സ്ത്രീകളും തൊഴിൽ പങ്കാളിത്തവും

തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിലും തൊഴിലാളി ജനസംഖ്യ നിരക്കിലും ഉള്ള പ്രവണതകൾ

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാണ് വികസനത്തിന്റെ നാഴികക്കല്ല്.  ഇന്ത്യയെപ്പോലെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കേന്ദ്രീകരിച്ചിരിക്കുന്നത് കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിലാണ്. ഒരു സമ്പദ് വ്യവസ്ഥയിലെ പ്രധാനകണ്ണികളാണ് തൊഴിലാളികൾ. തൊഴിലെടുക്കുന്നവരുടെ അനുപാതം ഒരു സമ്പദ് വ്യവസ്ഥയുടെ വികസനത്തെ അളക്കാൻ സഹായിക്കുന്നു.തൊഴിലാളികളാണ് സമ്പദ് വ്യവസ്ഥയെ പച്ചപിടിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത്. വിവിധ വികസന സൂചികകളിൽ ഒന്നാമതുള്ള കേരളം സാമ്പത്തിക വികസനത്തിൽ ഇനിയും പുതിയ ചുവടുകൾ വെക്കേണ്ടതുണ്ട്. ചരിത്രാതീത കാലം മുതൽക്കേ കേരളത്തിന്റെ സാമ്പത്തിക വികസനം കാർഷിക മേഖയിയിൽ അധിഷ്ഠിതമാണ്. കാർഷിക രംഗത്തിന്റെയും ചെറുകിട കുടിൽ വ്യവസായങ്ങളുടെയും  തകർച്ച കേരളത്തിലെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കേരളസ്ത്രീകളുടെ. തൊഴിൽ പങ്കാളിത്തം ഒരു സ്ത്രീയുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന്റെ അടിത്തറയാണ്. ഈ പശ്ചാത്തലത്തിൽ  കേരളത്തിന്റെ തൊഴിൽ പങ്കാളിത്തത്തെപറ്റി ശാസ്ത്രീയമായി വിശകലനം ചെയ്യുകയും  പഠിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

സ്ത്രീകളും തൊഴിൽ പങ്കാളിത്തവും - ഒരു ശാസ്ത്രീയ അവലോകനം

  • തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് 

ഒരു സമ്പദ് വ്യവസ്ഥയിലെ തൊഴിൽ-പങ്കാളിത്തം കണക്കാക്കുന്നത്തിനുള്ള അളവുകോലാണ് തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക്. ശാസ്ത്രീയമായി പറഞ്ഞാൽ നിലവിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ തൊഴിൽ തേടുന്ന സമ്പദ് വ്യവസ്ഥയിലെ 16-59 വയസ്സിനിടയിലുള്ള ജനസംഖ്യയെ ആണ് തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് (ലേബർ ഫോഴ്സ് പാര്ടിസിപ്പേഷൻ റേറ്റ്)  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ ജനസംഖ്യയിൽ 15 നും 59നും ഇടയിൽ പ്രായമായ ഏതെങ്കിലും തൊഴിൽ ചെയ്യുന്ന  ആളുകളുടെയും തൊഴിൽ തേടുന്ന ആളുകളുടെയും ആകെ അനുപാതത്തെയാണ് തൊഴിൽ പങ്കാളിത്ത നിരക്ക് എന്നുപറയുന്നത്.

ഇന്ത്യൻ സെൻസസ് പ്രകാരം തൊഴിൽ ചെയ്യുന്നവരെ  പ്രധാനമായും മാർജിനൽ, മെയിൻ എന്നീ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

  • മാർജിനൽ വർക്കേഴ്സ്

ഒരു വർഷത്തിൽ 6 മാസത്തിൽ താഴെ തൊഴിൽ ചെയ്യുന്നവർ.

  • മെയിൻ വർക്കേഴ്സ്  

ഒരു വർഷത്തിൽ 6 മാസമോ അതിൽ കൂടുതലോ തൊഴിൽ ചെയ്യുന്നവർ.  

സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് കേരളത്തിൽ

ആഗോള തൊഴിൽ പങ്കാളിത്ത നിരക്ക്  പരിശോധിക്കുകയാണെകിൽ വികസിത  രാജ്യങ്ങളിൽ  സ്ത്രീ തൊഴിൽ പങ്കാളിത്തം ഉയർന്നതാണെന്ന് കാണാം. എന്നാൽ ഇന്ത്യയെ പോലൊരു കാർഷികരാജ്യത്തെ സ്ത്രീതൊഴിൽ പങ്കാളിത്തനിരക്ക് വളരെ കുറവാണ്. കാലാകാലങ്ങളായി പ്രധാനമായും കൃഷിയെ മാത്രം ആശ്രയിച്ചാണ് ഇന്ത്യയിലെ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. എന്നാൽ രാജ്യം സാങ്കേതികപരമായും സാമൂഹികപരമായും വികസിക്കാൻ തുടങ്ങയതോടെ മറ്റു മേഖലകളിൽ തൊഴിൽ അവസരങ്ങൾ കൂടി. ഇതേസമയം ജനപ്പെരുപ്പം കാരണം കൃഷിയിടങ്ങൾ വാസസ്ഥലങ്ങളായി മാറിയപ്പോൾ കാർഷികമേഖലയിലെ തൊഴിലിൽ വലിയ കുറവുണ്ടായി.  ഇത് തൊഴിലാളിലകളെ പ്രതേകിച്ചു സ്ത്രീകളെ സാരമായി ബാധിച്ചു. എന്നാലും വിദ്യാഭ്യാസത്തിന്റെ ആവിർഭാവം കാരണം സ്ത്രീകൾ വിദഗ്ധ മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുവാൻ തുടങ്ങി. എന്നാലും പുരുഷന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളരെ കുറവാണ്.   സ്ത്രീകളുടെ  തൊഴിൽ പങ്കാളിത്ത നിരക്ക് ലോകത്തെ 148  രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥാനം 136  ആണ്. ഇതിൽ നിന്ന് തന്നെ  സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇപ്പോഴും വളരെ പിന്നിലാണെന്ന് കാണാം.

ലിംഗഭേദം അനുസരിച്ചുള്ള ഇന്ത്യയിലെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക്

LFPR INDIA TREND

 (ഉറവിടം: എൻ.എസ്.എസ്.ഓ., പി.എൽ.എഫ്.എസ് റിപ്പോർട്ട്, മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ)

1955 മുതൽ  2017  വരെയുള്ള ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും തൊഴിൽ പങ്കാളിത്തനിരക്കാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തനിരക്ക്  സുസ്ഥിരമായി നിലനിൽക്കുന്നതായി കാണാം . 50 ശതമാനത്താൽ കൂടുതൽ പുരുഷന്മാർ കാലാകാലങ്ങളായി  തൊഴിൽ പങ്കാളിത്തനിരക്കിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും  തീർത്തും വിഭിന്നമാണ്‌ സ്ത്രീ  തൊഴിൽ പങ്കാളിത്തത്തിന്റെ അവസ്ഥ. 1955  ഇൽ 24  ശതമായിരുന്ന സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്തനിരക്ക് 2017 ആയപ്പോൾ 18  ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 50  വർഷങ്ങൾക്കിടയിലെ  ഏറ്റവും കുറഞ്ഞ നിരക്കാണ് 2017  ഇൽ കാണാൻ കഴിയുന്നത്.  സ്ത്രീകളിൽ 25  ശതമാനം പോലും തൊഴിൽ മേഖലയിൽ  ഇല്ല എന്നുമുള്ളതു എടുത്തുപറയേണ്ട വസ്തുതയാണ്.കാർഷിക രംഗത്തിന്റെയും ചെറുകിട കുടിൽ വ്യവസായങ്ങളുടെ തകർച്ചയുമെല്ലാം ഇതിനു കാരണമാണെന്ന് മനസിലാക്കാം.

                            സാമൂഹ്യ വികാസത്തിൽ സമഗ്ര നേട്ടങ്ങൾ കൈവരിച്ച കേരളത്തിൽ  നിരവധി വികസന സൂചകങ്ങളിൽ സ്ത്രീകൾ മുന്നിലാണ്. എന്നാൽ സാമ്പത്തികമായി സജീവമായ വ്യക്തികളുടെ കാര്യത്തിൽ, സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണ്.

