മലയാളത്തിലെ എഴുത്തുകാരികൾ
മലയാളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ കലാസാഹിത്യ വ്യവഹാരങ്ങളും പുരുഷനോട്ടത്തിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ പുരുഷന്മാർക്കൊപ്പമോ അതിലധികമോ കഴിവുകൾ ഉണ്ടായിരുന്ന സ്ത്രീകൾ പോലും മലയാളസാഹിത്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ശക്തമായ പുരുഷാധിപത്യം നിലനിൽക്കുമ്പോളും മലയാളസാഹിത്യത്തിൽ സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട് .
മലയാളസാഹിത്യത്തിന്റെ ആദ്യഘട്ടത്തെ പ്രതിനിധീകരിക്കുന്നവയാണ് സംഘംകൃതികൾ. സംഘകാലത്ത് തന്നെ സ്ത്രീകൾ സാഹിത്യത്യരംഗത്ത് ക്രീയാത്മകമായി പ്രവർത്തിച്ചിരുന്നു. ഔവ്വയാർ, കാകൈപാടിനിയാർ, നചെള്ളയർ എന്നിവർ അക്കാലത്തെ മികച്ച കവയിത്രിമാരാണ്. പരണർ, കപിലർ, തിരുവള്ളുവർ എന്നിവരുടെ സമകാലികയായിരുന്നു ഔവ്വയാർ. നറ്റിണൈയിലെ ഏഴു പാട്ടുകൾ, കുറുന്തൊകൈയിലെ പതിനഞ്ച് പാട്ടുകൾ, അകനാനൂറിലെ നാലു പാട്ടുകൾ, പുറനാനൂറിലെ മുപ്പത്തിമൂന്നുപാട്ടുകൾ എന്നിവ ഔവ്വയാർ രചിച്ചതാണ്. പാണ്ഡ്യരാജധാനിയിലെ ആസ്ഥാന കവിയായിരുന്നു ഔവ്വയാർ എന്ന് പറയപ്പെടുന്നു. രാജകൊട്ടാരങ്ങളിലും നാടുവാഴികൾക്കിടയിലും ഇവർക്ക് സ്വാധീനമുണ്ടായിരുന്നു. ഊരുകൾ തോറും കയറിയിറങ്ങി കർഷകരുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ മനസിലാക്കാൻ അവർ ശ്രമിച്ചിരുന്നു. അത്തിച്ചുടൻ, കോൻടായിവെന്തന് എന്നീ കൃതികൾ അവർ കുട്ടികൾക്കായി രചിച്ചതാണ് .മുതുരൈ, നൽവഴി എന്നീ കൃതികൾ വിദ്യാർത്ഥികൾക്കായി എഴുതിയവയാണ്. തത്വചിന്തകൾ ലളിതമായി പ്രതിപാദിക്കുന്നവയാണ് എല്ലാ രചനകളും. കവയിത്രി എന്ന നിലയിൽ ഉന്നതമായ സാമൂഹികപദവികൾ ഉണ്ടായിരുന്ന അവർ സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായാണ് പ്രവർത്തിച്ചത്. വളരെപ്രാചീനകാലത്ത് തന്നെ വിദ്യാസമ്പന്നരും ശക്തമായ സാമൂഹികബോധം പുലർത്തിയിരുന്നവരുമായ സ്ത്രീകൾ കേരളത്തിൽ ഉണ്ടായിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്
ഔവ്വയാരെ കൂടാതെ മുപ്പത്തിനാലിൽപരം കവയിത്രിമാരെ സംഘ സാഹിത്യത്തിൽ കാണാം. ആതിമന്തി, കാരക്കൽമാത, ആണ്ടാൾ , അലാലൂർ, കച്ചിപ്പെട്ടു നന്നകൈയ്യാർ, കഴർകീരൻഎയിറ്റി, കാകൈപ്പാടിനിയാർ, കാമക്കണ്ണിയാർ(കാമാക്ഷി ), നപ്പച്ചല്ലയാർ, കുറമകൾ ഇളവെയിനി, കുറമകൾ കുരുവെയിനി കാവർപെണ്ടു, തായങ്കണ്ണിയാർ, നചെനയി, നന്നകൈയാർ നെടുംപല്ലിയത്തായി, പെരുംകൊഴിനായൻമകൾ നക്കണ്ണയർ, പാരിയുടെ പുത്രിമാർ, പെയ്മകൾ ഇളവെയിനി, പൂങ്കണ്ണ് ഉതിരയാർ, മധുരൈ നൽവള്ളിയാർ, മാറോക്കത്ത് നപ്പച്ചല്ലയാർ, മുടത്താമക്കണ്ണിയാർ, വരുമുലയാ രത്തി, വെണ്മണിപ്പൂതി, വെൺപൂതി, വെണ്ണിക്കുയത്തിയാർ, വെള്ളിവീതിയാർ എന്നിവരും സംഘകാലത്തിലെ കവയിത്രിമാരാണ് .
തരവത്ത് അമ്മിണി അമ്മ
1895 ല്‍ പാലക്കാട് ജില്ലയിലെ വടക്കുന്തറയില്‍ ജനിച്ചു. തരവത്ത് അമ്മാളു അമ്മയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരും മാതാപിതാക്കള്‍. ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി. 1979 സെപ്റ്റംബര്‍ 16 ന് അന്തരിച്ചു. 1927 ല്‍ പ്രസിദ്ധീകരിച്ച “വീരപത്നി” എന്ന നോവലാണ് ആദ്യ കൃതി. “ആണ്ടാള്‍ ചരിതം”, “മീരാബായി”, “ശ്രീമതി തരവത്ത് അമ്മാളുഅമ്മ” എന്നീ ജീവചരിത്രങ്ങളും “ബദരീനാഥയാത്ര” എന്ന യാത്രാവിവരണവും “ബാലബോധിനി” എന്നൊരു ബാലസാഹിത്യകൃതിയും രചിച്ചിട്ടുണ്ട്. വ്യക്തി വിവരണങ്ങളിലെ സൂക്ഷ്മതയാണ് തരവത്ത് അമ്മിണി അമ്മയുടെ ജീവചരിത്ര രചനകളില്‍ പ്രതിഫലിക്കുന്നത്. ബാലസാഹിത്യവും രചിച്ചിട്ടുള്ള അവര്‍ക്ക് ആഖ്യാനത്തിലെ ലാളിത്യവും യഥാര്‍ത്ഥത്വവും ആദിമധ്യാന്തം സൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. തരവത്ത് അമ്മാളു അമ്മയുടെ ജീവചരിത്രത്തില്‍ നിന്നൊരു ഭാഗമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗ്രന്ഥകര്‍ത്രിയുടെ മാതാവായിരുന്ന ഈ പ്രശസ്ത സാഹിത്യകാരിയുടെ ജീവിതകഥ നല്ല പാരായണക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ജീവചരിത്രം മകള്‍ എഴുതണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മാളു അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷേ, തീരാദുഃഖങ്ങളുടെ ആഖ്യാനമായി മാറുന്ന ഒരു പുസ്തകം മരണശേഷം പുറത്തുവന്നാല്‍ മതിയെന്ന അഭിപ്രായമായിരുന്നു അമ്മയ്ക്ക്. അമ്മാളു അമ്മയുടെ ആത്മീയ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുകയാണ് മകള്‍. അവസാനകാലത്ത് അമ്മാളു അമ്മ കാണിച്ചിരുന്ന ധൈര്യത്തിന്റെ മാതൃകയായി നല്‍കിയിരിക്കുന്ന ഉദാഹരണങ്ങളെല്ലാം വായനക്കാരുടെ മനസ്സില്‍ പതിയുന്നവയാണ്.
“വീരപത്നി” (നോവല്‍). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1927. “ബാലബോധിനി” (ബാലസാഹിത്യം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1932. “ശ്രീമതി തരവത്ത് അമ്മാളു അമ്മ” (ജീവചരിത്രം). പാലക്കാട്: ഗ്രന്ഥകര്‍ത്രി, 1937. “മീരാബായി” (ജീവചരിത്രം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1940. “ബദരീനാഥയാത്ര” (യാത്രാവിവരണം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1951. “ആണ്ടാള്‍ ചരിതം” (ജീവചരിത്രം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1954.
തരവത്ത് അമ്മാളു അമ്മ
1873 ഏപ്രില്‍ 26 ന് പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തിലാണ് അമ്മാളു അമ്മ ജനിച്ചത്. തരവത്ത് കുമ്മിണിയമ്മയും ചിങ്ങച്ചംവീട്ടില്‍ ശങ്കരന് നായരുമാണ് മാതാപിതാക്കള്‍. ഡോ. ടി. എം. നായരുടെ സഹോദരിയാണ്. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടിയിട്ടുണ്ട്. കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാന് തയ്യാറായെങ്കിലും അവര്‍ അതു സ്വീകരിച്ചില്ല. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ നാടുകടത്തിയ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കും കുടുംബത്തിനും അഭയം നല്‍കുക വഴി അവർ തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. 1936 ജൂണ്‍ 6 ന് അന്തരിച്ചു. മൗലിക കൃതികള്‍ കൂടാതെ സംസ്കൃതത്തില്‍ നിന്നും തമിഴില്‍ നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. കുംഭകോണം ടി. എസ്. സ്വാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ച ഒരു തമിഴ് ഗ്രന്ഥത്തിന്റെ പരിഭാഷയാണു “കോമളവല്ലി”. ‘സത്യം ജയതി നാന്യതം’ എന്ന ആപ്തവാക്യത്തെ ഈ നോവല്‍ ദൃഷ്ടാന്തീകരിക്കുന്നു. മനുഷ്യനിര്‍മിതങ്ങളായ കപടകവാടങ്ങള്‍ ഒന്നൊന്നായി സാവധാനത്തില്‍ ഭേദിച്ച് സത്യം ജയം പ്രാപിക്കുന്നത് ഈ നോവലില്‍ നമുക്ക് കാണാം. പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഈ കഥാനായികയുടെ പരിശുദ്ധമായ മനോഗതിയും ദുര്‍ഘടം നിറഞ്ഞ ജീവിതഗതിയും വായനക്കാരുടെ മനസ്സില്‍ സത്യശ്രദ്ധ, അത്ഭുതം, സന്താപം ഇവയെ അങ്കുരിപ്പിക്കും. സ്വാര്‍ത്ഥപരിത്യാഗം, പരോപകാരതല്പരത, ദീനദയാലുത്വം, പാപഭീരുത്വം, പിതൃഭക്തി, കര്‍ത്തവ്യ കര്‍മ്മാനുഷ്ഠാനം, ദൃഡനിശ്ചയം, ചാരിത്ര്യശുദ്ധി, അശ്രാന്തപരിശ്രമം, ദുഃഖസഹനം, ഈശ്വരവിശ്വാസം, യുക്തായുക്ത വിവേചനം, ധൈര്യം, ഗൗരവം എന്നിങ്ങനെ അനവധി സല്‍ഗുണങ്ങള്‍ ഈ കഥാനായികയില്‍ നിന്നു നമുക്ക് ഗ്രഹിക്കാം. “കോമളവല്ലി” (നോവല്‍). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ്, 1948 - 1-ാം പതിപ്പ് 1935 ല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. “ബാലബോധിനി” (നോവല്‍) - 3-ാം പതിപ്പ് (ബാലസാഹിത്യം), തൃശൂര്‍: ഭാസ്കരവിലാസം, 1918. “ഭക്തമാലയിലെ ചെറുകഥകള്‍” “ബുദ്ധചരിതം” . തൃശൂര്‍:ഭാരതവിലാസം, 1913. “ബുദ്ധഗാഥ”. തൃശൂര്‍: മംഗളോദയം. “ഒരു തീര്‍ത്ഥയാത്ര” (യാത്രാവിവരണം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1925. “കൃഷ്ണഭക്തി ചന്ദ്രിക” (നാടകം - വിവര്‍ത്തനം) തൃശൂര്‍ :ഭാരതവിലാസം, 1912. “ഭക്തമാല” (വിവര്‍ത്തനം) - പാലക്കാട്: കാമ്പ്രം, 1907. “ശിവഭക്തവിലാസം” - 2-ാം പതിപ്പ് (വിവര്‍ത്തനം). കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1925. “സര്‍വവേദാന്ത സിദ്ധാന്ത സംഗ്രഹം” (വിവര്‍ത്തനം). “ശ്രീശങ്കര വിജയം”. “ലീല” (നോവല്‍ - വിവര്‍ത്തനം) . കോഴിക്കോട്: നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ, 1952.എന്നിവ കൃതികൾ .
മിസ്സിസ് അന്നമ്മ ജെ. വെള്ളാപ്പള്ളി
കോട്ടയം ജില്ലയിലെ പേരൂര്‍ എന്ന സ്ഥലത്ത് 1919 ല്‍ ജനനം. ബിരുദധാരിയാണ്. ചെറുപ്പം മുതല്‍ തന്നെ സാഹിത്യകൃതികള്‍ വായിക്കാനും ആസ്വദിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു. അന്നമ്മ ജെ. വെള്ളാപ്പള്ളിയുടേതായി രണ്ട് യാത്രാവിവരണ ഗ്രന്ഥങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. “ഞങ്ങള്‍ യൂറോപ്പിലൂടെ” (1954) “ഞങ്ങളുടെ ലോക പര്യടനം”(1973). യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഓരോസ്ഥലത്തും കണ്ടകാഴ്ചകള്‍ വളരെ തന്മയത്വത്തോടുകൂടി ഈ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. പ്രമുഖങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭര്‍ത്താവുമൊത്തു നടത്തിയ ദീര്‍ഘമായൊരു യാത്രയുടെ ഹൃദയാകര്‍ഷകമായ വിവരണമുള്‍ക്കൊള്ളുന്ന പ്രൗഡമായൊരു കൃതിയാണ് “ഞങ്ങള്‍ യൂറോപ്പിലൂടെ”. നന്നേ വിരളമായ മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സവിശേഷമായൊരു സ്ഥാനം ഈ കൃതിക്കുണ്ട്. ആത്മാര്‍ത്ഥമായും സ്വാഭാവികമായും പെരുമാറുക എന്ന ആദര്‍ശം താന്‍ വളരെ നാള് മുമ്പു മുതലേ മുദ്രാവാക്യമായി സ്വീകരിച്ചിരുന്നുവെന്ന് ഈ പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ ഗ്രന്ഥകാരി പറയുന്നുണ്ട്. നാം സ്വീകരിക്കുന്ന മുദ്രാവാക്യങ്ങള്‍ സാമാന്യമായി നമ്മുടെ സ്വഭാവമനുസരിച്ചായിരിക്കും. ഗ്രന്ഥകാരി പ്രകൃത്യാ ആത്മാര്‍ത്ഥതയും സ്വാഭാവികതയും ഉള്ളവരാണെന്നു പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ തന്നെ മനസിലാവുന്നതാണ്. അതനുസരിച്ചുള്ള ഒരു മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. അതുതന്നെയാണ് ഈ പുസ്തകത്തെ ഹൃദ്യമാക്കിത്തീര്ത്തിരിക്കുന്നതും.
“ഞങ്ങള്‍ യൂറോപ്പിലൂടെ”. ഏറ്റുമാനൂര്‍: ആര്.കെ.പ്രസ്സ്, നാഷണല്‍ ബുക്സ്റ്റാള്‍, 1954. “ഞങ്ങളുടെ ലോകപര്യടനം”. ഏറ്റുമാനൂര്‍: ആര്.കെ.പ്രസ്സ്, നാഷണല്‍ ബുക്സ്റ്റാള്‍, 1973.
അംബിക അമ്പാട്ട്
1927 ജൂണില്‍ തൃശൂരില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം വിവേകോദയം സ്കൂളിലും വി. ജി. സ്കൂളിലുമായി പൂർത്തിയാക്കി .സെന്റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം നേടി. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം. എ. ബിരുദം എടുത്തു. 1951 ല്‍ കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂർ സെന്റ് മേരീസ് കോളേജിലും ഹിന്ദി അധ്യാപികയായിരുന്നു . 1953 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്തു. 1987 ല്‍ വിരമിച്ചു. പ്രസിദ്ധ ഹിന്ദി സാഹിത്യക്കാരന് ശ്രീ. പ്രതാപനാരായണന്‍ ശ്രീവാസ്തവയുടെ “ബിദം”, “വിഷമുഖി” എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ആകാശവാണി തൃശൂര്‍ നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. “പുരാണകഥാമൃതം”, (ഉപന്യാസങ്ങള്‍ ,തൃശൂര്‍: സുലഭ ബുക്സ്,) “വിടവാങ്ങല്‍”, (നോവല്‍ പരിഭാഷ). “ആ വിഷമുഖി”, (നോവല്‍ പരിഭാഷ). “കൃഷ്ണനാട്ടം” (മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് പരിഭാഷ) എന്നിവയാണ് പ്രധാന സാഹിത്യ സംഭാവനകൾ
എസ്. അംബികാദേവി
ശ്രീമതി വി. ശാരദാമ്മയുടെയും ശ്രീ കോട്ടുകോയിക്കല്‍ വേലായുധന്റെയും മകളായി 1945 ല്‍ കൊല്ലം കരുനാഗപ്പള്ളിയിലാണ് അംബികാദേവി ജനിച്ചത് . തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്. എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള വിഭാഗം മേധാവിയായി വിരമിച്ചു. നോവല്‍, ലേഖനം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട് . സാഹിത്യകേരളം അവാര്‍ഡ് (2004, “നിലാമഴ”), വായന അവാര്‍ഡ് (“നിലാമഴ”, 2005) എന്നിവ ലഭിച്ചു. “നിലാമഴ” എന്ന നോവലില്‍ ഫാന്റസിയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ഒരു ലോകമാണുള്ളത്. മരണത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചു ചിന്തിക്കുകയും മരണത്തിനുശേഷമുള്ള കാര്യങ്ങളെ ഓര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ജീവിതത്തിലെ യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവുമായ കാര്യങ്ങളെപ്പറ്റി ഈ നോവല്‍ ചിന്തിപ്പിക്കുന്ന ഈ കൃതിയ്ക്ക് അവതാരിക എഴുതിയത് പ്രൊഫ. എം.കെ. സാനുവാണ്. “നിലാമഴ”, (നോവല്‍).(തൃശൂര്‍: കറന്റ് ബുക്സ്, ഫസ്റ്റ് എഡി., ഫെബ്രുവരി, 2004, രണ്ടാം എഡി. ഫെബ്രു. 2006.) “ഉണ്ണീ, സരോജനേത്രാം”, (നോവല്‍). (തൃശൂര്‍: കറന്റ് ബുക്സ്, മാര്‍ച്ച് 2008. )“വസുന്ധരയ്ക്കായ്”, (യാത്രാവിവരണം). മാലുബാന് പബ്ലിക്കേഷന്‍, എന്നിവ പ്രധാന കൃതികൾ
അഖില
കൊല്ലം ജില്ലയിലെ കാവനാട് എന്ന സ്ഥലത്ത് 1948 ലാണ് അഖില ജനിച്ചത് . കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. ആഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ചെറുകഥാ അവാര്‍ഡുകള്‍ നേടി. 1985 ല്‍ വനദേവത എന്ന നോവലിന് സഖി അവാര്‍ഡ് ലഭിച്ചു. "മൂക്കുത്തി" (1983) എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെടുന്ന പുതിയ തലമുറയില്‍പ്പെട്ട കഥയെഴുത്തുകാരുടെയിടയില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് അഖില. സ്ത്രൈണജീവിതദുഃഖങ്ങളുടെ ഹൃദ്യമായ ആവിഷ്കാരം അഖിലയുടെ കഥകളുടെ പ്രത്യേകതയാണ്. 'മൂക്കുത്തി' എന്ന കഥയിലെ സൗദാമിനിച്ചെറിയമ്മ വായനക്കാരന്റെ മനസ്സില്‍ കണ്ണുനീര്‍ത്തുള്ളി പാകി വൈരപ്പാടുപോലെ തിളങ്ങി നില്ക്കുന്നു. ബധിരയും മൂകയുമായ സൗദാമിനിച്ചെറിയമ്മ ജീവിതം സ്വയം അവസാനിപ്പിക്കുന്നു. ദുരന്തത്തില്‍ അവസാനിക്കുന്ന ഈ കഥയിലെ ചെറിയമ്മ വായനക്കാരുടെ മനസ്സില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമായി എന്നും നിലനില്ക്കും എന്നതില്‍ സംശയമില്ല. സ്ത്രീജീവിതദൈന്യത്തിന്റെ നേർചിത്രങ്ങൾ തന്റെ രചനകളിൽ പകർത്തുന്നതിൽ അസാമാന്യ വൈഭവമാണ് അവർക്കുണ്ടായിരുന്നത് .
