സ്ത്രീകളും ഖദറും

ഇ നാരായണിക്കുട്ടി അമ്മ

അത്യുൽക്കണ്ഠയോടുകൂടി പ്രതീക്ഷിച്ചുകൊണ്ടിരുന്ന "മലയാള മാസിക'യ്ക്കു സ്വാഗതം! ജാതകകർമകർത്താക്കളിൽ എനിക്കും ഒരു സ്ഥാനം നൽകിയതുകൊണ്ടു മാസികാപ്രവർത്തകസംഘത്തോടും' എന്റെ ഹൃദയപൂർവമായ കൃതജ്ഞതയെ പ്രദർശിപ്പിച്ചുകൊള്ളുന്നു. സൗഭാഗ്യത്തിലും സൗശീല്യത്തിലും ആയുരാരോഗ്യസമ്പൽസമൃദ്ധിയിലും സഹജീവികൾക്ക് ഒരു മാതൃകയാവുകയും, കേരളമൊട്ടുക്ക് ഒരു കെടാവിളക്കായും പരിലസിക്കുവാൻ കരുണാനിധിയായ വൃന്ദാവനത്തിലെ ആ ബാലകൃഷ്ണൻ തന്നെ കടാക്ഷിക്കട്ടെ. ഈ ശിശുമാസികയ്ക്ക് എന്തെങ്കിലും ഒരു സന്ദേശം അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അതിനായി ഒരവസരം നൽകിയതിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. പക്ഷേ രാജ്യകാര്യങ്ങളൊഴികെ മറ്റു സ്ത്രീകൾക്കറിയേണ്ടുന്നതായ എന്തെങ്കിലും വിഷയത്തെ എടുത്തു നോക്കുന്നതായാലും, രാജ്യത്തേയോ രാജ്യകാര്യങ്ങളേയോ സംബന്ധിക്കാത്തതായ യാതൊരു കാര്യവും ഇന്ന് ഭാരതത്തിൽ കാണുവാൻ സാധ്യമല്ലല്ലോ. എങ്കിലും സാധാരണ സ്ത്രീകൾ അധികം ഇഷ്ടപ്പെടുന്നതു വസ്ത്ര ങ്ങളും ആഭരണങ്ങളും ആകയാൽ ഇതിൽ ആദ്യത്തേതിനെപ്പറ്റി തന്നെ അൽപ്പമൊന്ന് പറയാമെന്നാണ് ഉദ്ദേശിക്കുന്നത്.
സ്ത്രീപുരുഷവ്യത്യാസമെന്നിയേ ഭാരതമാതാവിന്റെ ഉന്നതിക്കായി ശ്രമി ക്കേണ്ട കാലമാണിതെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സംഗതിയാണ ല്ലോ. സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റിയോ സ്ത്രീസ്വാതന്ത്യത്തെപ്പറ്റിയോ പറ യേണ്ടുന്ന ഒരു കാലം ഏതാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. വിദ്യാഭ്യാസംവെറും ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമല്ല, സ്വധർമം ശരിയായി നിർവഹിക്കുവാൻ സഹായിക്കുന്ന ആ വിദ്യാ ഭ്യാസം- സിദ്ധിച്ച സ്ത്രീകളുടെ ഇന്നത്തെ കടമ എന്താണ്? സ്വഗൃഹത്തിലുള്ളതുപോലെ തന്നെ, ഒരുപക്ഷേ അതിലും വലുതായ ഒരു കടമയാണ് അവർക്ക് സ്വരാജ്യത്തോടുള്ളത്. വെറും