അന്നമ്മ ജെ. വെള്ളാപ്പള്ളി
കോട്ടയം ജില്ലയിലെ പേരൂര്‍ എന്ന സ്ഥലത്ത് 1919 ല്‍ ജനനം. ബിരുദധാരിയാണ്. ചെറുപ്പം മുതല്‍ തന്നെ സാഹിത്യകൃതികള്‍ വായിക്കാനും ആസ്വദിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു. അന്നമ്മ ജെ. വെള്ളാപ്പള്ളിയുടേതായി രണ്ട് യാത്രാവിവരണ ഗ്രന്ഥങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. “ഞങ്ങള്‍ യൂറോപ്പിലൂടെ” (1954) “ഞങ്ങളുടെ ലോക പര്യടനം”(1973). യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഓരോസ്ഥലത്തും കണ്ടകാഴ്ചകള്‍ വളരെ തന്മയത്വത്തോടുകൂടി ഈ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു.
പ്രമുഖങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭര്‍ത്താവുമൊത്തു നടത്തിയ ദീര്‍ഘമായൊരു യാത്രയുടെ ഹൃദയാകര്‍ഷകമായ വിവരണമുള്‍ക്കൊള്ളുന്ന പ്രൗഡമായൊരു കൃതിയാണ് “ഞങ്ങള്‍ യൂറോപ്പിലൂടെ”. നന്നേ വിരളമായ മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സവിശേഷമായൊരു സ്ഥാനം ഈ കൃതിക്കുണ്ട്.
ആത്മാര്‍ത്ഥമായും സ്വാഭാവികമായും പെരുമാറുക എന്ന ആദര്‍ശം താന്‍ വളരെ നാള് മുമ്പു മുതലേ മുദ്രാവാക്യമായി സ്വീകരിച്ചിരുന്നുവെന്ന് ഈ പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ ഗ്രന്ഥകാരി പറയുന്നുണ്ട്. നാം സ്വീകരിക്കുന്ന മുദ്രാവാക്യങ്ങള്‍ സാമാന്യമായി നമ്മുടെ സ്വഭാവമനുസരിച്ചായിരിക്കും. ഗ്രന്ഥകാരി പ്രകൃത്യാ ആത്മാര്‍ത്ഥതയും സ്വാഭാവികതയും ഉള്ളവരാണെന്നു പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ തന്നെ മനസിലാവുന്നതാണ്. അതനുസരിച്ചുള്ള ഒരു മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. അതുതന്നെയാണ് ഈ പുസ്തകത്തെ ഹൃദ്യമാക്കിത്തീര്ത്തിരിക്കുന്നതും. “ഞങ്ങള്‍ യൂറോപ്പിലൂടെ”. ഏറ്റുമാനൂര്‍: ആര്.കെ.പ്രസ്സ്, നാഷണല്‍ ബുക്സ്റ്റാള്‍, 1954. “ഞങ്ങളുടെ ലോകപര്യടനം”. ഏറ്റുമാനൂര്‍: ആര്.കെ.പ്രസ്സ്, നാഷണല്‍ ബുക്സ്റ്റാള്‍, 1973.