ആബിദ യൂസഫ്
1949 ആഗസ്റ്റ് 1 ന് കൊല്ലം ജില്ലയില്‍ ജനിച്ചു. എം. എസ് .സി . ബിരുദധാരിയാണ് . സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്റര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാന്സ്ലേറ്റര് - സബ് എഡിറ്റര്‍, അഞ്ചുവര്‍ഷക്കാലം സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. “മലയാളത്തിലെ മുത്തശ്ശിക്കഥകള്‍” (2010), “കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും” (2009), “കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും” (2009), “ആനയും തുന്നല്‍ക്കാരനും” (2009), “ഡോളി എന്നൊരു കുഞ്ഞാട്” (2004), “അമ്മയും ഞാനും” (2008), “അമ്മയെക്കാണാന്‍” (2000), “പ്രകൃതിയുടെ ചായക്കൂട്ടുകള്‍” (1993), “കാടിനെ അറിയാന്‍” (1994), “ഉണ്ണിക്കഥകള്‍” (1993), “ജൂലിയസ് സീസര്‍” (1997), “മുത്തുവും മത്തങ്ങക്കുട്ടനും” (2004), “പേടി പേടി” (1987), “ഓമനിക്കാന്‍ ഒരുമയില്‍” (1987), “കുരുവിയും പൊന്‍പണവും” (2001), “പച്ചക്കറി വിളകള്‍”, “ബാലകൈരളി വിജ്ഞാനകോശം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. “ഈ കിളിക്കൂട്ടില്‍” എന്ന കവിതയില്‍ മനുഷ്യ ജീവിതാവസ്ഥകളെ വളരെ ഭംഗിയായി കിളികളുടെ ജീവിതത്തിലൂടെ കവയിത്രി ആവിഷ്കരിക്കുന്നു. നാരും ചകിരിയും ചുള്ളിയും കൊണ്ട് മനോഹരമായി നിര്‍മ്മിച്ച കൂട്ടില്‍ കിളികള്‍ വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടെ ജീവിക്കുന്നു. പെട്ടെന്ന് ആ അവസ്ഥയ്ക്ക് മാറ്റം വരുന്നു. മൂകത തളം കെട്ടിയ മുറിവുണങ്ങാത്ത വിജനമാം കൂട്ടില്‍ വിധിയേയും കാത്ത് ഏകാകിനിയായ് വിരഹാര്‍ത്തയായ് വിഹ്വലയായ് വിരസ ജീവിതം വിധിക്കപ്പെട്ട് ഈ തൂവല്‍ കൊഴിഞ്ഞ പക്ഷി! "പേടി പേടി" (ബാലസാഹിത്യം) (വിവര്‍ത്തനം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1987. "ഓമനിക്കാന്‍ ഒരുമയില്‍" (ബാലസാഹിത്യം) (വിവര്‍ത്തനം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1987. "പ്രകൃതിയുടെ ചായക്കൂട്ടുകള്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1993. "കാടിനെ അറിയാന്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1993. "ഉണ്ണിക്കഥകള്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1994. "ജൂലിയസ് സീസര്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1997. "അമ്മയെക്കാണാന്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000. "കുരുവിയും പൊന്‍പണവും" (ബാലസാഹിത്യം). ഒലിവ് പബ്ലിക്കേഷന്‍സ്, 2001. "ഡോളി എന്നൊരു കുഞ്ഞാട്" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2004. "മുത്തുവും മത്തങ്ങക്കുട്ടനും" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2004 "അമ്മയും ഞാനും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2008. "ആനയും തുന്നല്‍ക്കാരനും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "മലയാളത്തിലെ മുത്തശ്ശിക്കഥകള്‍" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2010. "പച്ചക്കറി വിളകള്‍" (ബാലസാഹിത്യം) (വിവര്‍ത്തനം). തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. "ബാലകൈരളി വിജ്ഞാനകോശം" (ജീവലോകം). (എഡിറ്റര്‍) സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്.
അലക്സി സൂസന് ചെറിയാന്
1958 ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്ടു അധ്യാപികയാണ്. അധ്യാപന രംഗത്ത് മാത്രമല്ല സാഹിത്യരംഗത്തും തന്റെ കഴിവ് തെളിയിച്ച ഒരു എഴുത്തുകാരിയാണ് അലക്സി. ഭര്‍ത്താവ് ജോസ് വെമ്മേലിയും കവിയാണ്. വളരെ കുറച്ച് കവിതകള്‍ മാത്രമേ പ്രസിദ്ധീകൃതമായിട്ടുള്ളു. സഹന സൂചിക (റെയ്ന്ബോ, ബുക്സ്, ചെങ്ങന്നൂര്‍ 2004) എന്ന കവിതാ സമാഹാരത്തിന് അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡും (2007), ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ സമിതി അവാര്‍ഡും (2008) ലഭിച്ചു. മനസ്സിന്റെ സ്വകാര്യ സ്മരണകള്‍ ആണ് "സഹനസൂചിക" എന്ന കവിതാ സമാഹാരത്തിലെ കവിതകളോരോന്നും. മലയാളത്തിന്റെ തനിമ ആവിഷ്കരിക്കുന്ന ഓണം എന്ന കവിതയില്‍ കാലത്തിന്റെ നഷ്ട സ്വപ്നങ്ങള്‍ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. പുരാണകഥയുമായി ബന്ധപ്പെടുത്തി 'ഓണം' എന്ന കവിത ആവിഷ്കരിക്കുമ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓണത്തിന്റെ നിസ്സര്‍ഗ്ഗ സൗന്ദര്യം വായനക്കാരുടെ മനസ്സില്‍ ഒരു വിങ്ങലായി വളര്‍ത്തുന്നു എഴുത്തുകാരി. "ഓണമെരോര്മ്മ തെറ്റാണ് വര്‍ഷം തോറുമാവര്ത്തിക്കുന്ന നഷ്ട സ്വപ്നത്തിന്റെ അണയാത്ത ജ്വാലാവെളിച്ചം" (ഓണം)
“സഹനസൂചിക”. ചെങ്ങന്നൂര്‍: റെയ്ന്ബോ ബുക്സ്, 2004.
സി. അംബികാവര്മ്മ
1962 നവംബര്‍ 8 ന് തിരുവനന്തപുരത്ത് ജനിച്ചു. നെടുവക്കോട് കോവിലകത്തെ എസ്. രവിവര്‍മ്മയുടെയും നെടുമ്പുള്ള കോവിലകത്തെ ഡി. ചന്ദ്രികാ വര്‍മ്മയുടെയും മകള്‍. ചെറുപ്പത്തിൽ തന്നെ സംഗീതവും വയലിനും അഭ്യസിച്ചു. 1980 മുതല്‍ 1986 വരെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായി. 1987 മുതല്‍ 1989 വരെ വിമന്‍സ് കോളേജില്‍ നിന്നും പി. ഡി. സി. (മ്യൂസിക് മെയിന്‍) കോഴ്സും, ചിത്തിര തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ രണ്ടു വര്‍ഷം മാവേലിക്കര പ്രഭാകരവര്‍മ്മ സാറിന്റെ നേതൃത്വത്തില്‍ രാഗം, താനം, പല്ലവി (കര്‍ണ്ണാടക സംഗീതം) കോഴ്സും പഠിച്ചു. തരംഗിണി സ്കൂളില്‍ നിന്നും കീബോര്‍ഡ് ഗ്രേഡ് കോഴ്സും കഴിഞ്ഞു. 1984 മുതല്‍ ഗാനഗന്ധര്വ്വന് പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസിന്റെ തരംഗിണി സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ വയലിന് അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, അച്ഛന് എസ്. രവിവര്‍മ്മയുടെ രക്ഷാധികാരത്തില്‍ നടന്ന് വരുന്ന ശ്രീ മുകാംബിക സംഗീത വിദ്യാലയത്തിലും സി. അംബിക വര്‍മ്മ അധ്യാപികയാണ്. വിശ്വപ്രകാശ് സെന്‍ട്രല്‍ സ്കൂളിലും മ്യൂസിക് ടീച്ചറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ വയലിനില്‍ യംഗ് ടാലന്റ് പ്രോഗ്രാമില്‍ ക്യാഷ് അവാര്‍ഡും, 1990 ല്‍ അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയുടെ ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. “സ്വരരാഗം” (കര്‍ണ്ണാടക സംഗീതപാഠങ്ങള്‍, 2008) എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്. സംഗീതപാരമ്പര്യം നിറഞ്ഞ കുടുംബത്തിലെ ഒരംഗമാണ് സി. അംബിക വര്‍മ്മ. സംഗീതത്തില്‍ പ്രാഥമിക അഭ്യസനത്തിന് ഉതകുന്ന വിധത്തില്‍ സപ്തസ്വരം മുതല്‍ സംഗീത കൃതികള്‍ വരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കൃതിയാണ് സ്വരരാഗം. സംഗീതം ഒരു ജീവകലയാണ്. സംഗീതാഭ്യാസനം കൊണ്ട് മനുഷ്യര്‍ക്കു വേണ്ടതായ ഉത്തമ ഗുണങ്ങള്‍ സിദ്ധിക്കുന്നു. സംഗീതം എല്ലാ ജീവജാലങ്ങള്‍ക്കും ആനന്ദാനുഭൂതി നല്കുന്നു. ചിട്ടയോടുകൂടിയ ഒരു സംഗീത പഠനത്തിന് സഹായകമാകണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് തയ്യാറാക്കിയത് എന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു.
“സ്വരരാഗം” (കര്‍ണ്ണാടക സംഗീത പാഠങ്ങള്‍). പ്രഭാത് ബുക്സ്, 2008.
ഹേമലത വിശ്വംഭരൻ
1969 മെയ് 30 ന് കാസർഗോഡ് ജില്ലയിൽ എം . ദിവാകരന്റെയും ഭാരതി ദിവാകരന്റെയും മകളായി ജനനം. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബികോം ബിരുദവും കേരളാ സർവകലാശാലയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് ബാങ്കിങ് ബിരുദവും നേടി."മണൽകാട് പൂക്കുമ്പോൾ" എന്ന കഥാ സമാഹാരത്തിൽ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഡോ. അബ്സീന ജെ. സലീം
1978 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തുന്നു. ആയൂര്‍വ്വേദ ചികിത്സയും അതിന്റെ പ്രയോഗങ്ങളും സംബന്ധിയായ രചനകളാണ് ഡോ. അബ്സീനയുടേതായുള്ളത്. “ആയൂര്‍വേദം - ചരിത്രം, ശാസ്ത്രം, ചികിത്സ” എന്ന ഗ്രന്ഥം 2007 ല്‍ ചിന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ആയൂര്‍വ്വേദ ചികിത്സാരീതി സംബന്ധിച്ച ഒരു ആധികാരിക പഠന ഗ്രന്ഥമാണിത്. ആയൂര്‍വ്വേദചികിത്സയില്‍ രോഗശമനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ച് എഴുത്തുകാരി ഈ പുസ്തകത്തില്‍ വിലയിരുത്തുന്നു. അതോടൊപ്പം ആയൂര്‍വ്വേദരംഗത്തുള്ള ഗവേഷണ സാധ്യതകളെയും നൂതനമായ ചികിത്സാരീതികളെയും അവതരിപ്പിക്കുകയും ചെയ്യുന്നു. ‘ആയൂര്‍വ്വേദത്തിലെ ചികിത്സാരീതികള്‍’ എന്ന അദ്ധ്യായത്തില്‍ നിന്ന് കുറച്ചു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. പത്രപോടലസ്വേദം, കായസേകം, ഞവരക്കിഴി, രസായന ചികിത്സ തുടങ്ങി വിവിധയിനം ആയൂര്‍വേദ ചികിത്സാ രീതികളെ കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ. വളരെ ലളിതവും സാധാരണക്കാര്‍ക്ക് പോലും വായിച്ചാല്‍ മനസ്സിലാകുന്നതുമായ വിധത്തിലാണ് ഡോ. അബ്സീന ഇവിടെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
“ആയൂര്‍വേദം - ചരിത്രം ശാസ്ത്രം ചികിത്സ”. തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്, 2007.
അമ്പാടി ഇക്കാവമ്മ
1898ൽ ജനിച്ചു. മാതൃഭൂമിയുടെയും ‘മലയാളരാജ്യ’ത്തിന്റെയും ആഴ്ച്ചപ്പതിപ്പുകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഉദ്യാനം” (1956) എന്ന കൃതിയാണ് പ്രസിദ്ധീകൃതമായത്. ആംഗലേയ കഥാകൃത്തായിരുന്ന ഓസ്കര് വൈല്‍ഡിന്റെ കഥാപാത്രങ്ങളെ മലയാളീകരിച്ച് എഴുതിയ നാല് കഥകളാണ് ഈ ഗ്രന്ഥത്തിലുള്ളത് - ‘പ്രഭുവിന്റെ ഉദ്യാനം’, ‘നക്ഷത്ര സന്താനം’, ‘മാതൃകാ ധനികന്’, ‘രാജകുമാരന്റെ പട്ടാഭിഷേകം’. ‘പ്രഭുവിന്റെ ഉദ്യാനം’ എന്ന കഥയില്‍ വളരെ മനോഹരമായ ഒരു ഉദ്യാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രഭുവിന്റെ ജീവിതത്തിലുണ്ടായ മാറ്റം ആവിഷ്കരിക്കുന്നു. വായനക്കാര്‍ക്ക് പരിചിതമായ സ്ഥലങ്ങള്‍ പശ്ചാതലമാക്കാന്‍ കഥാകാരി ശ്രമിച്ചിട്ടുണ്ട്.
അചല ജെ.എസ്
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1990ല്‍ ജനനം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കഥ എഴുതി തുടങ്ങി. ഇംഗ്ലീഷില്‍ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. നാലം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആദ്യകഥ കുട്ടികളുടെ ദീപികയില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം പല വര്‍ഷങ്ങളിലായി കഥ, ലേഖനം, യാത്രാവിവരണം എന്നിവ കുട്ടികളുടെ മാസികയായ തളിരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കഥാസമാഹാരമായ “കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍” പ്രസിദ്ധീകരിക്കുമ്പോള്‍ അചല ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും യുവജനോത്സവങ്ങളില്‍ അചലയുടെ രചനകള്‍ സമ്മാനാര്ഹമായിട്ടുണ്ട്. “കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍” എന്ന അചലയുടെ പുസ്തകത്തില്‍ മൂന്നാം ക്ലാസ്സിനും ഒമ്പതാം ക്ലാസിനുമിടയില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥകളില്‍ നിന്ന് തെരഞ്ഞെടുത്തവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാവനാ സമ്പന്നയായ ഒരു കുട്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞവയാണ് അചലയുടെ രചനകള്‍ എന്ന് പുസ്തകത്തിനെഴുതിയ അവതാരികയില്‍ ശ്രീ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞിരിക്കുന്നു. ഈ പുസ്തകത്തിലെ കഥകള്‍ അചലയുടെ വളര്‍ച്ചയുടെ പടവുകളെ സൂചിപ്പിക്കുന്നവയാണ്. ‘ചെറിയവന്റെ ഗുണം’ എന്ന കഥ ഉദാഹരണം. “പണ്ട് പണ്ടൊരു കാട്ടില്‍ ഒരു സിംഹവും എലിയും താമസിച്ചിരുന്നു”, എന്നു തുടങ്ങുന്ന കഥ, ചെറിയവനും വലിയവനെപ്പോലെ ഗുണമുണ്ടെന്ന ഗുണപാഠത്തോടെയാണ് അവസാനിക്കുന്നത്. അതേ സമയം ‘ഓര്‍മ്മകളേ വിട’ എന്ന കഥയാവട്ടെ കൗമാരത്തെ വിട്ട് യൗവനത്തിലേക്ക് കടക്കുന്ന ഒരു കുട്ടിയുടെ ചിന്തകള്‍ പ്രതിഫലിക്കുന്നവയാണ്. അചലയുടെ കഥകളില്‍ നിന്ന് സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നാലം സ്ഥാനം ലഭിച്ച ‘വീട്ടിലേക്ക് ഒരു ക്ഷണകത്ത്’ എന്ന കഥയിലെ ഒരു ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വീട്ടിലേക്ക് ഒരു ക്ഷണക്കത്ത്’ എന്ന ദീര്ഘകഥയില് നിന്നുള്ള ഒരു ഭാഗമാണിത്. ‘യാത്ര’ എന്നു പേരുകൊടുത്തിട്ടുള്ള ഈ കഥാഭാഗത്തില്‍ സ്വന്തം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാം. ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്ത്വത്തെ, അമ്മയുടെ സ്നേഹത്തെ, ബന്ധങ്ങളുടെ ഊഷ്മളതയെ ഒക്കെ അനുസ്മരിക്കുകയാണ് എഴുത്തുകാരി. ഈ സ്മരണകള്‍ അവരുടെ കഥാപാത്രത്തെ അലിവുള്ളവളാക്കുന്നു.
“കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍”. തിരുവനന്തപുരം : പരിധി പബ്ലിക്കേഷന്‍സ്, 2005.
ആഗ്നസ് വി. ദാസ്, കാട്ടാക്കട
1993 മെയ് 27 ന് തിരുവനന്തപുരത്ത് ജനിച്ചു. ജെ. വിമലയും ഡോ. ടി. ജി. ദാസും മാതാപിതാക്കള്‍. കോഴിക്കോട് ബി.ഇ.എം. സ്കൂള്‍, ഇടയ്ക്കോട് ഇന്‍ഫന്റ് ജീസസ് നഴ്സറി ആന്റ് യു.വി. സ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നാം വയസ്സില്‍ രചിച്ച ‘നെയ്യപ്പം’ ആണ് ആദ്യ കഥ. അഞ്ചാം വയസ്സില്‍ ആദ്യ കവിത ‘അമ്മ’. ആറാം വയസ്സില്‍ “തേന്‍കിണ്ണം” (19 കഥകള്‍), ആദ്യ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. അമ്പതില്പരം ചെറുകഥകളും ഇരുന്നൂറോളം കവിതകളും ഇതിനോടകം എഴുതിയിട്ടുണ്ട്. ഏഴു വയസ്സ് തികയുന്നതിനു മുമ്പ് രചിച്ച നാല്പത്തിനാലു കവിതകളുടെ സമാഹാരമാണ് “തേന്തുള്ളികള്” (2002).
അപര്‍ണ ചിത്രകം
1995 സെപ്തംബര്‍ 16 ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു. വളരെ ചെറുപ്പത്തിലെ തന്നെ കവിതകള്‍ രചിച്ചു തുടങ്ങി. മാതൃഭൂമി ബാലപാഠപംക്തി, യുറീക്ക, കുടുംബ മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ചില്ല, തളിര് തുടങ്ങിയ പ്രധാന ആനുകാലികങ്ങളിലൊക്കെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയോതിയ കഥകള്‍ (2005), മാറി മറഞ്ഞ ചിത്രം (2008) എന്നീ കവിതാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. കവിതാ രചനയ്ക്ക് ജില്ലാതലത്തില്‍ സമ്മാനം നേടി. കുട്ടികളുണ്ടാക്കിയ യൂറീക്കയുടെ പത്രാധിപസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 ല്‍ സി.ബി.എസ്.ഇ. സിലബസ് പ്രകാരം നാലാം തരത്തിലേക്ക് തയ്യാറാക്കിയ 'തേന്‍തുള്ളി' എന്ന പാഠപുസ്തകത്തില്‍ അപര്‍ണയുടെ 'മറയുന്ന പൂമരം' എന്ന കവിതയും ഉള്‍പ്പെടുത്തിയിരുന്നു. 2008 ല്‍ പ്രഥമ ചെറുശ്ശേരി പുരസ്കാരം, 2009 ല്‍ കടത്തനാട്ട് മാധവിയമ്മ പുരസ്ക്കാരം, എം.ഒ. ജോണ്‍ ടാലന്റ് അവാര്‍ഡ് (2009) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു. "കാഴ്ചയില്‍ അപാകതകള്‍ തിങ്ങിനിറയുന്നു, അവ അനുഭവങ്ങളെ മാറ്റി മറിയ്ക്കുന്നു. എങ്കിലും കാഴ്ചയുടെ തകരാറു കാണാനാവാതെ, സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് അവയുടെ യാഥാര്ത്ഥ്യവല്ക്കരണത്തിനായി പ്രതീക്ഷിക്കുന്ന പാവം മാനവ ഹൃദയം."- 'ചട്ടി തകര്‍ത്ത വേരുകള്‍' എന്ന കവിതയില്‍ ജീവിത പ്രതിസന്ധികളെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ നാം കാണുന്ന സ്വപ്നങ്ങളെല്ലാം വ്യര്‍ത്ഥമാണ് എന്നൊരു സന്ദേശവും ഈ കവിത നല്‍കുന്നുണ്ട്.
“പുഴയോതിയ കഥകള്‍” (കവിതാസമാഹാരം). കോഴിക്കോട് : ഹരിതം ബുക്സ്, 2005. “മാറിമറിഞ്ഞ ചിത്രം”, (കവിതാസമാഹാരം). കോഴിക്കോട്: ഹരിതം ബുക്സ്, 2008.
ആനി തയ്യില്‍
1920 ഒക്ടോബര്‍ 11 ന് ജോസഫ്-മേരി ദമ്പതികളുടെ മകളായി തൃശൂര്‍ ജില്ലയിലെ ചെങ്ങലൂര്‍ കാട്ടുമാന്‍ വീട്ടില്‍ ജനിച്ചു. സമസ്തകേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ അക്കാദമി അംഗം, ന്യൂനപക്ഷ കമ്മീഷന് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഭിഭാഷക, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു. കേരള നിയമസഭ (1945-51) ല്‍ അംഗമായിരുന്നു. 1993 ഒക്ടോബര്‍ 21ന് അന്തരിച്ചു. പ്രജാമിത്രം ദിനപത്രത്തിന്റെയും വനിത മാസികയുടെയും എഡിറ്റര്‍ ആയിരുന്നു. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള എഴുത്തുകാരിയാണ് ആനി തയ്യില്‍. മതപരമായ തന്റെ കാഴ്ചപ്പാടുകളുടെ സഫലീകരണമാണ് “ക്രിസ്തുമരിച്ച ദിവസം” എന്ന ഗ്രന്ഥം. ക്രിസ്തുവിന്റെ പീഡനാനുഭവത്തെ സംബന്ധിച്ച ധ്യാനഗ്രന്ഥങ്ങള്‍ പലതും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കേട്ടുകേള്‍വികളെയും ഊഹാപോഹങ്ങളെയും ആശ്രയിക്കാതെ വേദപുസ്തകങ്ങളെ മാത്രമാശ്രയിച്ചു കൊണ്ടുള്ള ധ്യാനഗ്രന്ഥം വേറെ ഉണ്ടായിട്ടില്ല. വളരെ ലളിതമായ ഭാഷയില്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ശൈലിയാണ് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പിന്‍ബലത്തോടെ അതുല്യമായ രചനാപാടവം കാഴ്ചവയ്ക്കുന്ന മതപരമായ ഒരു ഗ്രന്ഥമാണിത്. യേശുദേവന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്ന പുഷ്പങ്ങള്‍ തന്നെയാണ് ഈ പുസ്തകം. ഈശ്വരനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എഴുതുമ്പോഴുണ്ടാകുന്ന പ്രധാനവെല്ലുവിളി പണ്ടു മുതല്ക്കുള്ള വിശ്വാസത്തെ തകര്‍ക്കാതിരിക്കുക എന്നുള്ളതാണ്. അതില്‍ ലേഖിക വിജയിച്ചിരിക്കുന്നുവെന്ന് ഓരോ ലേഖനങ്ങളും തെളിയിക്കുന്നുണ്ട്.
