ലിംഗപദവി ബജറ്റ്

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ വനിത ഘടക പദ്ധതി (ഡബ്യൂസിഡി) നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തികൊണ്ട് ഒന്‍പതാം പദ്ധതിയുടെ സമയത്ത് പ്രാദേശിക തലത്തില്‍ ഒരു ലിംഗപദവി പ്രതികരണ ബജറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് നിന്ന് 35-40 ശതമാനം ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (എല്‍.എസ്.ജി.ഐ കള്‍) വിഭജിച്ചതോടെ, ലിംഗപദവി ബജറ്റിന്റെ ആദ്യരൂപം 1996 -ല്‍ സംസ്ഥാനത്ത് ഉണ്ടായി, അവിടെ ഓരോ പഞ്ചായത്തിനും സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഒരു അധ്യായം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 9 -ാം പദ്ധതി സമയത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 10 ശതമാനം സ്ത്രീകളുടേയോ, സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ക്കു വേണ്ടിയോ നീക്കി വച്ചിരുന്നു. അവ വനിതാ ഘടക പദ്ധതി (ഡബ്ല്യു.സി.പി) എന്നറിയപ്പെട്ടു.

ലിംഗപദവി ബജറ്റിംഗ് പ്രക്രിയ സ്ഥാപനവല്‍ക്കരിക്കുന്നതിന് 2005-06 ലെ കേന്ദ്ര ബജറ്റിലാണ് ലിംഗപദവി ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിലെ സംസ്ഥാന ബജറ്റില്‍ ലിംഗപദവി ബജറ്റ് ഉള്‍പ്പെടുത്തുന്നതിന് കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ബജറ്റില്‍ ഉള്‍പ്പെടുത്തിട്ടുള്ള പ്രത്യേക രേഖയായി വകുപ്പുകളിലുടനീളം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി അടയാളപ്പെടുത്തിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയത് പതിനൊന്നാം പദ്ധതിയുടെ തുടക്കത്തിലാണ്. 2017-18 ലാണ് സംസ്ഥാനത്ത് ആദ്യമായി ലിംഗപദവി ബജറ്റ് അവതരിപ്പിച്ചത്.

പൊതു തൊഴില്‍ മേഖലയിൽ സ്ത്രീകള്‍ക്ക് പ്രാപ്തമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക, അതോടൊപ്പം സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാക്തീകരണത്തിനുമുള്ള മേഖലയ്ക്കാണ്. 2019-20 ലെ വാര്‍ഷിക പദ്ധതി ഊന്നല്‍ നല്‍കിയത്. സ്ത്രീകളുടെ വേതനം, തൊഴില്‍, സ്വയംതൊഴില്‍, ഉപജീവനത്തിനുള്ള വിഹിതം, നൈപുണ്യ വികസനം, ജോലി സ്ഥലത്തെ പ്രത്യേക സൗകര്യങ്ങള്‍, കുട്ടികളുടെ സംരക്ഷണം, ജോലിയുള്ള സ്ത്രീകളുടെ ഹോസ്റ്റല്‍, ജോലി സ്ഥലത്തുള്ള സുരക്ഷ എന്നിവ ഉറപ്പ് വരുത്തുക, വീട്ടിലും പൊതുരംഗത്തും നടക്കുന്ന അക്രമങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുക തുടങ്ങിയവക്ക് വേണ്ടി എല്ലാ വര്‍ഷവും ഫണ്ട് നീക്കി വക്കുകയാണ് പദ്ധതി സമീപനം.

2019-20 -ല്‍ 1,421.6 കോടി രൂപ വനിതാ നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി നല്‍കി. 2,470.11 കോടി രൂപ സ്ത്രീകള്‍ക്ക് സംയോജിത പദ്ധതികളില്‍ ലഭ്യമാക്കി. പാര്‍ട്ട് എ യും പാര്‍ട്ട് ബി യും ഉള്‍പ്പെടെ മൊത്തം 3,891.71 കോടി രൂപ പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ക്കാണ്. ഇത് സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 16.9 ശതമാനം ആണ്. പാര്‍ട്ട് എ യില്‍ 6.2 ശതമാനവും പാര്‍ട്ട് ബി യില്‍ 10.7 ശതമാനവും (പ്രാദേശിക സര്‍ക്കാരുകള്‍ ഒഴികെ). കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ന്യായമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2020-21 -ല്‍ വനിതാ നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി (പാര്‍ട്ട് എ ) 1,509.33 കോടി രൂപ (7.3 ശതമാനം) പാര്‍ട്ട് ബി യിലെ സംയോജിത പദ്ധതികള്‍ക്കായി 2,300.54 കോടി രൂപ (11.1 ശതമാനം) എന്നിവ സ്ത്രീകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. മൊത്തം 3,809.87 കോടി രൂപ സ്ത്രീകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇത് മൊത്തം വിഹിതത്തിന്റെ 18.4 ശതമാനം ആണ്. ഈ തുകയില്‍ 5 കോടി രൂപ 'മഴവില്ലി'നായി വകയിരുത്തിയിട്ടുണ്ട്. 2017-18 മുതല്‍ 2020-21 വരെയുള്ള നാല് വര്‍ഷങ്ങളില്‍ വനിതാ നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി ബജറ്റ് വിഭവങ്ങളുടെ വിഹിതവും അനുപാതവും വര്‍ദ്ധിച്ചതായി കാണുന്നു