ശാരദ

ശാരദ
sharada

മലയാള മനസ്സിൽ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദ. ആദ്യകാലങ്ങളിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ആദ്യ ചിത്രം തെലുഗു ചിത്രമായ കന്യ സുൽക്കം ആണ്. 1959ലാണ് സരസ്വതി എന്ന പേരുമാറ്റി ശാരദ എന്നാക്കിയത്.മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാരദ.

1945 ജൂൺ 25 ന് ആന്ധ്രയിലെ തെന്നാലിയിൽ  വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായി ജനിച്ചു. യഥാർത്ഥ നാമം സരസ്വതി ദേവി. അമ്മയുടെ നിർബന്ധപ്രകാരം സംഗീത പഠനം ആരംഭിച്ചുവെങ്കിലും അത് മുഴുമിപ്പിച്ചില്ല. ആറാം വയസ്സ് മുതൽ ഡാൻസ് പഠിച്ചു തുടങ്ങി.  അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ മാറി മാറി താമസിച്ചത് വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. പിന്നീട് അമ്മൂമ്മക്കൊപ്പം ചെന്നെയിൽ നിന്നാണ് അവർ ഡാൻസ് പഠിച്ചത്. അവർ ഡാൻസ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവർ പത്താം വയസ്സിൽ  കന്യാസുൽകത്തിൽ അഭിനയിച്ചു. അതിനു മുന്നേ തെലുങ്കിൽ അഭിനയിക്കാനായി അവസരം ലഭിച്ചുവെങ്കിലും സെറ്റിലെത്തിയപ്പോൾ സഭാകമ്പം മൂലം അഭിനയിക്കാതെ തിരികെ പോരുകയായിരുന്നു. പിന്നീട് ഇതരമുത്ത് എന്ന സിനിമയിൽ അഭിനയിച്ചു. നന്നായി ഡാൻസ് കളിച്ചത് അവരെ നാടകത്തിൽ എത്തിച്ചു.  ഇന്ത്യൻ പീപ്പിൾ തിയേറ്ററിന്റെ (ഇപ്റ്റ) 'ഇരുമിത്രലു', 'അണ്ണാ ചൊല്ലലു' തുടങ്ങിയ നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകർഷിച്ചു.

ശിവാജിഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. കന്നട സനിമയിൽ തിളങ്ങി നിലക്കുമ്പോഴായിരുന്നു ഇണപ്രാവുകൾ എന്ന ചിത്രത്തിനായി കുഞ്ചാക്കോ അവരെ സമീപിക്കുന്നത്. ആ ചിത്രത്തിലെ കഥാപാത്രത്തിൻറെ പേരായ 'റാഹേൽ' എന്നത് പുതുമുഖ നടിയുടെ പേരാക്കി കുഞ്ചാക്കോ സിനിമയുടെ പ്രചാരണ നോട്ടീസുകൾ ഇറക്കി എങ്കിലും, തെലുങ്കിൽ സിനിമാഭിനയം തുടങ്ങിയകാലത്തെ ശാരദ എന്ന പേരവർ  മലയാളത്തിലും സ്വീകരിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികളുടെ മനം കവർന്നു. എന്നിരുന്നാലും വൈവിധ്യമാർന്ന വേഷങ്ങൾ അവർക്ക് ലഭിച്ചത് തെലുങ്കിൽ ആയിരുന്നു.  ആക്ഷൻ റോളുകളും, തീപ്പൊരി സംഭാഷണങ്ങൾ പറയുന്ന കഥാപാത്രമായും, കൊമേഡിയനായുമെല്ലാം തെലുങ്കിൽ അഭിനയിച്ചു. 

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്.1972 ൽ അടൂർ ഗോപാലകൃഷ്‌ണന്റെ സ്വയംവരം, 1977 ൽ തെലുങ്ക്‌ ചിത്രമായ നിമഞ്‌ജനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും അവർക്ക് ഉർവശ്ശി അവാർഡ് ലഭിച്ചു. തുലാഭാരത്തിന്റെ  തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ശാരദതന്നെയായിരുന്നു നായിക. താര, ത്രിവേണി എന്നീ സിനിമകളിലെ അഭിനയത്തിന് 1970 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവരെ തേടി എത്തി. മലയാളം, തെലുങ്ക്‌, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി 400-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമേ ഭദ്രദീപം എന്നൊരു ചിത്രം നിർമ്മിച്ചു.

തെലുഗു നായക നടനായ ചലത്തേയാണ് വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹ മോചനം നേടി. ശാരദ സ്വന്തമായി ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാരദ ഉണ്ടായിരുന്നു. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.