ഗ്രന്ഥത്തിലെ ആദ്യലേഖനമായ ക്രിസ്തു മരിച്ച ദിവസം ചര്‍ച്ച ചെയ്യുന്നത് ലോകം കണ്ട സഹനത്തിന്റെ ദിവസത്തെക്കുറിച്ചാണ്. ലോകത്തിന് ദൈവപുത്രന് നല്കുന്ന സന്ദേശം മുഴുവന്‍ ആ ഒരു ദിവസത്തിലെ ക്രിസ്തുവിന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും സാന്ദ്രീഭവിച്ചു നില്ക്കുന്നതായി ഗ്രന്ഥകര്‍ത്രി കണ്ടെത്തി. ഫറവോ ചക്രവര്‍ത്തിയുടെ ഭരണത്തിന് കീഴില്‍ ഇസ്രായേലുകാര്‍ ഈജിപ്തിലനുഭവിച്ച പീഡനങ്ങളും അതില്‍ നിന്നു മോശയുടെ സഹായത്തോടെ ദൈവം അവരെ മോചിപ്പിക്കുന്നതുമായ കഥ വളരെ ഭംഗിയായി തന്നെ ആനി പറഞ്ഞുതരുന്നു. കൂടാതെ പെസഹാ പെരുനാളാചരണത്തിന്റെ പ്രാധാന്യവും അതിനു പിന്നിലുള്ള ഐതിഹ്യവും ഇതിലൂടെ വ്യക്തമാക്കുന്നു. ക്രിസ്തീയമായ ആചാരങ്ങളെക്കുറിച്ച് അറിവില്ലാത്ത സാധരണക്കാരായ ഇതര മതവിശ്വാസികള്‍ക്കും മനസ്സിലാകുന്ന ലളിത സുന്ദരമായ ആഖ്യാനശൈലിയാണ് ഗ്രന്ഥം പിന്തുടരുന്നത്. ഏതു വിശ്വാസവും ജനങ്ങളെ നന്മയിലേക്ക് നയിക്കാന്‍ ഉതകുന്നവയായിരിക്കണം. ക്രിസ്തുവിന്റെ ജീവിതം എന്നും മനുഷ്യന് വഴികാട്ടിയാണ്. സ്വന്തം ജീവന് പോലും മറ്റു മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി ബലി നല്കാന് കഴിയുന്ന ഒരു മനസ്സാണ് എല്ലാവര്ക്കും വേണ്ടത്. അതിനുവേണ്ടിയാകണം ഓരോ മനുഷ്യജന്മവും. ഇത് ഉത്ഘോഷിക്കുന്നതാണ് ക്രിസ്തുമരിച്ച ദിവസം എന്ന ആദ്യ ലേഖനം.
“ക്രിസ്തുമരിച്ച ദിവസം”. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍, 1981.
ഡോ. ആനിയമ്മ ജോസഫ്
1951 ജൂണ്‍ 3 ന് കോട്ടയം, പുത്തനങ്ങാടിയില്‍ ജനിച്ചു. ശ്രീ. ഇ. സി. കുരിയാക്കോസിന്റെയും ശ്രീമതി തങ്കമ്മ കുരിയാക്കോസിന്റെയും മകള്‍. പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം (1973), എം. ഫില്‍ ബിരുദം (1991 എം. ജി. യൂണിവേഴ്സിറ്റി, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്) റിട്ടയേര്‍ഡ് പ്രൊഫസറാണ്. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. 1985 ല്‍ ഡി.സി. ബുക്സിന്റെ കേസരി അവാര്‍ഡ് ("ഈ തുരുത്തില് ഞാന്‍ തനിയെ") ലഭിച്ചു.
“ഈ തുരുത്തില് ഞാന്‍ തനിയെ”. കോട്ടയം: ഡിസി ബുക്സ്, 1985. “അര്‍ദ്ധവൃത്തം” (നോവല്‍). കോട്ടയം : കറന്റ് ബുക്സ്, 1996. “എന്റെ സത്യാന്വേഷണം” (ക്രൈസ്തവ സാഹിത്യം, വിവര്‍ത്തനം). കൊച്ചി: എയ്സ് പ്രിന്റ്, 2010.
അന്നമ്മ പൈകട
1928 ജനുവരി 3 ന് കോട്ടയം ജില്ലയിലെ പൂവരണിയില്‍ മംഗലത്ത് വീട്ടില്‍ ചാക്കോ- ഏലിയാമ്മ ദമ്പതികളുടെ മകളായി ജനിച്ചു. റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപിക. 1986, 87 വര്‍ഷങ്ങളില്‍ പാലാ അക്ഷശ്ലോക സമിതിയില്‍ നിന്നു സമസ്യാപൂരണ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.
"പലപ്പോഴും അത് ഭാവം കലര്‍ന്ന് ക്രുദ്ധമായ മഹിഷത്തിന്റെ രൂപം ആര്‍ജ്ജിക്കാറുണ്ട്. ഏതു ജീവിതസന്ധിയോടും അവരുടെ സര്‍ഗ്ഗചേതന സദാ പ്രതികരണ സന്നദ്ധമാണ്. ജീവിതത്തെ ആഴത്തില്‍ അനുഭവിക്കുകയും ആ അനുഭവങ്ങളോട് താദാത്മ്യം പ്രാപിക്കുകയും മാത്രം ചെയ്യുന്ന ഒരു കവിചേതനയുടെ ക്രമം തെറ്റിയുള്ള ആന്ദോളനങ്ങള്‍ അന്നമ്മയുടെ കവിതകളിലങ്ങോളമിങ്ങോളം കാണാമെന്നു" പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന് നിരീക്ഷിച്ചിട്ടുണ്ട്.
“അഭിജാതം” (കവിതകള്‍). ആലുവ: പെന്‍ ബുക്സ്, 2005. “നീ അധികമാകുന്നു” (കവിതകള്‍). പാലാ; സഹൃദയ ബുക്സ്. “മധുരാക്ഷര മന്ത്രം” (കവിതകള്‍). പാലാ: ചാപ്റ്റര്‍. “രാഗസൗഗന്ധികം” (കവിതകള്‍). കോട്ടയം: കവിസംഘം. “നിന്നെപ്പിന്നെക്കണ്ടോളാം” (ബാലസാഹിത്യം). ഭരണങ്ങാനം: ജീവന് ബുക്സ്. “അല്‍ഫോന്‍സാ ഗീതങ്ങള്‍” (കവിതകള്‍). ഭരണങ്ങാനം: ജീവന് ബുക്സ്. “ദിവ്യസാന്ത്വനം” (കവിതകള്‍). ഭരണങ്ങാനം: ജീവന് ബുക്സ്. “സ്പന്ദനം” (കവിതകള്‍). ഭരണങ്ങാനം: ജീവന് ബുക്സ്.
ആനന്ദി രാമചന്ദ്രന്
1941 സെപ്റ്റംബര്‍ 12 ന് ജനിച്ചു. പിതാവ് മുന്‍ എം. എല്‍. എ. യും പ്രശസ്ത അഭിഭാഷകനുമായിരുന്ന എസ്. ജെ. നായര്‍. അമ്മ പുതുവീട്ടില്‍ ഭഗവതിപ്പിള്ള. തിരുവനന്തപുരം വിമന്‍സ് കോളേജ്, പെരുന്താന്നി എന്‍. എസ്. എസ്. കോളേജ്, എം. ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചു കാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥയും കവിതയും ലേഖനങ്ങളും എഴുതുന്നു. ഇപ്പോള്‍ ഏഷ്യാറ്റിക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടര്‍. “വിജയന്റെ കത്തുകള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. ഒ. വി. വിജയന് ആനന്ദി രാമചന്ദ്രനു എഴുതിയ കത്തുകളുടെ സമാഹാരമാണിത്. വിജയനുമായുള്ള രണ്ടര പതിറ്റാണ്ടു കാലത്തെ സൗഹൃദത്തിന്റെ കഥയാണിത്. 1982 ലാണ് ആനന്ദി വിജയനെ ആദ്യമായി പരിചയപ്പെടുന്നത്. ആ പരിചയം വളരെ പെട്ടെന്നു തന്നെ ആഴത്തിലുള്ള ആത്മഭാഷണത്തിന്റെ വേദിയായിത്തീര്‍ന്നു. അവതാരികയില്‍ ആഷാമേനോന് നിരീക്ഷിക്കുന്നതിങ്ങനെ - “ആനന്ദിയുടെ കത്തുകളൊന്നു പോലും വായിക്കാതെ തന്നെ അവര്‍ വിജയനെ എങ്ങനെ സ്പര്‍ശിച്ചുവെന്ന് നമുക്ക് ബോധ്യമാകുന്നു. അവരുടെ ചില നിരീക്ഷണമെങ്കിലും വിജയന്റേതുമായി സമാനത പുലര്‍ത്തിയിരിക്കണം.”
"വിജയന്റെ കത്തുകള്‍ " (ഒ.വി. വിജയന് ആനന്ദി രാമചന്ദ്രന് എഴുതിയ കത്തുകള്‍) . കോട്ടയം, ഡി.സി. ബുക്സ്, 2011.
വി. ആനന്ദവല്ലി
1946 ല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. വള്ളിയമ്മയുടേയും ഗോവിന്ദപ്പണിക്കരുടേയും മകള്‍. അധ്യാപനത്തില്‍ നിന്നു വിരമിച്ചു. മലയാളത്തിലും ഹിന്ദിയിലും കവിതകള്‍ രചിക്കാറുണ്ട്. “ബാഷ്പാഞ്ജലി” എന്ന ഒരു വിലാപകാവ്യം (റീഡേഴ്സ് ക്ലബ് പബ്ലിക്കേഷന്‍, ഫെബ്രുവരി, 2001) മാത്രമേ പുസ്തകമാക്കിയിട്ടുള്ളു. പുത്രന്റെ വേര്‍പാടിനെ ആധാരമാക്കിയാണ് “ബാഷ്പാഞ്ജലി” എന്ന കൃതി രചിച്ചിട്ടുള്ളത് .അകാലത്തില്‍, മരണത്തെ സ്വീകരിച്ച മകന് അമ്മയ്ക്ക് എപ്പോഴും നൊമ്പരമാകുന്നു. ഹൃദയസ്പര്‍ശിയാകും വിധം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ കവയിത്രി എന്ന നിലയില്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
“ബാഷാപഞ്ജലി”, (വിലാപകാവ്യം). പാപ്പനംകോട്: റീഡേഴ്സ് ക്ലബ് പബ്ലിക്കേഷന്‍
അന്നമ്മ ആന്‍ഡ്രൂസ്
1949 സെപ്റ്റംബര്‍ 9 ന് ഇലഞ്ഞിയില്‍ ജനിച്ചു. മറിയാമ്മയും ആന്‍ഡ്രൂസും മാതാപിതാക്കള്‍. എം. എസ്. സി., എല്‍. എല്‍. ബി. ബിരുദങ്ങള്‍ നേടി. ഡയറി ഡവലപ്പമെന്റ് വകുപ്പില്‍ ഉദ്യോഗസ്ഥ ആയിരുന്നു . “സ്വര്‍ഗ്ഗസീമ”, “നക്ഷത്രങ്ങളെ സാക്ഷി”, “മനസ്സിലുറങ്ങുന്ന സ്മാരകങ്ങള്‍” എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്ത്രീഹൃദയത്തിന്റെ നിഗൂഡ്ഡമായ സ്ഥലികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതിയിൽ നോവലിസ്റ്റ് നടത്തുന്നത്. ജയലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ സ്ത്രീയുടെ വിവിധങ്ങളായ അവസ്ഥകളെ വെളിപ്പെടുത്തുകയാണ് .അനുഭൂതി സാന്ദ്രമായ ഒരു നോവൽ വായനയാണ് ഈ കൃതി പ്രദാനം ചെയ്യുന്നത് .
“സ്വര്‍ഗ്ഗസീമ” (നോവല്‍). കോട്ടയം: എന്‍.ബി.എസ്, 1981. “നക്ഷത്രങ്ങളേ സാക്ഷി” (നോവല്‍). “മനസ്സിലുറങ്ങുന്ന സ്മാരകങ്ങള്‍” (നോവല്‍) എന്നിവ കൃതികൾ .
ഡോ. ആനിയമ്മ ജോസഫ്
1951 ജൂണ്‍ 3 ന് കോട്ടയം, പുത്തനങ്ങാടിയില്‍ ജനിച്ചു. ശ്രീ. ഇ. സി. കുരിയാക്കോസിന്റെയും ശ്രീമതി തങ്കമ്മ കുരിയാക്കോസിന്റെയും മകള്‍. പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം (1973), എം. ഫില്‍ ബിരുദം (1991 എം. ജി. യൂണിവേഴ്സിറ്റി, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്) റിട്ടയേര്‍ഡ് പ്രൊഫസറാണ്. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. 1985 ല്‍ ഡി.സി. ബുക്സിന്റെ കേസരി അവാര്‍ഡ് ("ഈ തുരുത്തില് ഞാന്‍ തനിയെ") ലഭിച്ചു.
“ഈ തുരുത്തില് ഞാന്‍ തനിയെ”. കോട്ടയം: ഡിസി ബുക്സ്, 1985. “അര്‍ദ്ധവൃത്തം” (നോവല്‍). കോട്ടയം : കറന്റ് ബുക്സ്, 1996. “എന്റെ സത്യാന്വേഷണം” (ക്രൈസ്തവ സാഹിത്യം, വിവര്‍ത്തനം). കൊച്ചി: എയ്സ് പ്രിന്റ്, 2010.
ഡോ. സിസ്റ്റർ ആന്‍സി. എസ്.എച്ച്.
1956 ഏപ്രില്‍ 10 ന് കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂരില്‍ ജനിച്ചു. 1974 ല്‍ പ്രഥമവ്രതവും 1982 ല്‍ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രോവിന്‍സ് അംഗമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലും ഏല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലും പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
“ഉള്ളൂരും പ്രബോധനാത്മകതയും” എന്ന കൃതിയാണ് പ്രസിദ്ധീകരിച്ചത്.
കാവ്യരീതി കൊണ്ടും സമീപനത്തിലുള്ള സവിശേഷതകള്‍ കൊണ്ടും വ്യത്യസ്തമായിരുന്ന ഉള്ളൂര്‍ കവിതയെ പഠനവിധേയമാക്കുകയാണ് “ഉള്ളൂരും പ്രബോധനാത്മകതയും” എന്ന പഠനഗ്രന്ഥത്തില്‍. കവി വ്യക്തിത്വത്തിന്റെ വെളിപ്പെടുത്തലായിരുന്നു ഉള്ളൂരിന്റെ കവിതകള്‍. സ്ഥാപനവല്‍ക്കരിക്കപ്പെട്ടതായിരുന്നില്ല ഉള്ളൂരിന്റെ ആസ്തിക്യബോധം. കവി പാടിപ്പുകഴ്ത്തുന്ന സ്നേഹവും പ്രയത്നം പോലുള്ള മൂല്യങ്ങള്‍ ഈ അടിസ്ഥാന മൂല്യത്തില്‍ നിന്നാണ് ഊര്‍ജ്ജം സംഭരിക്കുന്നത് എന്ന് എഴുത്തുകാരി കണ്ടെത്തുന്നു. ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന രംഗത്തേയ്ക്ക് കടന്ന് ചെന്ന് ഉള്ളൂര്‍ കവിത സമഗ്രമായി പഠിച്ച്, അടിസ്ഥാനപരമായി ഒരു പ്രബോധനാത്മക കവിയായിരുന്നു ഉള്ളൂര്‍ എന്ന് സിസ്റ്റര്‍ ആന്‍സി കണ്ടെത്തുന്നു.
“ഉള്ളൂരും പ്രബോധനാത്മകതയും”. കോട്ടയം: കറന്റ് ബുക്സ്, 1999.പ്രസിദ്ധീകൃതകൃതി
ഡോ.ടി.കെ.ആനന്ദി
പാലക്കാട് താരാക്കാട് ഗ്രാമത്തില്‍ ജനിച്ചു. ബിരുദതലം വരെയുള്ള വിദ്യാഭ്യാസം ചെന്നൈയില്‍. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം. ‘ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റവും അന്തര്‍ജനങ്ങളുടെ മുന്നേറ്റവും’ (1900-1950) എന്ന വിഷയത്തില്‍ കേരളയൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തില്‍ നിന്നു ഡോക്ടറേറ്റ് നേടി. 2001 ലെ സെന്‍സസ് അടിസ്ഥാനമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലെ വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്പ്മെന്റിനു വേണ്ടി ‘ഇന്റര്‍ പ്രൊഫൈല്‍ ഇന്‍ കേരള’ എന്ന വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ‘സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്തു. കേരള ശാസ്ത്രസാഹിത്യപരിഷത് പ്രവര്‍ത്തകയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 2008 ലെ കേരളത്തിലെ വനിതാ നയരുപീകരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. പ്രശസ്ത ചരിത്രകാരന് ഡോ. കെ. എന്‍. ഗണേശനാണ് ജീവിത പങ്കാളി.
“വീട്ടമ്മ ഒരു സ്ത്രീവിചാരം”, “ജനകീയ സമരത്തില്‍ മലബാറിന്റെ പെണ്പതാകകള്”, “സ്ത്രീസമൂഹം ശാസ്ത്രം” (എഡിറ്റര്‍, ഡോ. കെ. എന്‍. ഗണേശുമൊന്നിച്ച്) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
“വീട്ടമ്മ ഒരു സ്ത്രീവിചാരം” എന്ന കൃതിയിലെ ‘വീട്ടമ്മ - ചരിത്രപരമായ ഒരന്വേഷണം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍മ്മത്വം നിഷേധിക്കപ്പെട്ട് വീട്ടമ്മയായി നിര്‍മ്മിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെ രാഷ്ട്രീയ സാമൂഹിക വിശകലനം നടത്തുകയാണ് ഗ്രന്ഥകാരി. സ്ത്രീവിമോചനത്തിനെതിരെ ഇന്ത്യന്‍ പരിസരത്തില്‍ നിന്നുകൊണ്ട് സര്‍ഗാത്മകവും ചരിത്രപരവുമായ ഒരന്വേഷണം നടത്തുകയാണ് ആനന്ദി. ഗൃഹാന്തരീക്ഷം, ഗൃഹാന്തരീക്ഷത്തിലെ മാറിവരുന്ന സ്ത്രീ/പുരുഷ ധര്‍മ്മങ്ങള്‍, അധ്വാനത്തിന്റെ തോത് എന്നിവ ഈ ലേഖനത്തില്‍ അന്വേഷണവിധേയമാക്കുന്നു. കാര്‍ഷിക വ്യവസ്ഥയിലെ വീട്ടമ്മയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു.
“വീട്ടമ്മ ഒരു സ്ത്രീവിചാരം” (ലേഖനങ്ങള്‍). തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്, 2010.
അന്നക്കുട്ടി പാലക്കീല്‍
വിടരുന്നതിനുമുമ്പേ വാടിക്കരിഞ്ഞുപോയ ഒരു കവയിത്രിയാണ് അന്നക്കുട്ടി പാലക്കീല്‍. ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപകടവും പിന്നീട് ഇരുപതു വര്‍ഷമായി തുടരുന്ന രോഗാവസ്ഥയും അവരെ കൊണ്ടു ഒരുപാട് കവിതകളെഴുതിച്ചു. അഞ്ചാം ക്ലാസ്സുവരെ മാത്രമാണ് അവര്‍ പഠിച്ചത്. തിടനാട് ഗ്രാമത്തിലാണ് ജീവിക്കുന്നത്. ഏതാനും കവിതകളുടെ സമാഹാരമാണ് “ചിറുകള്ള മൗനം”.
“ചിറകുള്ള മൗനം” എന്ന ഒറ്റ സമാഹാരത്തിലൂടെ ഏകാന്തതയും അസുഖവും ഒരു വ്യക്തിയെ എങ്ങനെയെല്ലാം പരിവര്‍ത്തനവിധേയമാക്കുന്നു എന്ന് മനസ്സിലാക്കാം. ചിലപ്പോഴൊക്കെ സൗന്ദര്യത്തെ ആരാധിക്കുകയും ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്ന ഒരു മനസ്സിനെ ഓരോ കവിതയിലും നമുക്ക് കാണാം. ജീവിതത്തോടുള്ള പ്രതീക്ഷയും അസുഖം നല്കുന്ന നിരാശയും അതിനെ അതിജീവിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും അവരുടെ കവിതകളില്‍ പ്രകടമാകുന്നുണ്ട്. ഗുരുനിത്യചൈതന്യയതി എഴുതിയ ആമുഖ കവിതയിലൂടെ കവയിത്രി അനുഭവിച്ച വേദനകളും പലപ്പോഴും ആശ്വാസമായി കവിതയും ഈശ്വര വിശ്വാസവും കൂട്ടിനായി വന്നതിനെക്കുറിച്ചും പറയുന്നുണ്ട്. കവിതാലോകത്തിന് വളരെയേറെ സംഭാവന നല്കാന് തക്ക സര്‍ഗ്ഗശേഷി അവരുടെ കവിതകള്‍ക്കുണ്ട്. പക്ഷേ അതിനുള്ള ആയുസ്സും ആരോഗ്യവും നല്‍കണമെന്ന് ദൈവത്തോട് തന്റെ ആമുഖ കവിതയിലൂടെ പ്രാര്‍ത്ഥിക്കുന്നു. ഇരുപത് കവിതകളുടെ സമാഹാരമാണ് “ചിറകുള്ള മൗനം”. അപ്രകാശിതങ്ങളായ നോവലുകളും നാടകങ്ങളും അവരുടേതായിട്ടുണ്ട്.
അന്നക്കുട്ടി പാലക്കീലിന്റെ വളരെ നല്ല കവിതയാണ് ‘തീര്‍ത്ഥ യാത്ര’. ഈ കവിതയിലൂടെ ജീവിതത്തോടുള്ള കവയിത്രിയുടെ മനോഭാവമാണ് വെളിവാക്കുന്നത്. അസുഖങ്ങള്‍ക്കിടയിലും സ്വന്തം കവിതകളിലൂടെ മറ്റുള്ളവര്‍ക്ക് ആഹ്ലാദവും ആശ്വാസവും നല്കണമെന്നുള്ള ആഗ്രഹം പ്രകടമാക്കുന്ന ഒരു കവിതയാണിത്. ജീവിതയാത്രയില്‍ മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാകണമെന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സിനുടമയായിരുന്നു അവര്‍. അതിനുള്ള തെളിവാണ് ഈ കവിത.
“ചിറകുള്ള മൗനം”. എറണാകുളം: തക്ഷശില ബുക്സ്, 1985.