രാഷ്ട്രീയമായോ, സാമുദായികമായോ അവരെക്കൊണ്ട് വളരെയൊന്നും ഇന്നത്തെ സ്ഥിതിക്കു ചെയ്യാൻ സാധിക്കയില്ലെന്നു വരികിലും, സാമ്പത്തികമായി അവർക്കാണ് മാതൃഭൂമിയെ അധികം സഹായിക്കുവാൻ സാധിക്കുന്നത്. നമ്മുടെ ദാരിദ്യാവസ്ഥയേയും, കഷ്ടനഷ്ടങ്ങളേയും ഒന്നു നല്ലവണ്ണം ശ്രദ്ധവെച്ചു മനസ്സിലാക്കേണ്ടുന്ന കാര്യം മാത്രമേയുള്ളൂ. ഇന്ന് ഇന്ത്യ യിൽ കാണുന്ന ദാരിദ്ര്യത്തിനു കാരണമെന്തെന്നു നാം ആലോ ചിക്കണം. ഭാരതഭൂമി എന്നും ഈ അവസ്ഥയിലായിരുന്നോ? ഒരിക്കലുമല്ല. ഇന്ത്യയിലെ മസ്ലിനും പട്ടു വസ്ത്രങ്ങളും ഒരു കാലത്തു വിശ്വവിശ്രുതങ്ങളായിരുന്നു.ഇംഗ്ലീഷുകാർ കച്ചവടക്കാരായി ഇന്ത്യയിൽ പ്രവേശിച്ചു നൂൽച്ചക്രം ഭസ്മീകരിച്ചതിനു ശേഷം, ആ ശ്മശാനത്തിലാണ് അവരുടെ അഭിവൃദ്ധിയുടെ അസ്ഥിവാരം ഉറപ്പിച്ചത്. ഭാരതീയരുടെ കുടിൽ വ്യവസായത്തെ വേരോടെ അറുത്തുകളഞ്ഞു, അവരുടെ സമാധാനത്തേയും സമൃദ്ധിയേയും അപഹരിച്ചു കച്ചവടക്കാരായ ആംഗ്ലേയരെ പോഷിപ്പിച്ചു. എന്നാൽ എല്ലാവിധ പ്രവൃത്തികൾക്കും ഓരോ സമുദായങ്ങളെ ജാതികളായി വേർതിരിച്ചിട്ടുള്ള നാം എല്ലാവരും കൂടെ എന്തിനാണ് ഈ നാമാവശേഷമായിട്ടുള്ള വ്യവസായത്ത പുനർജനിപ്പിക്കുവാനായി പുറപ്പെടുന്നതെന്നും, നെയ്ത്ത്തുപണി പണ്ടുപണ്ട ശീലിച്ചുവന്നവർ മാത്രം അതിനു പുറപ്പെട്ടാൽ പോരേ എന്നും ചിലർ ചോദിക്കുമായിരിക്കാം. അതിനുള്ള സമാധാനം എന്തെന്നാൽ: കഴിയുന്ന വേഗത്തിൽ വിദേശവസ്ത്രങ്ങളുടെ സ്ഥാനം സ്വദേശവസ്ത്രങ്ങൾ കൊണ്ടു നിറയ്ക്കന്നതിനും പുറമേ ഒരു രാജ്യക്കാർ ആകമാനം ഈ ഉത്തമ വ്യവസായത്തൊട് കാണിച്ചുവന്ന ഉദാസീനതയ്ക്ക് പ്രതിവിധിയായിട്ടും കൂടിയാണെന്നുള്ളതാണ്. വിദേശീയരുടെ ഉഗ്രതയേറിയ ആക്രമണശക്തിയോടു സമാധാനപരമായ നൂൽചകത്തിന്റെ ശക്തിക്കു മാത്രമേ പൊരുതി നിന്ന് ആയതിനെ ജയിക്കുവാൻ സാധിക്കയുള്ളൂ. പുരാതന കാലം മുതൽക്കേ നൂൽ നൂൽക്കുന്നതായ ആ കൈകളാണ് ഇന്ത്യക്ക് ആഹാരവും സ്വാതന്ത്ര്യവും നൽകിയിരുന്നത്. ആ നൂൽച്ചക്രത്തിന്റെ സഹായത്താൽ മാത്രമേ നമുക്ക് രക്ഷകിട്ടുകയും ഉള്ളൂ.
