരെ ഇവർക്ക് നേരെയുണ്ടായിരുന്ന സമുദായഭ്രഷ്ട് തുടർന്നു.

നമ്പൂതിരി നവോത്ഥാനപ്രസ്ഥാനത്തിൽ പ്രിയദത്ത സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. അവർ അന്തർജ്ജനസമാജങ്ങൾ ഉണ്ടാക്കി സ്ത്രീകളെ സംഘടിപ്പിക്കുകയും, വിദ്യാഭ്യാസം നേടി പാരമ്പര്യ ആചാരങ്ങളിൽ നിന്നും സാമുദായിക വിലക്കുകളിൽ നിന്നും സ്വതന്ത്രരാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ ആര്യാ പള്ളം, പാർവ്വതി നെന്മേനി മംഗലം, പാർവ്വതി മനെഴി തുടങ്ങിയവരോടൊപ്പം ഘോഷ ബഹിഷ്കര ണത്തിൽ സജീവമായി പങ്കെടുക്കുകയുമുണ്ടായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്പൂതിരി സമുദായത്തിലെ സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി ഇവർ അന്തർജ്ജനസമാജങ്ങളെ ഉപയോഗപ്പെടുത്തി. യാചനായാത്ര നടത്തി. ഒരു ഒഴിഞ്ഞ ചാക്കുമായി നാലഞ്ചു അന്തർജ്ജനങ്ങൾ ഇല്ലങ്ങൾ തോറും കയറിയിറങ്ങി അരിയും വസ്തുക്കളും ശേഖരിച്ചു. അതിൽ നിന്നുള്ള വരുമാനത്തിലാണ് ബാലികാ സദനം തുടങ്ങിയത്. പാലക്കാട്ടും തൃശ്ശൂരും നടത്തിയ യാചനായാത്രകളിൽ പലതും പ്രിയദത്തയുടെ നേതൃത്വത്തിലായിരുന്നു. 
 
നമ്പൂതിരി നവോത്ഥാന പ്രസ്ഥാനം പിളർന്നപ്പോൾ പ്രിയദത്ത അതിലെ ഇടതുപക്ഷ വിഭാഗത്തോട് ചേരുകയാണുണ്ടായത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാനായി സ്കൂളിൽ നിന്നു വിടുതൽ വാങ്ങി. പാർട്ടിക്ലാസ്സുകളിൽ ഇവർ സ്ഥിരക്കാരിയായിരുന്നു. ഒരുപക്ഷെ ഇവരൊരു സ്ത്രീ മാത്രമെ അന്ന് അന്തർജ്ജനങ്ങളുടെ കൂട്ടത്തിൽനിന്ന് പാർട്ടിക്ലാസ്സുകളിൽ പങ്കെടുത്തിരുന്നുള്ളൂ. 1948-നു ശേഷം അന്തർജ്ജനങ്ങൾ പതുക്കെയെങ്കിലും പൊതുവിദ്യാലയങ്ങളിൽ ചേരാൻ തുടങ്ങി. അടുത്തതായി സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു അവരുടെ ലക്ഷ്യം . ഇ.എം.എസ്സിന്റെ 1948-ലെ പ്രസിദ്ധമായ ഓങ്ങല്ലൂർ പ്രഭാഷണത്തിനു ശേഷം അന്തർജ്ജന സമാജങ്ങൾ അന്തർജ്ജനങ്ങൾക്കുള്ള തൊഴിൽകേന്ദ്രങ്ങൾ തുടങ്ങാനുള്ള പദ്ധതിയിട്ടു. സ്വാതന്ത്ര്യസമരപ്രസ്ഥാനവും ഇവർക്ക് പ്രചോദനം നൽകി. ഇവരിൽ കുറച്ചുപേർ ചേർന്ന് പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു തൊഴിൽ കേന്ദ്രം തുടങ്ങി. ഇവിടെ എംബ്രോയിഡറി, ചർക്കയിൽ നൂൽനൂൽപ്, നെയ്ത്ത്, തയ്യൽ എന്നിവയൊക്കെ പഠിപ്പിച്ചിരുന്നു. ഈ കേന്ദ്രത്തിന് മറ്റൊരു പ്രാധാന്യവും കൂടിയുണ്ട്. 1948 കാലത്താണ് നമ്പൂതിരി സമുദായത്തിൽ വിദ്യാഭ്യാസപരമായും, കുടുംബം, വിവാഹം തുടങ്ങിയ തലത്തിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നത്. സജാതീയ വിവാഹം നടന്നുതുടങ്ങിയെങ്കിലും സ്ത്രീധനപ്രശ്നം നിലനിന്നു. സ്തീധനം നൽകാൻ ശേഷിയില്ലാത്ത വളരെ പാവപ്പെട്ട നമ്പൂതിരി കുടുംബങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് അത്തരം കുടുംബങ്ങളിലെ പെൺകുട്ടികളെ സിർസി, സിദ്ധിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ എമ്പ്രാന്തിരിമാർക്ക് വിവാഹം കഴിച്ചുകൊടുക്കാൻ തുടങ്ങി. ഈ എമ്പ്രാന്തിരിമാർ പെൺപണം നൽകിയിരുന്നു. അതിനാൽ പെൺകുട്ടികളുടെ സമ്മതമില്ലാതെതന്നെ അഞ്ഞൂറും ആയിരവും രൂപയ്ക്ക് ഇത്തരത്തിലുള്ള വിവാഹങ്ങൾ നടന്നു. അന്തർജ്ജനസമാജങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കുകയും തൊഴിൽ കേന്ദ്രങ്ങൾ ഇത്തരം പെൺകുട്ടികൾക്കുള്ള ഒരഭയകേന്ദ്രമായി തീരുകയും ചെയ്തു. ലക്കിടിയിലെ തൊഴിൽകേന്ദ്രത്തിലെ ഒരു പ്രധാന വ്യക്തി പ്രിയദത്തയായിരുന്നു. നേത്രൻമാസ്റ്റർ അതിന്റെ വാർഡനും. 