അനാര്‍ക്കലി
തിരുവനന്തപുരം ജില്ലയില്‍ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ സുവോളജി ബിരുദം നേടി . 1986 ല്‍ സേവനതല്‍പ്പരതയെ മുന്‍നിര്‍ത്തിയുള്ള രാജ്യ പുരസ്കാര അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി.“ബര്‍ക്കന്‍സ്” ആണ് പ്രസിദ്ധീകരിച്ച കൃതി. ഈ സമാഹാരത്തിലെ ഇതേപേരുള്ള കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഷിമോണ്‍ പെരസിന്റെയും നദീറയുടെയും കഥ പറയുക വഴി പാലസ്തീനിന്റെയും ഇസ്രായേലിന്റെയും പോരാട്ട ചരിത്രം അനാവൃതമാക്കുകയാണ് ‘ബര്‍ക്കന്‍സ്’ എന്ന ചെറുകഥ. പ്രശസ്ത കഥാകാരന് പി. ആര്. നാഥന് അനാര്‍ക്കലിയുടെ കഥയെ നിരീക്ഷിക്കുന്നതിങ്ങനെ - ഓരോ കഥയിലും ഓരോ കാഴ്ചപ്പാടാണു രചയിതാവിന്റേത്. ‘ബര്‍ക്കന്‍സ്’ എന്ന കഥയാണ് കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. ഭാരതീയര്‍ക്ക് സുപരിചിതമല്ലാത്ത ഒരിടത്താണ് കഥ നടക്കുന്നത്. വളരെ ഭംഗിയായി മനസ്സിലെ ആശയങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട്. കവിതാത്മകമായ ശൈലിയാണ് അനാര്‍ക്കലിയുടേത്. വൃഥാസ്ഥൂലത ഇല്ലെന്നു തന്നെ പറയാം.
“ബര്‍ക്കന്‍സ്” (കഥകള്‍), കോഴിക്കോട്: സാഹിത്യ പുസ്തക പ്രസാധനം, 2011.
അനിത ഹരി
അനിത ഹരി എന്ന പേരില്‍ എഴുതുന്നു. അനിതകുമാരി കെ.എസ്. 1971 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം. ടി. ടി. സി. പഠനത്തിന് ശേഷം മലയാളത്തില്‍ ബി.എഡും, സെറ്റും പാസ്സായി. നെടുമങ്ങാട് വേങ്കവിള രാമപുരം ഗവ. യു.പി. എസ്സില്‍ അധ്യാപികയാണ്. ഇതിനു പുറമേ നെടുമങ്ങാട് ബി. ആര്. സി.യില്‍ റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ കലാസാംസ്കാരിക സംഘടനകളായ വായന, കാവ്യകേളി, സര്‍ഗ്ഗമാനസം, വഞ്ചിനാട് കലാവേദി, ഒരുമ ഇവയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. ശ്രീമതി അനിത ഹരിയുടെ പ്രഥമ കവിതസമാഹാരമാണ് “പ്രവാഹം”. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന കവിതകളും അപ്രകാശിതമായ ചില കവിതകളും ചേര്‍ത്താണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേരള കള്‍ച്ചറല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ തിരുവള്ളുവര്‍ സംസ്ഥാന പുരസ്കാരം (2009) നേടിയ കൃതിയാണ് പ്രവാഹം. സ്വന്തം ജീവിതത്തിന്റെ വേദനകളും, ഒറ്റപ്പെട്ടുപോയ നിമിഷങ്ങളുമാണ് ആദ്യമായി കവിതയ്ക്ക് പ്രേരണയായത് എന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. ക്രമേണ പ്രകൃതിയുടെ നൊമ്പരങ്ങള്‍, സമൂഹത്തിന്റെ പ്രശ്നങ്ങള്‍, ഒക്കെ ഉള്ളില്‍ നിന്ന് വരികളായി പെയ്തിറങ്ങി. മനുഷ്യ ക്രൂരതകളില്‍ മനം നൊന്തു പിടയുന്ന കണ്ണീര് വറ്റിയ പുഴയും ഉണങ്ങിയ ചില്ലുകളാല്‍ മരണം കാക്കുന്ന വൃക്ഷങ്ങളും വിഷമയമായ വായുവും അന്യമായിക്കൊണ്ടിരിക്കുന്ന പാടങ്ങളും അണപ്പൊട്ടിയൊഴുകിയ പ്രകൃതിയുടെ രോദനവുമെല്ലാം നൊമ്പരങ്ങളായി, അവ വരികളായി. ഒരു മോഹഭംഗത്തിന്റെ നിഴല്‍ പേറുന്നവയാണ് അനിതാഹരിയുടെ കവിതകള്‍ ഏറെയും. “പ്രവാഹം” എന്ന കവിതാസമാഹാരത്തിലെ ‘ദ്രൗപദി’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. "പ്രാണന് പകുക്കാന്‍ പാര്‍ത്ഥ- നോടൊത്തു യാത്രായാകെ, അറിഞ്ഞില്ല ഘോരമായ ചതിയുടെ ചീന്തുന്ന തീര്‍പ്പുകള്‍" പാണ്ഡവന്മാരഞ്ചുപേരെയും ഭര്ത്താക്കന്മാരായി സ്വീകരിക്കേണ്ടി വന്ന ദ്രൗപദിയുടെ ദുരവസ്ഥയാണ് ഇവിടെ അനുസ്മിരിക്കുന്നത്. ദ്രൗപദിയുടെ കണ്ണുനീരിന്റെ തുടര്‍ച്ച ആധുനിക സ്ത്രീയുടെ ജീവിതത്തിലും കണ്ടെത്തുകയാണ് കവിയിവിടെ. നഗരവല്‍കൃത മരണ യന്ത്രത്തിരക്കുകളില് പ്രണയം വറ്റിയ ഹൃദ മണ്‍കൂനകള്‍ക്കിടയില്‍ ചിതലരിച്ച സ്വപ്നങ്ങള്‍ മേയാന്‍ വിട്ട് ചലിക്കുക വിസ്മരിക്കുക, തച്ചുടയ്ക്കുക സ്വാര്‍ത്ഥമോഹ ചട്ടങ്ങളേ എന്ന് തളരാതെ വഴി നടക്കാനാണ് കവിയുടെ ആഹ്വാനം. കവിതയുടെ പ്രമേയവും ആഖ്യാനശൈലിയും സങ്കീര്‍ണമാണ് ഇവിടെ.
“പ്രവാഹം” (കവിതാസമാഹാരം). തിരുവനന്തപുരം: തൂലിക ബുക്സ്, “ദ്രൗപദി”. ഓഡിയോ സി.ഡി. 2008. “ആഗ്നേയം”. വീഡിയോ സിഡി.
പ്രൊഫ. ലീലാ ഓംചേരി
1929 മെയ് 1 ന് കന്യാകുമാരിക്കടുത്ത് തിരുവട്ടാറു ജനിച്ചു. ലക്ഷ്മിക്കുട്ടിയമ്മയും കമുകറ പരമേശ്വരക്കുറുപ്പും മാതാപിതാക്കള്‍. ചലിച്ചിത്ര പിന്നണിഗായകന്‍ കമുകറ പുരുഷോത്തമന് സഹോദരനായിരുന്നു. ആദ്യകാല ഗുരുക്കള്‍ അച്ഛനമ്മമാര്‍ തന്നെ. കേരള, ഡല്‍ഹി, പഞ്ചാബ് എന്നീ യൂണിവേഴ്സിറ്റികളില്‍ നിന്നു ബി. എ., ബി. എ. മ്യൂസിക്, എം. എ., പി. എച്ച്. ഡി. ഡിഗ്രികള്‍ നേടി. അധ്യാപനവും ഗവേഷണവും തൊഴിലാക്കി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം 1994 ല്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ഗുരുകുലാധ്യായനം തുടരുന്നു. 2008 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഭര്‍ത്താവ് പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള എഴുത്തുകാരനാണ്. മകള്‍ പ്രൊഫ. ദീപ്തി ഓംചേരി ഭല്ല സംഗീതജ്ഞയും ഗ്രന്ഥകാരിയുമാണ്. 1993 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. ഭാരതീയ സംഗീതത്തെ ആസ്പദമാക്കി ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. ഇരിയമ്മന്തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവരുടെ പരമ്പരസ്വരൂപം ഉയര്‍ത്തിക്കാട്ടി. ഒട്ടേറെ രചനകള്‍ കണ്ടെടുത്തു. പുത്തന്‍ ശൈലിയില്‍ പ്രചരിപ്പിക്കപ്പെട്ട സ്വാതിതിരുനാള്‍ രചനകളുടെ ഒറിജിനല്‍ ശൈലി കണ്ടെടുക്കാനും പാടിക്കാട്ടാനും ശ്രമിച്ചു. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രത്യേക ശൈലിയിലെഴുതപ്പെട്ട അനവധി പഴംകാല ചുവടുകളെ വിശകലനം ചെയ്ത് വെളിച്ചത്തു കൊണ്ടുവന്നു. മോഹിനിയാട്ടത്തിനു ജന്മം നല്കിയ കൊട്ടാര പാരമ്പര്യത്തിന്റെ പ്രത്യേകതകളെ എടുത്തു കാട്ടി വിശദീകരിച്ചു. “ലീലാ ഓംചേരിയുടെ പഠനങ്ങള്‍” എന്ന ഗ്രന്ഥത്തിലെ ‘ചിത്രരാമായണം ഒരു താളിയോല ചിത്രാത്ഭുതം’ എന്ന ലേഖനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ. ഡി. 1550 ല്‍ രചിക്കപ്പെട്ട അമൂല്യഗ്രന്ഥമാണ് ചിത്രരാമായണം. ചിതലരിച്ചും ചിതറിയും തിരിച്ചറിയാതെയും ലൈബ്രറിയില്‍ കിടന്നിരുന്ന മുക്കാല ഗ്രന്ഥങ്ങളെ കണ്ടെടുക്കാനും, അടുക്കിച്ചേര്‍ത്ത് ഒരു കാറ്റലോഗ് തയ്യാറാക്കാനുമായി ഇന്ദിരാഗാന്ധി നാഷണല്‍ ആര്‍ട്സ് ഡയറക്ടര്‍ ഡോ. കപില വാത്സ്യായന് ചുമതലപ്പെടുത്തിയതിന്റെ പേരില്‍ 1990-91 ല്‍, തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ എത്തിയ ഗ്രന്ഥകാരിയെ ചിത്രരാമായണം ആകർഷിച്ചു. എല്ലാ കാവ്യരാമായണങ്ങളുടെയും കഥ തന്നെയാണ് ചിത്രരാമായണകാരനും സ്വീകരിച്ചിട്ടുള്ളത്. പക്ഷേ രാമപട്ടാഭിഷേകത്തിനു ശേഷമുള്ള ഭാഗങ്ങള്‍ ഇതിലില്ല. ചിത്രരാമായണത്തിന്റെ രചിയതാവ്, സ്വന്തം പേര് ഒരിടത്തും പറഞ്ഞു കാണുന്നില്ല. മലയാള ലിപിയില്‍ ആയിപ്പോയതുകൊണ്ടും മലയാളി എഴുതിപ്പോയതുകൊണ്ടും മാത്രം എന്നും ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്ന ഒരു ചിത്രനാട്യകലാവിസ്മയമാണ് ചിത്രരാമായണം.
“ലീലാ ഓംചേരിയുടെ പഠനങ്ങള്‍” – കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2009. “ജീവിതം” (നാടകം). ശ്രീവിലാസ് പ്രസ്സ്, 1947. “ലീലാഞ്ജലി” (ചെറുകഥസമാഹാരം). “കഥാഭാരതി”. “സംഗീതാദി”. “അഭിനയ സംഗീതം”. “പദവും പാദവും”. “കേരളത്തിലെ ലാസ്യ രചനകള്‍”. കോട്ടയം: ഡി. സി ബുക്സ്, 2001. “ചിങ്കാരക്കുത്തുപാട്ടുകളും കൂടപ്പിറപ്പുകളും”. “ഇരയിന്തമ്പിയുടെ സംഗീത രചനകള്‍”. “തര്‍ജ്ജമ”. “പാര്ത്ഥിപന് കനവ്”.എന്നിവ
അഞ്ജു നായര്‍കുഴി (അഞ്ജുമോള്‍ ബി)
1993 ജനുവരി 15 ന് ജനിച്ചു. സി. ആര്. ബാലഗംഗാധരന്‍ നായരുടെയും കെ. എസ്. രാജമ്മയുടെയും മകള്‍. . “സര്‍പ്പസത്രം” (2008), “മതിലുകള്‍ക്കപ്പുറം” (2010) എന്നീ കഥാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ആദ്യ കഥാസമാഹാരമായ “സര്‍പ്പസത്രം” 2010 ലെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് നേടുകയുണ്ടായി. മലയാള കഥയിലെ ഏറ്റവും പുതിയ തലമുറയുടെ മുഖങ്ങളിലൊന്നാണ് അഞ്ജു നായര്‍കുഴി. മനുഷ്യ ജീവിതം, സാമൂഹിക പ്രശ്നങ്ങള്‍, പരിസ്ഥിതി ചൂഷണം, തുടങ്ങിയ വിഷയങ്ങള്‍ തന്റെ കഥകളിലൂടെ ഹൃദ്യമായി ആവിഷ്കരിക്കുന്നു. “സര്‍പ്പസത്രം” എന്ന ആദ്യ കഥാസമാഹാരത്തില്‍ പത്തൊന്‍പത് കഥകളാണ് ഉള്ളത്. ബാലന്മാരുടെ വേലകൊണ്ടു മാത്രം പുലരേണ്ടി വരുന്ന കുടുംബങ്ങള്‍ നിലനില്ക്കുമ്പോള് ബാലവേല നിരോധിക്കുന്ന നിയമത്തിന് എന്തു പ്രസക്തി എന്ന ചോദ്യമാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന കഥ ഉന്നയിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മരണശേഷം കുഞ്ഞനുജത്തിയുടെയും തന്റെയും വിശപ്പ് മാറ്റിയിരുന്നത് ഇഷ്ടികക്കളത്തില്‍ ജോലിയ്ക്ക് പോയി കിട്ടുന്നതു കൊണ്ടായിരുന്നു. എന്നാല്‍ അധികം താമസിയാതെ തന്നെ ബാലവേല നിരോധിച്ചതിന്റെ പേരില്‍ അവന് ആ ജോലി നഷ്ടമാകുന്നു. വിശക്കുന്ന രണ്ട് കുഞ്ഞ് വയറുകള്‍ എങ്ങനെ നിറയും എന്ന ചിന്തയോടൊപ്പം തന്നെ അവന്റെ മോഹങ്ങളും അവിടെ അസ്തമിക്കുന്നു. “ഓരോരോ നിയമങ്ങള്‍. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി കേള്‍ക്കുന്ന നിയമങ്ങളെന്നും ഇന്നാട്ടിലില്ല. എല്ലാം പണക്കാര്‍ക്ക് വേണ്ടിയുള്ളതാ.” തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വളരെ ലളിതമായി ആവിഷ്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.
“സര്‍പ്പസത്രം”. കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2008. “മതിലുകള്‍പ്പുറം”. പുനലൂര്‍: ഹരിശ്രീ ബുക്സ്.എന്നിവ കൃതികൾ.
ശോശ ജോസഫ്
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട് ജനിച്ചു. റോസമ്മ എന്നാണ് യഥാര്‍ത്ഥ പേര്. ബി. എസ്.സി., എല്‍. എല്‍. ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1973 മുതല്‍ കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രവര്‍ത്തിച്ചു വരുന്നു. “സ്വര്‍ഗം തേടിപ്പോയ രാജകുമാരന്” എന്ന ശോശ ജോസഫിന്റെ പുസ്തകം ഒരു ചെറിയ കുട്ടിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. രോഗത്തെയും മരണത്തെയും അവന് ധീരമായി നേരിട്ടതിനെ കുറിച്ചുള്ള സങ്കടകരമായ വിവരണം. ഈ പുസ്തകത്തിലെ നായകനായ അജിന് എന്ന പത്തുവയസ്സുകാരന് എഴുത്തുകാരിയുടെ അടുത്ത ബന്ധുവാണ്. കുട്ടിയുടെ കാലുകള്‍ തളരുന്നതും അവന് രോഗാവസ്ഥയിലേക്ക് എത്തുന്നതും പെട്ടെന്നാണ്. അസാമാന്യമായ ധൈര്യത്തോടെയാണ് കുട്ടി തന്റെ അവസ്ഥയെ നേരിട്ടത്. കുട്ടിയുടെ തന്നെ ചിന്തയും ആത്മഗതങ്ങളുമായാണ് പുസ്തകത്തിന്റെ കാതലായ അംശം . കുട്ടിയുടെ വേര്‍പാടില്‍ നിന്നുണ്ടായ ദുഃഖത്തില്‍ നിന്ന് മുക്തി നേടാനായാണ് താന്‍ ഈ ഗ്രന്ഥം രചന തുടങ്ങിയതെന്നും തുടങ്ങി കഴിഞ്ഞപ്പോള്‍ ദൈവേച്ഛയാല് കുട്ടി തന്നെ ആ ജോലി ഏറ്റെടുത്തതായും പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ എഴുത്തുകാരി പറഞ്ഞിരിക്കുന്നു.
ക്യാപ്റ്റന്‍ ലക്ഷ്മി
1914 ഒക്ടോബര്‍ 24 ന് ജനിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രി നേടി. 1940 ല്‍ സിംഗപ്പൂരിലേക്ക് പോയി. അവിടെ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. 1943 ല്‍ ഐ. എന്‍. എ. യുടെ ഭാഗമായി റാണി ഝാന്‍സി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്തു. നേതാജി ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചു. 1945 ല്‍ ബ്രിട്ടീഷ് പട്ടാളം തടവുകാരിയാക്കി. 1946 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. 1998 ല്‍ ഇന്ത്യാ ഗവണ്മെന്റ് പത്മഭൂഷണ്‍ നല്കി ആദരിച്ചു. “ഓര്‍മ്മക്കുറിപ്പുകള്‍” ആണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതി. ഇന്ത്യയുടെ സ്വതന്ത്ര്യസമരചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു നേതാജി നേതൃത്വം നല്കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും അതിലെ സ്ത്രീകളുടെ വിഭാഗമായ റാണി ഝാന്‍സി റെജിമെന്റും. ഈ സൈനികദളത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെ ഒരു സ്ത്രീയുടെ രാഷ്ട്രീയ പ്രവൃത്തിപഥത്തിലൂടെ അടയാളപ്പെടുത്തുകയാണ് ഓര്‍മ്മക്കുറിപ്പുകളില്‍. മിനി സുകുമാറും ഡോ. മിനി ചന്ദ്രനുമായി ലക്ഷ്മി നടത്തിയ അഭിമുഖമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
“ഓര്‍മ്മക്കുറിപ്പുകള്‍” (സ്മരണ). തിരുവനന്തപുരം: വിമന്‍സ് ഇംപ്രിന്റ്, 2005.
അനുജ അകത്തൂട്ട്
1987 ല്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് അനുജ അകത്തൂട്ട് ജനിച്ചത് . തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, മൂവാറ്റുപ്പുഴ ലിറ്റില്‍ ഫ്ളവര്‍, സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി . കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ യുവ എഴുത്തുകാരികളുടെ ദേശീയ ക്യാമ്പിലേക്ക് 2009 ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ കവിതാപുരസ്ക്കാരം, 2007 ൽ അമ്മ ഉറങ്ങുന്നില്ല എന്ന കൃതിയ്ക്കു ലഭിച്ചു .വി. ടി. കുമാരന് മാസ്റ്റര്‍ സ്മാരക പുരസ്കാരം, 2006 (“അമ്മ ഉറങ്ങുന്നില്ല”), എം.ജി. യൂണിവേഴ്സിറ്റിയുടെ അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്കാരം, 2009, അങ്കണം (തൃശൂര്‍) സാംസ്കാരിക വേദിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം, 2008 (“കൂട്ട്”).
“പൊതുവാക്യസമ്മേളനം” (കഥകള്‍,തൃശൂര്‍: കറന്റ് 1999.) “അരോമയുടെ വസ്ത്രങ്ങള്‍” (കഥകള്‍ തൃശൂര്‍: കറന്റ്ബുക്ക്സ്,2004 )
അപര്‍ണ കെ. ആര്
1989 ല്‍ ജനിച്ചു. രാധാകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകള്‍. “ഏകലവ്യന് ഭാഗ്യവാനാണ്” (2004) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. 2003 ലെ പ്രൊഫ. എ. സുധാകരന് സ്മാരക അവാര്‍ഡ് ലഭിച്ചു. അനുഭവങ്ങളിൽ നിന്നുള്ള പ്രചോദനമാണ് അപര്‍ണയുടെ കഥകള്‍ക്ക് അടിസ്ഥാനം. അതുപോലെ യുദ്ധം, പട്ടിണി, സ്നേഹരാഹിത്യം, കാരുണ്യക്കുറവ്, രോഗം തുടങ്ങിയ അനേകം ഘടകങ്ങൾ അപർണയുടെ കഥകള്‍ക്ക് അടിസ്ഥാനമായി വർത്തിക്കുന്നുണ്ട്.
കെ. ആരിഫ
1991 ല്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ജനിച്ചു. എം. ഫാത്തിമയുടെയും . കെ. മുഹമ്മദ് കുട്ടിയുടെയും മകള്‍. “ഉയിര്‍ത്തെഴുന്നേല്‍പ്പ്” എന്ന നോവലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അച്ഛനുമമ്മയും മരിച്ചുപോയ അപ്പുവിന്റെയും അമ്മുവിന്റെയും കഥ പറയുന്നു. അമ്മുവിനു വേണ്ടി അപ്പു ഹോട്ടലില്‍ പണിയെടുത്തു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരാള്‍ അമ്മുവിനെ പിടിച്ചു കൊണ്ടുപോയി. അവള് അവിടെ നിന്നും രക്ഷപ്പെട്ടു. അവളെ നല്ല ഒരു കുടുംബം ദത്തെടുത്തു. അവള് ഡോക്ടറായി.അരക്ഷിത ബാല്യങ്ങളുടെ കഥ അത്യന്തം ഹൃദയവർജ്ജകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈ നോവൽ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്നു .