കേരളത്തിലെ സ്ത്രീ ശക്തി പങ്കാളിത്ത നിരക്ക് നോക്കിയാൽ എൻ.എസ്.എസ്ഒയുടെ 68-റൗണ്ട് പ്രകാരം  (2011-12 വർഷത്തിൽ) കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക്  (100 പേർക്ക്) 24.8 ശതമാനവും, പുരുഷന്മാരിൽ 57.8 ശതമാനവുമാണ്. സംസ്ഥാന ശരാശരി 40.3 ശതമാനവും. ഇതിൽനിന്നുതന്നെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിൽ പ്രകടമായ ലിംഗവ്യത്യാസം കാണാം. എന്നാൽ 5 ആമത് വാർഷിക തൊഴിൽ തൊഴിലില്ലായ്മ സർവ്വേ പ്രകാരം 2015 -16 ഇൽ സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്തം 30 ശതമാനമായി ഉയർന്നു ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 

      കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിൽ മേഖല വ്യത്യസ്തമാണ് .കേരളത്തിലെ പകുതിയോളം ജനങ്ങൾ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്.അതുകൊണ്ടു തന്നെ തൊഴിൽ ശക്തി പങ്കാളിത്തത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങളെ വിശകലനം ചെയേണ്ടതുണ്ട്.

lfpr kerala

                                                              

1987-88 കാലഘട്ടം മുതൽ 2011-12 വരെയുള്ള കേരളത്തിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും തൊഴിൽ ശക്തി പങ്കാളിത്തനിരക്ക് ഗ്രാമ-നഗര മേഖലകളായി തരംതിരിച്ചു വിശകലനം ചെയ്യുമ്പോൾ ഇരുമേഖലകളിലും  സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കിൽ വർദ്ധനവുണ്ടായതായി കാണാൻ സാധിക്കും. ഗ്രാമീണ മേഖലയിലെ പുരുഷന്മാരുടെ തൊഴിൽ ശക്തി പങ്കാളിത്തം കുറഞ്ഞപ്പോൾ നഗര മേഖലയിലെ പുരുഷന്മാരുടെ തൊഴിൽ  ശക്തിപങ്കാളിത്തത്തിൽ വൻവർദ്ധനവുണ്ടായി. 1987-88 കാലഘട്ടത്തിൽ സ്ത്രീകളിൽ ഏകദേശം 6 ശതമാനംപേരാണ് ഗ്രാമീണ-നഗര മേഖലകളിൽ  ശക്തിപങ്കാളിത്തനിരക്കിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ  2011-12 ആയപ്പോഴേക്കും ഇത് ഏകദേശം 14 ശതമാനമായി വർധിച്ചു.

സംസ്ഥാന അടിസ്ഥാനത്തിലുള്ള സ്ത്രീകളുടെ തൊഴിൽ ശക്തി പങ്കാളിത്തനിരക്ക് 

women lfpr by didtricts

 (5 ആമത് വാർഷിക തൊഴിൽ തൊഴിലില്ലായ്മ സർവ്വേ 2015-16)

കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിലുള്ള പ്രവണതകൾ വിശദമായി പരിശോധിക്കുമ്പോൾ വർഷങ്ങൾ കഴിയുന്തോറും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് വർധിക്കുന്നതായി മനസ്സിലാക്കാം. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം ഇപ്പോഴും വളരെ പിന്നിലാണെന്നത് ഒരു യാഥാർഥ്യമാണ്. എങ്കിലും കൂടി വരുന്ന കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് ഒരു ശുഭസൂചനയാണ്. ഇത് നല്ലൊരു പ്രവണതയായി കാണാം. കൂടുതൽ സ്ത്രീകൾ തൊഴിൽ പങ്കാളിത്തത്തിൽ ഏർപ്പെടുമ്പോൾ അത് സാമ്പത്തികമായും സാമൂഹികപരമായും വലിയൊരു മാറ്റം തന്നെ ഉണ്ടാകും. ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചക്ക് ഇത് വഴിയൊരുക്കും.  

  • തൊഴിലാളി ജനസംഖ്യ നിരക്ക് 


തൊഴിലാളി ജനസംഖ്യ നിരക്കെന്നു പറയുന്നത് ആകെ ജനസംഖ്യയിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണമാണ്. ഇതിൽ തൊഴിൽ അന്വേഷിക്കുന്നവരെ ഉൾപ്പെടുത്തിയിട്ടില്ല. സജീവമായി തൊഴിലിൽ പങ്കെടുത്തിരിക്കുന്നവരെ മാത്രേ തൊഴലാളി ജനസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. തൊഴിലാളി ജനസംഖ്യ നിരക്ക് വിശകലനം ചെയ്യുമ്പോൾ മാത്രമേ ഒരു നിലവിലെ തൊഴിലാളികളുടെ ഒരു ചിത്രം വ്യക്തമാവുകയുള്ളു. കൂടിയ തൊഴിലാളി ജനസംഖ്യ നിരക്ക് ഒരു രാജ്യത്തിന്റെ വികസനത്തെ സൂചിപ്പിക്കുന്നു.

