'സ്ത്രീ അവകാശങ്ങൾ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയാണ് ഞാൻ'
1908 മാർച്ച് 8 ന്, ന്യൂയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലിയ്ക്കെതിരെയും നടത്തിയ ഐതിഹാസികമായ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനമെന്ന ആശയത്തിലേക്ക് നയിച്ചത്. . തൊട്ടടുത്ത വർഷം ഫെബ്രുവരി 28നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഇവരോടുള്ള ആദര സൂചകമായി ദേശീയ വനിതാ ദിനം ആചരിക്കുകയായിരുന്നു. എന്നാൽ ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ളാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ വെച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസ്സിൽ വെച്ചാണ് അവർ ഇങ്ങനെയൊരു കാര്യം നിർദ്ദേശിക്കുന്നത്. അന്നവിടെ കൂടിയ പതിനേഴു രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ ആ തീരുമാനത്തെ ഐക്യകണ്ഠേന അംഗീകരിച്ചു. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിക്കപ്പെട്ടത്.
1975 മുതലാണ് ഐക്യരാഷ്ട്ര സംഘടനാ മാർച്ച് 8ന് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ തുടങ്ങിയത്. 1996 മുതൽ വർഷാവർഷം ഓരോ തീമും നിർദ്ദേശിക്കപ്പെട്ടു. ആദ്യത്തെ തീം, 'Celebrating the Past, Planning for the Future' എന്നതായിരുന്നു. 2019 -ലെ തീം "Think equal, build smart, innovate for change" എന്നതാണ്. ഈ വർഷത്തെ തീം ആയി പ്രഖ്യാപിച്ചിട്ടുള്ളത് "I am Generation Equality: Realizing Women’s Rights” എന്നതാണ്.
ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകൾ ഇന്നും എല്ലാ അവസ്ഥയിലും പുരുഷനേക്കാൾ ഏറെ പിന്നിലാണ്. എല്ലാ രംഗങ്ങളിലും സ്ത്രീ, വിവേചനം നേരിടുന്നതായാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വേൾഡ് എക്കണോമിക് ഫോറം പ്രസദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2016 പ്രകാരം ലിംഗ സമത്വം യാഥാർഥ്യമാകാൻ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്. 144 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എക്കണോമിക് ഫോറം ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തി ചേർന്നത്.
യൂറോപ്യൻ രാജ്യങ്ങളായ ഐസ്ലാന്റ് ,നോർവെ, ഫിൻലാന്റ്, സ്വീഡൻ എന്നിവിടങ്ങിളിലാണ് റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് പ്രകാരം ലിംഗ അസമത്വം ഏറ്റവും കുറവ്. വേൾഡ് എക്കണോമിക് ഫോറം ഏറ്റവും ഒടുവിൽ പ്രസദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 112മാതു മാത്രമാണ്. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ആർജ്ജിക്കുന്നതിനുള്ള മോശം അവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യ. സ്ത്രീ ആരോഗ്യത്തിന്റെ കാര്യത്തിൽ 153 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്.
തുല്യ ജോലിയ്ക്ക് തുല്യ വേദനമെന്നുള്ള ആശയങ്ങൾ വർഷങ്ങളായി മുന്നോട്ട് വെയ്ക്കുന്നതാണെങ്കിലും ഇന്നും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന അടിസ്ഥാനപരമായ നീതിപോലും സ്ത്രീകൾക്ക് നിഷേധിക്കപെടുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുകയും എല്ലാ രംഗത്തും സ്ത്രീയ്ക്ക് പുരുഷനോടൊപ്പം തന്നെ തുല്യ നീതി ലഭ്യമാക്കുകയും ചെയ്താൽ മാത്രമാണ് ലിംഗസമത്വം യാഥാർഥ്യമാവുകയുളളൂ.
കാലങ്ങളായുള്ള സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്ത അവകാശങ്ങളുടെ ഓർമ്മപ്പെടുത്തൽ മാത്രമല്ല മാർച്ച് 8, പുരുഷകേന്ദ്രീകൃത സമൂഹത്തിനെതിരെ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന വ്യവസ്ഥിതിയ്ക്കെതിരെ അവകാശങ്ങളും തുല്യതയും നേടിയെടുക്കുന്നതിന് ഇന്നും തുടരേണ്ട പോരാട്ടങ്ങൾക്ക് വേണ്ട ഊർജ്ജം നൽകുക എന്നത് കൂടിയാണ് മാർച്ച് 8 വനിതാ ദിനം ലക്ഷ്യം വെയ്ക്കുന്നത്.