ആര്യാദേവി അന്തര്‍ജനം
1888 ല്‍ ഹരിപ്പാടുള്ള ചെങ്ങാരപ്പള്ളിഇല്ലത്തു ആര്യാദേവി അന്തര്‍ജനം ജനിച്ചു. വിദ്വാന്മാരും പണ്ഡിതന്മാരും നിറഞ്ഞ ഗൃഹമായിരുന്നു അക്കാലത്ത് ചെങ്ങാരപ്പള്ളി ഇല്ലം.പിന്നീട് കൊട്ടാരക്കര കോട്ടവട്ടത്ത് വിവാഹിതയായി പോയി. മലയാള സാഹിത്യ ചരിത്രത്തില്‍ കേള്‍വികേട്ട സ്ഥലമാണ് കോട്ടവട്ടം. ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മ സ്ഥലം. ആര്യാദേവി അന്തര്‍ജനത്തിന്റെ മകളായാണ് ലളിതാംബിക ജനിച്ചത്. ആര്യാദേവി അന്തര്‍ജനം ചെറുപ്പം മുതല്‍ കവിതയും ഗാനങ്ങളും എഴുതിയിരുന്നു. അവയില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോയി. അവശേഷിച്ച ‘വിപ്രപത്ന്യാനുഗ്രഹം’ എന്ന കവിതയും ഏതാനും ചില ഭക്തി ഗാനങ്ങളും സംഗ്രഹിച്ചതാണ് “ആര്യഗീതി” എന്ന ഗ്രന്ഥം. ലളിതാംബിക അന്തര്‍ജനമാണ് ഇതിന്റെ പ്രസാധക.
ആശാ സുവര്‍ണ്ണരേഖ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കില്‍ കോട്ടുകാലില്‍ 1965 ല്‍ ജനിച്ചു . മലയാള സാഹിത്യത്തില്‍ ബിരുദം, മെക്കാനിക്ക് റേഡിയോ ആന്റ് ടെലിവിഷന്‍ കോഴ്സില്‍ ഐ. ടി. ഐ.എന്നിങ്ങനെ വിദ്യാഭാസം പൂർത്തീകരിച്ചു . നാടകങ്ങളില്‍ അഭിനയിക്കുകയും അവ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആകാശവാണിയിലെ ബാല ആര്‍ടിസ്റ്റ് ആയിരുന്നു .1983 ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കുട്ടികളുടെ നാടകസംഘമായ വിഘ്നേശ്വര ആര്‍ട്സ് ക്ലബ് രുപീകരിച്ചു. 1985 ല്‍ സ്ത്രീകളുടെ നാടക സംഘടനയുണ്ടാക്കി. “സഫ്ദര്‍ഹശ്മി ജീവിക്കുന്നു”, “രക്ഷാമാര്‍ഗ്ഗം”, “ഒരു സ്ത്രീ നാടകത്തിന്റെ പണിപ്പുരയില്‍”, “വിശപ്പ്” തുടങ്ങിയ നാടകങ്ങള്‍ രചിച്ചു. ശ്രീ നാരായണ സ്റ്റഡി സര്‍ക്കിള്‍ നടത്തിയ അഖിലകേരള തെരുവ് നാടക രചനാ മത്സരത്തില്‍ “സാഹോദര്യം നശിപ്പിക്കുന്നവര്‍” എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തകനായ പി.കെ. വേണുക്കുട്ടന്‍ നായര്‍ ആശാ സുവര്‍ണ്ണരേഖയുടെ ഭര്‍ത്താവാണ്. അദ്ദേഹത്തെ കുറിച്ച് എഴുതിയ പുസ്തകമാണ് “ദൈവത്തിന്റെ കൈയൊപ്പു ലഭിക്കാത്ത ഒരുവന്”. വേണുക്കുട്ടന്‍ നായര്‍ എന്ന നാടക പ്രതിഭയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ ജനനം മുതലുള്ള ജീവിത സന്ദര്‍ഭങ്ങളെ ഓരോന്നിനെയും പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. കലാതല്പരനും കലാകാരനുമായ ഒരു യുവാവ് നാടകകൃത്തായി മാറിയതെങ്ങനെ എന്ന് വിവരിക്കുകയാണിവിടെ.
ആശ
തൃശ്ശൂരില്‍ ജനിച്ചു. സെന്റ് മേരീസ് കോളേജ്, തൃശ്ശൂര്‍ വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതുന്നു. “മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും” എന്ന ആദ്യ നോവല്‍ മാതൃഭൂമി ബുക്സ് നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.
“മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും” (നോവല്‍). കോഴിക്കോട്, മാതൃഭൂമി ബുക്സ്, 2007.
അഷിത
തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ചു. ദല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.
“വിസ്മയചിഹ്നങ്ങള്‍” (1987), “അപൂര്‍ണ വിരാമങ്ങള്‍” (1993), “അഷിതയുടെ കഥകള്‍” (1996) “മഴമേഘങ്ങള്‍”, “ഒരു സ്ത്രീയും പറയാത്തത്” (1998) “നിലാവിന്റെ നാട്ടില്‍” (2002), “ശിവസേവന സഹവര്‍ത്തനം”, “മയില്‍പ്പീലി സ്പര്‍ശം”, “ഭൂമി പറഞ്ഞ കഥകള്‍” (1999), “പദവിന്യാസങ്ങള്‍” (1999) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അഷിതയുടെ കഥകളില്‍ സ്ത്രീയുടെ പല അവസ്ഥകളെയും വളരെ ഹൃദയസ്പൃക്കാംവിധം അവതരിപ്പിച്ചിട്ടുണ്ട്.പുരുഷസൃഷ്ടമായ സാമൂഹിക ചുറ്റുപാടിൽ യാതന അനുഭവിക്കുന്ന സ്ത്രീയവസ്ഥകൾ യാഥാർഥ്യ പ്രതീതിയോടെഅവരുടെ കഥകളിൽ പ്രതിഫലിക്കുന്നു .
“ഒരു സ്ത്രീയും പറയാത്തത്” 1998. “പദവിന്യാസങ്ങള്‍” (32 റഷ്യന്‍ കവിതകള്‍). തൃശ്ശൂര്‍: കറന്റ് ബുക്സ്, നവംബര്‍ 1999. “അപൂര്‍ണവിരാമങ്ങള്‍” - മള്‍ബറി പബ്ലിക്കേഷന്‍സ് സെപ്റ്റംബര്‍ 1993. “വിസ്മയ ചിഹ്നങ്ങള്‍” - മലയാളം പബ്ലിക്കേഷന്‍സ്. ജൂലൈ, 1987 “അഷിതയുടെ കഥകള്‍” - ഒക്ടോബര്‍ 1996. “മഴമേഘങ്ങള്‍” - ഡി സി, മാര്‍ച്ച് 1998. “ശിവേന സഹപ്രവര്‍ത്തനം” (വിവര്‍ത്തനം)- ഡി സി ബുക്സ്, കോട്ടയം. “റൂമിപറഞ്ഞ കഥകള്‍” - ജൂണ്‍, 1999. “മയില്‍പ്പീലി ദര്‍ശനം” (നോവല്‍) - ഡി സി ബുക്സ്, കോട്ടയം ഒക്ടോബര്‍ 2001. “നിലാവിന്റെ നാട്ടില്‍” - കോട്ടയം :ഡി സി ബുക്സ് ഒക്ടോബര്‍ 2002. “അമ്മ എന്നോട് പറഞ്ഞ നുണകള്‍” - മംഗളോദയം 2006.എന്നിവ കൃതികൾ . ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഡോ. ആര് അശ്വതി
1977 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ചു. കെ. രവീന്ദ്രന് പിള്ളയുടെയും കെ. എസ്. കൃഷ്ണകുമാരിയുടെയും മകള്‍. മലയാളം ഐച്ഛികമായെടുത്ത് ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്നും ബിരുദം. കേരള സര്‍വ്വകലാശാലയുടെ എം. എ., ബി. എഡ്. ബിരുദങ്ങള്‍. മലയാളത്തിലെ നാമവിശേഷങ്ങള്‍ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും നേടി. ആവിഷ്കരണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന എഴുത്തുകാരിയാണ്. “പ്രിയംകരമായവ” (സൈന്ധവ ബുക്സ്, കൊല്ലം, 2006) എന്ന കവിതാസമാഹാരം മാത്രമാണ് പുസ്തകമാക്കിയിട്ടുള്ളത്.
പ്രൊഫ. ആശ ജി വക്കം
1955 ല്‍ തിരുവനന്തപുരം, കടയ്ക്കാവൂരില്‍ ജനിച്ചു. രാധമ്മയുടെയും ഡോ.ഗോപാലന്റെയും മകള്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സെന്റര്‍ മലയാള വിഭാഗം (എം. എ.), തിരുവനന്തപുരം വിമന്‍സ് കോളേജ് (എം. ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്. എന്‍ കോളേജില്‍ മലയാള വിഭാഗം പ്രൊഫസറായി പ്രവർത്തിച്ചു. “അനാമികയുടെ സുവിശേഷങ്ങള്‍” എന്ന ആത്മകഥയ്ക്കു 2006 ൽ സാഹിത്യകേരളം അവാര്‍ഡ് ലഭിച്ചു . ‘പൂമരത്തണല്പോലെ ഒരു പുസ്തകം’ (ബി. സന്തോഷ്, കലാകൗമുദി, ഒക്ടോബര്‍ 23, 2005), ‘എത്ര ആശ്വാസം ആശയുടെ വാക്കുകള്‍’ (ഉഷ എസ് നായര്‍, കലാകൗമുദി), ‘അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക്’ (സുരേന്ദ്രന് ചുനക്കര, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005), ‘അര്‍ബുദത്തിന്റെ സുവിശേഷം’ (ചന്ദ്രിക വാരാന്തപതിപ്പ്, സുധീപ്, ജെ.സലീം, 2005 സെപ്റ്റംബര്‍ 4), ‘ദിവ്യചൈതന്യത്തിന്റെ ജ്വാലകള്‍’ (കെ.പി.അബ്ദുള്‍ റഹ്മാന്, സാഹിത്യകേരളം, ഏപ്രില്‍ 2006), ‘ദേവസംഗീതം തഴുകിയെത്തുമ്പോള്‍’ (മനോരമ ആരോഗ്യം, ഡിസംബര്‍ 2007). ‘രോഗത്തെ പ്രണയിച്ച് അനാമിക’ (കന്യക, ജനുവരി 2006) “അനാമികയുടെ സുവിശേഷങ്ങള്‍” എന്ന കൃതിയെ ആസ്പദമാക്കിയുള്ള പഠനങ്ങളാണ്. ജീവിതത്തെ കാര്‍ന്നു തിന്നുന്ന രോഗത്തെ ജയിച്ച എഴുത്തുകാരിയുടെ സ്വന്തം അനുഭവം വായനക്കാരന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്നു .2005ൽ ഗൗതം ബുക്ക്സ് ആണ് ഈ ആത്മകഥ പ്രസിദ്ധീകരിച്ചത് .
ആര്യാംബിക എസ്.വി.
1981 ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു. കെ. എന്‍. വിശ്വനാഥന് നായരുടെയും എം. കെ. സാവിത്രിയമ്മയുടെയും മകള്‍. ഇടനാട് ഗവ. എല്‍. പി. സ്കൂള്‍, ഇടനാട് ശക്തി വിലാസം എന്‍. എസ്. എസ്. ഹൈസ്കൂള്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല (തിരുവനന്തപുരം പ്രാദേശിക കേന്ദ്രം & കാലടി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകളും, ഗാനങ്ങളും രചിക്കാറുണ്ട്. ഡോ. ബാബു ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത “അമ്മ അഭയം” എന്ന മ്യൂസിക്കല്‍ ഡോക്യുമെന്ററിയില്‍ ഗാനരചന നിര്‍വ്വഹിച്ചു. പാലാ കൈരളീശ്ലോകരംഗം എന്ന ശ്ലോക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. ദീപിക വാരാന്ത്യ പത്രത്തിലും (2006, ജനുവരി 6, ശ്രീ രാജേഷ് കുഴികുളം) ഏഷ്യാനെറ്റില്‍ സുപ്രഭാതത്തിലും (1999, രാജശ്രീ വാര്യര്‍) അഭിമുഖം നല്‍കിയിട്ടുണ്ട്. വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം (“മണ്ണാങ്കട്ടയും കരിയിലയും”), വി.ടി. കുമാരന് പുരസ്കാരം (2005), വൈലോപ്പിള്ളി സ്മാരക ശ്രീരേഖാ പുരസ്കാരം (1996) മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കലാലയ വിഭാഗം കവിതയ്ക്ക് രണ്ടുതവണ (2002 & 2003) രണ്ടാം സമ്മാനം, കവനകൗതുകം മാസികയുടെ മികച്ച മുക്തകത്തിനുള്ള അവാര്‍ഡ് (2007) എന്നിവ ലഭിച്ചിട്ടുണ്ട്.“മണ്ണാങ്കട്ടയും കരിയിലയും”, (കവിതകള്‍). പാലാ: കൈരളീശ്ലോകരംഗം, 2006. “അങ്കണം കവിതകള്‍", (ആന്തോളജി). തൃശൂര്‍: അങ്കണം ബുക്സ്, 2007.എന്നിവ കൃതികൾ .
അനുരാധ
ഡോ. കാരക്കാട്ടു മാധവമേനോന്റെയും രത്നമ്മയുടെയും മകളായി ജനിച്ചു. എറണാകുളത്തു താമസം. “വാടാത്ത പൂക്കള്‍”, “ഉണര്‍ത്തുപാട്ട്”, “എല്ലാം ഓര്‍മ്മകള്‍”, “സ്വയം” എന്നീ നോവലുകളും “അപരാജിത”, “അഗ്നിശലഭങ്ങള്‍” എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “കറുത്ത പൊന്നിന്റെ കഥ” എന്ന നോവലിന്റെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1498 ല്‍ വാസ്കോഡഗാമയുടെ സന്ദര്‍ശനം മുതല്‍ പോര്‍ച്ചുഗീസ് ആധിപത്യം ഇവിടെ സ്ഥാപിതമാകുന്നതു വരെയുള്ള കാലഘട്ടത്തിലെ ഉദ്വോഗജനകമായ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി രചിച്ച ചരിത്ര നോവലാണ് “കറുത്ത പൊന്നിന്റെ കഥ”. "കറുത്ത പൊന്നിന്റെ കഥ" (നോവല്‍). കോട്ടയം, ഡി.സി. ബുക്സ്, 2008.
"കറുത്ത പൊന്നിന്റെ കഥ" (നോവല്‍). കോട്ടയം, ഡി.സി. ബുക്സ്, 2008
അശ്വതി തിരുനാള്‍
സമൂഹത്തിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉറവ വറ്റിയിട്ടില്ല എന്ന് പറയുന്ന ഒരു ലേഖന സമാഹാരമാണ് അശ്വതി തിരുനാളിന്റെ “ബുധദര്‍ശനം”. ലളിതമായ ഭാഷയിൽ പെണ്‍കുട്ടികളുടെ ഇന്നത്തെ ദുരവസ്ഥയെ കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത് . ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ നിന്നുള്ള സംഭവങ്ങളാണ് ലേഖനത്തിനടിസ്ഥാനം. സ്ത്രീ ജീവിതം നരകതുല്യമാക്കുന്ന പെണ്‍ഭ്രൂണഹത്യ, വീടിനകത്തും പുറത്തും നേരിടേണ്ടിവരുന്ന പീഡനങ്ങള്‍, സ്ത്രീധന വ്യവസ്ഥിതി എന്നിവയെ എഴുത്തുകാരി നിശിതമായി വിമര്‍ശിക്കുന്നു. സ്ത്രീ സമത്വത്തിനു വിഘാതമായി നിൽക്കുന്ന ഈ വ്യവസ്ഥിതിയുടെ മാറ്റമാണ് എഴുത്തുകാരി ആഗ്രഹിക്കുന്നത്. സ്വയംപര്യാപ്തരാവേണ്ട സ്ത്രീകൾ അടിമകളായി കഴിയേണ്ടിവരുന്നതിനെ അവർ വിമർശിക്കുന്നു . സ്ത്രീയെന്നും കണ്ണൂനീര്തുള്ളിതന്നെയാണ് എന്ന് പറഞ്ഞ് ലേഖനം അവസാനിപ്പിക്കുന്നു.
ബി വന്ദന
1983 ഏപ്രില്‍ 2 ന് നോര്‍ത്ത് പറവൂര്‍, കൈതാരം കൃഷ്ണഗിരിയില്‍ എം. എന്‍. രാമകൃഷ്ണന്റേയും ഗിരിജാദേവിയുടേയും മകളായി ജനനം. ആലുവ യൂ. സി. കോളേജില്‍ നിന്നും റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി . കാലടി സംസ്ക്കൃത സര്‍വകലാശാലയില്‍ നിന്നും എം. ഫില്‍ നേടിയ ശേഷം ‘ചേന്ദമംഗലത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന വിഷയത്തില്‍ ഗവേഷണം. ഇപ്പോള്‍ തിരുവനന്തപുരം, എന്‍. എസ്. എസ്. വനിതാ കോളേജില്‍ അസിസ്റ്റന്റ് പ്രോഫസ്സര്‍. വിജ്ഞാന കൈരളി, ഗ്രന്ഥാലോകം, ജ്വാല തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിവരുന്നു. ആലുവ യൂ. സി. കോളേജില്‍ നിന്നും ‘ഭൂമി മലയാളം’ പുറത്തിറക്കുന്ന പുസ്തകത്തിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയെക്കുറിച്ചുള്ള ജീവചരിത്രം കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കാനിരിക്കുന്നു. ‘തമിഴ് ബ്രാഹ്മണ സംസ്കൃതിയുടെ ഉത്സവങ്ങള്‍, കലകള്‍, വിനോദങ്ങള്‍’ എന്ന ലേഖനത്തില്‍ പാലക്കാട് കല്‍പ്പാത്തി കുമരിപുരം അഗ്രഹാരത്തിലെ ബ്രാഹ്മണ സംസ്കൃതിയുടെ സവിശേഷതകളെ പഠനവിധേയമാക്കുന്നുണ്ട്. ബ്രാഹ്മണിപ്പാട്ട് പോലെ കേരളത്തില്‍ അന്യം നിന്നും പോകുന്ന അനുഷ്ടാന കലാരൂപങ്ങളെ പരാമര്‍ശിക്കുന്ന ലേഖനമാണ് ‘ബ്രാഹ്മണിപ്പാട്ട് – ഒരു അനുഷ്ഠാനകല’.
‘തമിഴ് ബ്രാഹ്മണ സംസ്കൃതിയുടെ ഉത്സവങ്ങള്‍, കലകള്‍, വിനോദങ്ങള്‍’ (ലേഖനം). ‘ബ്രാഹ്മണിപ്പാട്ട് – ഒരു അനുഷ്ഠാനകല’ (ലേഖനം).
ബെസ്സി കടവില്‍
പനയ്ക്കപ്പടീറ്റതില് വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെയും അന്നമ്മ ജോര്‍ജ്ജിന്റെയും മകളായി ആലപ്പുഴ ജില്ലയിലെ രാമപുരത്ത് ജനിച്ചു. ഇപ്പോള്‍ കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്നു."പകല്‍വിളക്ക്", "കറുത്ത കണിക്കൊന്ന" എന്നീ കവിതാസമാഹാരങ്ങളും "മകന്റെ അമ്മ" എന്ന കഥാസമാഹാരവുമാണ് പ്രസീദ്ധീകരിച്ച കൃതികള്‍.
ഡോ. ചന്ദ്രികാ ശങ്കരനാരായണന്
1943 ജൂണ്‍ 13 ന് ആലപ്പുഴ ജില്ലയിലെ നിലംപേരൂരില്‍ ജനിച്ചു. എന്‍. പി. പണിക്കറുടെയും കെ. കെ. ഗൗരിക്കുട്ടിയമ്മയുടെയും മകള്‍. നിലംപേരൂരിലും കുറിച്ചിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം. 1967 ല്‍ ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ മലയാള സാഹിത്യത്തില്‍ എം. എ. ജയിച്ചു. വാഴൂര്‍ എന്‍. എസ്. എസ്. കോളേജില്‍ അധ്യാപികയായി. 1991 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും യു. ജി. സി. ഫെലോഷിപ്പോടു കൂടി പി.എച്ച്. ഡി. ബിരുദം നേടി. കരമന എന്‍. എസ്. എസ്. കോളേജിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കവിയായ പ്രൊഫ. തകഴി ശങ്കരനാരായണനാണ് ഭര്‍ത്താവ്.
എം. എസ്. ദേവകീ ദേവി
1935 ഏപ്രില്‍ 7 ന് ആലപ്പുഴ ജില്ലയിലെ ബുധനൂരില്‍ ജനിച്ചു. നെടുമങ്ങാട് ബോയ്സ് ഹൈസ്കൂളില്‍ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്നും വിരമിച്ചു.“ശ്രീ മഹാഭാഗവതം കഥാമൃതം” (2004), “തിരുവാതിര വ്രതം” എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ . “ശ്രീ മഹാഭാഗവത കഥാമൃതം” കുട്ടികള്‍ക്ക് (വിദ്യാര്‍ത്ഥികള്‍ക്ക്) ഉപകാരപ്രദമാകണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് എഴുതിയിരിക്കുന്നത്. പന്ത്രണ്ട് സ്കന്ധങ്ങളും പുരാണ രചനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെയാണ് രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തിന്റെ ദശമസ്കന്ധം മാത്രമാണ് അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. മഹാഭാരത കഥയെ കുട്ടികള്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്ന തരത്തില്‍ വളരെ ലളിതമായി ആവിഷ്കരിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് .
എലീസ
1946 സെപ്തംബര്‍ 27 ന് കോട്ടയം ജില്ലയില്‍ ജനിച്ചു. ശോശക്കുട്ടി കുരുവിളയും റ്റി. സി. കുരുവിളയും മാതാപിതാക്കള്‍. 1967 മുതല്‍ 12 വര്‍ഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം ബസേലിയേസ് കോളേജില്‍ 1979 ല്‍ കാലിക്കറ്റ് വാഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ എം. ഫില്‍ (ഇംഗ്ലീഷ്) പാസ്സായി.“റെയ്സ് ഓഫ് ഹോപ്പ്”, “ദി റെയ്ന്ബോ” എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “പുതിയ കീര്‍ത്തനങ്ങള്‍ പുതിയ സംവാദങ്ങള്‍” ആണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതി. ബൈബിള്‍ ബിംബങ്ങളുണ്ടെങ്കിലും സാര്‍വ്വലൗകികമാണ് ഈ ദര്‍ശനം.