തൊഴിലാളി ജനസംഖ്യാ നിരക്കിലെ പ്രവണതകൾ 


തൊഴിലാളി ജനസംഖ്യാ നിരക്ക് 1901 -2011 

wpr trend

(ഉറവിടം: ഇന്ത്യൻ സെൻസസിന്റെ വിവിധ റിപ്പോർട്ടുകൾ, കുറിപ്പ്: രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് 1941 ൽ സെൻസസ് പൂർണ്ണമായുംനടത്തിയിട്ടില്ല)

1901 മുതൽ 2011 വരെ ഉള്ള കേരളത്തിന്റെയും ഇന്ത്യയുടേയും തൊഴിലാളി ജനസംഖ്യാ നിരക്ക് ആണ് നൽകിയിരിക്കുന്നത്. തൊഴിലാളി ജനസംഖ്യാ  നിരക്കിൽ ഉള്ള ദീർഘ കാല പ്രവണത നോക്കുമ്പോൾ രണ്ടു ലിംഗത്തിൽപ്പെട്ടവരുടെയും നിരക്ക് കുറയുന്നതായി കാണാൻ സാധിക്കും. മുഴുവൻ കാലയളവിലെയും നിരക്കുകൾ നോക്കുമ്പോൾ സ്ത്രീ പങ്കാളിത്ത നിരക്ക് പുരുഷ പങ്കാളിത്തത്തേക്കാൾ കുറവാണ് എന്ന് കാണുവാൻ സാധിക്കും.1901 ഇൽ കേരളത്തിലെ  പുരുഷന്മാരുടെ തൊഴിലാളി ജനസംഖ്യാ നിരക്ക് 56 .30 ശതമാനവും സ്ത്രീകളുടേത് 32 .70 ശതമാനവും ആയിരുന്നു. അതേസമയം ഇന്ത്യയുടെ കാര്യത്തിൽ ഇത് യഥാക്രമം 61.10  ഉം 31.70  ഉം ആണ്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ 52.73 ശതമാനം പുരുഷന്മാർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ വെറും 18 .22 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഇന്ത്യ മുഴുവനായി ഉള്ള കണക്കുകൾ നോക്കുമ്പോൾ 53.26 ശതമാനം പുരുഷന്മാരും 25.51 ശതമാനം സ്ത്രീകളും  തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു എന്ന് കാണാം. കുറഞ്ഞ സ്ത്രീ തൊഴിലാളി ജനസംഖ്യാ നിരക്ക്, തൊഴിൽ സേനയിലെ തൊഴിലില്ലാത്ത വലിയൊരു ശതമാനം സ്ത്രീകളെ കാണിക്കുന്നു. ആദ്യ കാലഘട്ടങ്ങളിൽ ഉള്ള ഉയർന്ന തൊഴിലാളി ജനസംഖ്യാ നിരക്കിനുള്ള കാരണം എന്നത് കാർഷികപരമായ തൊഴിൽ മേഖലയിൽ കൂടുതൽ തൊഴിൽ പങ്കാളിത്തം ഉണ്ടായിരുന്നതിനാലാണ്. കൂടുതൽ കാർഷിക ഭൂമി ഉണ്ടായിരുന്നതിനാൽ കുറെയധികം ആളുകൾ ഈ മേഖലയിൽ പണിയെടുത്തിരുന്നു. എന്നാൽ ജനപ്പെരുപ്പവും, ദ്രുത നഗര വൽക്കരണവും കാരണം കാലങ്ങൾ കഴിയുന്തോറും കാർഷിക ഭൂമി കുറഞ്ഞു വരുന്നത് തൊഴിൽ മേഖലയിലെ പങ്കാളിത്ത നിരക്ക് ഗണ്യമായി കുറയുന്നതിന് കാരണമായി.