നൂൽച്ചക്രത്തിന്റെ പുനരുദ്ധാരണം കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഒട്ടാകെ ഭേദപ്പെടുന്നതിനു പുറമേ അനേകായിരം സഹോദരീസഹോദരന്മാർക്ക് പ്രവൃത്തിയും ഉപജീവനമാർഗവും കൂടിയാവുന്നുണ്ടെന്ന് ഓർക്കണം. ഖദർ ധരിക്കുന്നതുകൊണ്ടുമാത്രം നമ്മുടെ ദാരിദ്യം നീങ്ങുന്നതല്ല. ഖദർ ഉപയോഗിക്കുന്നവർ വളരെയുണ്ടെന്നു വരാം. പക്ഷെ, ഖദർ ഉണ്ടാക്കുന്നതിലേക്ക് ആവശ്യമായ നൂൽ കൊടുക്കുന്നതാണ് ഇന്ന് ഭാരതീയ മഹിമകളുടെ കടമ. “വിദേശ കോടീശ്വരനെ സഹായിക്കുന്നതിനോ, അല്ല, പാവപ്പെട്ടനിങ്ങളുടെ സഹോദരിക്ക് ഉപജീവനമാർഗം ഉണ്ടാക്കിക്കൊടുക്കുന്നതിനോ നിങ്ങളുടെ ആഗ്രഹം” എന്ന ഭാരതമാതാവിന്റെ രോദനം കേട്ട് അട ങ്ങിയിരിക്കുവാൻ തക്ക ശക്തി നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ തന്നെ ഉണ്ടാക്കുന്നതായ ആ ഖദർ കൊണ്ട് വന്ദ്യമാതാവിന്റെ ബാഷ്പം തുടച്ച് അവരെ സമാധാനിപ്പിക്കുവിൻ!
എട്ടുകൊല്ലം മുമ്പത്തെ കണക്കു പരിശോധിക്കുന്നതായാൽ ഇന്ത്യയിൽ ഒട്ടാകെ ചെലവായിരുന്ന വസ്ത്രം 404 കോടിവാരയാണ്. ജനങ്ങൾ ധരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന വസ്ത്രം ഏകദേശം ഓരോരുത്തർക്കും 12 വാര വീതമാണ്. 32 കോടി ജനങ്ങളെ അഞ്ചു ഗണങ്ങളുള്ള ഓരോ കുടുംബങ്ങളായി വിഭജിക്കുന്നതായാൽ ഓരോ കുടുംബത്തിനും അത്യാവശ്യമായ വസ്ത്രങ്ങൾ നിർമിക്കുന്നത് അവർക്ക് എത്രയോ എളുപ്പമാണ്. മേൽ പറഞ്ഞ കണക്കു പ്രകാരം ഒരു കുടുംബത്തിന് ഒരു കൊല്ലത്തക്ക് 60 വാര വേണ്ടിവരുന്നതാണല്ലോ. മാസത്തിൽ 25 ദിവസം മാത്രം നൂൽ നൂൽക്കുന്നതായാൽ നല്ല നൂൽ ഉണ്ടാക്കുന്നതിന്നും പരുത്തി വെടിപ്പാക്കുന്നതിനും കൂടി വേണ്ട സമയം രണ്ടര മണിക്കൂർ മാത്രമാണ്. അതുകൊണ്ട് വ്യർത്ഥമായി ചെലവഴിക്കുന്ന സമയത്തിൽ അൽപ്പഭാഗമെങ്കിലും ഇതിനായി വിനിയോഗിക്കുന്നതായാൽ അത് എത്രയോ ഉപയോഗപ്രദമായിത്തീരുമെന്ന് തീർച്ചയല്ലേ?