വിജയലക്ഷ്മി
1960-ല്‍ എറണാകുളം ജില്ലയില്‍ മുളന്തുരുത്തി വില്ലേജില്‍ പെരുമ്പള്ളി ദേശത്ത് കുഴിക്കാട്ടില്‍ രാമന് വേലായുധന്റേയും കമലാക്ഷിയുടേയും മകളായി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്റ് സ്കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ് , മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1980 - ല്‍ ജന്തുശാസ്ത്രത്തില്‍ ബിരുദം. 1982-ല്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1982 മുതല്‍ 84 വരെ തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 1984 മുതല്‍ എറണാകുളം ടെലികോമില്‍ ജോലിചെയ്യുന്നു. 1977-ല്‍ 17-ാം വയസ്സില്‍ വിജയലക്ഷ്മിയുടെ കവിത ആദ്യമായി പ്രസിദ്ധീകൃതമായി, കലാകൗമുദിയില്‍. 1980-ല്‍ കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ കഥയ്ക്കും, കവിതയ്ക്കും ഒന്നാം സ്ഥാനം നേടി. 1992-ല്‍ ആദ്യ കവിതാസമാഹാരം “മൃഗശിക്ഷകന്‍” പ്രസിദ്ധീകൃതമായി. കവിത അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. സ്ത്രീപക്ഷചിന്തകൾ വളരെ ഫലപ്രദമായി വിജയലഷ്മി കവിതകളിൽ കൈകാര്യം ചെയ്യുന്നുണ്ട്. പുരുഷനെ അവഗണിക്കാതെ തന്നെ സ്ത്രീ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഒരു സങ്കൽപം അവർക്ക് ഉണ്ടായിരുന്നതായി കവിതകൾ സൂചിപ്പിക്കുന്നു .
രമാ പ്രകാശ്
1964 മാര്‍ച്ച് 15 ന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ജനിച്ചു. വി. കെ. ഭാസ്ക്കരന്റെയും രോഹിണിക്കുട്ടിയുടെയും മകള്‍. വിദ്യാഭ്യാസം അടൂരില്‍ പൂര്‍ത്തിയാക്കി. "ഈശ്വരദര്‍ശനം" ആണ് ആദ്യത്തെ കവിതാ സമാഹാരം. തന്റെ മാനസിക വ്യാപാരങ്ങളെ കവിതയിലൂടെ പ്രകാശിപ്പിക്കുക എന്ന അത്യന്തം ശ്രമകരമായ കാര്യമാണ് രമാ പ്രകാശ് ഈ കവിതാസമാഹാരത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. "കഥാവേളയും കാവ്യപൂജയും" (ലാലു ബുക്സ്, കോട്ടയം, 2004, ആഗസ്റ്റ്) എന്ന പേരില്‍ ഒരു കവിതാസമാഹാരം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്തിയില്‍ അധിഷ്ഠിതമായ കാവ്യരചനയാണ് എഴുത്തുകാരിയുടെ പ്രത്യേകത. 'ഈശ്വരദര്‍ശനം' എന്ന കവിതയില്‍ സ്നേഹവും വാല്സല്യവും കൊതിക്കുന്ന ഒരു മനസ്സിനെയാണ് അവതരിപ്പിക്കുന്നത്. കൃഷ്ണഭക്തിയില്‍ മതിമറന്ന രാധയെ നമുക്ക് ഈ കവിതയില്‍ ദര്‍ശിക്കാനാകും. തത്വചിന്താപരമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ കവിതയില്‍ ഭൗതിക ജീവിതത്തിലെ പ്രാരാബ്ദങ്ങളില്‍ ആണ്ടുപോയ ഒരമ്മയെ നമുക്ക് കാണാന്‍ സാധിക്കും.
ഡോ. കെ. പി. ഫിലോമിന
1963 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയില്‍ ജനിച്ചു. ശ്രീകണ്ഠപുരം എസ്. ഇ. എസ്. കോളേജിലെ മലയാള വിഭാഗം റീഡറും യൂണിവേഴ്സിറ്റി ഗവേഷണ ഗൈഡുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല യു. ജി. മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
"കുടുംബം സമൂഹം ചില നേര്‍ക്കാഴ്ചകള്‍" (ലേഖനസമാഹാരം 2005), "സൈബര്‍ വില്ല" (കഥാസമാഹാരം 2006), "ഉത്തര കേരളത്തിലെ വേട്ടുവര്‍" (ഫോക്ലോർ പഠനം, 2008), "ഫോക് ആര്‍ട്സ് ഓഫ് കേരള"എന്നീ നാല് കൃതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫോക് ലോറിലുള്ള സമഗ്ര സംഭാവനയ്ക്ക് 2006 ലെ ബാലന് പി. പാളിയത്ത് പുരസ്കാരവും 2009 ലെ മികച്ച ഗ്രന്ഥ രചനയ്ക്കുള്ള ഫോക്ലോർ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഉത്തര കേരളത്തിലെ ആദിവാസി സമൂഹമായ വേട്ടുവരുടെ ആചാരാനുഷ്ഠാനങ്ങളെയും ഗോത്ര സംവിധാനങ്ങളെയും കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് "ഉത്തര കേരളത്തിലെ വേട്ടുവര്‍". ഓരോ കൂട്ടായ്മയുടെയും അറിവ് അവരുടെ ഫോക്ലോറാണ്. ഓരോ ജനസമൂഹവും വംശീയമോ, പാരമ്പര്യമോ ആയി സൂക്ഷിച്ച്, തലമുറകളായി പകര്‍ന്നുതരുന്ന അറിവാണത് ഇത്തരം ലഘു സംസ്കൃതികളെക്കുറിച്ചറിയാതെ, ഒരു ദേശത്തിന്റെ ബൃഹത് സംസ്കൃതിയെക്കുറിച്ച് അറിയുവാനുള്ള ശ്രമം വൃഥാവിലാണ്. കാരണം അനേകം ലഘു സംസ്കൃതികളാണ് ഒരു ബൃഹത് സംസ്കൃതിക്ക് രൂപം നല്‍കുന്നത്. ഫിലോമിനയുടെ പഠനങ്ങൾ ഫോക്ലോർ പഠനങ്ങൾക് ഒരു മുതൽക്കൂട്ടാണ്
വി. കെ. ശാന്തകുമാരി
1950 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ഗവണ്മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ളീഷ് ഭാഷാ സാഹിത്യത്തില്‍ എം. എ ബിരുദം. സംസ്ഥാന സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചു. “ബ്രൂസ് അങ്കിളിന്റെ പിയാനോ” (2007) കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. തന്റെ ചുറ്റുപാടും കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളാണ് അവർ കഥകൾക്ക് വിഷയമാക്കിയത് തനിക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരുടെ സുഖവും ദുഖവും തന്റെ കഥകളിലൂടെ വി. കെ. ശാന്തകുമാരി ആവിഷ്കരിക്കുന്നു.
വീണ (വീണ ജി നായര്‍)
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷക. കേരള സര്‍വകലാശാല യുവജനോത്സവ സമ്മാനം, മുട്ടത്തു വര്‍ക്കി കലാലയ പുരസ്കാരം. വനിത കഥാസമ്മാനം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചു. ഭര്‍ത്താവ് എഴുത്തുകാരനായ ജേക്കബ് എബ്രഹാം. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. “കഥയുടെ നിറം” എന്ന സമാഹാരത്തിലെ ‘യൂട്രസ്’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദേഹങ്ങളും വിഭ്രമങ്ങളും കൂടുകൂട്ടിയ കഥാപാത്രങ്ങളെയാണ് വീണയുടെ കഥകളില്‍ ഏറെയും നാം കണ്ടുമുട്ടുക. ‘യൂട്രസ്’ എന്ന കഥയുടെ സവിശേഷതയും ഇതു തന്നെ. സ്ത്രീയുടെയും പുരുഷന്റെയും കാഴ്ചപ്പാടുകളിലൂടെ മാറിമാറിയുള്ള ആഖ്യാനം, മനസ്സിന്റെ ഉള്ളറകളിലേക്കുള്ള വിശാല വാതായനങ്ങളായി മാറുന്നു. ബൗദ്ധികതയുടെ ഗുര്ഗ്രഹതയില്ലാതെ, വളച്ചുകെട്ടില്ലാത്ത ഭാഷയില്‍ വികാരങ്ങളുടെ ഊഷ്മാവും ഊഷ്മളതയും ചോരാതെ കഥ പറയാന്‍ കഴിവുള്ള പുതുതലമുറയിലെ എഴുത്തുകാരിയാണിവര്‍.
“കഥയുടെ നിറം” (എഡിറ്റര്‍, വി.എച്ച്. നിഷാദ്). കൊച്ചി: ഇല ബുക്സ്, ൨൦൧൦
സാറാ ജോസഫ്
തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍ 1946 ഫെബ്രുവരി 10 ന് ജനിച്ചു. ലൂയീസ് പൂക്കോടന്റെയും കൊച്ചു മറിയത്തിന്റെയും മകള്‍. ചോലക്കാട്ടുകര മാര്‍ തിമോഥിയൂസ് ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം. തിരൂര്‍ സെന്റ് തോമസ് ഹൈസ്ക്കൂള്, പട്ടാമ്പി സംസ്കൃത കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തൃശ്ശൂര്‍ സി. അച്യുത മേനോന്, ഗവ. കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള നിര്‍വ്വാഹക സമിതി അംഗമാണ്. “അകലെ അരികെ” (1979 ) “അലാഹയുടെ പെണ്മക്കള്” (1999), “കാടിതു കണ്ടായോകാന്താ” (2001), “മനസ്സിലെ തീ മാത്രം ( 1977) “പുതുരാമായണം” (2006), “ഗണിതം തെറ്റിയ കണക്കുകള്‍” (1992), “കാടിന്റെ സംഗീതം” (1979), “നന്മതിന്മകളുടെ വൃക്ഷം” (1989) “പാപത്തറ” (1990), “നിലാവ് അറിയുന്നു” (1994), “ഒടുവിലത്തെ സൂര്യകാന്തി” (1998)” പ്രകാശിനിയുടെ മക്കള്‍”, “അശോക, വനദുര്‍ഗ്ഗ”, “മാറ്റാത്തി” (2003) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ദല്‍ഹി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീപക്ഷ നിലപാടുകൾ തന്റെ കൃതികളിൽ അവതരിപ്പിക്കുന്നു. പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാൻ തയ്യാറാവാത്ത വ്യക്തിത്വത്തെ കൃതികളിൽ കാണാം .സ്ത്രീ സ്വാതന്ത്ര്യത്തോടു കൂടി മാത്രമേ മനുഷ്യമോചനം സാധ്യമാകു എന്ന അഭിപ്രായമാണ് എഴുത്തുകാരിക്കുളളത്.“അകലെ അരികെ” (നോവല്‍). 1979. “അലാഹയുടെ പെണ്മക്കള്” (നോവല്‍). 1999. “കാടിതു കണ്ടായോ കാന്താ” (നോവല്‍). 2004. “പുതുരാമായണം” (നോവല്‍). 2006. “മനസ്സിലെ തീ മാത്രം” (ചെറുകഥ). 1977. “ഗുണിതം തെറ്റിയ കണക്കുകള്‍” (ചെറുകഥ). 1992. “കാടിന്റെ സംഗീതം” (ചെറുകഥ). 1979. “നന്മ തിന്മകളുടെ വൃക്ഷം” (ചെറുകഥ). 1989. “പാപത്തറ” (ചെറുകഥ). 1990. “നിലാവ് അറിയുന്നു” (ചെറുകഥ). 1994. “ഒടുവിലത്തെ സൂര്യകാന്തി” (ചെറുകഥ). 1998,ആളോഹരി ആനന്ദം (നോവൽ)എന്നിവ കൃതികൾ .
ശോഭനാ രവീന്ദ്രന്
1956 ആഗസ്റ്റ് 13 ന് കുളത്തൂപ്പുഴയില്‍ ജനിച്ചു. രാജമ്മയും ഗോവിന്ദനും മാതാപിതാക്കള്‍. കുളത്തൂപ്പുഴ യു. പി. സ്കൂള്‍, വലിയമല ഹൈസ്കൂള്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ പ്രശസ്ത സംഗീത സംവിധായകന് രവീന്ദ്രന്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട് . “രവീന്ദ്രസംഗീതം : കേള്‍ക്കാത്ത രാഗങ്ങള്‍” ആണ് പ്രസിദ്ധീകരിച്ച കൃതി. മലയാളത്തിന്റെ എന്നത്തേയും പ്രിയ സംഗീത സംവിധായകന് രവീന്ദ്രന്റെ കുടുംബജീവിതവും ഒപ്പം സിനിമാ ഗാനചരിത്രത്തിലെ നാഴികകല്ലുകളായി തീര്‍ന്നിട്ടുള്ള ഗാനങ്ങള്‍ പിറന്ന വഴിയുമെല്ലാം ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന ശോഭനാ രവീന്ദ്രന്. ഗായകനാകാന്‍ വേണ്ടി മദ്രാസിലെത്തുകയും തീവ്രാനുഭവങ്ങളുടെ പൊള്ളിക്കുന്ന വേനലിലൂടെ അലയുകയും അസ്വാദകരെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാവുകയും ചെയ്ത രവീന്ദ്രന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണിത്.
പ്രൊഫ. കുമ്പളത്തു ശാന്തകുമാരി അമ്മ
1936 ല്‍ കൊല്ലം ജില്ലയിലെ പന്മനയില് ജനിച്ചു. അഡ്വ. പ്രാക്കുളം പി. കെ. പത്മനാഭ പിള്ളയുടെയും കുമ്പളത്തു തങ്കമ്മയുടെയും മകള്‍. പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സ്കൂള്‍, തിരുവനന്തപുരം സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. കോളേജ് ധനുവച്ചപുരം, നീറമണ്‍കര, എം. ജി. കോളേജ് എന്നീ കേളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. “ശ്രീ. വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍” (2003), “ശ്രീ നാരായണഗുരു” (ബാലസാഹിത്യം), “പൂജാപുഷ്പങ്ങള്‍” (2005), “ശ്രീ നീലകണ്ഠതീര്‍ത്ഥപാദ യോഗീശ്വരന് അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല”, “വിശ്വാസം വിളക്ക്”, “ഇന്നത്തെ ചിന്താവിഷയം”, “പഞ്ചമൂര്ത്തികള്” (2006), “ചണ്ഡാലഭിഷുകി ഒരവലോകനം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍. ആറ്റുകാല്‍ ഭഗവതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചട്ടമ്പി സ്വാമി പുരസ്കാരം, ഹേമലത പുരസ്കാരം, തിരുവനന്തപുരം വിദ്യാധിരാജമിഷന്‍ വക ശ്രീ വിദ്യാധിരാജ ശ്രേഷ്ഠ പുരസ്കാരം, കെ. ആര്. ഇലങ്കത്ത് സ്മാരക ട്രസ്റ്റിന്റെ കെ. ആര്. ഇലങ്കത്ത് സ്മാരക പ്രശംസപത്രം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഡോ. സി. ആര്. സുശീലാ ദേവി
1954 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജനിച്ചു. മീനാക്ഷിയമ്മയുടെയും കുഞ്ഞുണ്ണിക്കുറുപ്പിന്റെയും മകള്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും 1977 ല്‍ എം. എ. മലയാളം, 1991 ല്‍ എം. ഫില്‍. എന്നിവ പൂര്‍ത്തിയാക്കി. 1996 ല്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി.നേടി. എന്‍. എസ്. എസ്. കോളേജ് പ്രിന്‍സിപ്പാളാണ്. നിരൂപണം, ലേഖനം, പുസ്തകാഭിപ്രായം, ചര്‍ച്ച, സംവാദം തുടങ്ങിയവയാണ് സാഹിത്യ മേഖലകള്‍. നാഷണല്‍ ടി. വി. യിലും ഏഷ്യാനെറ്റിലും ചില പ്രോഗാമുകളില്‍ പങ്കെടുത്തിട്ടുണ്ട്. ധാരാളം ലേഖനങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. “ടി. പത്മനാഭന് - കഥയിലെ കാലഭൈരവന്” എന്ന കൃതിയില്‍ പത്മനാഭന്റെ കൃതികളെക്കുറിച്ച് വിശദമായ ഒരു ചര്‍ച്ച നടത്തിയിരിക്കുന്നു. സ്വതസിദ്ധമായ ശൈലി ഉപയോഗിച്ച് കഥകളെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. പത്മനാഭന് കഥകളിലെ പ്രമേയങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് നിലവാരമുള്ള നിരൂപണകൃതി തയ്യാറാക്കിയിട്ടുണ്ട്.
“ടി. പത്മനാഭന്. കോട്ടയം: കഥയിലെ കാലഭൈരവന്” (നിരൂപണം). ഡി. സി. ബുക്സ്, 1998.
പി. വല്‍സല
1938 ല്‍ കോഴിക്കോട് ജനിച്ചു. കാനങ്ങോട്ട് ചന്തുവിന്റെയും പത്മാവതിയുടെയും മകള്‍. ദീര്‍ഘകാലം നടക്കാവ് ഗേള്‍സ് ഹൈസ്ക്കൂളിലെ പ്രഥമാധ്യാപികയായിരുന്നു. കോഴിക്കോട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയിലിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം, പബ്ലിക്കേഷന്‍ കമ്മറ്റി അംഗം, ഉപദേശക സമിതി അംഗം എന്നീ നിലകളിലും കേന്ദ്രസാഹിത്യ അക്കാഡമിയുടെ മലയാള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. “നെല്ല്” (1972), “റോസ്മേരിയുടെ ആകാശങ്ങള്‍” (1993), “ആരും മരിക്കുന്നില്ല” (1987), “ആഗ്നേയം” (1974), “ഗൗതമന്” (1986), “പാളയം” (1981), “ചാവേര്‍” (1991), “അരക്കില്ലം” (1977), “കൂമന്‍കൊല്ലി” (1984), “നമ്പരുകള്‍” (1980), “വിലാപം” (1997), “ആദിജലം” (2004), “വേനല്‍” (1979), “കനല്” (1979), “നിഴലുറങ്ങുന്ന വഴികള്‍” (1979) (നോവലുകള്‍), “തിരക്കിലല്പം സ്ഥലം” (1969), “പഴയപുതിയ നഗരം” (1979), “ആന വേട്ടക്കാരന്” (1982), “ഉണിക്കോര ചതോപാധ്യായ” (1985) “ഉച്ചയുടെ നിഴല്‍” (1976), “കറുത്ത മഴപെയ്യുന്ന താഴ്വര” (1988), “കോട്ടയിലെ പ്രേമ” (2002), “പൂരം” (2003) “അന്നാമേരിയെ നേരിടാന്‍” (1988), “അശോകനും അയാളും” (2006), “വത്സലയുടെ സ്ത്രീകള്‍” (2005), “വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍” (2005), “വത്സലയുടെ കഥകള്‍” (1989), “പംഗരുപുഷ്പത്തിന്റെ തേന്‍” (1996), “കഥായനം” (2003), “അരുന്ധതി കരയുന്നില്ല” (1991), “ചാമുണ്ടിക്കുഴി” (1989) (ചെറുകഥാസമാഹാരങ്ങള്‍) തുടങ്ങിയവയാണ് കൃതികള്‍. കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് (“നിഴലുറങ്ങുന്ന വഴികള്‍”), കുങ്കുമം അവാര്‍ഡ് (“നെല്ല്” -1972), സി.എച്ച് അവാര്‍ഡ് (“ചാവേര്‍”), കഥാ അവാര്‍ഡ് (“പംഗരുപുഷ്പത്തിന്റെ തേന്‍”-1996) തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
“തകരച്ചെണ്ട” (നോവല്‍) - 1969. “തിരക്കില്‍ അല്പം സ്ഥലം” (കഥാസമാഹാരം) - 1969. “നെല്ല്” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1972. “ആഗ്നേയം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1974. “തൃഷ്ണയുടെ പൂക്കള്‍” (നോവല്‍) - 1975. “നിഴലുറങ്ങുന്ന വഴികള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1975. “അരക്കില്ലം” (നോവല്‍) - 1977. “കനല്” (നോവല്‍) - 1978. “വേനല്‍” (നോവല്‍) - 1979. “പഴയപുതിയ നഗരം” (കഥാസമാഹാരം) - 1979. “നമ്പരുകള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1980. “അനുപമയുടെ കാവല്ക്കാരന്” (കഥാസമാഹാരം)- സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, എന്‍. ബി. എ സ്, ജനുവരി 1980. “പാളയം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1981. “കൂമന്‍കൊല്ലി” (നോവല്‍) - 1981. “ആനവേട്ടക്കാരന്‍” (കഥാസമാഹാരം) - 1982. “ഉണ്യക്കോരന്‍ ചതോപാദ്ധ്യായ” (കഥാസമാഹാരം). തിരുവനന്തപുരം: ചിന്ത പബ്ലിക്കേഴ്സ് 1985. “ഗൗതമന്” (നോവല്‍). മലയാളം പബ്ലിക്കേഷന്‍സ്, 1986. “ആരും മരിക്കുന്നില്ല” (നോവല്‍). തൃശ്ശൂര്‍: കറന്റ് ബുക്സ്, 1987. “കറുത്ത മഴ പെയ്യുന്ന താഴ്വര (കഥാസമാഹാരം) - 1988. “അന്നാമേരിയെ നേരിടാന്‍” (കഥാസമാഹാരം) - സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്‍. ബി.എസ് മെയ് 1988. “ചാമുണ്ടിക്കുഴി” (കഥാസമാഹാരം) - 1989. “കളി 98 തുടര്‍ച്ച”. തിരുവനന്തപുരം: പ്രഭാത് ബുക്സ് , ഡിസംബര്‍ 1989. “അരുന്ധതി കരയുന്നില്ല” (കഥാസമാഹാരം). പയ്യന്നൂര്‍: നയന ബുക്സ്, 1991. “ചാവേര്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1991. “റോസ്മേരിയുടെ ആകാശങ്ങള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1993. “വിലാപം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ് 1997. “തുടര്‍ച്ച” (കഥാസമാഹാരം) - 1998. “വല്‍സലയുടെ കഥകള്‍” (കഥാസമാഹാരം) -മാതൃഭൂമി ബുക്സ്, 1998. “പംഗരുപുഷ്പത്തിന്റെ തേന്‍” (കഥാസമാഹാരം) -1998. “ദുഷ്ഷന്തനും ഭീമനും ഇല്ലാത്ത ലോകം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ് , 1998. “മടക്കം”.1998. “പുലിക്കുട്ടന്” (ബാലസാഹിത്യം) (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2001. “കാലാള്‍ കാവലാള്‍” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2001. “കോട്ടയിലെ പ്രേമ” (കഥാസമാഹാരം) - 2002. “ആരണ്യ കാണ്ഡം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ് ജൂലൈ 2003. “പൂരം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2003. “മൈഥിലിയുടെ മകള്‍” (കഥാസമാഹാരം)- ഗ്രീന്‍ബുക്സ്, ഒക്ടോബര്‍ 2004. “വല്‍സലയുടെ പെണ്ണുങ്ങള്” (കഥാസമാഹാരം) -2004. “ആദിജലം” (നോവല്‍) - 2004. “അശോകനും അയാളും” (കഥാസമാഹാരം) -2006. “പി. വല്‍സലയുടെ തിരഞ്ഞെടുത്ത കഥകള്‍” (കഥാസമാഹാരം) -2006. “മേല്‍പ്പാലം” (നോവല്‍). കോഴിക്കോട്: മാതൃഭൂമി ബുക്സ് 2007 “ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു” (കഥാസമാഹാരം). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍ ഏപ്രില്‍ 2008. “ചാണ്ഡാലഭിക്ഷുകിയും മരിക്കുന്ന പൗര്‍ണ്ണമിയും” (കഥാസമാഹാരം). കോഴിക്കോട്: ബുക്ക് പോയിന്റ്, ജനുവരി 2007. “മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍” (കഥാസമാഹാരം)- ഗ്രീന്‍ ബുക്സ്, നവംബര്‍ 2007.
