കാലുകൾ തളർന്നു പോയിട്ടും ദൃഢ നിശ്ചയത്താൽ നൃത്തം ചവിട്ടുന്ന ശ്രീലക്ഷ്മി

''നൃത്തമെന്റെ മരുന്നാണ്. തളർന്നുവീണിടത്തുനിന്നെല്ലാം കൈപിടിച്ചുയർത്തിയ ശക്തി'' - തൃപ്പൂണിത്തുറ സ്വദേശി ശ്രീലക്ഷ്മി ശങ്കർ പറയുന്നു. കിടക്കയിൽ നിന്നെഴുന്നേൽക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ കാലം. പോളി ന്യൂറോപ്പതി ബാധിച്ച് വലതുകാൽ തളർന്നുപോയ ശ്രീലക്ഷ്മി എഴുന്നേൽക്കാനാഗ്രഹിച്ചത് നൃത്തം ചെയ്യാൻ വേണ്ടി മാത്രം.

കലാമണ്ഡലത്തിലെ ആദ്യകാല സംഗീതാധ്യാപകൻ കലാമണ്ഡലം ശങ്കര വാരിയരുടെ കൊച്ചുമകളാണ് ശ്രീലക്ഷ്മി. നൂപുരധ്വനികളും സംഗീതവും നിറഞ്ഞ കുടുംബത്തിൽനിന്നാണു ശ്രീലക്ഷ്മിയും നൃത്തത്തിന്റെ ആദ്യപാഠങ്ങളറിഞ്ഞത്. മധ്യപ്രദേശിലെ ഗ്വാളിയറിൽ അമ്മ പദ്മജ ശങ്കറിന്റെ ശിഷ്യത്വത്തിൽ ചുവടുറച്ച ബാല്യം. അമ്മയും വല്യമ്മ ശാന്ത വാരിയരും വല്യച്ഛൻ രാഘവ വാരിയരും നൃത്തത്തിൽ ഗുരുക്കളായി. ഗ്വാളിയറിലെ പ്രശസ്തമായ ലിറ്റിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നത് പദ്മജയും ശാന്ത വാരിയരും ചേർന്നായിരുന്നു. അവരുടെ ചുവടു പിൻപറ്റി ഒൻപതാം വയസ്സിൽ ശ്രീലക്ഷ്മിയും ബാലെയിൽ അരങ്ങേറ്റം കുറിച്ചു. അതൊരു തുടക്കമായിരുന്നു. സ്റ്റേജ് പരിപാടികളൊഴിയാത്ത ദിനങ്ങളിൽ പരിശീലനം മുടക്കാതെ നൃത്തത്തിൽ മുഴുകി.

ചുവട് തെറ്റിച്ച്

11-ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനിൽ നൃത്തപരിപാടി അവതരിപ്പിച്ചു. അറിയപ്പെടുന്ന നർത്തകിയായി അവൾ വളർന്നത് വളരെ വേഗത്തിലായിരുന്നു. 12-ാം ക്ലാസിലേക്കു കടക്കവേ സ്വപ്നങ്ങളുടെ താളംതെറ്റി. കാലിടറി രോഗക്കിടക്കയിലേക്ക്. നടക്കാൻപോലും കഴിയാത്ത അവസ്ഥ. അവൾ പാടെ തകർന്നു. മരിച്ചുപോയെന്നു തോന്നിയ ദിവസങ്ങളെന്നു ശ്രീലക്ഷ്മി പറയും. വർഷങ്ങളോളം ചികിത്സ. പിന്നെ, വാക്കറുപയോഗിച്ചു പിച്ചവെപ്പ്. നൃത്തം ചെയ്യുകയെന്ന ആഗ്രഹമാണ് ജീവിതത്തെ മുന്നോട്ടു നയിച്ചത്.

മെല്ലെ നടന്നു തുടങ്ങിയപ്പോൾ അമ്മയോടാവശ്യപ്പെട്ടതും നൃത്തം ചെയ്യാനുള്ള അനുവാദമാണ്. കഴിയുന്നതുപോലെ മെല്ലെ മെല്ലെ തുടങ്ങി. കാലു വേദനിക്കുമ്പോഴും തളർന്നുപോകുമ്പോഴും മനസ്സിനെ പിടിച്ചുനിർത്തി നൃത്തം തുടർന്നു. ഇന്നവർ വലതുകാലിന്റെ ഒന്നരയിഞ്ചു നീളക്കുറവുമായി സ്റ്റേജ് ഷോകൾ ചെയ്യുന്നു, തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു.

ആ കാലിനു വേദനയും സ്വാധീനക്കുറവും ബലക്കുറവുമുണ്ട്. നടക്കുമ്പോൾ ആളുകൾക്കു മനസ്സിലാകും. എന്നാൽ നൃത്തം ചെയ്യുമ്പോൾ ഇതൊന്നും ബാധിക്കാറില്ല. അവരുടെ വാക്കുകൾക്കു ദൃഢനിശ്ചയത്തിന്റെ തിളക്കം. ഇതിനിടെ മോഡലിങ്ങിലും അവർ സജീവം. ഭർത്താവ് എം.ആർ. ഹരിയും മക്കളായ ലക്ഷ്മണും ഹരിപ്രിയയും അടങ്ങുന്നതാണ് കുടുംബം.

കടപ്പാട് : മാതൃഭൂമി