മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ പുരസ്കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്

മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ പുരസ്കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്

മനോരമ ന്യൂസ് പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ.കെ ശൈലജ ഒന്നാമത് എത്തിയത്. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരം.കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്ന നിലയിലാണു ന്യൂസ്മേക്കര്‍ പുരസ്കാരം സ്വീകരിക്കുന്നതെന്നു മന്ത്രി പ്രതികരിച്ചു.

കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നതിൽ വിഷമമുണ്ട്. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല, നൽകുകയുമില്ല– കെ.കെ.ശൈലജ പറഞ്ഞു.

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതിൽ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തിൽ പ്രകടമാക്കിയ നിശ്ചയദാർഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഐ.ടി സംരഭകന്‍ ജോയ് സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു കെ.കെ ശൈലജയ്‌ക്കൊപ്പം അവസാന റൗണ്ടില്‍ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരത്തിനായി ഉണ്ടായിരുന്നത്.

 

ReplyForward