വേതന നിരക്കുകളിലെ ലിംഗാധിഷ്ഠിത അസമത്വം

വേതനത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ, സംസ്ഥാനത്തും ദേശീയ തലത്തിലും കാര്യമായ ലിംഗപദവിപരമായ അസമത്വം നിലനിൽക്കുന്നു. ശമ്പളമുള്ള ജോലി, സ്വയംതൊഴിൽ, കൂലിപ്പണി എന്നിവയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതന നിരക്കിന്റെ അസമത്വം ഈ അവലോകനത്തിന്റെ ഏഴാം അധ്യായത്തിലെ തൊഴില്‍ വിഭാഗത്തിൽ വിശദമാക്കിയിട്ടുണ്ട്. വേതന നിരക്കിന്റെ ലിംഗപദവിപരമായ അസമത്വം സ്വകാര്യ മേഖലയില്‍/അസംഘടിത മേഖലയിൽ മാത്രമല്ല, പട്ടികയിൽ കാണിച്ചിരിക്കുന്നതുപോലെ കൃത്യമായ ശമ്പളമുള്ള തൊഴിൽ മേഖലയിലും വ്യാപകമാണ്.

ശരാശരി വേതനം / ശമ്പളം / വരുമാനം എന്നിവ ലിംഗപദവിയുടെ അടിസ്ഥാനത്തില്‍

കാലയളവ് കേരളം/ഇന്ത്യ കൃത്യമായ വേതനം / ശമ്പളം ലഭിക്കുന്ന
ജോലിയിൽ നിന്ന് ഒരു മാസത്തിൽ
ശരാശരി വേതനം / ശമ്പളം (0.00 രൂപ)
കൂലി വേല ചെയ്യുന്നവരിലെ പ്രതിദിനം
ശരാശരി വേതനം / ശമ്പളം (0.00 രൂപ)
സ്വയം തൊഴിൽ ചെയ്യുന്ന 30 ദിവസങ്ങളിലെ
ശരാശരി മൊത്ത വരുമാനം (0.00 രൂപ)
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
ജൂലൈ-
സെപ്റ്റംബർ 2018
കേരളം 18,372.48 16,787.13 664.82 375.60 14,105.77 5,469.92
ഇന്ത്യ 16,556.88 12,182.87 287.88 174.54 10,711.29 4,460.54
ഒക്ടോബർ-ഡിസംബർ 2018 കേരളം 18,894.56 17,920.15 666.26 375.43 14,385.47 5,587.08
ഇന്ത്യ 16,874.30 12,629.24 297.86 190.26 11,007.22 5,004.92
ജനുവരി-മാർച്ച് 2019 കേരളം 19,381.29 15,400.67 680.07 374.84 14,185.95 4,983.03
ഇന്ത്യ 16,842.19 12,285.27 299.08 193.44 11,292.21 4,996.05
ഏപ്രിൽ-ജൂൺ 2019 കേരളം 21,091.19 15,237.44 710.77 381.59 15,260.36 6,118.94
ഇന്ത്യ 17,160.97 12,850.52 309.77 204.49 11,674.05 4,919.48

അവലംബം: പി.എല്‍.എഫ്.എസ് 2018-19

സ്ഥിര ശമ്പളമുള്ള ജോലി, സ്വയം തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടവരെക്കാളും ലിംഗപദവി വ്യത്യാസത്തിനനുസരിച്ച് വരുമാനം കുറവുള്ളത് അധികവും കൂലി വേല ചെയ്യുന്നവരിലാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താല്‍ക്കാലിക/അസ്ഥിര ജോലികളില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെങ്കിലും വേതന നിരക്കിന്റെ ലിംഗ പദവി വ്യത്യാസം കേരളത്തിലും നിലനില്‍ക്കുന്നുണ്ട്. ഈ വ്യത്യാസം മഹാമാരി സമയത്ത് വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതകളും കേരളത്തിലുമുണ്ട്. 

ഇന്ത്യയിലെയും കേരളത്തിലെയും പൊതു ജോലി ഒഴികെയുള്ള കൂലി വേലയില്‍ നിന്നുള്ള പ്രതിദിന ശരാശരി അനുസരിച്ച് നിലവിലുള്ള വേതനം / ശമ്പളം (0.00 രൂപ)

അവലംബം: പി.എല്‍.എഫ്.എസ്, 2018-19

സാമ്പത്തിക ശാക്തീകരണവും സാമൂഹിക ശാക്തീകരണവും പരസ്പര പൂരകമാണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നത് അവർ തൊഴിൽ ശക്തിയുടെ അവിഭാജ്യ ഘടകമായിത്തീരുകയും ഗാർഹിക, പരിചരണ ഉത്തരവാദിത്തങ്ങളുടെ മുഴുവൻ ഭാരം വഹിക്കാതെ തന്നെ ഉത്പാദന പരമായി ജോലിചെയ്യുകയും ചെയ്യുമ്പോഴാണ്. ഇത് അംഗീകരിക്കേണ്ടത് ആവശ്യമാണ്. വീട്ടിനകത്ത് സ്ത്രീകള്‍ ചെയ്യുന്ന പരിചരണ ജോലികളും പണം ലഭിക്കാത്ത ജോലികളും കുറയ്ക്കാനും പങ്കിടാനും നീതി പൂർവ്വമായ കൂട്ടുത്തരവാദിത്തത്തിലൂടെ സാധിക്കാൻവേണ്ട നടപടികള്‍ എടുക്കേണ്ടതാണ്. ഇവ കുറയ്ക്കുന്നതിനും പുനർവിതരണം ചെയ്യുന്നതിനും സഹായിക്കുന്ന ഉചിതമായ നയങ്ങൾ / പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിൽ സംസ്ഥാനത്തിന് നിർണായക പങ്ക് വഹിക്കാനുണ്ട്.