പിന്നീട് ഈ കേന്ദ്രം പ്രസ്ഥാനത്തിന്റെ തന്നെ കേന്ദ്രബിന്ദുവായി മാറി. ഇവിടെയൊരു നാടകഗ്രൂപ്പ് ഉണ്ടായി. ഇത് സമുദായമാറ്റത്തിനുള്ള ത്വരിതഗമായിത്തീർന്നു. സ്ത്രീകൾ എഴുതി, സ്ത്രീകൾ തന്നെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു, അധികമൊന്നും അറിയപ്പെടാതിരുന്ന "തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന നാടകം ഈ ഗ്രൂപ്പിന്റെ സംഭാവനയാണ്. നാടകത്തിൽ വക്കീലായി പ്രിയദത്തയാണ് അഭിനയിച്ചത്. ഈ നാടകത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. 1929-ൽ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന വി.ടി.യുടെ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങളെ പുരുഷന്മാർ അവതരിപ്പിക്കുകയും, സ്ത്രീകൾ വെറും കാണികൾ മാത്രമായി, അതും വളരെ അപൂർവ്വം, മാറുകയുമാണ് ചെയ്തിരുന്നതെങ്കിൽ, 1948-ൽ "തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെപ്പോലും അവതരിപ്പിച്ചത് സ്ത്രീകളായിരുന്നു. പ്രിയദത്ത ഇതിൽ പുരുഷനായി അഭിനയിക്കുക മാത്രമല്ല, ഈ നാടകം കാണാൻ സ്ത്രീകളെ സംഘടിപ്പിക്കുകയും ചെയ്തു. 1948-ൽ ഈ നാടകം ഒൻപത് കേന്ദ്രങ്ങളിൽ അരങ്ങേറി.