പ്രായപരിധി അടിസ്ഥാനത്തിലുള്ള തൊഴിലാളി ജനസംഖ്യ നിരക്ക് (കേരളം) 

nfhs

(Source: NFHS- 3 (2005-06), NFHS-4 (2015-16))

ദേശീയ കുടുംബ ആരോഗ്യ സർവേയുടെ 3  ഉം 4 ഉം പ്രകാരമുള്ള തൊഴിൽ ചെയ്യുന്ന പുരുഷൻമാരുടെയും സ്ത്രീകളുടെടെയും വയസ്സ് തിരിച്ചുള്ള വിവരമാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്.     2005 -2006  ഇൽ നടത്തിയ 3 ആം  റൌണ്ട് പ്രകാരം ഏകദേശം 99  ശതമാനം പുരുഷമാരും തൊഴിൽ ചെയ്യുന്നുണ്ട്. 25  വയസ്സുമുതൽ 29  വയസ്സുവരെയുള്ള പുരുഷന്മാരാണ് തൊഴിൽ സേന പങ്കാളിത്ത നിരക്കിൽ കൂടുതലായും ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ സ്ത്രീകൾ വെറും 29 ശതമാനം മാത്രമാണ്. സ്ത്രീകളിൽ  40  വയസ്സിനു മുകളിൽ ഉള്ളവരാണ്  കൂടുതലായും തൊഴിൽ സേന പങ്കാളിത്ത നിരക്കിൽ ഉൾപ്പെട്ടിരിക്കുന്നത്. 2015-2016  ഇൽ പുരുഷന്മാരുടെ തൊഴിൽ സേന പങ്കാളിത്ത നിരക്ക് 74.6  ശതമാനമായി കുറഞ്ഞു. അതുപോലെ തന്നെ സ്ത്രീകളുടെ തൊഴിൽ സേന പങ്കാളിത്ത നിരക്കിലും കുറവ് സംഭവിച്ചിരിക്കുന്നു.സ്ത്രീകളിൽ 25  വയസ്സുമുതൽ 40  വയസ്സുവരെയുള്ളവർക്കിടയിലെ തൊഴിൽ സേന പങ്കാളിത്ത നിരക്കിലാണ് ഏറ്റവും കൂടുതൽ കുറവ് കാണുന്നത്.

തൊഴിലാളി ജനസംഖ്യാ നിരക്കിലെയും തൊഴിൽ പങ്കാളിത്തനിരക്കിലെയും പ്രവണതകൾ പരിശോദിക്കുമ്പോൾ കേരളത്തിലെ സ്ത്രീകൾ കൂടുതലായി   തൊഴിൽ പങ്കാളിത്തനിരക്കിൽ ഉൾപ്പെട്ടിട്ടുടെങ്കിലും തൊഴിലാളി ജനസംഖ്യ നിരക്കിലെ സ്ത്രീകളുടെ കുറവ് തികച്ചും ആശങ്കാജനകമാണ്. സ്ത്രീകൾ കൂടുതലായി തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്കു വേണ്ടുന്ന തൊഴിൽ കണ്ടെത്തുന്നതിൽ വന്ന പരാജയമാണ്  കേരളത്തിലെ സ്ത്രീകളുടെ  കുറഞ്ഞ തൊഴിലാളി ജനസംഖ്യാ നിരക്കിനു കാരണം. അതുപോലെ തന്നെ കാർഷിക മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചയും ഉയർന്ന വിദ്യാഭ്യാസവും ആളുകളെ  ഉയർന്ന നിലവാരത്തിൽ ഉള്ള ജോലികൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത്തരം ജോലികളുടെ അഭാവം തൊഴിലാളി ജനസംഖ്യാ നിരക്കിനെ കുറക്കുന്നു. 

ആഗോളവൽക്കരണം ശക്തിപ്പെടുന്ന ഈ കാലത്ത് പൊതുവിഭവങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയും തൊഴിൽ ലഭ്യത കുറയുകയും ചെയ്യുമ്പോൾ ഇവ സവിശേഷമായി ബാധിക്കുന്നത് സ്ത്രീകളെയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അതിജീവനത്തിനുവേണ്ട തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് സ്ത്രീപ്രസ്ഥാനങ്ങളുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.     

References

References
  • http://censusindia.gov.in/Data_Products/Library/Indian_perceptive_link/Census_Terms_link/censusterms.html
  • Periodic Labour Force Survey (PLFS), July 2017-June 2018, Ministry of Statistics and Programme Implementation, Government of India.
  • Verick, S. (2014). Women’s labour force participation in India: Why is it so low. International Labor Organization.
  • Women and Men in India, (2018). 20th Issue Social Statistics Division Central Statistics Office Ministry of Statistics and Programme Implementation Government of India.
  • Kerala Development Report (2008), Planning Commission, Govt.of India, Academic Foundation, New Delhi.