മീരാ ജാസ്മിൻ

മീരാ ജാസ്മിൻ
മീരാ ജാസ്മിൻ

തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മീരാ ജാസ്മിൻ. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ് എന്നാണ്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്.  2001ൽ ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ സുവോളജി ബിരുദത്തിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ലോഹിതദാസിന്റെ "സൂത്രധാരൻ" എന്ന സിനിമയിൽ നായികയായി മീര സിനിമയിൽ എത്തുന്നത്.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15ന് ജനിച്ചു. ഡോക്ടർ ആവാൻ ആഗ്രഹിച്ച്,അപ്രതീക്ഷിതമായി സിനിമയിലെത്തുകയായിരുന്നു.തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 

2003ൽ അഭിനയിച്ച "കസ്തൂരിമാൻ"(സംവിധാനം:ലോഹിതദാസ്), "പാഠം ഒന്ന് ഒരു വിലാപം"(സംവിധാനം:ടി വി ചന്ദ്രൻ) എന്നീ സിനിമകൾ മീരയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ നേടിക്കൊടുത്തു. കസ്തൂരിമാനിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം നേടിയ മീര, പാഠം ഒന്ന് ഒരു വിലാപം എന്ന സാമൂഹികപ്രസക്തിയുള്ള സിനിമയിലെ, കൗമാരവിവാഹത്തിനു വിധേയ ആകേണ്ടി വന്ന 15 വയസ്സുകാരിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനു ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടി. "പെരുമഴക്കാലം"(സംവിധാനം:കമൽ,2004), ഐ എഫ് എഫ് ഐ 2007ൽ ഇൻഡ്യൻ പനോരമ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട "ഒരേ കടൽ"(സംവിധാനം:ശ്യാമപ്രസാദ്) എന്നീ സിനിമകളിലും മീരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒരേ കടലിലെ അഭിനയത്തിന് 2007ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാനപുരസ്കാരവും നേടി.

മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷാസിനിമകളിലും അഭിനയിയ്ക്കുന്ന മീര ജാസ്മിൻ അവിടങ്ങളിലും മുൻനിര നടിമാരിൽ സ്ഥാനം നേടിയിട്ടുണ്ട്. 2002ൽ ലിംഗുസ്വാമി സംവിധാനം ചെയ്ത "റൺ" എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമാപ്രവേശം. തുടർന്ന് ചെയ്ത "ബാല"(സംവിധാനം:ദീപക്),"ആയുധ എഴുത്ത് (സംവിധാനം:മണിരത്നം),"മെർക്കുറിപ്പൂക്കൾ"(സംവിധാനം:എസ് എസ് സ്റ്റാൻലി) തുടങ്ങിയവയെല്ലാം ശ്രദ്ധേയങ്ങളായിരുന്നു. "റൺ" സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് തെലുങ്ക് സിനിമയിൽ അരങ്ങേറുന്നത്. 2004ൽ "മൗര്യ" എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും അഭിനയത്തിന് തുടക്കമിട്ടു. 2014 വരെ പന്ത്രണ്ട് തെലുങ്ക് സിനിമകളിലും അഞ്ച് കന്നഡ സിനിമകളിലും വേഷമിട്ടിട്ടുണ്ട് മീര ജാസ്മിൻ.

പുരസ്കാരങ്ങൾ

2007 - മികച്ച നടിയ്ക്കുള്ള ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാർഡ് - ഒരേ കടൽ,വിനോദയാത്ര
2005 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - അച്ചുവിന്റെ അമ്മ
2005 - മികച്ച നടിയ്ക്കുള്ള 53ത് ഫിലിംഫെയർ അവാർഡ് - അച്ചുവിന്റെ അമ്മ
2004 - മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
2004 - മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് - പാഠം: ഒന്ന് ഒരു വിലാപം
2004 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - പെരുമഴകാലം
2004 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
2003 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - കസ്തൂരിമാൻ
2002 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - റൺ