വേറെ ഒരു ബുദ്ധിമുട്ടു കാണുന്നത് പരുത്തി എവിടെ നിന്നു കിട്ടുമെന്നതാണ്. പരുത്തി ഇന്ത്യയിൽ ധാരാളമായി വളരുന്ന ഒരു ചെടിയാണ്. അതിനെപ്പറ്റി ആലോചിക്കുന്നതായാൽ ഈ രാജ്യത്തുണ്ടാക്കുന്ന പരുത്തിയിൽ 60 ശതമാനം കണ്ട് മാത്രമേ നമ്മുടെ ആവശ്യത്തിനു വേണ്ടിവരികയുള്ളൂ. ഒരുപക്ഷേ, കേരളത്തിൽ പരുത്തിക്കുഷിയില്ലെന്നു ചിലർ പറയുമായിരിക്കാം, ആ കാര്യത്തിൽ നാം അൽപ്പമൊന്നുത്സാഹിച്ചാൽ വലിയ വൈഷമ്യമൊന്നുമില്ല. ഇപ്പോൾ ഈ നാട്ടിൽത്തന്നെ ചില പ്രദേശങ്ങളിൽ ചണകൃഷി നടപ്പുണ്ടല്ലോ. അതുപ്രകാരം പരുത്തിക്കുഷി തുടങ്ങിയാൽ ഓരോ കുടും ബത്തിനും അവർക്കു വസ്ത്രത്തിനാവശ്യമായ പരുത്തി കൃഷി ചെയ്യുവാൻ സാധിക്കുന്നതാകുന്നു. കണക്കു നോക്കുന്നതായാൽ 20 റാത്തൽ പരുത്തി കിട്ടുവാൻ അര ഏക്കർ കൃഷി ചെയ്താൽ മതിയാവുന്നതാണ്. കുടിൽ വ്യവ സായം പണ്ടുപണ്ടേയുള്ള നമുക്ക് ഇത് അത്രയൊന്നും ബുദ്ധിമുട്ടുള്ളതല്ലല്ലോ. വിശിഷ്യാ കേരളത്തിൽ ഇത് എത്രയും എളുപ്പവുമാണ്. കൂടാതെ ആദായം വളരെയുണ്ടെന്നും കാണിക്കാം.
180 ലക്ഷം ഏക്കർ സ്ഥലത്ത് 1922 ൽ ഉണ്ടായിട്ടുള്ള 16 കോടി ശതത്തൂക്കം പരുത്തിയുടെ വില 91 കോടി ഉറുപ്പിക പ്രകാരം കണക്കാക്കുന്നതായാൽ ഒട്ടാകെ 50 വാരവസ്ത്രത്തിനു 23 ക 8 ണ (രൂപ അണ) കാണുന്നതിൽ, നെയ്ത്ത്തുകൂലി, കൃഷിച്ചെലവ് മുതലായവ 11 ക, കഴിച്ച്, ഓരോ കുടുംബത്തിനും 12 ക, 8 ണ അറ്റാദായം കിട്ടുന്നതാണ്. ഒരുപക്ഷേ, ചിലർക്ക് ഇത് എത്രയോ തുച്ഛമായ സംഖ്യയാണെന്നു തോന്നിയേക്കാം. 80 ലക്ഷം ജനങ്ങളുള്ള കേരളത്തിൽ അയ്യഞ്ച് ആളുകൾ വീതം 16 ലക്ഷം കുടുംബങ്ങളുള്ളതിൽ ഓരോ കുടുംബത്തിനും 12 ക 8 ണ ആദായം കണക്കാക്കുന്നതായാൽ ഒട്ടാകം 200 ലക്ഷം (2 കോടി) ഉറുപ്പികയാകുമല്ലോ. ഈ വലിയ സംഖ്യ അന്യന്നു വലിച്ചെറിഞ്ഞുകൊടുക്കുന്നതിൽ നമുക്കു സങ്കടമില്ലേ? നാം അത്ര വലിയ ധനികന്മാരാണോ? അഥവാ, ധനികന്മാരും ജോലിത്തിരക്കുള്ളവരും ആണെങ്കിൽതന്നെ, ഒന്നിനും കൊള്ളാതെ അലഞ്ഞു തിരിഞ്ഞു അരിഷ്ടിക്കുന്നവർ എത്രയുണ്ട്? മനുഷ്യജന്മത്തെ പാഴാക്കിക്കളയാതെ ആയത് സഹജീവികൾക്കും തങ്ങൾക്കും ഉപയോഗപ്രദമാക്കി ത്തീർക്കുവാൻ ശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ!