ഈ കേന്ദ്രത്തിൽ നിന്നാണ് പ്രസിദ്ധമായ പാലിയം സത്യഗ്രഹത്തിനുള്ള പ്രവർത്തകരെ തെരഞ്ഞെടുത്തത്. അതിനെകുറിച്ച് പ്രിയദത്ത ഇങ്ങനെ പറയുന്നു: - “എല്ലാ ആഴ്ചയിലും ഞങ്ങൾ കൂടാറുണ്ട്. അന്ന്, സംഭവത്തിന്റെ തലേ ദിവസം ഞങ്ങളെല്ലാവരും തൊഴിൽ കേന്ദ്രത്തിൽ ഒത്തുചേർന്നു. പിക്കറ്റിങ്ങിന് വേണ്ടിയുള്ള പരിപാടികൾ പ്ലാൻ ചെയ്തു. ആര്യാ പള്ളം, ഇ.എസ്. സരസ്വതി, പ്രിയദത്ത കല്ലാട്ട്, പിന്നെ ഞാനും പങ്കെടുക്കാൻ തയ്യാറായി. അന്നാദ്യമായിട്ടാണ് ഒരന്തർജനം മറ്റൊരു ജാതിയിൽപ്പെട്ട സ്ത്രീകളുമായി യോജിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പാലിയം റോഡിൽ അവർണ്ണർക്ക് പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനായിരുന്നു പിക്കറ്റിങ്ങ്. ധാരാളം സ്ത്രീ പുരുഷന്മാർ പിക്കറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അന്തർജ്ജനങ്ങളായി ഞങ്ങൾ മൂന്നുപേരും. ജ്യോതി എന്നു പേരായ സ്ത്രീയോടൊപ്പം മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി അറസ്റ്റ് വരിച്ചു. പോലീസിന്റെ ലാത്തിച്ചാർജ് കഠിനമായിരുന്നു. ചൂരലുകൊണ്ട് അവർ ഞങ്ങളെ തലങ്ങും വിലങ്ങുമടിച്ചു. പതിനഞ്ചു മിനിട്ടോളം ഇത് തുടർന്നു. ഇപ്പോഴും അടിയുടെ പാട് എന്റെ ദേഹത്തുണ്ട്. (കാണിച്ചുതരുന്നു). അതിനുശേഷം ഞങ്ങളെ വാനിൽ കയറ്റി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അടുത്തതായി കല്ലാട്ട് പ്രിയദത്തയും മറ്റൊരു പെൺകുട്ടിയും പിക്കറ്റ് ചെയ്യാൻ മുന്നോട്ട് വന്നു. അവരെയും പോലീസ് മർദ്ദിച്ച് പോലീസ് വാനിൽ കയറ്റി. ഞങ്ങൾ ഓരോരുത്തരും മറ്റ് ജാതികളിൽപെട്ട സ്ത്രീകളോടൊപ്പമായിരുന്നു പിക്കറ്റിംഗ് നടത്തിയത്. ഇപ്പോഴും അതൊരു തെറ്റായിട്ടാണ് ബന്ധുക്കളും മറ്റും കാണുന്നത്."

പാലിയം സത്യഗ്രഹത്തിന്റെശേഷം സ്കൂളിൽനിന്നും അവധിയെടുത്ത് കുറച്ചുകാലം കമ്മ്യൂണിസ്റ്റു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. 

ഗവണ്മെന്റ് സ്കൂൾ കൊടകര, പൂങ്കുന്നം, അയ്യന്തോൾ എന്നിവിടങ്ങളിൽ പ്രിയദത്ത ജോലിചെയ്തിട്ടുണ്ട്. 1976-ലാണ് റിട്ടയർ ചെയ്യുന്നത്. 

ഇവർക്ക് മക്കളില്ല. നേത്രൻ മാസ്റ്ററോടൊപ്പം പാലക്കാട് വെള്ളിനേഴിയിൽ ആയിരുന്നു പ്രിയദത്ത താമസിച്ചിരുന്നത്. നേത്രൻമാസ്റ്റർ 2002-ലും പ്രിയദത്ത ടീച്ചർ 2005-ലും അന്തരിച്ചു. 


(അഭിമുഖം അടിസ്ഥാനമാക്കി തയ്യാറാക്കിയത്.)

References

References

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ..  ടി കെ ആനന്ദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2006