വിദ്യാസുധീർ
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ എസ്. വിദ്യാധരന്റെയും പി. കെ ഓമനയുടെയും മകളായി 1980 ജൂലൈ 14 ന് ജനനം. എന്റെ അക്ഷരക്കുഞ്ഞുങ്ങൾ, പറഞ്ഞു തീരും മുൻപേ, പ്രണയമേ നീ കണ്ടുകൊള്ളുക, കാണാപുറങ്ങൾ എന്നീ കവിതകളാണ് ഇവിടെ നൽകിയിരിക്കുന്നത്
സാഹിത്യരത്നം ദ്രൗപതി ജി നായര്‍ (എന്‍. ദ്രൗപതി അമ്മ)
1936 ഒക്ടോബര്‍ 20 ന് തൃശൂരിലെ ചാലക്കുടിയില്‍ ജനിച്ചു. എം. എ. (ഹിന്ദി), ബി. എഡ്. ബിരുദങ്ങള്‍. സീനിയര്‍ തിരുവാതിരക്കളി ആര്‍ട്ടിസ്റ്റാണ്.ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. പ്രിന്‍സിപ്പല്‍ (എന്‍. എസ്. എസ്. ഇരിങ്ങാലക്കുട) ആയാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. “തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും” (2004), “കേരളീയ കലയും തിരുവാതിരയും” (2006), “ചില്ലുകൊട്ടാരം” (2004), “അഭയ കേന്ദ്രം” (2006), “ഏഴ് ഏകാങ്കങ്ങള്‍ “(2006), “സപ്നോം കാ മഹല്‍” (2004), “പൂജാ കി ആംഖേം” (2007) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ‘ചിത’ എന്ന കഥയില്‍ തന്റെ അച്ഛന്റെ മരണത്തെ ഒരു കൊച്ചു കുട്ടി എങ്ങനെയാണ് നോക്കി കാണുന്നത് എന്നതാണ് ആവിഷ്കരിക്കുന്നത്. അമ്മ വിലപിക്കുന്നതിന്റെ കാരണം അന്വേഷിക്കുന്ന കുട്ടി ഭാരതമാതാവിന്റെ ആ ഓമനപുത്രന്‍ നാടിന് ഓമനയായി എന്നോ വീടിന്റെ വിളക്കായി ശോഭിക്കേണ്ടവന്‍ ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ചു എന്നോ അറിയുന്നില്ല. ആ മൃതദേഹം ചിതയില്‍ വയ്ക്കുമ്പോള്‍ അച്ഛന് ഉറങ്ങി കിടക്കുകയാണ് എന്നു കരുതിയിരുന്ന ആ പിഞ്ചോമന എന്റെ അച്ഛനെ തീ വയ്ക്കല്ലേ, അമ്മേ! പറയൂ അച്ഛനെ തീ വയ്ക്കല്ലേ എന്ന്, മുത്തശ്ശാ പറയൂ മുത്തശ്ശാ! എന്റെ അച്ഛനെ തീയില്‍ വയ്ക്കല്ലേ എന്ന്! എന്ന് വിലപിക്കുന്നു. അച്ഛന്റെ ചിത കത്തി എരിയുന്നതിനോടൊപ്പം ആ കുഞ്ഞ് മനസിലും ഒരു തീ ആളിക്കത്തുകയാണ്.
“തിരുവാതിരയും, സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും”. കോട്ടയം: കറന്റ് ബുക്സ്, 2004. “കേരളീയ കലകളും തിരുവാതിരയും”. ആലുവ: പെന്ബുക്സ്, 2006. “ചില്ലുകൊട്ടാരം”. ആലുവ: പെണ്ബുക്സ്, 2004. “അഭയകേന്ദ്രം”. ആലുവ: പെന്ബുക്സ്, 2006. “ഏഴ് ഏകാങ്കങ്ങള്‍”. ആലുവ: പെന്ബുക്സ്, 2006. “സപ്നോം കാ മഹല്‍” (ഹിന്ദി ചെറുകഥ). ദില്ലി: അഭിഷേക് പ്രകാശന്, 2004. “പൂജാ കി ആംഖേം” (ഹിന്ദു ചെറുകഥ). ദില്ലി: അഭിഷേക് പ്രകാശന്, 2007.
രാജി കൃഷ്ണകുമാര്‍
എറണാകുളം ജില്ലയിലെ ഞാറക്കല്‍ എന്ന ഗ്രാമത്തില്‍ അനന്തന് പിള്ളയുടേയും, മീനാക്ഷിയമ്മയുടേയും മൂന്നു മക്കളില്‍ ഇളയ മകളായി 1973 സെപ്തംബര്‍ 28 ന് ജനനം. ലിറ്റില്‍ ഫ്ളവര്‍ ഗേൾസ് ഹൈ സ്കൂളില്‍ നിന്നും പത്താംക്ലാസ് പാസ്സായി. പ്രിഡിഗ്രിയും, ഡിഗ്രിയും കൊച്ചിന് കോളേജില്‍ നിന്നും പാസ്സായതിനുശേഷം. എം.എ (ഇക്കണോമിക്സ്) കേരള സർവകലാശാലയില്‍ നിന്നും നേടി. അധ്യാപികയാകാനായിരുന്നു മോഹം. എന്നാല്‍ സജീവമാകാന്‍ കഴിഞ്ഞത് പരസ്യമേഖലയില്‍. പ്രമുഖങ്ങളായ പരസ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കു ശേഷം ഇപ്പോള്‍ ഭർത്താവിനൊപ്പം സ്വന്തമായി ഒരു പരസ്യ സ്ഥാപനം നടത്തി എറണാകുളത്ത് താമസിക്കുന്നു. നവ മാധ്യമങ്ങളില്‍ സജീവം. പാചകം, ഗാർഡനിംഗ്, ടീച്ചിംഗ് ഇതൊക്കെയാണ് ഇഷ്ട വിനോദങ്ങള്‍. ഭർത്താവ് കൃഷ്ണകുമാര്‍ ആർട്ട് ഡയറക്ടറും, അറിയപ്പെടുന്ന ചിത്രകാരനും കൂടിയാണ്. മക്കള്‍ മനിഷ്, നിമിഷ. പാചകകുറിപ്പുകള്‍ ഒട്ടുമിക്ക മാഗസിനുകളിലും വന്നിട്ടുണ്ട്. (മനോരമ പത്രം, മാധ്യമം പത്രം, ജന്മഭൂമി വിശേഷാല്‍ പതിപ്പ്, വനിത, മഹിളാരത്നം, സ്ത്രീധനം, ഇപ്പോ സഹകാര്യം മാഗസിനില്‍ സ്ഥിരമായി ഒരു പാചക പേജ് ചെയ്യുന്നു. ആഴ്ചവട്ടം എന്ന അമേരിക്കന്‍ മലയാളി പത്രത്തിലും ഒരു പേജ് എഴുതുന്നുണ്ട്). കലാകൗമുദി ആഴ്ചപതിപ്പില്‍ രണ്ട് കവിതകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. പല ഗ്രൂപ്പുകളും പ്രസിദ്ധീകരിച്ച കവിതാ ബുക്കുകളില്‍ ( താളിയോല, ഔട്ട്ലുക്ക്) രാജിയുടെ കവിതകളും വന്നിട്ടുണ്ട്. ചില കവിതാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. കലാകൗമുദിയില്‍ അച്ചടിച്ചു വന്ന "അന്ധകാര പൂക്കള്‍ വിരിയുന്നത്" എന്ന കവിതയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
സാവിത്രി രാജീവന്
വീട്ടിക്കാട്ട് നാരായണന് നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകളായി 1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ വീട്ടിക്കാട്ട് ഇല്ലത്ത് ജനിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹൈസ്ക്കൂള്, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1965 മുതല്‍ മലയാളം ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. “ചരിവ്” (കവിതാ സമാഹാരം) 1993 ല്‍ പ്രസിദ്ധീകരിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “പെന്ഗ്വിന് ന്യൂറൈറ്റിംഗ് ഇന്‍ ഇന്ത്യ”, “ഇന്‍ദെയര്‍ ഓണ്‍വോയ്സ്”, “പെന്ഗ്വിന് ആന്തോളജി ഓഫ് കണ്ടംപററി വിമന്‍സ് പോയറ്റ്സ്”, തുടങ്ങിയ സമാഹാരങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 ല്‍ കുഞ്ചുപിള്ള സ്മാരക അവാര്‍ഡും, 1994 ല്‍ ഉദയഭാരതി നാഷണല്‍ അവാര്‍ഡും ലഭിച്ചു. 1995 മുതല്‍ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നു. ആദ്യ ചിത്ര പ്രദര്‍ശനം 1999 ല്‍ ഡല്‍ഹി ഭവന് ഗ്യാലറിയില്‍ നടന്നു. കാലിക സാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്നവയാണ് സാവിത്രി രാജീവന്റെ കവിതകള്‍. ദൈനംദിന ജീവതത്തിന്റെ സ്വാഭാവികമായ ആവിഷ്കരണമാണ് ഓരോ കവിതയും. ആര്‍ഭാടങ്ങളോ അഹങ്കാരമോ ഇല്ലാതെ വളരെ സ്വാഭാവികമായി അവ ഒഴുകുകയാണ്. ഞാന്‍ സ്ത്രീയാണെന്ന ബോധത്തോടെ സ്ത്രീശക്തിയെ ഉയര്‍ത്തിക്കാട്ടാന്‍ പലപ്പോഴും അവരുടെ കവിതകള്‍ക്കു കഴിയുന്നു. അതിനു തെളിവുകളാണ് “ചരിവ്”, “ദേഹാന്തരം”, “ഹിമസമാധി” തുടങ്ങിയ കവിതാ സമാഹാരങ്ങള്‍. ‘സ്ത്രീയും വികലാംഗരും’ എന്ന കവിത സ്ത്രീക്ക് പ്രത്യേക പരിഗണന നല്‍കുക വഴി സ്ത്രീയെ തന്നെ സംവരണവിഭാഗമാക്കി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്ന കവിതയാണ്. ഇങ്ങനെ നിത്യജീവിതത്തിലെ സൂക്ഷ്മ ചലനങ്ങളിലൂടെ സമൂഹത്തെ ബാധിക്കുന്ന രോഗങ്ങളെ തന്റെ കവിതയിലൂടെ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. സ്വാഭാവികത ഏറിയിരിക്കുന്നതുകൊണ്ടു തന്നെ കവിതകള്‍ ശ്രദ്ധേയമാകുന്നു. ‘ദേഹാന്തരം’ എന്ന ഒറ്റ കവിത മതി സാവിത്രി രാജീവനിലെ പ്രതിഭയെ കണ്ടെത്താന്‍. സ്ത്രീവാദികളുടെ കാഴ്ചപ്പാടില്‍ സ്ത്രീയുടെ തനതായ അനുഭവങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. എല്ലാവരും തിരിച്ചറിയപ്പെടുന്നത് സ്വന്തം ഉടലിലൂടെയാണ് - അതായത് സ്വന്തം സ്വത്വത്തിലൂടെ. അത് നഷ്ടപ്പെട്ടുപോകുന്ന സ്ത്രീയുടെ വേദനയാണ് ഈ കവിതയില്‍ ആവിഷ്കൃതമാകുന്നത്. സ്ത്രീ പലപ്പോഴും അടുക്കളയില്‍ തേഞ്ഞുതീരുന്ന ഉപകരണമായി മാറുന്നു. അവിടെ, അവള്‍ക്ക് ഉടല് അതായത് വ്യക്തിത്വം ആവശ്യമില്ല ഉപകരണമായി ജോലികള്‍ ചെയ്താല്‍ മതി. അങ്ങിനെ സ്ത്രീ സ്വന്തം പേരുപോലും മറന്ന് ജീവിക്കുന്നു. പക്ഷേ ആ ഉടലില്‍ ഉയരുന്ന തിരമാലകളും മനുഷ്യനിര്‍മ്മിത കപ്പലുകളും സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തുമ്പോഴാണ് സ്ത്രീയുടെ പ്രതിഭ പുറംലോകം അറിയുന്നത്. അറിയപ്പെടാതെ പോകുന്ന വളരെയേറെ പ്രതിഭകളെക്കുറിച്ചുളള വ്യാകുലതകളാണ് ഈ കവിത പങ്കുവയ്ക്കുന്നത്. അതിന് നമ്മുടെ സംസ്കാരത്തിന്റെയും മിത്തുകളുടെയും സഹായം തേടി എന്നു മാത്രം.
“ചരിവ്” (1993) “ദേഹാന്തരം” (2000).
കെ. ആര്. മല്ലിക
1958 മെയ് 24 ന് കൊല്ലം ജില്ലയില്‍ തിരുമുല്ലവാരത്തു ജനിച്ചു. എന്‍. കൃഷ്ണന്റെയും രാജമ്മയുടെയും മകള്‍. കൊട്ടിയം സി. എഫ്. ഹൈസ്ക്കൂള്, കൊല്ലം ഫാത്തിമ മാതാനാഷണല് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പ്രൂഫ് സെക്ഷനില്‍ ജോലി ചെയ്യുന്നു. “നാവ്” (2005), “സമാന്തരം” (2000), “മായാമാളവഗൗള” (2004), “നിറങ്ങള്‍ക്കപ്പുറം” (2001), “വളയം” (2004) എന്നിവ പ്രസിദ്ധീകരിച്ച കൃതികളില്‍ ഉള്‍പ്പെടുന്നു. കോളേജ് വിദ്യാഭ്യാസത്തിനിടെ സ്റ്റുഡന്‍സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഇന്റര്‍ കോളേജിയറ്റ് മത്സരത്തില്‍ കഥയ്ക്കു സമ്മാനം നേടി. പില്ക്കാലത്ത് ‘അമ്മ’ എന്ന കഥയ്ക്ക് ഗൃഹലക്ഷ്മിയുടെ പുരസ്കാരവും “നിറങ്ങള്‍ക്കപ്പുറം” എന്ന ആദ്യ കഥാ സമാഹാരത്തിന് 2001 ലെ അബുദാബി ശക്തി അവാര്‍ഡും ലഭിച്ചു. സമൂഹത്തിലും കുടുംബത്തിനകത്തും സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങളാണ് കെ. ആര്. മല്ലികയുടെ എഴുത്തിനാധാരം. സ്ത്രീയുടെ നിസ്സഹായതയും പ്രണയവും രോഷവും സമചിത്തതയോടെ മല്ലിക തന്റെ കൃതികളില്‍ അവതരിപ്പിക്കുന്നു. “മായാമാളവഗൗള” എന്ന സമാഹാരത്തിലെ ‘മംഗല്യസൂത്രം’ എന്ന നോവലെറ്റ് ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ട താലിയെ കുറിച്ച് ഓര്‍ത്ത് ദുഃഖിക്കുകയും തിരികെ ലഭിക്കാനായി രേവതി എന്ന കഥാപാത്രം നടത്തുന്ന ശ്രമങ്ങളുമാണ് ഈ കഥയിലെ പ്രതിപാദ്യം. താലി നഷ്ടപ്പെട്ട രേവതി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ ഹൃദ്യമായി ആവിഷ്കരിക്കാന്‍ എഴുത്തുകാരിക്ക് ഇവിടെ കഴിഞ്ഞിട്ടുണ്ട്. താലി തിരികെ ലഭിക്കാനായി പത്രപരസ്യം വരെ കൊടുക്കുന്നു. രേവതി താലിയ്ക്ക് ഇത്രയധികം വില കല്പിച്ചിരുന്നോ എന്ന് നാം അതിശയിച്ചു പോകും. വീട്ടിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ രേവതിക്ക് വല്ലാത്ത അപരിചിതത്വം തോന്നുകയാണ്. എന്തിന്റെ പേരിലാണോ അവള് ആ വീട്ടില്‍ വലതുകാല്‍വെച്ച് കയറിയത്, അതിന്ന് അവളുടെ പക്കലില്ല. കുറേ നാളുകള്‍ക്ക് ശേഷം പരസ്യം കണ്ട രത്തന്‍ താന്‍ അപഹരിച്ച ആ താലി രേവതിക്ക് തിരികെ കൊടുക്കുന്നു. അത് തിരികെ ലഭിക്കുമ്പോള്‍ രേവതിക്കുണ്ടാകുന്ന സന്തോഷം വര്‍ണ്ണനാതീതമായി എഴുത്തുകാരി ചിത്രീകരിക്കുന്നു. രേവതിയുടെ ആ സന്തോഷത്തിന് ആയൂസ്സ് വളരെ കുറവായിരുന്നു. നീ വിചാരിക്കുന്ന പരിശുദ്ധി ഇനി അതിനില്ല. നീയത് അയാള്‍ക്കു തന്നെ മടക്കി കൊടുത്തേയ്ക്കൂ എന്ന് മോഹനേട്ടന് പറയുമ്പോള്‍ രേവതി ആകെ തളര്‍ന്നു പോകുന്നു. രത്തന്റെ വീട്ടിലെത്തി ആ താലി തിരികെ നല്‍കിയതിനു ശേഷം രേവതി മുന്നില്‍ കണ്ട വഴിയിലൂടെ ഒറ്റയ്ക്കു നടന്നുപോയി. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീത്വത്തെയാണ് ഇവിടെ കാണാനാവുക.
“സമാന്തരം” (നോവല്‍) - 2000. “മായാമാളവഗൗള” (നോവലെറ്റ്). തിരുവനന്തപുരം: പൂര്‍ണ്ണ, ജൂലൈ 2004. “നാവ്” (നോവല്‍) - 2005. “നിറങ്ങള്‍ക്കപ്പുറം” (കഥ.) “വളയം” 2004 (കഥ).
കെ. സരസ്വതിയമ്മ
തിരുവനന്തപുരം നഗരത്തിനടുത്തുളള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ നാലിന് സരസ്വതിയമ്മ ജനിച്ചു. പദ്മനാഭപിളളയുടെയും കാര്‍ത്ത്യായാനി അമ്മയുടെയും മകള്‍. 1936 -ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്കുളില് നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. ആര്‍ട്സ് കോളേജില്‍ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തന്നായരും സഹപാഠികളായിരുന്നു. 1942 ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് രണ്ട് വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായി. 1975 ഡിസംബര്‍ 26 ന് അന്തരിച്ചു. “'പെണ്‍ബുദ്ധി'യും മറ്റ് പ്രധാന കഥകളും” (2003), “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍” തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫെമിനിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകള്‍ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. ഇത്തരത്തില്‍ ഫെമിനിസ്റ്റ് വീക്ഷണം പ്രകടമാകുന്ന ഒരു കഥയാണ് പെണ്‍ബുദ്ധി. വിലാസിനി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. പുരുഷ മേധാവിത്വത്തെ എതിര്‍ക്കാനും അതിനെതിരെ പോരാടാനുമുളള എഴുത്തുകാരിയുടെ ശക്തി മുഴുവന്‍ ഉള്‍കൊണ്ട ഒരു കഥാപാത്രമാണ് വിലാസിനി. വിരലിലെണ്ണാവുന്ന ചില ചെറുകഥകള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ കൃതികളുടെയും കേന്ദ്രപ്രമേയം സ്വത്വബോധമാര്‍ജ്ജിക്കുന്ന സ്ത്രീ ആണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷന്മാര്ക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.
“പെണ്‍ബുദ്ധിയും മറ്റ് പ്രധാന കഥകളും”. കോട്ടയം: ഡി. സി. ബുക്സ് ജനുവരി 2003. “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കൃതികള്‍”. കോട്ടയം: ഡി. സി. ബുക്സ്.