ഇക്കാലത്ത് എവിടെ നോക്കിയാലും വിശേഷപ്പെട്ട വസ്ത്രങ്ങൾ തന്നെ. പക്ഷേ, ഇതിൽ ഒരുവാര പോലും നമ്മുടെ സ്വന്തമല്ലെന്നു മാന്യസഹോദരികൾ ഓർക്കാറുണ്ടോ? രണ്ട് ശതാബ്ദങ്ങൾക്ക് മുമ്പു ലോകത്തിനൊട്ടുക്കു വസ്ത്രദാനം ചെയ്തിരുന്ന ആ ഭാരതമാതാവ് ഇന്ന് തന്റെ നഗ്നത മറയ്ക്ക വാൻ അന്യരോടു ആവശ്യപ്പെടുന്നതിൽ നമുക്ക് ലജ്ജ തോന്നുന്നില്ലേ? വിദേശീയർ മാതാവിനോട് ദുർന്നയമാണ് പ്രവർത്തിക്കുന്നത്. ജഗന്നിയന്താവിന്റെ ശ്രീചകമായി ആ നൂൽചകം തന്നെ വന്ദ്യമാതാവിനെ രക്ഷിക്കട്ടെ.


കുറിപ്പുകൾ

1. 1930നോടടുത്ത് "കോട്ടക്കൽ മനോരമ സ്ത്രീ സമാജം' എന്ന വനിതാസംഘടനയാണ് "മലയാള മാസിക' പ്രസിദ്ധീകരിച്ചിരുന്നത്. മലബാറിലെ ആദ്യകാല മാസികകളിൽ ഒന്നായിരുന്നു ഇത്. "സ്ത്രീകൾ സ്ത്രീകൾക്കായി' നടത്തുന്ന മാസിക എന്നാണ് അവകാശപ്പെട്ടിരുന്നത്. (മലയാള മാസിക 1, 1 (1930 ഏപ്രിൽ-മെയ്); 2 ലെ “സ്വന്തം കാര്യം' എന്ന ലേഖനം) 
2. മലയാളത്തിലെ സ്ത്രീ മാസികകളിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്ന പതിവ് സ്ത്രീ മാസികകളോളം തന്നെ പഴക്കമുള്ളതാണ്. മലയാളത്തിലെ ആദ്യ സ്ത്രീ മാസികയായ കേരളീയസുഗുണബോധിനി (1894) വ്യക്തമായി തന്നെ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്. (രാഘവൻ 1985: 141) "മലയാള മാസിക ''യും വിട്ടു വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. അതിലെ ആദ്യത്തെ പ്രസ്താവനയിൽ തന്നെ ഇങ്ങനെ പറയുന്നു. “ഈ ശിശുവിനെ വർത്തമാനകാലരാഷ്ട്രീയചർച്ചകളുടെ പരിസരത്തൊന്നും പോകാൻ അനുവദിക്കരുത് (പേജ് 4). എങ്കിലും സ്ത്രീകൾ ദേശീയ പ്രസ്ഥാനത്തിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും സമരോത്സുകരായി തന്നെ പങ്കെ ടുത്തു. (മേനോൻ 1972; വേലായുധൻ 1999) 
3. വിഷ്ണുവിന്റെ സുദർശന ചക്രത്തെ സൂചിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തിലെ "ചർക്ക'യെ സൂചിപ്പിക്കാൻ സാഹിത്യത്തിലും പ്രസംഗത്തിലും സാധാരണ ഉപയോഗിക്കുന്ന രീതിയായി ഇത് മാറി. വള്ളത്തോൾ നാരായണ മേനോന്റെ (1879 - 1959) കവിതയിൽ "ശ്രീചക'മായും "സുദർശന'മായും പ്രത്യക്ഷപ്പെട്ടത് ഉദാഹര ണം. (ചൈതന്യ 1971: 238)
"മലയാള മാസിക' 1, 1, മലയാളവർഷം 1105 മേടം (1930 ഏപ്രിൽ-മെയ്): 15-20

ഇ നാരായണിക്കുട്ടി അമ്മ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഉത്തര കേരളത്തിലെ കോഴിക്കോടാണ് നാരായണി അമ്മയുടെ ജനനം. അവരുടെ അച്ഛൻ ഇളപള്ളി നാരായണൻ നായർ വക്കീലായിരുന്നു. മദ്രാസ് (ചെന്നെ) ക്വീൻ മേരി കോളേജിൽ നിന്നും ബിരുദമെടുത്ത അവർ കോഴിക്കോട്ട് അധ്യാപികയായി സേവനമനുഷ്ഠിച്ചു. സമർത്ഥയായ അധ്യാപികയായി പേരെടുത്ത അവർ ദരിദ്രരായ കുട്ടികൾക്ക് ആരോഗ്യസേവനം നൽകുന്ന "ശിശുകേന്ദ്രം' സ്ഥാപിക്കുന്നതിൽ സജീവമായി ഇടപെട്ടു പ്രവർത്തിച്ചു. അഖിലേന്ത്യാ സ്ത്രീ സമ്മേളനത്തിൽ ടി എം നാരായണിക്കുട്ടി കോവിലമ്മ, ജി കമലമ്മ തുടങ്ങിയവരോടൊപ്പം സജീവ പ്രവർത്തനം നടത്തി. പിന്നീട് ഖാദി യുടെയും ഹിന്ദി ഭാഷയുടെയും പ്രചാരക എന്ന നിലയിൽ ദേശീയപ്രസ്ഥാനത്തിൽ പ്രമുഖസ്ഥാനത്തെക്കുയർന്നു. പ്രശസ്തരായ ദേശീയവാദികളായ എ പി കുട്ടി മാളു അമ്മ, വെർക്കോട്ട് അമ്മുക്കുട്ടി അമ്മ എന്നിവരോടൊപ്പം വളരെ അടുത്തു പ്രവർത്തിച്ചു. നാടകപ്രവർത്തനങ്ങ ളിൽ തൽപ്പരയായിരുന്ന അവർ ചന്തു മേനോന്റെ ആദ്യനോവലായ 'ഇന്ദു ലേഖ' (1889) യുടെ നാടകാവതരണത്തിൽ പങ്കാളിയായി. മികച്ച സംഘാടകയായിരുന്ന നാരായണിക്കുട്ടി അമ്മയുടെ മികവിന്റെ നിദർശനങ്ങളായിരുന്നു 1930കളിൽ കോഴിക്കോട്ട് സംഘടിപ്പിക്കപ്പെട്ടിരുന്ന "സ്വദേശി എക്സിബിഷനുകൾ'. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം അവർ പൊതു രംഗത്തുനിന്നും വിട്ടുനിന്നു.

References

References

ദേവിക ജെ, കല്പനയുടെ മാറ്റൊലി (സ്ത്രീപുരുഷഭേദവും ആദ്യകാല മലയാളിസ്ത്രീരചനകളും 1898-1938),ജനുവരി 2011, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്