ഷാഹിന ഇ. കെ.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു. കെ. ആയിഷയും ഇ. കെ. സൂപ്പിയും മാതാപിതാക്കൾ. ചരിത്രം, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ. വിദ്യാഭ്യാസത്തിൽ ബാച്ചിലർ ബിരുദം. ഹയർ സെക്കണ്ടറി അധ്യാപികയായി ജോലി ചെയ്യുന്നു. ഇടശ്ശേരി അവാർഡ്, മുതുകുളംപർവതിയമ്മ പുരസ്ക്കാരം, ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം, അവനീബാല കഥാ പുരസ്ക്കാരം, വനിതാ കലാലയ കഥാ പുരസ്ക്കാരം, കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം, കാവ്യ കൈരളി പുരസ്ക്കാരം , കർമ്മ അവാർഡ്, അങ്കണം അവാർഡ്, അറ്റ്ലസ് - കൈരളി കഥാ പുരസ്ക്കാരം, കമല സുരയ്യ കഥാ പുരസ്ക്കാരം (പ്രത്യേക പരാമർശം ) എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. “അനന്തപത്മനാഭന്റെ മരക്കുതിരകൾ” ആണ് ആദ്യ കഥാ സമാഹാരം. “പുതുമഴച്ചൂരുള്ള ചുംബനങ്ങൾ” (ചെറുകഥാ സമാഹാരം,മാതൃഭൂമി കോഴിക്കോട് ), “ഒറ്റ ഞൊടിക്കവിതകൾ” (കവിതാ സമാഹാരം ,സൈകതം പബ്ലിക്കേഷൻ ), “അഷിതയുടെ കത്തുകൾ” (എഡിറ്റർ ), “പ്രവാചകൻ” (വിവർത്തനം-കൈരളി ബുക്സ് കണ്ണൂർ ), “പ്രണയത്തിന്റെ തീക്കാടിനുമപ്പുറം” (കുറിപ്പുകൾ-പായൽ ബുക്സ് കണ്ണൂർ ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. കഥകൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമഴചൂരുള്ള ചുംബനങ്ങൾ' ആണ് ഏറെ ശ്രദ്ധേയമായ കൃതി. ഈ പുസ്തകത്തിന് 2015 ലെ ഇടശ്ശേരി അവാർഡും 2016-ലെ മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരവും ലഭിച്ചു . “പുതുമഴച്ചൂരുള്ള ചുംബനങ്ങൾ” എന്ന കഥാ സമാഹാരത്തിലെ 'ഒളിനോട്ടം' എന്ന കഥയാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അമ്മയുടെ വിവാഹേതര ബന്ധത്തെ വാതിലിലെ ഒരു കുഞ്ഞിത്തുളയിലൂടെ കാണുന്ന ഹിരണ്മയി എന്ന നാലാം ക്ലാസ്സുകാരിക്കുട്ടിയുടെ പിന്നീടങ്ങോട്ടുള്ള മനോ വ്യാപാരങ്ങളുടെ കഥ പറയുന്നു 'ഒളിനോട്ടം 'എന്ന കഥ. ഏറെ മനഃശാസ്ത്ര തലങ്ങളുള്ള കഥ . തീർത്തും വ്യത്യസ്തമായ കഥാസന്ദർഭങ്ങളും അതി സാധാരണമായ കഥാപാത്രങ്ങളുമാണ് ഷാഹിനയുടെ കഥകളുടെ ഏറ്റവും വലിയ സവിശേഷത. സ്ത്രീ ജീവിതത്തിന്റെ് വിഭിന്ന മുഹൂർത്തങ്ങളെ ചിത്രീകരിക്കുന്ന കഥകളാണവ. 'കഥ പറയാൻ ഷാഹിനയ്ക്ക് അറിയാമെന്നും അതു കേട്ടിരിക്കാൻ വായനക്കാർ നിർബന്ധിതരാകും വിധം കൊളുത്തി വലിക്കുന്ന തുടക്കങ്ങളിൽ നിന്ന് അയത്ന ലളിതമായി ഷാഹിന കഥ തുടരുന്നു’വെന്നും “പുതുമഴച്ചൂരുള്ള ചുംബനങ്ങൾ” എന്ന കഥാസമാഹാരത്തിന്റെ“ അവതാരികയിൽ ശ്രീമതി കെ. ആർ. മീര അഭിപ്രായപ്പെടുന്നു.
“അനന്തപത്മനാഭന്റെ മരക്കുതിരകള്‍” (ചെറുകഥകള്‍). കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2011., “പുതുമഴച്ചൂരുള്ള ചുംബനങ്ങൾ” (ചെറുകഥാ സമാഹാരം). കോഴിക്കോട്: മാതൃഭൂമി., “ഒറ്റ ഞൊടിക്കവിതകൾ” (കവിതാ സമാഹാരം). സൈകതം പബ്ലിക്കേഷൻ., “അഷിതയുടെ കത്തുകൾ” (എഡിറ്റർ )., “പ്രവാചകൻ” (വിവർത്തനം). കണ്ണൂർ: കൈരളി ബുക്സ്., “പ്രണയത്തിന്റെ തീക്കാടിനുമപ്പുറം” (കുറിപ്പുകൾ). കണ്ണൂർ: പായൽ ബുക്സ്.
റീനി മമ്പലം
കോട്ടയത്തിനടുത്ത് പള്ളത്ത് ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം പള്ളം ബുക്കാനന് സ്കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും നടത്തി.ചെറുകഥകളാണ് പ്രധാനമായും എഴുതുന്നതെങ്കിലും ലേഖനങ്ങളും യാത്രാ വിവരണങ്ങളും എഴുതാറുണ്ട്.
2010 ലെ ചെറുകഥാ സമാഹാരത്തിനുള്ള കേരള ഗവർമൻറ്റിന്റെ "നോർക്ക റൂട്ട്സ്" പ്രവാസി പുരസ്കാരം "റിട്ടേൺ ഫൈളറ്റ്" എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. 2014 ൽ ഫോമയുടെ സാഹിത്യ അച്ചീവ്മെന്റ് അവാർഡ്, ലഭിച്ചു
ചെറുകഥകൾ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്നേഹഭൂമി, പുഴ.കോം, ചിന്ത.കോം എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിചാരിതം എന്ന നോവൽ 2015 ൽ പ്രസിദ്ധീകരിച്ചു.ഇപ്പോൾ അമേരിക്കയിൽ കണക്ട്ടിക്കട്ടിൽ താമസിക്കുന്നു, ഭർത്താവ് ജേക്കബ് തോമസ്, മക്കൾ വീണ,സപ്പന
അവിചാരിതം (നോവൽ) 2015.
എം. പി. ഷീജ
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ 1972 ല്‍ ജനനം. കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സും കഴിഞ്ഞിട്ടുണ്ട്. അഭിഭാഷകയായും, മാധ്യമപ്രവര്‍ത്തകയായും, അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്ത്രീവേദി സംസ്ഥാന കമ്മറ്റി അംഗം, കാന്‍ഫെഡ് സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാരി കൂടിയാണ്. എഴുത്തുകാരി എന്നതിനൊപ്പം ഒരു പൊതുപ്രവര്‍ത്തക കൂടിയാണ് എം. പി.ഷീജ. വ്യത്യസ്തങ്ങളായ പല വിഷയങ്ങളെയും അക്കാദമിക് ആയിതന്നെ മനസ്സിലാക്കാനുള്ള അവരുടെ ശ്രമത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ ഭാഷകളിലും, വിഭിന്നങ്ങളായ വിഷയങ്ങളിലും ഉള്ള അവരുടെ ബിരുദങ്ങള്‍. കവിത, വിവര്‍ത്തനം, ജീവചരിത്രം എന്നീ സാഹിത്യശാഖകളില്‍ പെട്ട ഗ്രന്ഥങ്ങളാണ് എം. പി. ഷീജയുടേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. “സഹോദരന് അയ്യപ്പന് - ജീവിതവും കൃതികളും” (ജീവചരിത്രം) “ആര്. എസ്. എസ്. ഫാഷിസവും പ്രത്യയ ശാസ്ത്രവും” (വിവര്‍ത്തനം), “തോല്‍വികള്‍ക്കെതിരെ” (കവിതാ സമാഹാരം), “കോര്‍പ്പറേറ്റ് വിത്തുകള്‍” (കവിതാ സമാഹാരം). പൊതു ജീവിതത്തിന്റെ, സ്ത്രീകള്‍ ഇന്നും അത്ര പരിചയമില്ലാത്ത മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരുവള്‍ ഷീജയുടെ മിക്ക കവിതകളിലെയും പ്രധാന കഥാപാത്രമാണ്. അവള് കവയിത്രിയായും റിബലായും, കൃഷിക്കാരിയായും, നഗരവാസിനിയായും, ദുരാചാരിണിയായും, കഥാകാരിയായും, അഭിനേത്രിയായും മറ്റും പ്രത്യക്ഷപ്പെടുന്നു. ‘റിബല്‍’ എന്ന കവിതയില്‍ അവളെ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു. വീടിന്റെ മാറിലെ ചൂടുപേക്ഷിച്ച് നാട്യങ്ങളുടെ പൊള്ളച്ചടങ്ങുകള്ക്ക് മുന്നില്‍ കൊടിയേന്തുന്നവള് പക്ഷേ ഇവള് പരാജിതയല്ല, എന്നല്ല പരാജിതയാവാന് മനസ്സുമില്ല. പരിത്യക്ത എന്ന കവിതയില്‍ പറയുന്നതുപോലെ എന്നും ഉഴറി വീഴുന്നവരെ ചവിട്ടിത്താഴ്ത്തുന്ന ലോകത്തില്‍ ശിരസ്സുയര്ത്തിതന്നെ ഞാന്‍ നില്ക്കുന്നു. ഗദ്യകവിതാ രീതിയിലുള്ളവയാണ് ഷീജയുടെ കവിതകള്‍. മനുഷ്യവകാശം, സ്ത്രീവാദം തുടങ്ങി നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര പരിസരങ്ങളില്‍ നില്ക്കുന്ന എഴുത്തുകാരിയുടെ രചനകളില്‍ ഈ വിഷയങ്ങളുടെ സജീവസാന്നിദ്ധ്യം ഉണ്ട്.
“തോല്‍വിക്കെതിരെ” (കവിതാസമാഹാരം). തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2006. “കോര്‍പ്പറേറ്റ് വിത്തുകള്‍” (കവിതാസമാഹാരം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2006. “ആര്. എസ്. എസ്. ഫാഷിസവും പ്രത്യയശാസ്ത്രവും” (വിവര്‍ത്തനം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2008. “സഹോദരന് അയ്യപ്പന് ജീവിതവും കൃതികളും” (ജീവചരിത്രം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2010. “ഭീകരവാദം മിത്തുകളും വസ്തുതകളും” (വിവര്‍ത്തനം). തിരുവനന്തപുരം: മൈത്രി ബുക്സ്, 2010.
ഖദീജാ മുംതാസ്
1955 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ കാട്ടൂരില്‍ ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകളായി ജനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്ര-ശസ്ത്രേതര പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. “ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്”, ആദ്യകൃതി. “ബര്‍സ” എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ഗൈനക്കോളജി പ്രൊഫസറായ ഖദീജാ മുംതാസിന്റെ രചനകളില്‍ മെഡിക്കല്‍ കോളേജ് ക്യാംപസുകളും വൈദ്യശാസ്ത്ര പശ്ചാത്തലമുള്ള അനുഭവങ്ങളും നിറയുന്നു. ആനുകാലികങ്ങളില്‍ അവര്‍ എഴുതുന്ന ലേഖനങ്ങളുടെ കേന്ദ്രപ്രമേയം സ്ത്രീ അനുഭവങ്ങളാണ്. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമിനെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന “ബര്‍സ” എന്ന നോവലാണ് ഖദീജയെ ശ്രദ്ധേയമാക്കിയത്. ഡോ. ഖദീജയുടെ ആദ്യ നോവല്‍ “ബര്‍സ”, സൗദി അറേബ്യയില്‍ ആറുവര്‍ഷം ഡോക്ടറായി ജോലി ചെയ്ത ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ്. യാഥാസ്ഥിതിക മുസ്ലീം സമൂഹങ്ങളിലെ സ്ത്രീയുടെ ദുരവസ്ഥയെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുകയാണ് ഈ എഴുത്തുകാരി. സ്ത്രീവിമോചനത്തിനും കുറെക്കൂടി പ്രായോഗികമായ സമീപനങ്ങള്‍ക്കും ആഹ്വാനം ചെയ്യുകയാണ് ബര്‍സയിലൂടെ ഇവര്‍. ആഖ്യാന പരമായി നോവല്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത് വിമാനത്താവളത്തിലാണ്. ഇടയ്ക്കിടെ സഞ്ചാരസാഹിത്യത്തിന്റെ വിവരണ ശൈലിയും സ്വീകരിച്ചിരിക്കുന്നു. ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നു പൊരുള്‍. ഇസ്ലാമില്‍ സ്ത്രീയുടെ യാത്രകള്‍ക്ക് അതിരുകളില്ലെന്നു സ്ഥാപിച്ചുകൊണ്ടുതന്നെ, എത്ര സഞ്ചരിച്ചാലും അവള് ഇസ്ലാമിന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെയാണെന്നു ചൂണ്ടിക്കാണിക്കുകയാണ് ഖദീജ. ഖദീജാ മുംതാസിന്റെ രണ്ടാമത്തെ നോവലായ “ആതുര”ത്തിലെ ഒന്നാം അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍ നിന്നു പ്രശ്നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്‍ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്കരിക്കുകയാണ് ഇവിടെ.
“ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്“ “ബര്‍സ” (നോവല്‍) കോട്ടയം: ഡിസിബുക്സ്. “ഡോക്ടര്‍ ദൈവമല്ല” (സ്മരണ). “ആതുരം” (നോവല്‍). കോട്ടയം: ഡിസി ബുക്സ്, 2011.
എ. പി. ജ്യോതിര്‍മയി
1965 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍ ജനിച്ചു. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. ദേവകീ വാര്യര്‍ നോവല്‍ അവാര്‍ഡ് (“പുല്‍പ്പാട്ടിലെ കുരുതി”), പുരോഗമന കലാസാഹിത്യ അവാര്‍ഡ് (“നല്ല ശമരിയക്കാരന്”), സി. ജെ. ശാന്തകുമാര്‍ അവാര്‍ഡ് (“ഇലകള്‍ പൊഴിയുമ്പോള്‍”), ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ തൂലിക അവാര്‍ഡ് (“കാട്ടാളി”) അബുദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചു. ലളിതമായ ആഖ്യാന ശൈലിയാണ്. “തിരമാലകളുടെ വീട്” (2005) എന്ന നോവലില്‍ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ വിവരിച്ചിരിക്കുന്നത് വളരെ വികാരഭരിതമായാണ്. പാര്‍വ്വതി എന്ന പെണ്‍കുട്ടിയുടെ തകര്‍ന്ന മനസ്സ് ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളും വ്യത്യസ്ത ജീവിതങ്ങളും തډയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
“ആത്മാവിന്റെ വിരുന്ന്” (നോവല്‍). പരിധി പബ്ലിക്കേഷന്‍സ്, 2005. “അപര്‍ണയുടെ യാത്രകള്‍” (നോവല്‍). നളന്ദാ പബ്ലിക്കേഷന്‍, 2006. “തിരമാലകളുടെ വീട്” (നോവല്‍). തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്, 2007. “പുല്‍പ്പാട്ടിലെ കുരുതി” (നോവല്‍). തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്, 2008. “ഇലകള്‍ പൊഴിയുമ്പോള്‍” (ബാലനോവല്‍). ഗ്രീന്‍ ബുക്സ്, 2008. “സ്നേഹക്കൂട്” (നോവല്‍). തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്, 2009. “ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം” (നോവല്‍). ഗ്രീന്‍ബുക്സ്, 2009. “കാട്ടാളി” (നോവല്‍). സമയം പബ്ലിക്കേഷന്‍സ്, 2009. “നല്ല ശമരിയക്കാരന്” (ചെറുകഥകള്‍). പൂര്‍ണ പബ്ലിക്കേഷന്‍സ്, 2009. “മുള്‍മരങ്ങളുടെ ആകാശം” (നോവല്‍). തിരുവനന്തപുരം: ചിന്താ പബ്ലിക്കേഷന്‍, 2011.
ടി. കാര്‍ത്ത്യായിനി അമ്മ
1930 സെപ്തംബര്‍ 14 ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. ശ്രീനിവാസന് എമ്പ്രാന്തിരിയുടെയും അമ്മിണി അമ്മയുടെയും മകള്‍. പുന്നയൂര്‍ക്കുളം രാമരാജ യു. പി. സ്കൂള്‍, ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈ സ്കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈസ്കൂള്‍ കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍. എസ്. എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം. മലമല്‍ക്കാവ് സ്കൂള്‍, നാലപ്പാടന് വനിതാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചു. “ഒരു മെഴുകുതിരിപോലെ” (2004), “കൈതപ്പൂവിന്റെ ഗന്ധം” (2006), എന്നീ കഥാസമാഹാരങ്ങളും, “അറിയാന്‍ ആലോചിക്കാന്‍” എന്ന ലേഖന സമാഹാരവും “വഴി അടയാളങ്ങള്‍” (2008) എന്ന നോവലുംരചിച്ചിട്ടുണ്ട്. പുന്നയൂര്‍ക്കുളം മഹിളാസമാജത്തിന്റെ പേരില്‍ നടത്തിയിരുന്ന ‘കൈത്തിരി’ എന്ന കയ്യെഴുത്തു മാസികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. അന്യം നിന്ന കുടുംബബന്ധങ്ങളുടെ, ജീവിത രീതികളുടെ, മനുഷ്യബന്ധങ്ങളുടെ കഥപറഞ്ഞുകൊണ്ട് കഥാരംഗത്ത് കടന്നുവന്ന എഴുത്തുകാരിയാണ് ടി. കാര്‍ത്ത്യായിനി അമ്മ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ കഥകളില്‍ക്കൂടി എഴുത്തുകാരി ആവിഷ്ക്കരിക്കുന്നുണ്ട്. “അറിയാന്‍ ആലോചിക്കാന്‍” എന്നാ ലേഖനസമാഹരത്തില് വീട്, കുടുംബം, ജോലി, ധനം, സുഖം, കടമ, അവകാശം, എന്നിങ്ങനെ ജീവിതത്തിലെ നാനാതുറകളിലും പുലര്‍ത്താവുന്ന ഏറ്റവും നല്ല സമീപനങ്ങളുടെ രൂപരേഖകള്‍ ഭംഗിയായി വരച്ചു തീര്‍ക്കാന്‍ കാര്‍ത്ത്യായനി അമ്മ ടീച്ചര്‍ക്കു കഴിയുന്നുണ്ട്.
“ഒരു മെഴുകുതിരിപോലെ” (ചെറുകഥാസമാഹാരം). “കൈതപ്പൂവിന്റെ ഗന്ധം” (ചെറുകഥാസമാഹാരം). കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ്, 2006. “വഴിയടയാളങ്ങള്‍” (നോവല്‍). തൃശൂര്‍: കറന്റ് ബുക്സ്, 2008. “അറിയാന്‍ ആലോചിക്കാന്‍” (ലേഖനസമാഹാരം). തൃശൂര്‍: ആദി പബ്ലിക്കേഷന്‍സ്, 2011. “ഭാഗവത തേജസ്സ്”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “കുന്തി മുതല്‍ കുചേലന് വരെ”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “മാര്‍ഗ്ഗ ദർശികള്”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “നക്ഷത്ര ത്രയം”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “കൃഷ്ണ വാത്സല്യം”. മാതൃത്വത്തിന്റെ നേതൃത്വം. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “ആത്മോപദേശം”. തൃശൂര്‍: ലൂമിയേഴ്സ് പ്രിന്റിംഗ്. “അപ്പുവിന്റെ യാത്രകള്‍”. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു
ഡോ.ടി .അനിതകുമാരി
1963 ജനുവരി 16ന് പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ എം.എസ് തങ്കപ്പന്റെയും ടി.എൻ.ശാരദയുടെയും മകളായി ജനിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ കലാലയങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. എം എ, ബി എഡ്, എം ഫിൽ, പി.എച്ച് .ഡി, പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങൾ നേടി.1988 മുതൽ വിവിധ എസ്.എൻ കോളേജുകളിൽ അധ്യാപിക ആയിരുന്നു. 2015 മുതൽ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പ്രൊഫസറും സാഹിത്യഫാക്കൽറ്റി ഡീനും. 2018 മുതൽ സർവകലാശാല രജിസ്ട്രാർ- ഇൻ -ചാർജ് . 2019 മുതൽ ജർമനിയിലെ ട്യൂബിൻഗൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട് ചെയർ ഹോൾഡറും വിസിറ്റിങ് പ്രൊഫസറും ആണ്.
പത്മരാജനെപ്പറ്റിയുള്ള പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത് .'മലയാള തിരക്കഥ ചരിത്ര പഠനം 1928-2007'നു യു .ജി .സി യുടെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അവാർഡ് ലഭിച്ചു .ഫോക് ലോർ ഘടകങ്ങൾ മലയാള സിനിമയിൽ എന്ന വിഷയത്തിൽ യു ജി സി യുടെ മേജർ പ്രൊജക്റ്റ് ചെയ്തിട്ടുണ്ട് .
2004ൽ പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും അപ്പ്രീസിയേഷൻ കോഴ്സ്. ഇപ്പോൾ 'സ്ത്രീ സങ്കൽപനവും പ്രതിനിധാനവും' എന്ന വിഷയത്തിൽ തുടർ ഗവേഷണം നടത്തി വരുന്നു. 2004 മുതൽ 2012 വരെ ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും IFFK സെലക്ഷൻ ജൂറിയിലും അംഗമായിരുന്നു. സുഗതകുമാരിയെ പറ്റി 'കവിത പൂക്കും കാട്' എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു .
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ -സിനിമ ,സാഹിത്യം, ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ) എന്നിവ കൃതികൾ. കൂടാതെ ഭാഷാസാഹിത്യചരിതം (ആറ്റൂർ), ഗവേഷണ പഠനവും രീതിശാസ്ത്രവും : അറിവുത്പാദനത്തിന്റെ പൊതുവഴികൾ, സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികൾ 1930-1960, ബഷീറിന്റെ ലോകങ്ങൾ, വിവർത്തന താരതമ്യത്തിലെ നൂതന പ്രവണതകൾ, മലയാള ഗവേഷണം ചരിത്രവും വർത്തമാനവും, ആശാൻ ലോകാനുരാഗത്തിന്റെ കവി എന്നീ കൃതികളുടെ എഡിറ്ററായും പ്രവർത്തിച്ചു. 2007ൽ മികച്ച ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. 2007ൽ മികച്ച ഗവേഷണ കൃതിയ്ക്കുള്ള ഡോ.കെ .എം ജോർജ് പുരസ്കാരം ലഭിച്ചു. 2004ൽ മലയാള മനോരമ എയർ ഇന്ത്യ പ്രതിഭപുരസ്കാരവും 1987ൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നോവൽ അവാർഡും തായാട്ട് അവാർഡും ലഭിച്ചു.